Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നമ്മുടെ കേരളം എങ്ങോട്ടാണ്?

text_fields
bookmark_border
നമ്മുടെ കേരളം എങ്ങോട്ടാണ്?
cancel

കേരളം എങ്ങോട്ടാണ് പോകുന്നത്? രാഷ്ട്രീയ പ്രബുദ്ധതയുടെയും സാക്ഷരതയുടെയും ജനാധിപത്യ ബോധത്തിന്റെയും പേരിൽ അഭിമാനിക്കുന്ന ഒരു സമൂഹത്തിൽനിന്ന് ഉയരേണ്ടിവരുന്ന ഗൗരവമേറിയ ചോദ്യമാണിത്.

ഉത്തരേന്ത്യയിലെ ഫാസിസ്റ്റ് ശക്തികളുടെ രാഷ്ട്രീയ നടപടികളെ വിമർശിക്കാൻ നാം പലപ്പോഴും മുന്നിലുണ്ടാകാറുണ്ട്. എന്നാൽ അതേ ഫാസിസ്റ്റ് മനോഭാവത്തിന്റെ ചില പ്രതിഫലനങ്ങൾ സ്വന്തം മണ്ണിൽത്തന്നെ പ്രകടമാകുമ്പോൾ നാം എത്രമാത്രം ആത്മാർത്ഥമായി പ്രതികരിക്കുന്നുണ്ട്?

അരിയിൽ ശുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സി.ബി.ഐ കോടതി വിധിയും അതിനുശേഷം അരങ്ങേറിയ രാഷ്ട്രീയ ആഘോഷങ്ങളും കേരളീയ സമൂഹം ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ്.

ഒരു ചെറുപ്പക്കാരൻ ക്രൂരമായി കൊലചെയ്യപ്പെട്ടിരിക്കുന്നു. ഒരു കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും തകർന്നിരിക്കുന്നു. ഒരു മാതാവിന് മകനെ നഷ്ടപ്പെട്ടിരിക്കുന്നു. ഒരു കുടുംബത്തിന് ഒരിക്കലും നികത്താനാകാത്ത വേദന സമ്മാനിക്കപ്പെട്ടിരിക്കുന്നു. ആ കൊലപാതകക്കേസിൽ കോടതി ചില പ്രതികളെ കുറ്റക്കാരായി കണ്ടെത്തി ശിക്ഷിക്കുകയും ചെയ്തിരിക്കുന്നു.

എന്നാൽ ഈ ശിക്ഷയെ ഉൾക്കൊള്ളേണ്ടത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രവർത്തകരിൽ എങ്ങനെയാണ് പ്രതിഫലിക്കുന്നത്? ശിക്ഷിക്കപ്പെട്ടവരെ ലഡുവും ജിലേബിയും നൽകി ആഘോഷപൂർവം ജയിലിലേക്ക് ആനയിക്കുന്ന കാഴ്ചയാണ് നാം കണ്ടത്.

ഇതാണോ രാഷ്ട്രീയ പ്രബുദ്ധത? ഇതാണോ കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരം?

ഒരു മനുഷ്യന്റെ ജീവനെടുത്ത കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതും അവരുടെ ശിക്ഷയെ രാഷ്ട്രീയ വിജയമായി ചിത്രീകരിക്കുന്നതും അത്യന്തം അപകടകരമായ പ്രവണതയാണ്. അവിടെ നഷ്ടപ്പെടുന്നത് ഒരു കുടുംബത്തിന്റെ നീതിബോധം മാത്രമല്ല, സമൂഹത്തിന്റെ മാനുഷിക മൂല്യങ്ങൾ കൂടിയാണ്.

കൊലപാതകത്തെ ന്യായീകരിക്കുന്ന രാഷ്ട്രീയം ഒരിക്കലും ജനാധിപത്യ രാഷ്ട്രീയമാകില്ല.

കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രം അറിയുന്നവർക്ക് അവിടുത്തെ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലവും സാക്ഷികൾ അനുഭവിക്കുന്ന ഭയവും അപരിചിതമല്ല. രാഷ്ട്രീയ എതിരാളികൾക്കെതിരെ മൊഴി നൽകുക എന്നത് പോലും വലിയ അപകടസാധ്യതയായി കാണേണ്ടിവരുന്ന സാഹചര്യം ഒരു ജനാധിപത്യ സമൂഹത്തിന് അഭിമാനിക്കാവുന്നതല്ല.

അരിയിൽ ശുക്കൂർ വധക്കേസിൽ പി. ജയരാജനും ടി.വി. രാജേഷും കുറ്റവിമുക്തരായതിനെക്കുറിച്ചും ഗൗരവമായ ചർച്ചകൾ ഉയരുന്നുണ്ട്. സാക്ഷിമൊഴികളുടെ അഭാവം ഉൾപ്പെടെയുള്ള നിയമപരമായ കാരണങ്ങളാണ് ഈ വിധിയിൽ നിർണായകമായത്. എന്നാൽ ഒരു കാര്യം നാം മറക്കരുത്. സാക്ഷികൾ ഭയരഹിതമായി മൊഴി നൽകാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ അത് നീതിന്യായ വ്യവസ്ഥയ്ക്കും ജനാധിപത്യത്തിനും ഒരുപോലെ ആശങ്കയുണ്ടാക്കുന്നതാണ്.

കോടതി ഒരാളെ കുറ്റവിമുക്തനാക്കിയാൽ നിയമപരമായി അയാൾ കുറ്റവിമുക്തനാണ്. അതിനെ അംഗീകരിക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണ്. അതേസമയം, തെളിവുകളുടെ അഭാവത്തിൽ കുറ്റം തെളിയിക്കപ്പെടാതെ പോകുന്ന സാഹചര്യങ്ങളും സമൂഹം ചർച്ച ചെയ്യേണ്ടതുണ്ട്. നീതി എന്നത് വിധിന്യായത്തിന്റെ അവസാന വരിയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല; നീതിയിലേക്കുള്ള വഴിയും ഭയരഹിതമായിരിക്കണം.

‘ഞങ്ങളുടെ താവളത്തിൽ വന്ന് ഞങ്ങളെ ആക്രമിക്കാൻ ശ്രമിച്ചവർ രക്ഷപ്പെടാൻ പോകുന്നില്ല’ എന്ന രീതിയിലുള്ള ന്യായീകരണങ്ങൾ തന്നെ എത്ര അപകടകരമായ രാഷ്ട്രീയ മനോഭാവത്തിന്റെ തെളിവാണ്!

ആരാണ് ആരുടെ താവളം കയ്യടക്കിയിരിക്കുന്നത്? ഒരു രാഷ്ട്രീയ പാർട്ടിയുടെ ഓഫീസും പ്രവർത്തനമേഖലയും ഏതെങ്കിലും സംഘടനയുടെ സ്വകാര്യ രാജ്യമായി മാറുന്നുണ്ടോ? രാഷ്ട്രീയ എതിരാളികൾക്ക് സഞ്ചരിക്കാനും പ്രവർത്തിക്കാനും അഭിപ്രായം പറയാനും അവകാശമില്ലാത്ത ഇടമായി കണ്ണൂർ മാറേണ്ടതുണ്ടോ?

കണ്ണൂർ ഇന്ത്യയുടെ ഭാഗമാണ്. അവിടെ ഇന്ത്യൻ ഭരണഘടനയും നിയമവ്യവസ്ഥയും തന്നെയാണ് നിലനിൽക്കുന്നത്. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും അതിന് അതീതമായ അധികാരമില്ല. ജയരാജന്മാരും അവരുടെ അനുയായികളും ഉൾപ്പെടെ എല്ലാവരും ഈ യാഥാർഥ്യം മനസ്സിലാക്കണം.

