നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്!'... ചോദ്യമുയർത്തിയ കവിതകൾക്കുപിന്നാലെയുള്ള സഞ്ചാരമാണ് `കാവ്യരാഷ്ട്രീയം'
text_fields``നിങ്ങളെെൻറ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞകണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്!
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്!''
എന്നുറക്കെപ്പാടിക്കൊണ്ട് കടമ്മനിട്ട രാമകൃഷ്ണൻ മലയാള കവിതയെ അതിന്‍റെ രാഷ്ട്രീയ ചോദ്യത്തിലേക്ക് ഉയർത്തി. മലയാള കവിതയുടെ യാത്രയിൽ രാഷ്ട്രീയത്തിന്‍റെ പിടിമുറുക്കം ഒരു പക്ഷെ, തുടക്കം മുതലുണ്ട്. ഭാഷ അതിന്‍റെ തനിമ വീണ്ടെടുക്കുന്നതുതന്നെ രാഷ്ട്രീയമായ തിരിച്ചറിവിന്‍റെ ഫലമായാണ്. ശരിക്കും പറഞ്ഞാൽ, ജീവിതത്തിെ ൻറ സകല മണ്ഡലങ്ങളിലും ചേർന്ന് നിൽക്കുന്ന പദമാണ് രാഷ്ട്രീയം. നാം
അറിഞ്ഞും അറിയാതെയും രാഷ്ട്രീയം നമുക്കിടയിലുണ്ട്. തെളിഞ്ഞും തെളിയാതെയും അതിന്‍റെ യാത്ര തുടരുന്നു. ഡോ. ആർ. സുനിൽ കുമാറിന്‍റെ കാവ്യരാഷ്ട്രീയമെന്ന പുസ്തകം മലയാള കവിത രാഷ്ട്രീയ മുഖം ചേർത്ത് പിടിക്കുന്നു. ഒരു പക്ഷെ, ഇത്ര സമഗ്രമായി, ഇത്രമേൽ ലളിതമായി കവിതയുടെ രാഷ്ട്രീയം പറയുന്ന പുസ്തകം മറ്റൊന്ന് ഉണ്ടോയെന്നറിയില്ല. അധ്യാപകൻ കുട്ടികൾക്കെന്ന പോലെ സമഗ്രവും ലളിതവുമായി സുനിൽ കുമാർ കവിതയെയും രാഷ്ട്രീയത്തെയും അവതരിപ്പിക്കുന്നു. കാവ്യരാഷ്ട്രീയമെന്ന ഈ പുസ്തകത്തിന് ഡോ. സുനിൽ കുമാർ തന്നെ എഴുതിയ വിശദമായ ആമുഖക്കുറിപ്പ് മാത്രം മതി ഈ പുസ്തകത്തിന്‍റെ പ്രസക്തി തിരിച്ചറിയാൻ. എന്തിനാണിത്തരമൊരു പുസ്തകമെന്ന ചോദ്യത്തിന് ഉത്തരം നൽകുന്നുണ്ട് ആ കുറിപ്പ്.
ഇരുപതാം നൂറ്റാണ്ടിലെ പ്രധാന രാഷ്ട്രീയ സംഭവങ്ങളും അതിനോട് ചേർന്നുള്ള പ്രതികരണങ്ങളും ആധുനിക മലയാള കവിതയിൽ കാണാൻകഴിയും. ദേശീയ സമരം മുതൽ സൂക്ഷ്മ രാഷ്ട്രീയം വരെയുള്ള ആശയഗതികൾ മലയാളകവികൾ എങ്ങനെ സർഗ്ഗാത്മകമായി എന്ന അന്വേഷണമാണ് ഏഴ് അദ്ധ്യായങ്ങൾ ഉള്ള ഈ ഗ്രന്ഥത്തിലൂടെ നിർവഹിക്കുന്നത്. രാഷ്ട്രീയബോധവും സാഹിത്യവും എന്ന ഒന്നാം അദ്ധ്യായത്തിൽ രാഷ്ട്രീയബോധത്തിെ ൻറ നിർവചനത്തിെന്‍റ പ്രശ്നങ്ങളാണ് ചർച്ച ചെയ്യുന്നത്. മനുഷ്യൻ ഒരു രാഷ്ട്രീയ ജീവി എന്ന നിലയിൽ രാഷ്ട്രീയ അവബോധം കക്ഷി രാഷ്ട്രീയത്തിൽ ഇന്ന് എത്രത്തോളം വ്യത്യസ്തമാണെന്ന് ഇവിടെ പരിശോധിക്കുന്നു. രാഷ്ട്രീയ കവിത ചീത്ത കവിതയാണെന്ന് സിദ്ധാന്തവും അതിനെതിരായുള്ള ചിന്തകളും കവിയുടെ രാഷ്ട്രീയവും ഈ അധ്യായത്തിൽ ചർച്ച ചെയ്യുന്നു.
