Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightഗ്യാങ്​സ്​റ്റർ...

ഗ്യാങ്​സ്​റ്റർ സ്​റ്റേറ്റ്​ -ബംഗാളിലെ സി.പി.എമ്മിന്‍റെ പതനം; ഒരു ഫ്ലാഷ്​ബാക്ക്​

text_fields
bookmark_border
gangster state 10821
cancel
തെക്കൻ കൊൽക്കത്തയിലെ പടൂലി ടൗൺഷിപ്പിന്​ സമീപം ആ രാത്രിയിൽ രജത്​ ലാഹിരിയും അമ്പതോളം സഖാക്കളും ഒത്തുകൂടി. 2010 ജനുവരിയിലെ തണുത്ത ദിവസങ്ങളിലൊന്നാണ്​. മുഖ്യമന്ത്രി ബുദ്ധദേവ്​ ഭട്ടാചാര്യ 1987 മുതൽ പ്രതിനിധീകരിക്കുന്ന ജാദവ്​പൂർ മണ്ഡത്തിലാണ്​ പടൂലി. ഭഗജതിൻ, ഗാംഗുലി ബാഗൻ, രബീന്ദ്രപള്ളി, ഗരിയ, രാംഗഡ്​ തുടങ്ങി സമീപത്തെ പാർട്ടിക്കോട്ടകളിൽ നിന്നുള്ളവരാണ്​ ആ അമ്പതുപേരും. അവർക്കും അങ്ങേത്തലയ്​ക്കൽ അഭിമുഖമായി നിൽക്കുന്ന ചേരിനിവാസികൾക്കും ഇടയിൽ സതേൺ സബർബൻ റെയിൽവേയുടെ ട്രാക്ക്​​, ഇരു സാമ്രാജ്യങ്ങളുടെ അതിരുപോലെ നിവർന്നുകിടക്കുന്നു. ഇരുപക്ഷവും യുദ്ധസജ്ജരാണ്​. സി.പി.എം സർക്കാരി​െൻറ മെട്രോ വികസന പദ്ധതിയെ എതിർക്കുന്ന ചേരിനിവാസികളെ ഒരുപാഠം പഠിപ്പിക്കാൻ വന്നതാണ്​ പാർട്ടിയുടെ സായുധ സംഘം. ഇടതുബംഗാളിൽ കാര്യങ്ങൾ അങ്ങനെയൊക്കെയാണ്​. പൊലീസല്ല, പാർട്ടിയാണ്​ തീരുമാനിക്കുന്നത്​; എവിടെ സമാധാനം വേണം, എവിടെ കയ്യൂക്ക്​ കാട്ടണമെന്ന്​.

രജതിനും സംഘത്തിനും മുന്നിൽ റെയിൽവേ ലൈനിന്​ അപ്പുറത്ത്​ ചേരി പ്രദേശത്ത്​ നല്ല ഇരുട്ടാണ്​. നൂറുമീറ്റർ അകലെ നിരവധി ചേരിഭവനങ്ങളു​െണ്ടങ്കിലും ഇരുട്ടുകാരണം അവിടെ തടിച്ചുകൂടിയിരിക്കുന്ന ചേരിനിവാസികളെ പാർട്ടിക്കാർക്ക്​ വ്യക്​തമായി കാണാനാകുന്നില്ല. മൂന്നരപതിറ്റാണ്ടു നീണ്ട സി.പി.എം ഭരണത്തി​െൻറ ബാക്കിപത്രം പോലെ, പാർട്ടിക്ക്​ ഇപ്പോൾ​ സാധാരണക്കാരെയും ചേരിനിവാസികളെയും കണ്ണിന്​പിടിക്കുന്നില്ല. മെട്രോ വികസന പണികൾക്കായി നാട്ടിയ വിളക്കുകാലുകൾക്ക്​ അരികിൽ നിൽക്കുന്ന തങ്ങളെ ദൂരം കാരണം ചേരിക്കാർക്കും കാണാൻ കഴിയുന്നുണ്ടാകില്ലെന്ന്​ രജതും സംഘവും പ്രതീക്ഷിച്ചു. നിശബ്​ദരായി, അവരവിടെ കാത്തുനിന്നു.

പൊടുന്നനെ, സൗത്ത്​ 24 പർഗാനാസ്​ മേഖലയിലേക്കുള്ള ഒരു ഒഴിഞ്ഞ ലോക്കൽ ട്രെയിൻ പാളത്തിലൂടെ പാഞ്ഞുപോയി. അതി​െൻറ ഹോൺ നിശബ്​ദതയെ ഭേദിച്ചു. ട്രെയിനി​െൻറ ഹെഡ്​ലൈറ്റ്​ വെട്ടത്തിൽ ആ ഭയപ്പെടുത്തുന്ന കാഴ്​ച രജത്​ കണ്ടു. നൂറുകണക്കിന്​ ചേരിക്കാർ അപ്പുറത്ത്​ തടിച്ചുകൂടിയിരിക്കുന്നു​. മുളവടികളും ഇരുമ്പുകമ്പികളും കല്ലുകളുമായി. അവർക്കൊപ്പം വലിയ വെട്ടുകത്തികളുമായി പെണ്ണുങ്ങളുമുണ്ട്​. ട്രെയിൻ കടന്ന്​ പോയി 30 സെക്കൻറ്​ കഴിഞ്ഞില്ല. അവിടെ നിന്ന്​ വലിയൊരു ഇഷ്​ടിക പാർട്ടിക്കാർക്ക്​ നേരെ പാഞ്ഞുവന്നു. ഒരുസഖാവി​െൻറ നെറുകയിൽ തന്നെ അത്​ പതിച്ചു. അലർച്ചയോടെ അയാൾ നിലംപതിച്ചു. ചേരിനിവാസികളെ പാഠം പഠിപ്പിക്കാൻ വന്ന പാർട്ടി സംഘം ​എതിർപക്ഷത്തി​െൻറ ആൾബലത്തിന്​ മുന്നിൽ കീഴടങ്ങി. വലിയ സംഘർഷത്തിന്​ നിൽക്കാതെ പാർട്ടി സംഘം സ്​ഥലം വിട്ടു. ആ രാത്രിയിൽ ബംഗാൾ രാഷ്​ട്രീയത്തി​െൻറ ചുവരെഴുത്ത്​ കൂടുതൽ വ്യക്​തമായി: ഒന്നുമില്ലാത്തവനും ദരിദ്രനും ഇനി പാർട്ടിയെ ഭയക്കുന്നില്ല.





