Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_right'കു കൃ മ' ഹാ 'ബാ കൃ...

'കു കൃ മ' ഹാ 'ബാ കൃ പി'; ജാതിമേൽക്കോയ്മക്കെതിരായ മഹാസമരം- ബഷീർ പഠനം

text_fields
bookmark_border
കു കൃ മ ഹാ ബാ കൃ പി; ജാതിമേൽക്കോയ്മക്കെതിരായ മഹാസമരം- ബഷീർ പഠനം
cancel
camera_alt

ഡോ​​. കെ.കെ. സു​​ലേ​​ഖ​​

ഒരു വെറും ‘പേര്ചുരുക്കം’കൊണ്ട് ചോറും കറിയും ചമ്മന്തിയുമുണ്ടാക്കി, ഇതിലപ്പുറമിനി വല്ലതും വേണോ എന്നൊരു അപരവിദ്വേഷരഹിതമായൊരു ചിരിയാണ്, ‘കു കൃ മാ’യിൽ കുട്ടികൃഷ്ണമാരാരായും, ‘ബാ കൃ പി’യിൽ ബാലകൃഷ്ണപിള്ളയായും വിടരുന്നത്. പേരുകൊണ്ടുള്ള പന്തുകളിലൂടെ വൈക്കം മുഹമ്മദ്ബഷീർ, ‘ജാതിമേൽക്കോയ്മ’യുടെ പോസ്റ്റിൽ അടിച്ച ഗോളുകൾ മാത്രം വെച്ച്, അദ്ദേഹത്തിൻെറ കൃതികളുടെ വിശകലനം സാധ്യമാവും! മാരാരാണ് ആദ്യം കേസരി ബാലകൃഷ്ണപിള്ളയെ ‘ഒരു തമാശക്ക്’ ‘ബാ കൃ പി’യാക്കിയത്. അതിനോടുള്ള ബഷീറിയൻ പ്രതികരണമാണ് ‘കു കൃ മ’! കുട്ടികൃഷ്ണമാരാരും കേസരി ബാലകൃഷ്ണപിള്ളയും വൈക്കം മുഹമ്മദ് ബഷീറും വായനാസമൂഹവും ഒന്നിച്ചുള്ളൊരു ‘സൊറച്ചിരി’! അതിൽ നിറഞ്ഞതും നിർവൃതപ്പെട്ടതുമോ സൗഹൃദവും!

കുട്ടികൃഷ്ണമാരാർക്ക് ബാലകൃഷ്ണപിള്ളയെ ‘ബാ കൃ പി’യാക്കാമെങ്കിൽ, എനിക്കെന്തുകൊണ്ട് സ്വന്തം കുട്ടികൃഷ്ണമാരാരെ ‘കു കൃ മാ’യാക്കിക്കൂടാ എന്ന സ്റ്റൈലൻ ബഷീർ ചോദ്യത്തിൽ സംഘർഷമല്ല, സൗഹൃദമാണ് തിരയടിക്കുന്നത്. ഭാഷപകുക്കുന്ന ഇതുപോലുള്ള എത്രയെത്രയോ പുളകങ്ങൾകൊണ്ട് സമൃദ്ധമാണ് ബഷീർ സൃഷ്ടിച്ച സർഗാത്മകതയുടെ സമാന്തരലോകം.

സാക്ഷരരും നിരക്ഷരരുമായ സർവ മലയാളികൾക്കും ഏതെങ്കിലും വിധത്തിൽ അറിയുന്ന ഒരേയൊരു, എഴുത്തിലൊതുങ്ങാത്ത എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ! എട്ടുകാലി മമ്മൂഞ്ഞും, മണ്ടൻ മുത്തപ്പയുമില്ലാത്ത എന്ത് മലയാളം! സാക്ഷരതക്കുമുമ്പേ മലയാളികളെ സാക്ഷരരാക്കിയവരാണവർ! ഒരിക്കൽ വായിച്ചവർ വീണ്ടും വായിക്കുന്നു, എഴുതിയവർ പിന്നെയും എഴുതുന്നു, വിദ്യാർഥികൾ പിന്നെയും പഠിക്കുന്നു! സെമിനാർ പ്രബന്ധങ്ങളായി, എം.ഫിൽ തീസിസുകളായി, പിഎച്ച്.ഡി പ്രബന്ധങ്ങളായി, വിമർശന പുസ്തകങ്ങളായി, പ്രഭാഷണ പ്രവാഹങ്ങളായി ബഷീറെങ്ങും നിറയുന്നു.

