കുത്തിയോട്ടപ്പാട്ടുകൾ
text_fieldsകുത്തിയോട്ടം സവിശേഷതകളുള്ള ഒരു അനുഷ്ഠാന കലയാണ്. കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോടു മുതൽ കോട്ടയം വരെയുള്ള അഞ്ചു ജില്ലകളിലാണ് ഈ അനുഷ്ഠാന നിർവഹണം നടക്കുന്നത്. ‘കുത്തുക’ എന്നത്, അനുഷ്ഠാനത്തിൽ വ്രതംനോൽക്കുന്ന (ഉരുക്കളായ) കുട്ടികളുടെ ശരീരത്തിലേക്ക് ‘ചൂരൽ കുത്തുക’ എന്ന കർമത്തെയും ‘ഓടുക’ എന്നതിന്, ചൂരൽമുറിയൽ ചടങ്ങിനുശേഷം ക്ഷേത്രത്തിലേക്ക് ‘വേഗത്തിൽ പോവുക’ എന്നതിനെയുമാണ് അർഥമാക്കിയിരുന്നത്. എന്നാൽ, ഹരികുമാർ ഇളയിടത്തിന്റെ ‘കുത്തിയോട്ടപ്പാട്ടുകൾ ഒരു പഠനം’ എന്ന പുസ്തകം ഇത്തരം മുൻവിധികളെ തിരുത്തുന്നു.
പുതിയ നിർവചനത്തിലേക്ക് വായനക്കാരനെ ആനയിക്കുന്നു. ‘ഓട്ടം’ എന്നത് ബാധയൊഴിപ്പിക്കൽ പ്രക്രിയയാണെന്ന് പുസ്തകം പറയുന്നു. കണിയാന്മാരെ ‘ഓട്ടൻ’ എന്നു വിളിക്കുന്നത് ഇപ്രകാരം ബാധയൊഴിപ്പിക്കുന്നവരാകയാലാണെന്ന് പുസ്തകം വെളിവാക്കിത്തരുന്നു. ചൂരൽ കുത്തുന്ന ഭക്തിനിർഭരമായ ചടങ്ങിലൂടെ വ്യക്തികളുടെയും സമൂഹത്തിന്റെയും രോഗ-ദുരിതങ്ങളെയും ഈതി-ബാധകളെയും ഒഴിപ്പിക്കുന്നതിനാലാണ് അനുഷ്ഠാനത്തിന് ‘കുത്തിയോട്ടം’ എന്ന പേരുണ്ടായത് എന്ന പുതിയ കാഴ്ചപ്പാട് പുസ്തകം മുന്നോട്ടുവെക്കുന്നുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഇത് അരങ്ങേറുന്നത് എന്നായിരുന്നു ഇതുവരെ കുത്തിയോട്ടത്തെക്കുറിച്ചുള്ള പൊതുധാരണ. ഗവേഷകരും ഇതുതന്നെയാണ് ആവർത്തിച്ചു പറഞ്ഞു തന്നിരുന്നതും. എന്നാൽ കോട്ടയം, പത്തനംതിട്ട ജില്ലകളിലും ഈ അനുഷ്ഠാനം അരങ്ങേറുന്നതായ പുതിയ അറിവും നമുക്ക് ഇതിലൂടെ ലഭിക്കുന്നു. കുത്തിയോട്ടം, തട്ടിയോട്ടം, പണ്ടാരയോട്ടം എന്നിങ്ങനെ ഈ അനുഷ്ഠാനം മൂന്നുവിധമുണ്ടെന്ന അറിവ് ഓണാട്ടുകരയിൽ പുതിയതാണ്.