ലുങ്കിയുടുത്ത കാന്തി ഗാംഗുലി

നാലുമാസം കഴിഞ്ഞിരിക്കുന്നു. 2010 ഏപ്രിൽ 30. കൊൽക്കത്ത മുൻസിപ്പൽ തെരഞ്ഞെടുപ്പ്​ ദിനം. രാവിലെ മുതൽ തുടങ്ങിയ തെരഞ്ഞെടുപ്പ്​ പ്രവർത്തനത്തിനിടയിൽ അൽപം വിശ്രമിക്കാൻ പാർട്ടി ക്ലബിൽ എത്തിയതാണ്​ രജത്​. പാർട്ടിയുടെ നില അപകടത്തിലാണെന്ന ബോധ്യം എല്ലാവർക്കുമുണ്ട്​. അതിനാൽ തന്നെ അവസാന മണിക്കൂറുകളിലെ 'ഇടപെടലി'ന്​ തൊട്ടുമുമ്പ്​ ഇത്തിരി ശ്വാസമെടുക്കാൻ വന്നതാണ്​ രജതും സംഘവും. പെട്ടെന്ന്​ പുറത്തുനിന്ന്​ വലിയൊരു​ വെടിപൊട്ടുന്ന ​േപാലെയുള്ള ശബ്​ദം. ആരെങ്കിലും പോളിങ്​ ബൂത്തിലേക്ക്​ പടക്കം എറിഞ്ഞതാണോ. ത​ൃണമൂലുകാർക്ക്​ അത്രയും ധൈര്യം ആയോ. രജതും ക്ലബിലുണ്ടായിരുന്ന പാർട്ടി പ്രവർത്തകൻ ബബ്​ലുവും മറ്റുള്ളവരും പോളിങ്​ ബൂത്തിലേക്ക്​ പാഞ്ഞു. ചൂടനാണ്​ ബബ്​ലു. അടിപിടിയിൽ ഇടപെടാനും വഷളാക്കാനും ബഹുകേമൻ. അതുകൊണ്ട്​ തന്നെ മനപ്പൂർവം ബബ്​ലുവിന്​ കുറച്ചു പിന്നിലായാണ്​ രജത്​ ഒാടുന്നത്​. തെരുവ്​ കഴിഞ്ഞ്​ ഒരു വളവിലാണ്​ ബൂത്ത്​. ബബ്​ലു ആ വളവ്​ കഴിഞ്ഞ്​ പോകുന്നത്​ രജത്​ കണ്ടു. പെട്ടന്നതാ, ബബ്​ലു ഭയചകിതനായി തിരിച്ചോടി വരുന്നു: 'ആർ​ക്കോ വെടിയേറ്റിരിക്കുന്നു'. 'ആര്​ ​ആരെ വെടിവെച്ചു. ത​ൃണമൂലുകാർ ജാദവ്​പൂരിൽ വന്ന്​ വെടിവെക്കാനോ.' - രജത്​ സ്വയം ചോദിച്ചു.

ബൂത്തിലെത്തു​േമ്പാൾ മുറ്റത്ത്​ ഒരാൾ​ വെടിയേറ്റ്​ രക്​തത്തിൽ കുളിച്ച്​ കമിഴ്​ന്ന്​ കിടക്കുന്നുണ്ട്​. ചെറുപ്പക്കാരായ പ്രവർത്തകർ ഞെട്ടിത്തരിച്ച്​ നിൽക്കുകയാണ്​. ചോരച്ചാലുകൾ ഏറെ കണ്ട സീനിയർ പാർട്ടിക്കാരിലൊരാൾ ഒാടിവന്ന്​ വെടിയേറ്റയാളെ പരിശോധിച്ചു. 'ഇത്​ നമ്മുടെ സുബോധ്​ ദത്ത'യാണ്​' -അയാൾ അലറി. 45 വയസുള്ള സോഫ്​റ്റ്​ഡ്രിങ്​സ്​ വിതരണക്കാരനായ ദത്ത മേഖലയിൽ അറിയപ്പെടുന്ന പാർട്ടി കാലാളാണ്​. ബൂത്തിലെ പാർട്ടിക്കാർ മൊത്തം ഒാടിവന്നു. പൊലീസ്​ ജീപ്പിൽ അടുത്തുള്ള പീയർലെസ്​ ഹോസ്​പിറ്റലിലേക്ക്​ സുബോധ്​ ദത്തയെ കൊണ്ടുപോയി. രജതും ബബ്​ലുവും യമഹ ആർ.എക്​സ്​ 100 ബൈക്കിൽ ജീപ്പിനെ പിന്തുടർന്നു.

സംഭവിച്ചതെന്താണെന്ന്​ പിന്നീടാണ്​ വ്യക്​തമായത്​. പാർട്ടിയുടെ സ്​ഥിരം ഏർ​പ്പാടായ ബൂത്തുപിടിത്തത്തി​െൻറ ഇരയായിരുന്നു ദത്ത. തന്ത്രപരമായാണ്​ പാർട്ടി ബംഗാൾ തെരഞ്ഞെടുപ്പുകളിൽ ബൂത്ത്​പിടിക്കുന്നത്​. അതിനുള്ള കളമൊരുക്കൽ വോട്ടർ പട്ടിക തയാറാക്കുന്നത്​ മുതൽ തുടങ്ങും. മരിച്ചവരുടെയും സ്​ഥലത്തില്ലാത്തവരുടെയും പേര്​ ആദ്യം തന്നെ മാർക്ക്​ചെയ്​തുവെക്കും. എതിർപാർട്ടിക്കാര​ുടെ വോട്ടുകളും പാർട്ടിക്ക്​ നന്നായി അറിയാം. പരമാവധി അത്​ വെട്ടിക്കാൻ ശ്രമിക്കും. കഴിഞ്ഞില്ലെങ്കിൽ ചില്ലറ ഭീഷണികൾ. മിക്കവരും പാർട്ടികോട്ടകളിൽ അതിന്​വഴങ്ങും. തെരഞ്ഞെടുപ്പ്​ ഡ്യൂട്ടിക്ക്​ വരുന്ന സുരക്ഷ ഉദ്യോഗസ്​ഥരെ ചാക്കിടുകയാണ്​ അടുത്ത ഘട്ടം. തലേദിവസം തന്നെ അവർക്ക്​ വേണ്ട 'സൗകര്യങ്ങൾ' ഒരുക്കികൊടുത്ത്​ സൗഹ​ൃദം സ്​ഥാപിക്കും. ബാക്കി പറയേണ്ട​േല്ലാ.
തിരഞ്ഞെടുപ്പ്​ ദിവസമാണ്​ യഥാർഥ ഷോ. ഇല്ലാത്ത തിരക്കും അതിനെ തുടർന്നുള്ള ബഹളവും ഉണ്ടാക്കുകയാണ്​ ഒരുരീതി. 10-12 പാർട്ടിക്കാർ കൂട്ടമായി വോട്ട്​ ചെയ്യാൻ വരും. ''എന്താണ്​ ഇത്ര വലിയ ക്യൂ. ഇതെന്താ ക്യൂ നീങ്ങാത്തത്​. ഇന്നുമുഴുവനും ഇവിടെ നിൽക്കണോ. എല്ലാവരുടെയും ​െഎഡി കാർഡ്​ പരിശോധിക്കുന്നതെന്തിനാ. ഇൗ അമ്മാവനെയും അമ്മായിയെയുമൊക്കെ ഇവിടെ ആർക്കാ അറിഞ്ഞുകൂടാത്തത്​. എന്താണിത്​.'' അതോടെ ബൂത്തിൽ ബഹളമാകും. സംഘർഷമാകും. മൂപ്പിക്കാൻ പാർട്ടിക്കാർ പല തരത്തിലും ഇടപെടുകയും ചെയ്യും. അതോടെ പോളിങ്​ ഉദ്യോഗസ്​ഥരും സമ്മർദത്തിലാക​ും. ക്യൂ വേഗത്തിലാക്കാൻ അവർ കഷ്​ടപ്പെടും. 'ഇൗ സുരക്ഷാഉദ്യോഗസ്​ഥർ ഞങ്ങളുടെ വോട്ടർമാരോട്​ അപമര്യാദയായി പെരുമാറുകയാണ്​. ഇവരെ ബൂത്തിൽ നിന്ന്​ മാറ്റണം'. ന്യായമില്ലാത്ത തർക്കത്തിന്​ ഇന്ധനം ബഹളം വെക്കലാണല്ലോ. ഇൗ ബഹളം കൂടിയാകു​േമ്പാൾ ബംഗാളി അപ്പർ ക്ലാസ്​ കുടുംബങ്ങൾ വോട്ട്​ ഉപേക്ഷിച്ച്​ പിന്തിരിയും. പിന്നീട്​ പാർട്ടിക്കാരുടെ കൈയിലെ തിരക്കഥക്ക്​ അനുസരിച്ചാകും കാര്യങ്ങൾ. അങ്ങനെയൊരു നാടകത്തിനൊടുവിലാണ്​ സുബോധ്​ ദത്തക്ക്​ വെടിയേറ്റത്​. പല തവണ ബൂത്തിലേക്ക്​ വോട്ട്​ ചെയ്യാ​ൻ പോയ ദത്തയെ ത്രിപുരക്കാരനായ സുരക്ഷഭടൻ തടഞ്ഞു. ഒാരോ തവണയും അയാളെ പരിഹസിച്ചുകൊണ്ട്​ ദത്ത ബൂത്തിലേക്ക്​ കയറി. ഒടുവിൽ ഉച്ചകഴിഞ്ഞ്​ മൂന്നുമണിക്ക്​ സുരക്ഷാഭടൻ ദത്തക്ക്​ അന്ത്യശാസനം നൽകി. അതും വകവെക്കാതെ അകത്ത്​ കയറി വോട്ട്​ ചെയ്​ത്​ തിരികെ വന്ന ദത്ത ഭടനോട്​ ചോദിച്ചു. 'എന്തുപറ്റി നി​െൻറ ദാദാഗിരിക്ക്​? എന്നെതൊടാൻ നിനക്കാവില്ല'. ചെറുപ്പക്കാരനായ ഭട​െൻറ ചോരതിളച്ചു. ദേഷ്യവും അപമാനവും സഹിക്കാനാകാതെ അയാൾ തോക്കെടുത്ത്​ ദത്തയെ വെടിവെച്ചിട്ടു.