ഇതെഴുതുമ്പോൾ, ‘അവസാനമായി’ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ട ബഷീർ പിഎച്ച്.ഡി, ഡോക്ടർ കെ.കെ. സുലേഖയുടെ, ‘സാമൂഹികതയുടെ വ്യതിരിക്തത ബഷീർ കൃതികളിൽ’ എന്നുള്ളതാവും. മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഓരോരോ മാനദണ്ഡങ്ങൾവെച്ച് ബഷീറിനെ ആഴത്തിൽ മനസ്സിലാക്കാനുള്ള ധൈഷണികശ്രമങ്ങൾ ഇനിയും ആവർത്തിക്കപ്പെടും. ഒരു അടിക്കുറിപ്പും ആവശ്യമില്ലാത്തവിധം വായനാസമൂഹം വായിച്ച് അനുഭവിക്കുന്നൊരെഴുത്തുകാരനെയാണ് ഇവ്വിധം ആവർത്തിച്ച് പലതരത്തിൽ പഠിക്കപ്പെടുന്നതെന്നുള്ളത് ശ്രദ്ധേയമാണ്. ഒ.വി. വിജയൻ പറഞ്ഞ ആ ‘അശ്ലീല ബ്രാഹ്മണ്യം’ മറ്റു പലയിടങ്ങളിലെന്നപോലെ വായനയെയും വഴിതിരിച്ചുവിടുന്നതിൽ വിജയിച്ചാൽ, പിന്നെ ബഷീർ വായനാഘോഷങ്ങളും പ്രതിസന്ധിയിലാവും. നിരന്തരമായ ബഷീർ അനുസ്മരണം അതുകൊണ്ടുതന്നെ ബഷീറിൽ ആരംഭിച്ച്, അവിടെ അവസാനിക്കാതെ, ‘ജാതിമേൽക്കോയ്മ’ക്കെതിരായ മഹാസമരമായി വളരണം.

മേൽക്കോയ്മകൾ സൃഷ്ടിച്ച ‘വാർപ്പു മാതൃകകളെ’ മറിച്ചിടാതെ ജനായത്തത്തിന് ജ്വലിക്കാനാവില്ല. ബഷീറിൻെറ പ്രശസ്തമായ ‘പ്രേമലേഖന’ത്തിലെ കേശവൻനായരോട് പ്രണയവീര്യം തെളിയിക്കാൻ സാറാമ്മ ആവശ്യപ്പെട്ടത് സൗഗന്ധികപുഷ്പം കൊണ്ടുവരാനല്ല, ചുമ്മാ ഒന്ന് തലകുത്തി നിൽക്കാനാണ്! മുമ്പൊരു ബഷീർകുറിപ്പിൽ എഴുതിയതുപോലെ വാർപ്പ് മാതൃകകളെ അടിച്ചുതെറിപ്പിച്ച ഒരത്യുഗ്രൻ കിക്ക്! ഒരു മികച്ച ‘ഫോർവേഡ്’ കളിക്കാരിയെപ്പോലെ, ഒരൊറ്റ കീഴാളകിക്കിലൂടെ സാറാമ്മ പറത്തിവിട്ടത്, ആസനരാജനായി കരുതുന്ന ശീർഷാസനത്തെയാണ്. ഒപ്പം ചോക്ലറ്റ് പ്രണയത്തിൻെറ പൊങ്ങ് പത്രാസിനെയും! ഇവ്വിധമുള്ള എത്രയെത്രയോ സൂപ്പർകിക്കുകൾകൊണ്ട് സമൃദ്ധമാണ്, വൈക്കംമുഹമ്മദ് ബഷീർ എന്ന ‘തോട്ടാൻെറ’ അഥവാ ‘മലയാള ചിന്തകൻെറ’ ആവിഷ്‍കാരലോകം! എഴുത്തിനെതന്നെ എഴുതിപ്പൊളിച്ച മലയാളഭാഷയുടെ, ആഢ്യവാർപ്പു മാതൃകകളെ വെട്ടിവീഴ്ത്തിയ വൈവിധ്യ വിസ്മയങ്ങളെയാണ് ഇപ്പോൾ നാം, ‘വൈക്കം മുഹമ്മദ് ബഷീറുകൾ’ എന്ന് വിളിക്കുന്നത്. സത്യത്തിൽ ബഷീറിയൻ ഭാഷ എന്നൊന്നുണ്ടെങ്കിൽ, അത് നാനാപ്രകാരേണ ജാതിഅഹന്തയുടെ കാറ്റൊഴിച്ചുവിട്ട, അധികാരവിരുദ്ധതയുടെ ഒരു മുഴുചിരിയാണ്. ജാതിവ്യവസ്ഥയെ വെട്ടിക്കീറിയ ചോരപുരളാത്ത ഒരു, ‘മഴുച്ചിരി’ എന്നും അതിനെ വിളിക്കാം.