അധ്യായം രണ്ടിൽ മലയാളത്തിലെ രാഷ്ട്രീയ കവിതയുടെ വേരുകളാണ് അന്വേഷിക്കുന്നത്. രാഷ്ട്രീയ അവബോധം ഗാന്ധിയുഗത്തിൽ എന്ന അധ്യായത്തിൽ രാഷ്ട്രീയബോധവും ദേശീയ സ്വാതന്ത്ര്യ സമരവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് പരിശോധിക്കുന്നു.
രാഷ്ട്രീയവും പ്രത്യയശാസ്ത്രവും എന്ന മൂന്നാം അധ്യായത്തിൽ പുരോഗമനസാഹിത്യപ്രസ്ഥാനവും രാഷ്ട്രീയബോധവും ആണ് വിഷയം. `മാനവികതയുടെ രാഷ്ട്രീയം കവിതയിൽ' എന്ന നാലാം അധ്യായം ആധുനിക കവിതയിലെ മാനവിക ബോധത്തെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കാനുള്ള ശ്രമമാണുള്ളത്.
`രാഷ്ട്രീയാവബോധം: സ്വപ്നവും യാഥാർത്ഥ്യവും' എന്നതാണ് അഞ്ച്, ആറ് ഭാഗങ്ങളിലായിട്ടുള്ളത്. ഇതിൽ ആദ്യത്തേതിൽ പിൽക്കാല കാൽപനിക കവിതയും രാഷ്ട്രീയബോധവുമാണിവിടെ പഠനവിേധേയമാക്കുന്നത്. രണ്ടാമത്തേതിൽ അടിയന്താരാവസ്ഥ, നക്സലിസം എന്നിവയെ അടിസ്ഥാനമാക്കിയാണ് പഠനം. ഏഴാമത്തെ അധ്യായത്തിൽ പുതുകവിത: സ്ഥൂല രാഷ്ട്രീയത്തിൽ നിന്ന് സൂഷ്മരാഷ്ട്രീയത്തിലേക്ക് എന്നതാണ്.
എഴുത്തുകാരെ രൂപപ്പെടുത്തുന്നതിൽ അതത് കാലഘട്ടത്തിലെ ഭരണാധികാരികൾക്കും അവരുടെ നിയമപാലകർക്കും പങ്കുണ്ടെന്ന നീരിക്ഷണത്തിലാണ് `കാവ്യരാഷ്ട്രീയം' എന്ന സമാഹാരം ചെന്ന് നിൽക്കുന്നത്. പൊതുവെ മലയാളിയുടെ കാവ്യവഴിയിൽ എത്രമാത്രം തീപിടിച്ചിരുന്നുവെന്ന് ബോധ്യപ്പെടുത്തുകയാണ്. അത്തരമൊരു സാഹചര്യത്തിൽ ഈ പുസ്തകം ഓർമ്മപ്പെടുത്തലാണ്. നമ്മുടെ പാരമ്പര്യം കരുത്തുറ്റതും സമ്പന്നവുമായിരുന്നുവെന്ന് തിരിച്ചറിയിക്കുകയാണ് അധ്യാപകൻ കൂടിയായ ഗ്രന്ഥകർത്താവ്. കൊല്ലം, സുജിലി പബ്ലിക്കേഷൻസാണ് പുസ്തകത്തിന്റെ പ്രസാധകർ. വില: 760.