ദത്തയെ പീയർലെസ്​ ആശുപത്രിയിൽ എത്തിച്ചതിന്​ പിന്നാലെ കാന്തി ഗാംഗുലി എത്തി. സി.പി.എം മന്ത്രിസഭയിലെ പ്രമുഖനും പ്രദേശവാസിയുമാണ്​ കാന്തി ഗാംഗുലി. ഉച്ചയുറക്കത്തിൽ നിന്ന്​ ഞെട്ടി ഉണർന്നതുപോലെ ലുങ്കി ധരിച്ചാണ്​ മന്ത്രി വന്നിരിക്കുന്നത്​. വന്നപാടെ, പരിഭ്രാന്തരായി നിൽക്കുന്ന സഖാക്കൻമാരുടെ തോളിൽ തട്ടി ആരാഞ്ഞു. 'എന്താണ്​ സംഭവിച്ചതെന്ന്​ പറയൂ. പേടിക്കണ്ട. ഞാനുണ്ട്​, നിങ്ങൾക്കൊപ്പം'. കൊൽക്കത്തയിലെ പാർട്ടിയുടെ പ്രധാനികളിലൊരാളാണ്​ എന്തിനും പോന്ന കാന്തി ഗാംഗുലി. പാർട്ടിയിലെ ചെറുപ്പക്കാരുമായി ഇടപെടാൻ വലിയ മികവുള്ളയാളുമാണ്​. നഗരത്തിലെ ഇൗസ്​റ്റേൺ മെട്രോപൊളിറ്റൻ ബൈപാസ്​ പ്രദേശത്തെ മെഡിക്കൽ ബിസിനസ്​ ഹബ്​ ആക്കി മാറ്റിയതിന്​ പിന്നിലുള്ള ബുദ്ധികേന്ദ്രവും കാന്തിയാണ്​. സ്​ഥലങ്ങൾ ഭീഷണിപ്പെടുത്തി ഒഴിപ്പിച്ചെടുത്തതിലും വലിയ ആശുപത്രികൾ സ്​ഥാപിക്കാൻ വഴിവിട്ട്​ സഹായം ചെയ്​തതിലും അദ്ദേഹത്തി​െൻറ കൈയുണ്ടെന്ന്​ ആരോപണമുണ്ടായിരുന്നു. ഇപ്പോൾ അവിടെ ഉയർന്നിരിക്കുന്ന പല ആശുപത്രികളിലും അദ്ദേഹത്തിന്​ നിക്ഷേപമുണ്ടെന്നും പാർട്ടി ശത്രുക്കൾ പറയുന്നു. 1982 ൽ ആനന്ദമാർഗി സന്യാസികളെ കത്തിച്ചുകൊന്ന ബിജൻ സേതു കേസിലും അദ്ദേഹത്തിന്​ പങ്കുണ്ടെന്ന്​ മാധ്യമറിപ്പോർട്ടുകളുണ്ടായിരുന്നു.

കുറച്ചുനേരം അവിടെ നിന്ന്​ പാർട്ടി പ്രവർത്തകരെയും സുബോധ്​ ദത്തയുടെ ബന്ധുക്കളെയും ആശ്വസിപ്പിച്ച കാന്തിഗാംഗുലി എല്ലാം പരിഹരിക്കാമെന്ന്​ പറഞ്ഞ്​ മടങ്ങി. മൂന്നുദിവസത്തിന്​ ശേഷം സുബോധ്​ ദത്ത മരണത്തിന്​ കീഴടങ്ങി. പാർട്ടിക്ക്​ അയാൾ രക്​തസാക്ഷിയായി. ത​ൃണമൂലിന്​ അയാൾ വോട്ടിങ്​ അട്ടിമറിക്കാൻ ശ്രമിച്ച ഗുണ്ടയും. സുബോധി​െൻറ മരണം രജത്​ ലഹിരിയെ ആഴത്തിൽ സ്​പർശിച്ചു. സുബോധ്​ ഒരു ഗുണ്ടയാണോ. രജതിന്​ അറിയില്ല. പാർട്ടിയെ ജീവന്​തുല്യം സ്​നേഹിച്ചയാ​ളാണ്​ സുബോധ്​ എന്ന്​ രജതിന്​ അറിയാം. ഇനി അയാൾ ഒരു ഗുണ്ടയാണെങ്കിൽ അയാളെ അങ്ങനെ ആക്കിയതി​െൻറ ഉത്തരവാദിത്തത്തിൽ നിന്ന്​പാർട്ടിക്ക്​ ഒഴിയാനാകില്ല.
സുബോധി​െൻറ മരണത്തിന്​ അധികം കഴിയു​ംമു​േമ്പ ബബ്​ലു ത​ൃണമൂലിൽ ചേർന്നു. ബംഗാൾ രാഷ്​ട്രീയത്തി​െൻറ കാറ്റുമാറുന്നത്​ തെരുവിലുള്ളവർക്ക്​ വേഗം മനസിലായി. നിരവധി കേസുകൾ ഉള്ള ബബ്​ലുവിന്​ അധികാരത്തിനൊപ്പം നിൽക്കേണ്ടത്​ അയാളുടെ ആവശ്യമായിരുന്നു. 2011ൽ​ വീട്ടിൽ മദ്യപിച്ച്​ വന്ന അയാൾ ഭാര്യയെ കൊന്ന്​ അടുത്തുള്ള കുളത്തിൽ തള്ളി. പൊലീസ്​ അയാളെ അറസ്​റ്റ്​ ചെയ്​തു. ആരും അയാളെ രക്ഷിക്കാനെത്തിയില്ല. മാസങ്ങൾക്ക്​ ശേഷം ജാമ്യത്തിലിറങ്ങിയ ബബ്​ലു ത​െൻറ പ്രദേശത്ത്​ താൻ എത്രമാത്രം തിരസ്​കൃതനായിരിക്കുന്നു​െവന്ന്​ തിരിച്ചറിഞ്ഞു. ജീവിതം മടുത്ത്​ അയാൾ ഒരു മുഴം കയറിൽ ജീവനൊടുക്കി. ത​െൻറ ആയുസി​െൻറ നല്ലൊരുഭാഗവും പാർട്ടിക്ക്​ വേണ്ടി തല്ലുണ്ടാക്കാൻ നടന്ന ബബ്​ലു അങ്ങനെ ആർക്കും വേണ്ടാതെ മരണത്തി​േലക്ക്​ നടന്നുപോയി...