‘ക്ഷേത്രവും ചർച്ചും നിൽക്കുന്നിടത്തുതന്നെ നിൽക്കട്ടെ, നമ്മുടെ ഹൃദയങ്ങളുടെ ഇടയിൽ മതിലുകൾ ഉണ്ടാവരുത്’ എന്ന് പ്രേമലേഖനത്തിലും; വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം, മനസ്സിൻെറ തൃപ്തിനോക്കിയാൽ മതി എന്ന് ശബ്ദങ്ങളിലും! തരിച്ചുനിന്നപ്പോൾ, നഷ്ടപ്പെട്ട പേഴ്സ് തിരിച്ചുകൊടുത്തുകൊണ്ട്, ആ പോക്കറ്റടിക്കാരൻ പറഞ്ഞു: ‘പോ, ദൈവം നിങ്ങളെ രക്ഷിക്കട്ടെ’, പൊലീസിനെ വിളിക്കുന്നതിനുപകരം ആ പോക്കറ്റടിക്കാരനോട് ബഷീറും പറഞ്ഞു: ‘ദൈവം നിങ്ങളെയും എന്നെയും എല്ലാവരെയും രക്ഷിക്കട്ടെ’. വൈക്കം മുഹമ്മദ് ബഷീറിൻെറ വിപുലമായ ലോകത്തിലേക്ക് പലഭാഗത്തുനിന്നും തുറക്കാവുന്ന ഇതുപോലുള്ള വാതിലുകളിൽ ഒന്ന് മുട്ടുമ്പോൾ എത്രനേരമായി കാത്തിരിക്കുന്നു എന്നമട്ടിൽ മാലാഖമാർ കടന്നുവരും! ‘നന്മയാണ് എൻെറ കൃതികളുടെ സന്ദേശം’ എന്ന് പലവുരു ബഷീർ. ‘ജീവിതത്തിൽ നല്ലതായിട്ടുള്ളതിലേക്ക്, എന്താണാവോ വളരേണ്ടിയും ജീവിക്കേണ്ടിയുമിരിക്കുന്നത്, അതിലേക്ക് നാം നമ്മുടെ ശ്രദ്ധ തിരിക്കണം, ചീത്തയായതിനെ, ദുഷ്ടതയെ നമ്മൾ പരിഗണിക്കാതിരിക്കുകയല്ല ചെയ്യുന്നത്. നാം അത് ശ്രദ്ധിക്കുന്നുണ്ട്, പക്ഷേ അതിന് കീഴടങ്ങുന്നില്ല’ എന്ന് മാക്സിംഗോർക്കിയും!

