Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightപ്രകൃതിയെയും...

പ്രകൃതിയെയും മനുഷ്യനെയും ചേർത്തുവെച്ചൊരാൾ

text_fields
bookmark_border
പ്രകൃതിയെയും മനുഷ്യനെയും  ചേർത്തുവെച്ചൊരാൾ
cancel

എ​െൻറ തലമുറക്ക് തൊട്ടു മുൻതലമുറയിലെ കവികളിൽ ഏറ്റവും പ്രധാനപ്പെട്ട ആളായിരുന്നു സുഗതകുമാരി എന്ന് ഞാൻ കരുതുന്നു. അതിന് അനേകം കാരണങ്ങളുണ്ട്. മനുഷ്യഹൃദയത്തെ നേരിട്ട് സ്പർശിക്കുന്ന കവിതകളായിരുന്നു അവരുടേത്. സുഗതകുമാരി ഒരു ഭാഗത്ത് പുതിയൊരു സൗന്ദര്യബോധം സൃഷ്​ടിക്കുകയും മറുഭാഗത്ത്​ നീതിബോധത്തിന് ഗണ്യമായ സംഭാവന നൽകുകയും ചെയ്തു.

കവിതയിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അവരുടെ കാരുണ്യവും ജീവിതവും. വനിത കമീഷൻ അധ്യക്ഷപോലുള്ള പദവികളിൽ ഇരുന്ന് നടത്തിയ പ്രവർത്തനങ്ങൾ മാത്രമല്ല ഉദ്ദേശിക്കുന്നത്. കേരളത്തിലെ മിക്ക പരിസ്ഥിതി പ്രശ്നങ്ങളിലും വളരെ ഗൗരവത്തോടെ അവർ ഇടപെട്ടു എന്നത് എടുത്തുപറയേണ്ടതാണ്. അതോടൊപ്പം അവശതയനുഭവിക്കുന്നവർക്കും നിസ്സഹായരായ സ്ത്രീകൾക്കും വേണ്ടിയുള്ള അഭയകേന്ദ്രങ്ങൾ, അട്ടപ്പാടിയിലും മറ്റുമുള്ള ആദിവാസികൾക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ എന്നിവയെല്ലാം കൂട്ടിവായിക്കുന്നവർക്ക് കവിതയും ജീവിതവും തമ്മിൽ ഒരു പൊരുത്തക്കേടുമില്ലാത്ത കവയിത്രി എന്ന് സുഗതകുമാരിയെക്കുറിച്ച് പറയാം.

വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം ഒരു സഹോദരിയെ പോലെയായിരുന്നു. തിരുവനന്തപുരത്ത് പോകുേമ്പാഴൊക്കെ കാണാറുണ്ട്. ഞാൻ അവസാനം കാണുേമ്പാൾ അവർ സഹോദരി സുജാതയുടെ വേർപാടിൽ അങ്ങേയറ്റം വിഷമിച്ചിരിക്കുകയായിരുന്നു. അതിന് തൊട്ടുമുമ്പാണ് മൂത്ത സഹോദരി ഹൃദയകുമാരി കടന്നുപോയത്. ദുഃഖകാലത്തുപോലും അവരുടെ ഉത്കണ്ഠകൾ പലതും സമൂഹത്തെക്കുറിച്ചുള്ളതായിരുന്നു. ഇന്ത്യയിലും കേരളത്തിലും എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച ഉത്കണ്ഠകൾ അവർ ഞാനടക്കമുള്ളവരുമായി പങ്കിടാറുണ്ട്. ഒരർഥത്തിൽ അവരുടെ കവിതകളെ നയിച്ചിരുന്നത് ഗാന്ധിയൻ മൂല്യങ്ങളായിരുന്നു. അത് പക്ഷേ, പിതാവായ ബോധേശ്വരനിൽനിന്ന് കിട്ടിയതായിരിക്കാം. ഗാന്ധിയൻ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു യഥാർഥ ദേശസ്നേഹം അവരുടെ കവിതയിലും ജീവിതത്തിലും പ്രവർത്തിച്ചിരുന്നു. അത് ഒരിക്കലും ഇന്ന് കാണുന്ന കപട ദേശസ്നേഹമായിരുന്നില്ല.