ബംഗാൾ സി.പി.എമ്മി​െൻറ പതനത്തെ കുറിച്ച്​ മാധ്യമപ്രവർത്തകനായ സൂർജ്യ ഭൗമിക്​ എഴുതിയ Gangster State: The Rise And Fall Of The CPM In West Bengal എന്ന ഏറ്റവും പുതിയ പുസ്​തകത്തിൽ നിന്നുള്ള വിവരങ്ങളാണ്​ മുകളിൽ വായിച്ചത്​. മൂന്നരപതിറ്റാണ്ടിലേറെ ബംഗാളിനെ ഭരിച്ച സി.പി.എം എങ്ങനെ നിലംപരിശായെന്നതും അതി​െൻറ കാരണങ്ങളുമാണ്​ ഭൗമിക്​ തേടുന്നത്​. കൊൽക്കത്ത പ്രസിഡൻസി കോളജിലെ എസ്​.എഫ്​.​െഎ നേതാവും പിന്നീട്​ കൊൽക്കത്ത യൂനിവേഴ്സിറ്റിയിലെ ഡി.വൈ.എഫ്​.​െഎ നേതാവുമായിരുന്ന രജത്​ലാഹിരിയുടെ അനുഭവങ്ങളിലൂടെയാണ്​ പുസ്​തകം പുരോഗമിക്കുന്നത്​. ബുദ്ധദേവ്​ ഭട്ടാചാര്യയുടെ തട്ടകമായ ജാദവ്​പൂരിലെ പ്രമുഖ പാർട്ടി സംഘാടകന​ും ഡി.വൈ.എഫ്​.​െഎ നേതാവുമായിരുന്നു രജത്​.

2011 ൽ പാർട്ടി മമതാബാനർജിക്ക്​ മുന്നിൽ ഒൗദ്യോഗികമായി കീഴടങ്ങുന്നതിന്​ തൊട്ടുമുമ്പുള്ള ഒരുദശകത്തിൽ പാർട്ടിയുടെ പതനം അടുത്തുനിന്ന്​ കണ്ടയാളാണ്​ രജത്​. പ്രസിഡൻസി കോളജിൽ എസ്​.എഫ്​.​െഎയുടെ കോട്ട പൊളിയുന്നതും നന്ദിഗ്രാം, സിംഗൂർ തുടങ്ങി പാർട്ടിയുടെ അടിത്തറ മാന്തിയ സംഭവങ്ങളും വിശദമായി ഇൗ പുസ്​തകത്തിൽ വായിക്കാം. അധികാര തുടർച്ച സാധ്യമാക്കിയ കേരളത്തിലെ പാർട്ടിക്കും പാർട്ടിക്കാർക്കും വായിച്ചു പഠിക്കാനുള്ള നിരവധി പാഠങ്ങളും ഇതിലുണ്ട്​. ഇന്ത്യയിലെ സി.പി.എമ്മി​െൻറ അവസാന തുരുത്തായ കേരളമാണ്​ ഇൗ പുസ്​തകം വായിക്കേണ്ടത്​. തിരുത്താനുണ്ടെങ്കിൽ തിരുത്തേണ്ടത്​ പാർട്ടിയുമാണ്​. പുസ്​തകത്തിലെ അത്തരം ചില വിശേഷങ്ങളിലേക്ക്​....




ധോത്തി ധരിച്ച ജ്യോതിദാ, സ​്​കോച്ച്​ നുണയുന്ന​ ജ്യോതിദാ

1977 മുതൽ ബംഗാളി​െൻറ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസു 23 വർഷത്തിന്​ ശേഷം 2000ലാണ്​ സ്​ഥാനമൊഴിയുന്നത്​. ആരോഗ്യകാരണങ്ങളാണ്​ അതിനായി പാർട്ടി ചൂണ്ടിക്കാട്ടിയത്​. ശക്​തിപ്പെട്ടുവരുന്ന പ്രതിപക്ഷത്തിന്​ മുന്നി​േലക്ക്​, തൊട്ടടുത്ത വർഷം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് ബസുവിനെ വിടുന്നത്​ ബുദ്ധിയല്ലെന്ന്​ പാർട്ടി കരുതിയെന്ന്​ ദോഷൈകദൃക്കുകൾ പറഞ്ഞുപരത്തി. കഞ്ഞിമുക്കി വടിപോ​െലയാക്കിയ ധോത്തിയും കുർത്തയും ധരിക്കുന്ന, സ്​കോച്ച്​ വിസ്​കി ഇഷ്​ടപ്പെടുന്ന ബസു ഒരു യഥാർഥ ബംഗാളി ഭദ്രലോകി​െൻറ പ്രതിനിധിയായിരുന്നു. വൈരുധ്യങ്ങളുടെ ആകെത്തുകയായിരുന്നു ബസുവി​െൻറ 23 വർഷത്തെ ഭരണം. ഇൗ കാലത്ത്​ സംസ്​ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ ആഴ്​ന്നുമുങ്ങു​േമ്പാൾ മുഖ്യമന്ത്രിയുടെ മക​െൻറ ആസ്​തികൾക്ക്​ കനംകൂടി വന്നു. ഇംഗ്ലീഷ്​ സിഗരറ്റ്​ വലിക്കുന്ന, ഗോൾഫ്​ കളിക്കുന്ന, സ്​കോച്ച്​ നുണയുന്ന ചന്ദൻ ബസുവി​െൻറ ഭ്രമിപ്പിക്കുന്ന കഥകൾ മാധ്യമങ്ങളിൽ നിറഞ്ഞു. സംസ്​ഥാനം കടക്കെണിയിലും അഴിമതിയിലും പെട്ടുഴലുന്ന കഥകളും പത്രങ്ങളിൽ വെണ്ടക്കയായി. ഇൗ വ്യാഖ്യാനത്തിലൂന്നിയാണ്​ മമതാ ബാനർജി 2001 ലെ തെരഞ്ഞെടുപ്പ്​ നേരിടാനൊരുങ്ങിയത്​. ബസുവിനെ ഒറ്റയടിക്ക്​ വേദിയിൽ നിന്ന്​ മാറ്റുക വഴി സി.പി.എം മമതയെ നിരായുധയാക്കുകയായിരുന്നു. ബുദ്ധദേവി​െൻറ രംഗപ്രവേശത്തോടെ ചുരുക്കത്തിൽ ആ തവണ മമതയുടെ കഥകഴിഞ്ഞു. മാർക്വേസിനെ വിവർത്തനം ചെയ്യുന്ന, ദിനവും ടാഗോറിനെ വായിക്കുന്ന ബുദ്ധദേവ്​ ബംഗാളി മധ്യവർഗത്തി​െൻറ ഇഷ്​ടക്കാരനായി. ആദ്യ തെരഞ്ഞെടുപ്പിന്​ ഇറങ്ങിയ മമതയുടെ ത​ൃണമൂൽ 2001 ൽ 30 ശതമാനം വോട്ടുനേടി.

