Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിരമിച്ചിട്ടും വിശ്രമമില്ല; 55 പുസ്തകങ്ങളെഴുതി അധ്യാപകൻ, നൂറ് തികക്കണമെന്ന് ലക്ഷ്യം

text_fields
bookmark_border
വിരമിച്ചിട്ടും വിശ്രമമില്ല; 55 പുസ്തകങ്ങളെഴുതി അധ്യാപകൻ, നൂറ് തികക്കണമെന്ന് ലക്ഷ്യം
cancel

74ാം വയസ്സിലും എഴുത്തിന്റെ ലോകത്ത് സജീവമാണ് തെലങ്കാനയിലെ കരിംനഗർ സ്വദേശിയായ എസ്. സമ്പത്ത് കുമാർ. ആരോഗ്യം, യോഗ, ധ്യാനം, ശാരീരികക്ഷമത, പരമ്പരാഗത ആയോധനകലകൾ തുടങ്ങി വിവിധ വിഷയങ്ങളിലായി ഇതിനകം 55 പുസ്തകങ്ങളാണ് മുൻ കായികാധ്യാപകൻ കൂടിയായ സമ്പത്ത് കുമാർ രചിച്ചത്. വിരമിച്ച് 16 വർഷം പിന്നിട്ടിട്ടും അറിവ് പുസ്തകങ്ങളിലൂടെ കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

2010ൽ കായികാധ്യാപക ജോലിയിൽനിന്ന് വിരമിച്ച സമ്പത്ത് കുമാർ എഴുത്തും പഠനവും അവസാനിപ്പിച്ചിട്ടില്ല. വർഷങ്ങളായുള്ള അധ്യാപനത്തിലൂടെയും പരിശീലനത്തിലൂടെയും നേടിയ അറിവ് പുസ്തകരൂപത്തിൽ രേഖപ്പെടുത്തുന്നതിലാണ് അദ്ദേഹം കൂടുതലായി വിനിയോഗിച്ചത്. യോഗാസനങ്ങൾ, ധ്യാനരീതികൾ, വ്യായാമം, ആരോഗ്യപരിപാലനം, കരാട്ടെ, പരമ്പരാഗത ആയോധനകലകൾ എന്നിവയാണ് അദ്ദേഹത്തിന്റെ രചനകളിലെ പ്രധാന വിഷയങ്ങൾ. സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ആരോഗ്യപരമായ അറിവുകൾ പങ്കുവെക്കുകയാണ് ലക്ഷ്യം.

ആരോഗ്യവും യോഗയും മാത്രമല്ല, തെലങ്കാനയുടെ ഭാഷാപൈതൃകവും സമ്പത്ത് കുമാറിന്റെ എഴുത്തിന് വിഷയമായിട്ടുണ്ട്. പ്രദേശത്തെ വ്യത്യസ്ത ഭാഷാഭേദങ്ങൾ, പ്രാദേശിക പ്രയോഗങ്ങൾ, ഉച്ചാരണരീതികൾ, വാക്കുകളുടെ അർഥങ്ങൾ എന്നിവ രേഖപ്പെടുത്തി മൂന്ന് ഗവേഷണ ഗ്രന്ഥങ്ങൾ അദ്ദേഹം തയാറാക്കി. ഭാഷയുടെ തനിമയും പ്രാദേശികമായ വാക്കുകളുടെ സവിശേഷതകളും വരുംതലമുറകൾക്ക് പരിചയപ്പെടുത്തുകയാണ് ഈ പുസ്തകങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

ഓരോ പുസ്തകവും വർഷങ്ങളുടെ പഠനത്തിന്റെയും പരിശീലനത്തിന്റെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് തയാറാക്കുന്നത്. എഴുത്തിലൂടെ അറിവ് സംരക്ഷിക്കുകയും അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യണമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.

പുസ്തകങ്ങളുടെ എണ്ണം നൂറിലെത്തിക്കാനുള്ള ശ്രമത്തിനിടയിലും പുതിയ രചനകൾക്കുള്ള വിഷയങ്ങൾ കണ്ടെത്തുകയാണ് സമ്പത്ത് കുമാർ. ഏകദേശം 500 യോഗാസനങ്ങൾ അറിയാവുന്ന അദ്ദേഹം അവയെല്ലാം ഉൾപ്പെടുത്തി മറ്റൊരു പുസ്തകം കൂടി പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുണ്ട്.

എഴുത്തിനൊപ്പം സൗജന്യ യോഗപരിശീലനവും ആരോഗ്യനിർദേശങ്ങളും അദ്ദേഹം തുടരുന്നുണ്ട്. സ്പോണ്ടിലൈറ്റിസ്, നടുവേദന തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നവർക്ക് യോഗാഭ്യാസത്തിലൂടെ സഹായം നൽകുന്നു. ദീർഘനേരം ഇരുന്ന് ജോലി ചെയ്യേണ്ടിവരുന്ന ഐ.ടി മേഖലയിലെ ജീവനക്കാർക്കിടയിലും യോഗ പ്രചരിപ്പിക്കണമെന്നാണ് ആഗ്രഹം. ശാരീരികക്ഷമതക്കൊപ്പം അച്ചടക്കം, കൂട്ടായ്മ, മാനസികാരോഗ്യം എന്നിവയുടെ പ്രാധാന്യവും അദ്ദേഹം പരിശീലനത്തിലൂടെ പങ്കുവെക്കുന്നു.

55 പുസ്തകങ്ങൾ പൂർത്തിയാക്കിയ സമ്പത്ത് കുമാറിന് ഇനി 45 പുസ്തകങ്ങൾ കൂടി രചിക്കാനുണ്ട്. വിരമിച്ച ശേഷവും പഠനവും എഴുത്തും തുടരുന്ന അദ്ദേഹം, പ്രായം അറിവ് പങ്കുവെക്കുന്നതിനുള്ള തടസ്സമല്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ്. 100 പുസ്തകങ്ങളെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ പുതിയ വിഷയങ്ങളും ആശയങ്ങളുമായി മുന്നോട്ടുപോകുകയാണ് ഈ 74കാരൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A Telangana physical education teacher retired in 2010 written 55 books on yoga
Next Story