‘മനുഷ്യർ ലോകത്തിലുള്ളിടത്തോളംകാലം യുദ്ധമുണ്ടാവും. ഒടുവിൽ അവശേഷിക്കുന്നത് രണ്ടുപേരാണെങ്കിൽ ഒരാൾ മറ്റെയാളെ കൊല്ലും. ശേഷിക്കുന്നവൻെറ വലതുകൈ അവൻെറ ഇടതുകൈകൊണ്ട് യുദ്ധം ചെയ്യും’. ബഷീറിൻെറ എല്ലാ കൃതികൾക്കുംകൂടി ഇടാവുന്ന പേര് ഉറൂബ് സാക്ഷ്യപ്പെടുത്തിയപോലെ യുദ്ധാനുഭവങ്ങളുടെ ആവിഷ്‍കാരമായ ‘ശബ്ദങ്ങൾ’ എന്നാണ്. ചൂഷണം ചവച്ചുതുപ്പിയ മനുഷ്യരുടെ വിഹ്വലതകളും അകം പൊള്ളിയ പിടച്ചിലുമാണ് ബഷീറിൽ ചിരികൾക്കിടയിലെ കരച്ചിലായി കലഹിക്കുന്നത്. ബഷീർഎഴുത്തിൻെറ ആവിഷ്കാരരൂപവും ഭാവത്തെപ്പോലെതന്നെ പലതരം കലഹങ്ങൾ ഊറിക്കൂടിയുണ്ടായ ഉള്ളടക്കമാണ്. ആവശ്യമുള്ളത് ആവശ്യമുള്ളപ്പോൾ ഒഴിക്കാൻ പാകത്തിൽ മുൻകൂർ തയാറാക്കിയ, ‘നിശ്ചലരൂപ മാതൃക’കളെയും, എഴുത്തിനെ ‘പൂജാവസ്തു’വാക്കിയ മേൽക്കോയ്മകളെയും മറിച്ചിട്ടുകൊണ്ടാണ് ബഷീർ, സാഹിത്യ തമ്പുരാക്കന്മാർക്കുമുന്നിൽ നിവർന്നുനിന്നത്. വിധേയത്വത്തിൻെറ ‘തോർത്ത്’ തോട്ടിലേക്ക് വലിച്ചെറിഞ്ഞുകൊണ്ടാണ് ‘പൂജനീയ സാഹിത്യ’ പെരുമാറ്റരീതികളെ ബഷീർ പൊളിച്ചടുക്കിയത്. ‘സാഹിത്യകാരനാവണമെങ്കിൽ ആദ്യമായി ഒരു തോർത്ത് കൈയിലുണ്ടായിരിക്കണം. കക്ഷത്തിൽ വെച്ച് ഓച്ഛാനിച്ചു നിൽക്കാനാണ്. സൗകര്യമുണ്ടെങ്കിൽ നട്ടെല്ല് മൂന്നായി ഒടിക്കുന്നതും കൊള്ളാം’, എന്ന അവസ്ഥയോടാണ് അദ്ദേഹം എതിരിട്ടത്.

‘കവിതകൾ, കഥകൾ, ലേഖനങ്ങൾ-ചുമ്മാ എഴുതിക്കൊടുക്കണം! കാശുചോദിക്കുന്നത് പറഞ്ഞില്ലേ കൊടുംപാപം! കവനത്തിനു കാശ് കിട്ടണംപോൽ! ശിവനേ, സാഹിതി തേവിടിശ്ശിയോ? മഹത്തായ ഈ മൈകുണാഞ്ചൻ ഒറ്റശ്ലോകമായിരുന്നു മലയാള സാഹിത്യത്തെ അടക്കിഭരിച്ചിരുന്നത്.’ (എം.പി. പോൾ: ബഷീർ).