വ്യാവസായികവത്​കരണത്തിലൂടെയേ സംസ്​ഥാനത്തെ കരകയറ്റാനാകൂ എന്ന്​ തിരിച്ചറിഞ്ഞ ഭട്ടാചാര്യ അതിനുള്ള നീക്കങ്ങളാണ്​ പിന്നീട്​ നടത്തിയത്​. 'കൃഷിയാണ്​ നമ്മുടെ അടിത്തറ, വ്യവസായം നമ്മുടെ ഭാവി' അതായിരുന്നു മുദ്രാവാക്യം. സംസ്​ഥാനത്തി​െൻറ ഭാവിയെ കുറിച്ച്​ ബംഗാളി മധ്യവർഗം സ്വപ്​നങ്ങൾ കണ്ടു. കലയിലും സാഹിത്യത്തിലുമുള്ള താൽപര്യത്തിനപ്പുറം സത്യസന്ധനായ, പിടിവാശിക്കാരനായി മാധ്യമങ്ങൾ ബുദ്ധ​േദവിനെ വായിച്ചു. 2004 ലോക്​സഭ തെരഞ്ഞെടുപ്പിൽ സി.പി.എം ചരിത്രത്തിലെ അതി​െൻറഏറ്റവും വലിയ നേട്ടം കൈവരിച്ചു. 43 എം.പിമാർ. പാർട്ടി പിന്തുണയോടെ ദൽഹിയിൽ മൻമോഹൻ സിങ്​ പ്രധാനമന്ത്രിയായി. രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ്​ ബുദ്ധദേവെന്ന്​ മൻമോഹൻസിങും വ്യവസായി അസിം പ്രേംജിയും വാഴ്​ത്തി. എല്ലാം നല്ലനിലയിൽ പുരോഗമിക്കുകയായിരുന്നു. പക്ഷേ, അതിനും ഏതാനും വർഷം മുമ്പ്​ പാർട്ടിയുടെ​ കോട്ടയിൽ ചെറിയൊരു പൊട്ടൽ വീണത്​ അധികമാരും ശ്രദ്ധിച്ചിരുന്നില്ല. ബംഗാൾ ജനസംഖ്യയുടെ നാലിലൊന്ന്​ വരുന്ന, ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്​ലിങ്ങൾ എല്ലാക്കാലവും സി.പി.എമ്മിനാണ്​ വോട്ട്​ ചെയ്​തുവന്നിരുന്നത്​. അവരെ പിണക്കുന്ന ഒരു പ്രസ്​താവന 2002 ൽ ബു​ദ്ധദേവിൽ നിന്നുണ്ടായി. 'സംസ്​ഥാനത്തെ മദ്രസകളും മറ്റ്​ മതപഠനശാലകളും ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമാണെന്നാ'യിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. പാർട്ടിയിൽ നിന്ന്​ വിമർശനം ഉയർന്നെങ്കിലും ബുദ്ധദേവ്​ കുലുങ്ങിയില്ല. ജ്യോതി ബസു ഇടപെട്ടു: ' നിങ്ങൾക്ക്​ തെറ്റുപറ്റിയിരിക്കുന്നു. അത്​ അംഗീകരിക്കുക'. മറ്റുനേതാക്കളും ​േജ്യാതിബസുവിനൊപ്പം നിന്നു. ജംഇയ്യത്തുൽ ഉലമ കൊൽക്കത്തയിൽ മുഖ്യമന്ത്രിക്കെതിരെ പടുകൂറ്റൻ റാലി നടത്തി.

ഒറ്റപ്പെട്ട ബുദ്ധദേവിന്​ അപ്രതീക്ഷിത കോണിൽ നിന്ന്​ പിന്തുണയെത്തി. അന്ന്​ ആഭ്യന്തരമന്ത്രിയായിരുന്ന ബി.ജെ.പി നേതാവ്​ എൽ.കെ അദ്വാനി ബുദ്ധദേവി​െന പ്രകീർത്തിക്കുകയും കേന്ദ്ര ഗവൺമെൻറി​െൻറ ഇത്തരം നയങ്ങളിൽ സഹകരിക്കുന്നതിന്​ അഭിനന്ദിക്കുകയും ചെയ്​തു.




