തടാകത്തിലൊരു വീട്
text_fieldsഏതൊരു മനുഷ്യന്റെയും പ്രധാന സ്വപ്നങ്ങളിലൊന്നാണ് താമസിക്കാനൊരു വീട്. ആ വീടൊരു തടാകത്തിൽ നിർമിച്ചാലോ. അത്തരത്തിൽ, കെട്ടുകഥകൾക്ക് സമാനമായി തടാകത്തിൽ വീട് നിർമിച്ച് കഴിയുന്നവരാണ് ഉറു ജനവിഭാഗം.പെറു-ബൊളീവിയ അതിർത്തിയിലെ ടിടികാക തടാകത്തിലാണ് ഇവരുടെ താമസം. ഉറു ജനവിഭാഗത്തിലെ ആയിരത്തിലധികം മനുഷ്യർ തടാകത്തിലെ ജലപ്പരപ്പിൽ ഉണങ്ങിയ പുല്ല് അടുക്കി അതിന്മേൽ ഉണ്ടാക്കിയ പുൽക്കുടിലുകളിലാണ് ജീവിക്കുന്നത്. വർഷങ്ങൾക്കുമുമ്പ് എല്ലാ മനുഷ്യരെയും പോലെ മൃഗങ്ങളെ വേട്ടയാടിയും മീൻപിടിച്ചും പഴങ്ങളും പച്ചക്കറികളും വിൽപന നടത്തിയുമായിരുന്നു ഉറു വംശജരും ജീവിച്ചത്.
എന്നാൽ, 3700 വർഷം മുമ്പ് ഇൻകാ ഗോത്ര സമൂഹം തെക്കേ അമേരിക്കൻ പ്രദേശങ്ങളിൽ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുകയും മറ്റു പല ഗോത്രവിഭാഗങ്ങളെയും കീഴടക്കുകയും അടിമകളാക്കുകയും ചെയ്തതോടെ ടിടികാക തടാകത്തിലേക്ക് താമസം മാറിയവരാണ് ഉറു വംശജർ.ടൊട്ടോറ റീഡ് എന്ന പ്രത്യേകയിനം പുല്ലു കൊണ്ടാണ് ഇവർ വീടുകൾ നിർമിക്കുന്നത്. ടിടികാക തടാകതീരത്ത് സുലഭമായി വളരുന്ന സസ്യമാണിത്.
ഉണങ്ങിയ ടൊട്ടോറക്ക് വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ സാധിക്കും. വേരോടുകൂടിയ ഈ സസ്യം തടാകത്തിൽ നിർത്തുകയാണ് ആദ്യം ചെയ്യുന്നത്. ഇതിനു മുകളിലേക്ക് ടൊട്ടോറയുടെ തണ്ടുകൾ നിരത്തും. ഈ തണ്ടുകൾ വിവിധ കെട്ടുകളാക്കി അടുക്കുകളാക്കിയാണ് നിരത്തുന്നത്. ഇവ കയറുകൊണ്ട് കെട്ടി ഉറപ്പിക്കുകയും യൂക്കാലി മരത്തിന്റെ തടി തടാകത്തിന്റെ ആഴങ്ങളിലേക്ക് ഊന്നി നങ്കൂരമിടുകയും ചെയ്യുന്നു. ഇതിനു മുകളിലാണ് വീട് നിർമാണം. വീട് മാത്രമല്ല ഇവർക്ക് സഞ്ചരിക്കാനുള്ള വള്ളവും നിത്യോപയോഗ വസ്തുക്കളും നിർമിക്കുന്നതും ടൊട്ടോറ കൊണ്ടുതന്നെ. സമുദ്രനിരപ്പിൽനിന്ന് 13,000 അടി ഉയരത്തിലുള്ള ടിടികാക തടാകത്തിലുള്ള പുൽവീടുകൾ 30 വർഷം വരെ നിലനിൽക്കും.
എന്നാൽ, ജലവുമായി സമ്പർക്കത്തിൽ വരുന്ന പുല്ലിന്റെ അടുക്കുകൾ കാലാവസ്ഥയുടെ മാറ്റങ്ങൾക്കനുസരിച്ച് രണ്ടാഴ്ച കൂടുമ്പോൾ മാറ്റേണ്ടി വരും. ദ്വീപിന്റെ വലുപ്പത്തിനനുസരിച്ച് ഒന്നോ രണ്ടോ കുടുംബങ്ങൾ മുതൽ പത്തോ പന്ത്രണ്ടോ കുടുംബങ്ങളുടെ വീടുകൾ വരെ ഓരോ ദ്വീപിലുമുണ്ടായിരിക്കും. ഇങ്ങനെ എഴുപതോളം ദ്വീപുകൾ ടിടികാക തടാകത്തിലുണ്ട്. മത്സ്യബന്ധനവും പക്ഷിവേട്ടയും പ്രധാന ഉപജീവന മാർഗമായ ഉറോ വംശജരുടെ അടുത്തെത്താൻ പെറുവിലെ പുനോപോർട്ടിൽനിന്ന് അരമണിക്കൂർ യാത്ര ചെയ്‌താൽ മതി.