കർഷക-തൊഴിലാളി കൂട്ടായ്മയെ തകർക്കാൻ കേന്ദ്രം ശ്രമിക്കുന്നു -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: രാജ്യത്ത് ഉയർന്നുവരുന്ന കർഷക-തൊഴിലാളി കൂട്ടായ്മയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘സി.ഐ.ടി.യു കേരള ചരിത്രം’ പുസ്തകം അയ്യങ്കാളി ഹാളിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
അമിതാധികാര, സ്വേച്ഛാധിപത്യ പ്രവണതകളെ എതിർത്ത് പോരാടിയാണ് രാജ്യത്തെ തൊഴിലാളികൾ അവർക്കർഹമായ തൊഴിൽ സാഹചര്യങ്ങളും ന്യായമായ വേതനവും നേടിയെടുത്തത്. എന്നാൽ, ഇപ്പോൾ അത്തരം എല്ലാ നേട്ടങ്ങളെയും ഇല്ലാതാക്കുന്ന തരത്തിൽ തൊഴിൽ നിയമങ്ങളെ തൊഴിലാളി വിരുദ്ധമായി മാറ്റിത്തീർത്തു.
ഈ ദ്രോഹനടപടികളെ അതിദേശീയത കൊണ്ടും മതാധികാര നിലപാടുകൾകൊണ്ടും മറച്ചുവെക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. ഈ നീക്കങ്ങളെ സംഘ്പരിവാർ ശക്തിപ്പെടുത്തുന്നെന്നും അദ്ദേഹം പറഞ്ഞു.
സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എളമരം കരീം, മന്ത്രി വി. ശിവൻകുട്ടി, ടി.പി. രാമകൃഷ്‌ണൻ എം.എൽ.എ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ, സി.ഐ.ടി.യു നേതാക്കളായ കെ.എൻ. ഗോപിനാഥ്, കെ.എസ്. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.