നന്ദിഗ്രാം, സിംഗൂർ

ഇൗ സംഭവത്തിന്​ വർഷങ്ങൾക്ക്​ ശേഷമാണ്​ സിംഗൂർ, നന്ദിഗ്രാം പ്രശ്​നങ്ങൾ ഉണ്ടാകുന്നത്​. ഇന്തോനേഷ്യയിലെ കോർപറേറ്റ്​ ഭീമനായ സലിം ഗ്രൂപ്പിന്​ അവരുടെ കെമിക്കൽ ഹബിനായി നന്ദിഗ്രാമിലെ 4000 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ ശ്രമം തുടങ്ങി. നാനോ കാർ ഫാക്​ടറിക്കായി സിംഗൂരിലെ 997 ഏക്കർ ടാറ്റാഗ്രൂപ്പിനും നൽകാൻ കരാറായി. പിന്നാലെ സൽബോനിയി​ൽ സ്​റ്റീൽ പ്ലാൻറിനായി ജിൻഡാൽ ഗ്രൂപ്പിന്​ 5,000 ഏക്കറും. ഇൗ മൂന്നു ഭീമൻ പദ്ധതികളുടെയും ​െമാത്തം മൂല്യം 50,000 കോടി രൂപയായിരുന്നു. സംസ്​ഥാനത്തി​െൻറ മുഖഛായ തന്നെ ഇത്​ മാറ്റുമെന്ന്​ സർക്കാർ പ്രതീക്ഷിച്ചു. പക്ഷേ, സ്​ഥലം ഏറ്റെടുക്കലി​െൻറ പ്ര​ായോഗിക പ്രശ്​നങ്ങൾ സർക്കാർ ഒാർത്തില്ല. ഫലഭൂയിഷ്​ടമായ ബഹുവിള നിലമായിരുന്നു സിംഗൂരിലേത്​. പല തലമുറകളായി കൃഷി ചെയ്​തുവരുന്ന കർഷകരുടെ ഭൂമി. ഇത്രയും കാർഷിക പ്രധാനമായ ഭൂമി വ്യവസായത്തിന്​ നൽകുന്നതിലെ യുക്​തിരാഹിത്യം സംസ്​ഥാനത്തെ പകുതി പേർക്കും മനസിലായില്ല. ബാക്കി പകുതി വ്യവസായിക വിപ്ലവം കൊണ്ടുവരുന്ന സ്വർഗീയ ജീവിതം സ്വപ്​നം കണ്ടു. സിംഗൂർ​ പ്രശ്​നം സംസ്​ഥാനത്തി​െൻറ ജനവികാരത്തെ നെടുകെ പിളർത്തി. സർക്കാരി​െൻറ എതിർവശത്തുണ്ടായിരുന്നത്​ എന്നും സി.പി.എമ്മിനൊപ്പം നിന്ന കർഷകരും സാധാരണക്കാരും. ഒപ്പം കൂടിയതാക​െട്ട, അത്രയധികം പാർട്ടി ആഭിമുഖ്യം കാണിക്കാത്ത മധ്യവർഗവും ഉപരിവർഗവും. ഇൗ ഭിന്നതയുടെ സാധ്യത മമത ബാനർജിയെന്ന കുശാഗ്രബുദ്ധിക്കാരിയുടെ മസ്​തിഷ്​കത്തെ ഉണർത്തി. സാധ്യതകളുടെ കലയാണ്​ രാഷ്​ട്രീയമെന്ന്​ അവരെ ആരും പഠിപ്പിക്കേണ്ടതില്ല. ഉരുണ്ടുകൂടുന്ന ആശങ്കയ​ുടെ കാർമേഘങ്ങളെ ബുദ്ധദേവും വ്യവസായ മന്ത്രി നിരുപം സെന്നും അവഗണിച്ചുതള്ളി. സ്​ഥലം ഏറ്റെടുക്കാന​ുള്ള നീക്കത്തെ കർഷകർ എതിർത്തു. സംഘർഷമായി. പരിസ്​ഥിതി പ്രവർത്തകരും മനുഷ്യാവകാശപ്രവർത്തകരും കലാകാരൻമാരും കർഷകർക്ക്​ പിന്തുണയുമായി എത്തി. ദേശീയ ചാനലുകൾ ബംഗാളിലേക്ക്​ കുതിച്ചു. പ്രൈംടൈമിൽ സിംഗൂർ തിളച്ചു.

'ഫാക്​ടറി, ഫാക്​ടറി, ഫാക്​ടറി. തൊഴിൽ, തൊഴിൽ, തൊഴിൽ'

ആദ്യഘട്ട പൊലീസ്​ ലാത്തിചാർജോടെ തന്നെ സി.പി.എമ്മി​നും പാർട്ടിക്കും പ്രാദേശിക പിന്തുണ നഷ്​ടമായി. പാർട്ടിയുടെ രാവണൻ കോട്ടയിൽ വിള്ളലുകൾ വീ​ഴാൻ തുടങ്ങി. ലാത്തിചാർജി​െൻറ ദൃശ്യങ്ങൾ ബംഗാളി വാർത്താചാനലുകൾ തൽസമയം സംപ്രേഷണം ചെയ്​തു. കൊൽക്കത്ത നഗര ഹൃദയത്തിലെ ശീതീകരിച്ച സ്വീകരണ മുറികളിലിരുന്ന്​ ബംഗാളി ഭദ്രലോക്​ പൊലീസ്​ ക്രൂരത കണ്ട്​ ഞെട്ടി. സ്​ത്രീകളെയും കുട്ടികളെയും നിർദാക്ഷിണ്യം തല്ലിച്ചതക്കുന്ന പൊലീസ്​ പുരുഷൻമാരെ അടിച്ചൊതുക്കി. നൂറുകണക്കിന് കർഷകർ ആശുപത്രികളിലായി. മമത ബാനർജി​ കൊൽക്കത്തയിലെ എസ്​പ്ലനേഡ്​ ജങ്​ഷനിൽ സർക്കാരിനെതിരെ അനിശ്​ചിതകാല നിരാഹാരമിരുന്നു. ഇൗ വിവാദം കൊഴുക്കുന്നതിനിടെയാണ്​ നന്ദിഗ്രാം സ്​ഥലമേറ്റെടുപ്പ്​ ഉത്തരവ്​ വരുന്നത്​. ഇൗ പ്രദേശങ്ങളിലെ ജനസംഖ്യയിൽ ബഹുഭൂരിപക്ഷവും മുസ്​ലിങ്ങളും പിന്നോക്ക ജനവിഭാഗങ്ങളുമാണ്​. മുസ്​ലിം ഭൂരിപക്ഷ മേഖലയായ നന്ദിഗ്രാമും തൊട്ടടുത്ത ഹിന്ദുസ്വാധീനമേഖലയായ ഖെജൂരിയെയും ബന്ധിപ്പിക്കുന്നത്​ തെഖാലി പാലമാണ്​. ഖെജൂരി അപ്പോഴും സി.പി.എം നിയന്ത്രണത്തിൽ തന്നെതുടർന്നു. നന്ദിഗ്രാം ആക​െട്ട, സി.പി.എം വിരുദ്ധ ഗ്രൂപ്പുകളുടെ പിടിയിലായി കഴിഞ്ഞിരുന്നു. സമരം കൊടുമ്പിരികൊള്ളുന്ന ഘട്ടത്തിൽ ഖെജൂരിയിൽ വിപുലമായൊരു പൊതുപരിപാടി സി.പി.എം സംഘടിപ്പിച്ചു. പ്രതിഷേധത്തിലൊന്നും കുലുങ്ങാത്ത ബുദ്ധദേവ്​ അവിടെയെത്തി വെല്ലുവിളിച്ചു. അദ്ദേഹത്തി​െൻറ ഉറച്ച ശബ്​ദം അസംഖ്യം മൈക്രോഫോണുകളിലൂടെ മേഖലയിൽ അലയടിച്ചു: 'ഫാക്​ടറി, ഫാക്​ടറി, ഫാക്​ടറി. തൊഴിൽ, തൊഴിൽ, തൊഴിൽ'. ഏതാനും ദിവസങ്ങൾക്കപ്പുറം സ്​റ്റാലിനിസ്​റ്റ്​ സ്​റ്റേറ്റ്​ എന്നാൽ എന്താണെന്ന്​ രജത് തിരിച്ചറിഞ്ഞു.