‘ഓണാട്ടുകര, ചെട്ടികുളങ്ങര, കുത്തിയോട്ടം’ എന്നിവയെല്ലാം വിഷയമായ ഹരികുമാറിന്റെ ‘ഓടനാടിന്റെ പൂരോത്സവം’ എന്ന മുൻ കൃതിയിൽ വിശദമായി പറഞ്ഞതിനാലാവണം ‘തട്ടിയോട്ടം, പണ്ടാരയോട്ടം’ എന്നിവയെക്കുറിച്ച് നാമമാത്രമായി പരാമർശിച്ചു പോവുന്നതേയുള്ളൂ. കുത്തിയോട്ടവുമായും അതിന്റെ ജീവനാഡിയായ പാട്ടുകളുമായുമുള്ള അതിപരിചയം ഓണാട്ടുകരക്കാർക്കുണ്ട്. കുത്തിയോട്ടപ്പാട്ടുകളിലെ ഹൃദയത്തിലലയടിക്കുന്ന ഏതെങ്കിലുമൊക്കെ വരികൾ ഇവിടത്തുകാരുടെ നാവിലും ചുണ്ടിലും തത്തിക്കളിക്കുക സഹജമാണ്. എന്നാൽ, ഈ അതിപരിചയം പലപ്പോഴും അവഗണനക്കും ഇടയാക്കിയിട്ടുണ്ട്. വിശേഷിച്ചും പാട്ടുകളെക്കുറിച്ചുള്ള പഠനത്തിൽ. ‘ഇതിൽ പ്രത്യേകിച്ചെന്തുപഠിക്കാൻ’ എന്നതാണ് പൊതുവേയുള്ള മനോഭാവം. അത്തരം മുൻവിധികളെ തച്ചുതകർക്കാൻ ഈ ചെറിയ പുസ്തകത്തിന് കഴിഞ്ഞിരിക്കുന്നു. കൂടുതൽ അക്കാദമിക് സമീപനം ആവശ്യപ്പെടുന്ന ഒന്നാണ് കുത്തിയോട്ടവും അതിന്റെ പാട്ടുകളുമെന്ന് പുസ്തകം പറയുന്നു.
പാട്ടുകളിലൂടെയുള്ള സഞ്ചാരമാണ് പുസ്തക പാരായണത്തിലൂടെ വായനക്കാരനെ തേടിയെത്തുന്നത്. പാട്ടുകളുടെ പഴക്കം, മുഴക്കം, അരുൾക്കവികൾ എന്നിവയെല്ലാം നമുക്കുമുന്നിൽ കാലക്രമത്തിൽ വിടർന്നുവരുന്നു. താനവട്ടം, പൊലിവ്, കുമ്മി തുടങ്ങിയവ കുത്തിയോട്ടപ്പാട്ടിൽ കാണാം. ഇവ നാടോടിവഴക്കത്തിൽനിന്ന് കുത്തിയോട്ട ഗാത്രത്തിലേക്ക് ആവേശിച്ച നന്മകളാണ്. പാട്ടുകളുടെ വർഗീകരണം, ഭാഷ, ശബ്ദാലങ്കാരങ്ങൾ, പാട്ടുകളിലൂറി നിറയുന്ന പ്രാദേശിക ചരിത്രത്തിന്റെ മധുരിമ എന്നിവയെല്ലാം വിചിന്തനത്തിന് വിഷയമാകുന്നു. ഗ്രാമീണകവികളുടെ കീർത്തന സാഹിത്യമാണ് കുത്തിയോട്ടപ്പാട്ടുകൾ എന്നാണ് പുസ്തകം അടിവരയിടുന്നത്.
പുസ്തകത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉൾക്കാഴ്ച ലഭിക്കാൻ നിരൂപകൻ എം.കെ. ഹരികുമാർ, വിദ്യാഭ്യാസ വിചക്ഷണരായ ഡോ. ആർ. ഗോപിനാഥൻ, ഡോ. മധു ഇറവങ്കര, ഡോ. നിത്യ പി. വിശ്വം, ഡോ. ശിവദാസൻപിള്ള തുടങ്ങിയവരുടെ കുറിപ്പുകൾ സഹായിക്കുന്നു. പരാമർശിക്കപ്പെടുന്ന പാട്ടുകളിൽ ചിലതെങ്കിലും അനുബന്ധമായി നൽകിയിരുന്നുവെങ്കിൽ ഓണാട്ടുകരക്ക് പുറത്തുള്ള സഹൃദയർക്കും പഠിതാക്കൾക്കും കൂടുതൽ ഉപകാരപ്രദമാകുമായിരുന്നു.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