ഡോ. കെ.കെ. സുലേഖയുടെ ബഷീർ പഠനം പതിവ് പഠനങ്ങളിൽനിന്നും ഏറെ വ്യത്യസ്തമാണ്. സുലേഖ ടീച്ചറെ ആദ്യം കാണുന്നത് ഏകദേശം ഒരു പതിനഞ്ച് കൊല്ലം മുമ്പ് മലപ്പുറം ഗവ. കോളജിലെ മലയാളം വിഭാഗത്തിൻെറ ഒരു സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തപ്പോഴാണ്. അവരുടെ പങ്കാളി പി.കെ. ഹനീഫ പ്രശസ്തനായൊരു ന്യായാധിപനാണെന്നറിയുമായിരുന്നു. എന്നാൽ, ടീച്ചറെ ഞാനാദ്യമറിഞ്ഞത് പ്രശസ്തകവിയും സാംസ്കാരിക വിമർശകനും പ്രഭാഷകനുമായ അവരുടെ സഹോദരൻ ബക്കർ മേത്തലയിലൂടെയാണ്. ബക്കറിൻെറ പെങ്ങൾ അന്ന് അവിടെ മലയാളം വിഭാഗം മേധാവിയാണ്. ആ സാംസ്കാരിക ഒത്തുചേരലിനിടയിൽ, അന്നത്തെ സംവാദവിഷയം വിവാഹപ്രായം സംബന്ധിച്ചായതിനാൽ ചില കുട്ടികൾ ഒരഭിമുഖത്തിന് വന്നു. മലയാളം ഡിപ്പാർട്ട്മെന്റിൽ വെച്ചായിരുന്നു. ആദ്യചോദ്യം പ്രതീക്ഷിച്ചതുപോലെ വിവാഹപ്രായംതന്നെ. എന്തിന് പ്രായം തിരക്കണം, വിവാഹിതരാവുന്നവരുടെ സൗകര്യവും സ്വാതന്ത്ര്യവും പരിഗണിക്കണം. ഇരുപതോ മുപ്പതോ കഴിഞ്ഞാലും കുഴപ്പമില്ല. ആവശ്യമില്ലാത്തവർക്ക് വിവാഹത്തിൽനിന്നേ ഒഴിയുകയും ചെയ്യാം. എന്തുകൊണ്ടോ ഇൻറർവ്യൂ അവിടെനിന്നു. ചിരിച്ചുകൊണ്ട് ടീച്ചർ പറഞ്ഞു: ‘ഗംഭീരമായി കെ.ഇ.എൻ’. അതിനുശേഷം 2026 ഫെബ്രുവരി മാസംവരെ സാംസ്കാരിക വേദികളിൽ, പു.ക.സ മീറ്റിങ്ങുകളിൽ, ടീച്ചറെ കണ്ടു, കേട്ടു. ബഹളമില്ല, സർവരോടും നിറഞ്ഞ സൗഹൃദം. പറയാനുള്ളത് പറയും അത്രമാത്രം.

അവർ ആഴത്തിൽ മതവിശ്വാസിയും അതേസമയം അത്രതന്നെ ആഴത്തിൽ മതനിരപേക്ഷ കാഴ്ചപ്പാടിൽ ഉന്മത്തയുമായിരുന്നു. ഇങ്ങനെ എഴുതുന്നതിൽതന്നെ മേൽക്കോയ്മ മറഞ്ഞിരിക്കുന്നുവെന്ന് അറിയാതെയല്ല, വേറെ മാർഗങ്ങൾ കുറവായതുകൊണ്ടാണ്. മേൽക്കോയ്മാ പ്രത്യയശാസ്ത്രങ്ങൾ മലിനമാക്കിയ ഒരു ഭാഷതന്നെ, അതിനെ എതിർക്കുന്നവർക്കും ഉപയോഗിക്കേണ്ടിവരുന്ന ഒരു നിസ്സഹായതയെ കുടഞ്ഞുകളയണമെങ്കിൽ നിരന്തര സമരങ്ങൾ ആവശ്യമാണ്.