സായുധരായ പാർട്ടി കേഡറുകൾ നന്ദിഗ്രാമിലേക്കുള്ള പാതകളിൽ വന്നിറങ്ങാൻ തുടങ്ങി. രാവി​െൻറ മറവിൽ നാടൻ ബോംബുകളും തോക്കുകളുമായി അവർ ഗ്രാമം ആക്രമിച്ചു. ​ഗ്രാമവാസികളുടെ​ പ്രതിരോധം ശിഥിലമായി. അവർ എറിഞ്ഞ കല്ലുകൾ ലക്ഷ്യംതെറ്റി വീണു. ആക്രമണത്തിൽ മൂന്നുഗ്രാമവാസികൾ കൊല്ലപ്പെട്ടു. കുപിതരായ അവർ അടുത്തദിവസം സമീപത്തെ സി.പി.എം ഒാഫിസിന്​ തീയിട്ടു. പാർട്ടി കേഡറുകൾ തങ്ങിയ ​പ്രാദേശികനേതാവി​െൻറ വീട്​ ആക്രമിച്ചു. നേതാവ്​ കൊല്ലപ്പെട്ടു. നന്ദിഗ്രാമിനെ സ്വതന്ത്രമേഖലയായി കർഷകർ പ്രഖ്യാപിച്ചു. ഗ്രാമത്തിന്​​ മേൽ സർക്കാരി​െൻറ നിയന്ത്രണം നഷ്​ടമായി. ബംഗാളി​െൻറയും സി.പി.എമ്മി​െൻറയും വർത്തമാനത്തേയും ഭാവിയേയും എന്നെന്നേക്കുമായി മാറ്റിമറിച്ച ദിവസങ്ങൾ ആയിരുന്നു അത്​. ദിവസങ്ങൾക്ക്​ ശേഷം 2007 മാർച്ച്​ 14 ന്​ ബംഗാൾ പൊലീസി​െൻറ വൻ സേന നന്ദിഗ്രാമിന്​ സമീപം വന്നിറങ്ങി. പൊലീസിനും ഗ്രാമവാസികൾക്കുമിടയിൽ വിശാലമായ വയൽ പ്രദേശം അതിർത്തി തീർത്തു. ഏത്​ ആക്രമണവും നേരിടാൻ തന്നെയാണ്​ ഗ്രാമവാസികളുടെ തീരുമാനം. മുകളിൽ നിന്നുള്ള ഉത്തരവ്​ എന്തായിരുന്നുവെന്നോ, എന്തായിരുന്നു പ്രകോപനമെന്നോ ഇന്നും ആർക്കുമറിയില്ല. പക്ഷേ, പിന്നീടുള്ള മണിക്കൂറുകളിൽ രാജ്യം ടി.വിയിൽ കണ്ടത്​ നരനായാട്ടായിരുന്നു. ഒൗദ്യോഗിക കണക്കുകളിൽ 14 ഗ്രാമവാസികളാണ്​ കൊല്ലപ്പെട്ടത്​. പക്ഷേ, അതില​ുമെ​ത്രയോ ശവശരീരങ്ങൾ പൊലീസ്​ എടുത്തുകൊണ്ടുപോയെന്ന്​ ദൃക്​സാക്ഷികൾ പറയുന്നു. കാക്കി ധരിച്ച സി.പി.എം കേഡറുകളും ആക്രമണത്തിന്​ ഉണ്ടായിരുന്നുവെന്ന്​ ആരോപണമുയർന്നു. ആറുമാസം കൊണ്ട്​ ബുദ്ധദേവ്​ നായകനിൽ നിന്ന്​ വില്ലനിലേക്ക്​ പരകായ പ്രവേശം നടത്തി. മുഖ്യമന്ത്രിയുടെ രാജിക്കായി മുറവിളി ഉയർന്നു. ബംഗാളിലെ ഞെട്ടിക്കുന്ന സംഭവങ്ങൾ കണ്ട്​ രാജ്യവും ലോകവും അമ്പരന്നു. തൊഴിലാളി വർഗ പാർട്ടിയെന്ന നിലയിൽ നിന്ന്​ മുതലാളിത്ത പാർട്ടിയായി മാറിയ സി.പി.എമ്മി​െൻറ പതനത്തെ കുറിച്ച്​ രാഷ്​ട്രീയ ശത്രുക്കൾ ലേഖനമെഴുതി. രാജ്യത്തെ ബുദ്ധിജീവികളും എഴുത്തുകാരും തങ്ങളുടെ ഇടത്​ ആഭിമുഖ്യം മാറ്റിവെച്ച്​ സി.പി.എമ്മിനെതിരെ രംഗത്തുവന്നു. കാര്യങ്ങൾ കൈവിട്ടുപോകുകയാണെന്ന്​ തിരിച്ചറിഞ്ഞ ബുദ്ധദേവ്​ തിരുത്തി: 'ജനങ്ങളുടെ കണ്ണീരിന്​ മുകളിലൂടെ വ്യവസായവത്​കരണം ഇല്ല'. സ്​ഥലം ഏറ്റെടുപ്പ്​ ഉത്തരവും റദ്ദാക്കി. പക്ഷേ, ​ൈവകിപ്പോയിരുന്നു. സി.പി.എമ്മി​െൻറ വിധി ജനങ്ങൾ മനസിൽ കുറിച്ചുകഴിഞ്ഞിരുന്നു, അപ്പോഴേക്കും. ജനങ്ങൾ പാർട്ടിയുടെ കരാള വാഴ്​ചയിൽ നിന്നുള്ള വിമോചനത്തിനായി ഒരു മിശിഹയെ കണ്ടെത്തിക്കഴിഞ്ഞിരുന്നു: നീലക്കരയുള്ള തൂവെള്ളസാരിയുടുക്കുന്ന, റബർ ചെരിപ്പിടുന്ന ഒരു ഒറ്റയാൾപോരാളി. മമതാ ബാനർജി.




റെയിൽവേ പാളത്തിലെ മൃതദേഹം

അതിസമ്പന്നനായ ലക്​സ്​ ഇൻഡസ്​ട്രീസ്​ ഉടമ അശോക്​ ടോഡിയുടെ മകൾ പ്രിയങ്കയെ പ്രണയിച്ച റിസ്​വാനുറഹ്​മാ​െൻറ മൃതദേഹം കൊൽക്കത്തയിലെ റെയിൽവേ ​ട്രാക്കിൽ കണ്ടെത്തിയതും ഇക്കാലയളവിലാണ്​. പാർട്ടിയും സർക്കാരും സർക്കാർ സംവിധാനങ്ങളും ഇവിടെയും പ്രതിസ്​ഥാനത്തായിരുന്നു. റിസ്​വാ​െൻറ വീട്ടിൽ ഒാടിയെത്തിയ മമത കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അവർക്കൊപ്പം ചായ കുടിച്ചു. റിസ്​വാന്​ നീതി തേടി കൊൽക്കത്തയിൽ അതിഗംഭീരമായ റാലി നടത്തി.

