ഏഴാം ക്ലാസുകാരന്റെ തൂലികയിൽ പിറന്ന പ്രേതകഥയുടെ പ്രകാശനം ഇന്ന്
text_fieldsഗ്രേഷ്യസ് ജീൻ എഴുതിയ ‘ട്രിപ് ട്രാപ്’
പുസ്തകത്തിന്റെ കവർ
തൃശൂർ: വായനക്കിടെ ലഭിച്ച ത്രെഡിൽ പിടിച്ച് പ്രേതകഥയെഴുതിയ ഏഴാം ക്ലാസുകാരന്റെ പുസ്തക പ്രകാശനം ഞായറാഴ്ച. തൃശൂർ ദേവമാത സി.എം.ഐ പബ്ലിക് സ്കൂൾ വിദ്യാർഥിയും കുരിയച്ചിറ തേയ്ക്കാനത്ത് ജീൻ പോളിന്റെയും ബിന്ദുവിന്റെയും മകനുമായ ഗ്രേഷ്യസ് ജീൻ ആണ് ‘ട്രിപ് ട്രാപ്’ എന്ന പേരിൽ തന്റെ ആദ്യ പുസ്തകം പുറത്തിറക്കുന്നത്. അവധിക്കാലത്ത് വായനയുടെ രസംപിടിച്ചതോടെയാണ് ഒരു കഥയെഴുതാനുള്ള ആശയം കിട്ടുന്നത്.
മൂന്നാഴ്ച കൊണ്ടാണ് ഗ്രേഷ്യസ് ഇംഗ്ലീഷിൽ കഥയെഴുതി തീർത്തത്. കൈയെഴുത്തു പ്രതി വായിച്ച ഗ്രന്ഥകാരനും നെഹ്റുനഗർ സെന്റ് പീറ്റേഴ്സ് പള്ളി വികാരിയുമായ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ടാണ് ഇതൊരു പുസ്തകമായി പുറത്തിറക്കാൻ രക്ഷിതാക്കളോട് നിർദേശിച്ചത്.
ആർട്ടിസ്റ്റ് ഗായത്രിയാണ് സ്കെച്ചുകൾ തയാറാക്കിയത്. വിശ്വാസികളെ ദൈവം കാത്തുരക്ഷിക്കുമെന്ന ഗുണപാഠമാണ് കഥയിലൂടെ നൽകുന്നതെന്ന് ഗ്രേഷ്യസ് ജീൻ പറഞ്ഞു. ഞായറാഴ്ച രാവിലെ 7.30ന് അഞ്ചേരി നെഹ്റുനഗർ സെന്റ് പീറ്റേഴ്സ് പള്ളി ഹാളിൽ അശോകൻ ചരുവിലും വി.ജി. തമ്പിയും ചേർന്ന് പുസ്തകം പ്രകാശനം ചെയ്യും.