പറഞ്ഞുവരുന്നത് ‘സാമൂഹികതയുടെ വ്യതിരിക്തത ബഷീർ കൃതികളിൽ’ എന്ന ഡോ.കെ.കെ. സുലേഖ ടീച്ചറുടെ പഠനം അവരുടെ അഗാധ മതവിശ്വാസത്തിൻെറയും, മതനിരപേക്ഷ ബോധ്യത്തിൻെറയും സർഗാത്മക സമന്വയത്തിൻെറ മികച്ചൊരു മാതൃകയാണെന്ന കാര്യമാണ്. ഒരുവർഷം മുമ്പുതന്നെ ഈ പിഎച്ച്. ഡി പ്രബന്ധം അവർ എനിക്ക് വായിക്കാൻ തരികയും, ഒരാമുഖം എഴുതിക്കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സഹോദരനും എൻെറ സുഹൃത്തുമായ ബക്കർ മേത്തല, ‘കെ.ഇ.എന്ന് ചിലപ്പോൾ പ്രശ്നമായേക്കാവുന്ന ചില അഭിപ്രായങ്ങൾ സുലേഖയുടെ ബഷീർ പഠനത്തിൽ ഉണ്ടാവാനിടയുണ്ടെങ്കിലും പറ്റുമെങ്കിൽ ഒരാമുഖം എഴുതി നൽകണം’ എന്നും പറഞ്ഞിരുന്നു.

പക്ഷേ, വായിച്ചപ്പോൾ നന്നായി പഠിച്ചെഴുതിയതാണ്, ഇത്തരമൊരു പഠനംകൂടി ബഷീർ പഠനത്തിൻെറ സംവാദത്തിന് സൂക്ഷ്മത പകർന്നേക്കും എന്നൊക്കെ തോന്നിയെങ്കിലും ബഷീർ സാഹിത്യം സമം ഇസ്‍ലാംമതം എന്നതിനോട് എനിക്ക് യോജിക്കാൻ കഴിയാത്തതിനാൽ സ്നേഹത്തോടെ ഇക്കാര്യത്തിലുള്ള എൻെറ പ്രയാസം ഞാൻ പു.ക.സയുടെ ഒരു സംസ്ഥാനകമ്മിറ്റി യോഗത്തിൽവെച്ച് സുലേഖ ടീച്ചറെ അറിയിച്ചു. ചിരിച്ചുകൊണ്ടവർ പറഞ്ഞു. ‘കെ.ഇ.എൻ ഇങ്ങനെയേ പറയൂ എന്നെനിക്കറിയാമായിരുന്നു. ഒരു കാര്യം ചെയ്യ്, ആ വിയോജിപ്പുകൂടി ചേർത്തുള്ള ആമുഖമായാലും മതി!’ ഞാനൊഴിഞ്ഞു. പിന്നീട് മാസങ്ങൾക്കുശേഷം കണ്ടപ്പോൾ ടീച്ചർ പറഞ്ഞു. ആമുഖം സുനിൽ പി. ഇളയിടം എഴുതാമെന്നേറ്റിട്ടുണ്ട്. ഞാൻ പറഞ്ഞു, ‘നന്നായി’. ആരു പ്രസിദ്ധീകരിക്കും? അവർക്ക് സംശയം. ഒട്ടും സംശയിക്കേണ്ട, ‘ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട പ്രസിദ്ധീകരിക്കും.’ ‘ഉറപ്പാണോ’, ‘ഉറപ്പ്’. അതിനിടയിൽ ഞങ്ങളുടെ വിദ്യാർഥിയും ഇപ്പോൾ പ്രഫസറുമായ ഡോ. വി. അബ്ദുൽ ഗഫൂറിൻെറ ബഷീറിലെ സൂഫിസ്വാധീനത്തെക്കുറിച്ചുള്ള പുസ്തകം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 2024ൽ പുറത്തിറക്കിയ കാര്യവും സൂചിപ്പിച്ചു. ടീച്ചറുടെ പ്രതികരണം പെട്ടെന്നായിരുന്നു. ‘സൂഫിസം ഇസ്‍ലാമല്ല’. അങ്ങനെ ഉറപ്പിച്ചു പറയാനാവുമോ എന്നു ഞാൻ. ഉറപ്പിച്ചുതന്നെ പറയാമെന്ന് ടീച്ചറും. ആ സംവാദം മുന്നോട്ടുപോയില്ല.