യു.എസ്​ ആണവ കരാറിൽ അത​ൃപ്​തരായി ഇടതുപക്ഷം യു.പി.എ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നത്​ 2008 ജൂൺ എട്ടിനാണ്​. ആണവകരാറി​െൻറ ദോഷവശങ്ങളെ കുറിച്ച്​ രാജ്യമെങ്ങും ഇടതുനേതാക്കൾ പ്രസംഗിച്ചുനടന്നു. പക്ഷേ, ബംഗാളിലെ സാധാരണക്കാർക്ക്​ ആണവകരാറി​െല സങ്കീർണതകളേക്കാൾ കുതിച്ചുയരുന്ന വിലക്കയറ്റത്തിലും ജീവിതചെലവിലുമായിരുന്നു നോട്ടം. ചുവരെഴുത്ത്​ തിരിച്ചറിയാതെ ബംഗാൾ സി.പി.എം നേതാക്കൾ കവലകൾ തോറും അമേരിക്കൻ ഗൂഡാലോചനയെകുറിച്ച്​ വാചാലരായി. അവർക്ക്​പോലും മനസിലാകാത്ത വ്യവസ്​ഥകളെ കുറിച്ചുള്ള വാചകമടിയിൽ മടുത്ത്​ കേൾവിക്കാർ കൊഴിഞ്ഞുപോകാൻ തുടങ്ങി. സോമനാഥ്​ചാറ്റർജിയുടെ പുറത്താക്കലും വിശ്വാസവോട്ടിൽ യു.പി.എ സർക്കാരിനെതിരെ ബി.ജെ.പിക്കൊപ്പം വോട്ടുചെയ്യല​ും പിന്നാലെ വന്നു.

ഇൗ പ്രതിസന്ധികൾക്ക്​ശേഷം സി.പി.എം​ നേരിട്ട ആദ്യ അഗ്​നിപരീക്ഷയായിരുന്നു 2009 ലോക്​സഭ തെരഞ്ഞെടുപ്പ്​. ബുദ്ധദേവി​െൻറയും രജതി​െൻറയും തട്ടകം ഉൾപ്പെടുന്ന ജാദവ്​പ​ൂർ ലോക്​സഭ സീറ്റിൽ ജനപ്രിയ ഗായകൻ കബീർ സുമൻ ആയിരുന്നു ത​ൃണമൂൽ സ്​ഥാനാർഥി. പാർട്ടി​ക്ക്​ ഒരിക്കലും തോൽക്കാനാകാത്ത സീറ്റായിരുന്നു ജാദവ്​പൂർ. വിവാദവ്യക്​തിത്വമാണ്​ സുമ​േൻറത്​. ഉയർന്ന ജാതിയിലുള്ള ഹിന്ദുവായിരുന്ന സുമൻ പിന്നീട്​ ഇസ്​ലാം സ്വീകരിച്ചു. അഞ്ചുതവണ വിവാഹവും കഴിച്ചു. പ്രചരണം തുടങ്ങി അധികം കഴിയുംമുമ്പ്​ കബീർ സുമ​െനതിരെ വർഗീയ പരാമർശങ്ങളുള്ള പോസ്​റ്ററുകൾ ജാദവ്​പൂരിൽ പടർന്നു. ആരാണ്​ പിന്നിലെന്ന്​ എല്ലാവർക്കും അറിയാം. സുമ​െൻറ പരിപാടികൾക്ക്​ ജനം ഒഴുകിയെത്താൻ തുടങ്ങി. എല്ലാവരും സെലിബ്രിറ്റിയെ കാണാൻ പോകുകയാണെന്നും വോട്ടുചെയ്യുന്നത്​ പക്ഷേ, പാർട്ടി സ്​ഥാനാർഥിക്ക്​ തന്നെയായിരിക്കുമെന്നും സി.പി.എം ആത്​മവിശ്വാസം കൊണ്ടു. എല്ലാം തെറ്റായിരുന്നു. ഫലം പ്രഖ്യാപിച്ചപ്പോൾ പാർട്ടി കോട്ട തകർന്നു. ജാദവ്​പൂരിൽ 54,000 വോട്ടിന്​ സുമന്​ വിജയം. സംസ്​ഥാനത്ത്​ സി.പി.എമ്മി​െൻറ സീറ്റുകൾ 2004 ലെ 26ൽ നിന്ന്​ ഒമ്പതിലേക്ക്​ ഇടിഞ്ഞു. ബംഗാൾ പാർട്ടി ഉടൻ തന്നെ ബലിയാടുകളെയും ന്യായങ്ങളെയും കണ്ടെത്തി. ജനറൽ സെക്രട്ടറി കാരാട്ടി​െൻറ നയങ്ങൾ, തൃണമൂൽ-മാവോയിസ്​റ്റ്​ കൂട്ട​ുകെട്ട്​, ത​ൃണമൂലിന്​ കേന്ദ്രസർക്കാർ നൽകിയ പിന്തുണ അങ്ങ​െന പോയി ന്യായങ്ങൾ.




പിന്നീടാണ്​ നമ്മൾ നേരത്തെ വായിച്ച സുബോധ്​ ദത്ത വെടിയേറ്റ്​ മരിച്ച 2010 ലെ കൊൽക്കത്ത മുൻസിപ്പൽ കൗൺസിൽ​ തെരഞ്ഞെടുപ്പ്​. അതിൽ 141ൽ 95 സീറ്റും നേടി ത​ൃണമൂൽ അധികാരത്തിലെത്തി. സി.പി.എം ആക​െട്ട, 33 സീറ്റിലേക്ക്​ നിലംപറ്റി. 2011ലെ നിയമസഭ തെരഞ്ഞെടുപ്പ്​ അങ്ങനെ വന്നെത്തി. എത്ര താഴ്​ന്നുപോയാലും 150 സീറ്റ്​ നേടി അധികാരം നിലനിർത്തുമെന്നായിരുന്നു പാർട്ടിയുടെ പ്രതീക്ഷ. ബുദ്ധദേവിനെതിരെ മുൻ ചീഫ്​സെക്രട്ടറി മനീഷ്​ഗുപ്​തയെയാണ്​ ത​ൃണമൂൽ നിർത്തിയത്​. റിസ്​വാനുറഹ്​മാ​െൻറ സഹോദരനും മമത ടിക്കറ്റ്​ നൽകിയിരുന്നു. നന്ദിഗ്രാമിൽ കൊല്ലപ്പട്ട ബാല​െൻറ മാതാവ്​ ഫിറോസബീവിയും തൃണമൂൽ ടിക്കറ്റിൽ മത്സരിച്ചു. സി.പി.എമ്മിന്​ ഒഴികെ എല്ലാവർക്കും ഫലം എന്താകുമെന്ന്​ ഉറപ്പായിരുന്നു. രാവിലെ 10.30 ഒാടെ എല്ലാം വ്യക്​തമായി. ഇന്ത്യ കണ്ട എക്കാലത്തെയും കരുത്തുറ്റ ഭരണകൂടങ്ങളിലൊന്ന്​ 34 വർഷത്തിന്​ ശേഷം നിലംപതിച്ചിരിക്കുന്നു. '72 മുതലുള്ള എല്ലാ തെരഞ്ഞെടുപ്പിലും വിജയിച്ചുപോന്ന ഭൂപരിഷ്​കരണ വകുപ്പ്​ മന്ത്രി അബ്​ദുറസാഖ്​ മുല്ല ഉച്ചയോടെ ബുദ്ധദേവിനെതിരെ ആഞ്ഞടിച്ചു. പതിറ്റാണ്ടൊന്ന്​ കടന്നും തുടരുന്ന കുറ്റപ്പെടുത്തലുകൾക്കും പഴിചാരലുകൾക്കും അങ്ങനെ സി.പി.എമ്മിൽ​ ഒൗദ്യോഗികമായി കൊടി ഉയർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIMGangster StateWest Bengal CPMSourjya Bhowmick
News Summary - Gangster State: The Rise and Fall of the CPI(M) in West Bengal
Next Story