സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച മോദി സ്വാതന്ത്ര്യ സമര സേനാനിയുടെ പട്ടികയിൽ! കോച്ചിങ് സെന്റർ പുസ്തകത്തിലെ പരാമർശം വൻ വിവാദത്തിൽ
text_fieldsനരേന്ദ്ര മോദിയുടെ പേര് ഉൾപ്പെടുത്തിയ പുസ്തകം
ന്യൂഡൽഹി: കോച്ചിങ് സെന്ററിലെ മത്സരപ്പരീക്ഷാ ഗൈഡിൽ മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, രബീന്ദ്രനാഥ ടാഗോർ തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും. 'ശിവന്ത് സർ' മത്സരപ്പരീക്ഷാ പുസ്തകത്തിലെ ‘സ്വാതന്ത്ര്യ സമര സേനാനികളുടെ വചനങ്ങളും മുദ്രാവാക്യങ്ങളും’ എന്ന ഭാഗത്താണ് വിവാദ പരാമർശമുള്ളത്. പുസ്തകത്തിന്റെ വിഡിയോ പുറത്ത് വന്നതിന് പിന്നാലെ വലിയ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വതന്ത്രമായി മൂന്ന് വർഷങ്ങൾക്ക് ശേഷം ജനിച്ച നരേന്ദ്ര മോദി എങ്ങനെയാണ് സ്വാതന്ത്ര്യസമര സേനാനിയാവുന്നതെന്നാണ് പ്രധാന ചോദ്യം. 2014ൽ അധികാരത്തിലെത്തിയ മോദി, സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ്. ഗാന്ധിജിക്കും സുഭാഷ് ചന്ദ്രബോസിനുമൊപ്പം മോദിയുടെ പേര് ഉൾപ്പെടുത്തിയതിന് പുറമെ, മൈ ഭീ ചൗക്കിദാർ, ജയ് ജവാൻ, ജയ് കിസാൻ, ജയ് വിജ്ഞാൻ, ജയ് അനുസന്ധാൻ തുടങ്ങിയ മോദിയുടെ ചില മുദ്രാവാക്യങ്ങളും പ്രസ്താവനകളും പുസ്തകത്തിൽ നൽകിയിട്ടുണ്ട്.
പുസ്തകത്തിലെ ഉള്ളടക്കം കാണിച്ച് കൊണ്ടുള്ള വിഡിയോ പുറത്ത് വന്നതിന് പിന്നാലെ വൈറലായിരിക്കുകയാണ്. ചരിത്രത്തെ ബോധപൂർവ്വം വളച്ചൊടിക്കുന്നതായും രാഷ്ട്രീയ പ്രൊപ്പഗാണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി പേരാണ് ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നിരിക്കുന്നത്.
‘മോദി ഹൈ തോ മുങ്കിൻ ഹൈ’ (മോദി ഉണ്ടെങ്കിൽ എല്ലാം സാധ്യമാണ്) എന്ന പാട്ടോടെയാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇത് വ്യക്തിപൂജ വളർത്താനുള്ള ബോധപൂർവ്വമായ ശ്രമമാണെന്നും വിമർശകർ ആരോപിക്കുന്നു. മത്സരപ്പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർികൾക്കുള്ള പഠന സാമഗ്രികളിൽ ഇത്തരം രാഷ്ട്രീയ ഉള്ളടക്കങ്ങൾ ഉൾപ്പെടുത്തുന്നത് അപകടകരമാണെന്നും, ഇത് കുട്ടികളുടെ മനസ്സിൽ തെറ്റായ ചരിത്രബോധം കുത്തിവക്കുമെന്നും സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. വിഷയത്തിൽ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അവസ്ഥയെ ചോദ്യം ചെയ്തും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