കോളജിലെ ജോലിക്ക് ക്ഷണിച്ച​േപ്പാൾ എനിക്കിഷ്​ടം കൊച്ചുകുട്ടികളെ പഠിപ്പിക്കാനാണെന്ന് പറഞ്ഞ് ബാലഭവനിൽ കുട്ടികളെ പഠിപ്പിക്കാൻ പോയ ആളാണവർ. അന്നുമുതൽ അവർ മറ്റുള്ളവരുടെ നന്മക്കുവേണ്ടി ജീവിതത്തിലെ ഒരുപാട് കാര്യങ്ങൾ ഉപേക്ഷിച്ചു. അവഗണിക്കപ്പെട്ട മനുഷ്യനൊപ്പം കാട്ടിൽ ആരുമറിയാതെ മരിച്ചുപോകുന്ന പൂവുകളെക്കുറിച്ചും അവർ എഴുതി. മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം അവരുടെ കവിതയിലുണ്ട്. ലോകം കോവിഡ് മഹാമാരിയിലൂടെ കടന്നുപോകുന്ന ഈ കാലത്ത് അത് വളരെ പ്രധാനപ്പെട്ട ഒരു മൂല്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രകൃതിയെ നമ്മൾ മുതലാളിത്തലോകത്തിന്‍റെ ഇരയാക്കുന്നതിന്‍റെ ഫലമായാണ് പ്രളയവും മഹാമാരികളും കാട്ടുതീയും കൊടുങ്കാറ്റുകളുമൊക്കെ അനുഭവിക്കേണ്ടിവരുന്നത്. അതിനെക്കുറിച്ച് സുഗതകുമാരിക്ക് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. പ്രകൃതിയെയും മനുഷ്യനെയും ഇണക്കിച്ചേർക്കാനുള്ള പ്രയത്നം അവരുടെ പ്രാപഞ്ചികമാനമുള്ള കവിതകളിൽ നിറഞ്ഞുനിന്നു. കേരളം ഒരു വലിയ പ്രളയവും ചെറിയ പ്രളയവും കണ്ടു. അതിന് പിന്നാലെ കോവിഡും പുതിയ മഹാമാരികളും വരുന്നു. ലോകത്തിലെ എല്ലാ പാരിസ്ഥിതികചിന്തകരും ഇതിെൻറ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് മനുഷ്യൻ പ്രകൃതിയിൽനിന്ന്​ അകന്നതാണ്. ഇക്കാര്യം വളരെ മു​േമ്പ സുഗതകുമാരി മനസ്സിലാക്കുകയും ആ ദർശനം കവിതയിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു. പ്രകൃതിയും മനുഷ്യനുമായുള്ള സജീവബന്ധം അവരുടെ കവിതയിൽ നിറഞ്ഞുനിൽക്കുന്നു.

ആ കവിതകൾ നമുക്ക് നൽകിയ ഏറ്റവും വലിയ സംഭാവനയാണ് പ്രകൃതിയെക്കുറിച്ചുള്ള ബോധം. പ്രകൃതിയിൽനിന്ന് അകന്നുനിന്നുള്ള കേവലം സൗന്ദര്യവർണനയായിരുന്നില്ല. നമ്മൾ പ്രകൃതിയുടെ ഭാഗമാണെന്ന രീതിയിൽ പ്രപഞ്ചത്തെക്കുറിച്ചുതന്നെ സമഗ്രാവബോധം ഉണ്ടാക്കുന്നതിൽ സുഗതകുമാരിയുടെ കവിതകൾക്ക് വലിയ പങ്കുണ്ട്. 1961ലെ 'മുത്തുച്ചിപ്പി' മുതൽ ഇങ്ങോട്ടുള്ള അവരുടെ എല്ലാ കവിതകളും ശ്രദ്ധയോടെ വായിക്കുകയും ചില കവിതകൾക്ക് പഠനമെഴുതുകയും അവരെ സംബോധന ചെയ്ത് ഒരു കവിതതന്നെ എഴുതുകയും ചെയ്ത സഹോദര കവി എന്ന നിലയിൽ പറയട്ടെ: ഈ വിയോഗം വ്യക്തിപരമായി മാത്രമല്ല, കേരളത്തിന്‍റെ സാമൂഹിക, സാഹിത്യ ജീവിതത്തിനുതന്നെ കനത്ത നഷ്​ടമാണ്.

Show Full Article
TAGS:sugathakumari Satchidanandan 
News Summary - Satchidanandan remembers sugathakumari
Next Story