ബഷീർ ഇസ്‍ലാമിക സംസ്കൃതിയുടെ ഉൾക്കാഴ്ചകൾ ഹൃദയസ്പർശിയായി ആവിഷ്‍കരിച്ചു. ഖുർആൻെറ അന്തഃസ്സത്ത ആഴത്തിൽ ഉൾക്കൊണ്ട എഴുത്തുകാരനാണ് ബഷീർ. തൻെറ കൃതികളിലൂടെ പ്രത്യേകിച്ചും ‘ബാല്യകാലസഖി, ൻറുപ്പുപ്പാക്കൊരാനേണ്ടാർന്ന്, പാത്തുമ്മായുടെ ആട്’ എന്നിവയിലൂടെ, ഖുർആൻെറയും നബിവചനങ്ങളുടെയും തനിമ കാണിച്ചുകൊടുക്കാനുള്ള ശ്രമമാണ് ബഷീർ നടത്തിയത്. ‘പാത്തുമ്മായുടെ ആടി’ൻെറ കൂടുതന്നെ ഖുർആൻെറ ചട്ടക്കൂടാകുന്നു: ആ കൂട്ടിൽനിന്നാണ് ബഷീർ ആടിനെ തുറന്നുവിട്ടിരിക്കുന്നത്. ഡോക്ടർ സുലേഖയുടെ ബഷീർ പഠനത്തിൻെറ കേന്ദ്രം ഇസ്‍ലാം മതത്തിൻെറയല്ല, മുസ്‍ലിം സമൂഹത്തിൻെറ പൊളിച്ചെഴുത്താണ് ബഷീർ നടത്തിയതെന്നും, അദ്ദേഹം ആദ്യമുണ്ടായിരുന്ന സൂഫിസ്വാധീനം പിന്നീട് മറികടന്നു എന്നുമാണ്.

‘പൗരോഹിത്യ കേന്ദ്രിതമായിരുന്ന മുസ്‍ലിം സമൂഹത്തെ മതകേന്ദ്രിതമോ ഖുർആൻ കേന്ദ്രിതമോ ആക്കാനാണ് ബഷീർ ശ്രമിക്കുന്നത്. ഇക്കാര്യം അറിയാതെ പോയത് ഖുർആൻ പരിചിതമായവർക്ക് ബഷീർ കൃതികളോ ബഷീർ കൃതികൾ പരിചിതമായവർക്ക് ഖുർആനോ പരിചിതമായിരുന്നില്ല എന്നതുകൊണ്ടാണ്’ എന്ന കണ്ടെത്തലിലാണ്, ‘സാമൂഹികതയുടെ വ്യതിരിക്തത ബഷീർ കൃതികളിൽ’ എന്ന കൃതിയിൽ ഡോ. കെ.കെ. സുലേഖ അടിവരയിടുന്നത്. അവരെഴുതി: ‘വിദ്യ അഭ്യസിക്കാത്തവരും സാമ്പത്തിക കാര്യങ്ങളിൽ നീതിപാലിക്കാത്തവരും വൃത്തിയോടെ ജീവിക്കാത്തവരും ഭൂമിയിൽ അധ്വാനിക്കാത്തവരും പരിസ്ഥിതിയെ സൂക്ഷിക്കാത്തവരും പ്രകൃതിയുടെ സൗന്ദര്യവും താളവും അപ്രമാദിത്വവും അംഗീകരിക്കാത്തവരും അയൽവാസിയെ സ്നേഹിക്കാത്തവരും ഒന്നും മുസ്‍ലിം ആകുകയില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു, തൻെറ കൃതികളിലൂടെ ബഷീർ ചെയ്തത്.

മാത്രമല്ല, കള്ളസാക്ഷി പറയുന്നവരും സഹോദരങ്ങളെ വഞ്ചിച്ച് കുടുംബസ്വത്ത് സ്വന്തമാക്കുന്നവരും കുടുംബത്തിൽ അസമാധാനം ഉണ്ടാക്കുന്നവരും സ്ത്രീധനം വാങ്ങി വിവാഹം കഴിച്ചുകൊടുക്കുന്ന കുടുംബക്കാരും ഉച്ചത്തിൽ സംസാരിക്കുന്നവരും അമിതമായി ആഭരണങ്ങൾ അണിയുന്നവരും ദൈവത്തിൻെറ സ്ഥാനത്ത് പകരക്കാരനെ നിശ്ചിക്കുന്നവരും മുസ്‍ലിം അല്ലെന്ന് അദ്ദേഹം തുറന്നുപറയുന്നു.’ (സാമൂഹികതയുടെ വ്യതിരിക്തത ബഷീർ കൃതികളിൽ:പുറം 240).

വിശ്വാസിയായ ബഷീറിനെ കൃത്യം അടയാളപ്പെടുത്തുവാൻ കഴിഞ്ഞു എന്നതാണ് സുലേഖടീച്ചറുടെ അന്വേഷണത്തിൻെറ സാധ്യത. അതേസമയം ‘സന്ദേഹിയായൊരു ബഷീർ’, അവരുടെ അന്വേഷണങ്ങളിൽ ഇല്ലാതെപോയി എന്നതാണതിൻെറ പരിമിതി. എന്നിരുന്നാലും ഇസ്‍ലാമോഫോബിക് അവസ്ഥ കൊടിപറത്തുന്നൊരു പശ്ചാത്തലത്തിൽ ബഷീർവായനയെ ആഴത്തിൽ സംവാദാത്മകമാക്കാൻ ഡോ. കെ.കെ. സുലേഖടീച്ചറുടെ അന്വേഷണങ്ങൾക്ക് കഴിയും.

തൻെറ ബഷീർ അന്വേഷണങ്ങൾ പുറത്തുവന്നത് കാണാനും അതേക്കുറിച്ച് പലതലങ്ങളിൽ യോജിച്ചും വിയോജിച്ചുമുള്ള അഭിപ്രായ പ്രകടനങ്ങൾ കേൾക്കാനും സുലേഖ ടീച്ചർ അതിയായി ആഗ്രഹിച്ചിരുന്നു. കാൻസർ രോഗബാധിതയായിരുന്നപ്പോഴും പുരോഗമന കലാസാഹിത്യസംഘത്തിൻെറ സംസ്ഥാന ഭാരവാഹികൂടിയായി സജീവമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് അവർ ഞങ്ങൾക്കൊക്കെയും ആവേശം പകർന്നിരുന്നു. പുസ്തകം പുറത്തിറങ്ങി അതേക്കുറിച്ചുള്ള സംവാദങ്ങളിൽ പങ്കെടുക്കാൻ കഴിയുന്നതിനുമുമ്പേ അവർ വിടപറഞ്ഞു. പക്ഷേ, ഒരിക്കൽ അവരുമായി സംസാരിച്ചവർ ആരും അവരെ മറക്കുകയില്ല.

അവർക്കൊപ്പം സംഘടനാ പ്രവർത്തനത്തിലും ആശയസംവാദങ്ങളിലും വ്യാപൃതരായവരുടെ മനസ്സിൽ അവരെന്നുമുണ്ടാവും. തലയിൽ മുണ്ടിട്ടുള്ള കാപട്യകളികളിൽ പങ്കുചേരാതെ സ്വന്തം വിശ്വാസം ധീരമായി ഉയർത്തിപ്പിടിച്ചാണ് അവർ കടന്നുപോയത്. ഒരു മരണവും മനുഷ്യർ നിർവഹിച്ച നന്മകളെ തനിക്കൊപ്പം കൊണ്ടുപോവുന്നില്ല, കൊണ്ടുപോവാൻ കഴിയുകയുമില്ല. സ്മരണ മനുഷ്യമനസ്സിൽ പടർന്നുകയറുന്ന ഒരു വള്ളിയാണെങ്കിൽ, സുനിശ്ചിതം, അതിൽ ബന്ധങ്ങൾ പൂത്ത് സുഗന്ധം പരത്തും. സ്മരണകൾ മരണങ്ങൾക്കപ്പുറം സഞ്ചരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:basheerarticleliterature
News Summary - vaikam muhammed basheer
Next Story