രാഷ്ട്രീയ സ്വാധീനവും സംഘടനാ ശക്തിയും ജനങ്ങളെ ഭയപ്പെടുത്താനുള്ള അധികാരപത്രമല്ല. ജനാധിപത്യത്തിൽ എതിർസ്വരങ്ങളെ സഹിക്കാനും രാഷ്ട്രീയ എതിരാളികളുടെ അവകാശങ്ങളെ അംഗീകരിക്കാനും കഴിയണം.

ഫാസിസം ഏത് കൊടിയുടെ തണലിലായാലും എതിർക്കപ്പെടണം

ഉത്തരേന്ത്യയിൽ സംഘപരിവാർ ശക്തികൾ നടത്തുന്ന രാഷ്ട്രീയ അതിക്രമങ്ങളെ നാം വിമർശിക്കുമ്പോൾ അതേ മാനദണ്ഡം കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങൾക്കും ബാധകമാകണം. ഫാസിസത്തെ എതിർക്കുന്നത് അത് എതിർപക്ഷത്തുള്ളവരുടെ കൈകളിലായിരിക്കുമ്പോൾ മാത്രം പോരാ. സ്വന്തം രാഷ്ട്രീയ ചേരിയിൽനിന്ന് അത്തരമൊരു പ്രവണത ഉയർന്നുവന്നാലും അതിനെതിരെ ശബ്ദിക്കാൻ കഴിയണം.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളിലും രാഷ്ട്രീയ സ്വാധീനം, സാക്ഷികളുടെ മൊഴി, തെളിവുകളുടെ ലഭ്യത തുടങ്ങിയ വിഷയങ്ങൾ നീതിന്യായ ചർച്ചകളിൽ ഉയർന്നുവന്നിട്ടുണ്ട്. അതുപോലെതന്നെ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കേസുകളിലും സാക്ഷികളുടെ സുരക്ഷയും സ്വതന്ത്രമായ അന്വേഷണവും ഉറപ്പാക്കപ്പെടണം.

ഫാസിസം എന്നത് ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെയോ ഒരു പ്രത്യേക കൊടിയുടെയോ മാത്രം സ്വഭാവമല്ല. എതിർസ്വരങ്ങളെ ഇല്ലാതാക്കാനും അധികാരം ഉപയോഗിച്ച് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും ശ്രമിക്കുന്ന ഏത് പ്രവണതയും ഫാസിസ്റ്റ് മനോഭാവത്തിന്റെ ഭാഗമാണ്.

ഒരു കാര്യം വ്യക്തമാണ്. കോടതി ശിക്ഷിച്ചവർ ശിക്ഷ അനുഭവിക്കണം. കുറ്റം ചെയ്തവർ ആരായാലും, അവർ എത്ര ഉന്നതരായ നേതാക്കളായാലും നിയമത്തിന് മുന്നിൽ ഉത്തരവാദികളാകണം.

എന്നാൽ കോടതി വിധിയെ രാഷ്ട്രീയ വിജയമായി ആഘോഷിക്കുകയും ഒരു മനുഷ്യന്റെ കൊലപാതകത്തെ പോലും ന്യായീകരിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ നടത്തുകയും ചെയ്യുന്നത് കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിന് വലിയ അപചയമാണ്.

അരിയിൽ ശുക്കൂറിന് നീതി ലഭിക്കണമെന്ന ആവശ്യം ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം വിഷയമല്ല. മനുഷ്യജീവന് വില കൽപ്പിക്കുന്ന ഓരോ മലയാളിയുടെയും നീതിബോധത്തിന്റെ ഭാഗമാണ്.

രാഷ്ട്രീയത്തിന്റെ പേരിൽ മനുഷ്യജീവൻ നഷ്ടപ്പെടുന്ന സാഹചര്യം അവസാനിക്കണം. കൊലപാതകികൾക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുവെന്ന തോന്നൽ പോലും ജനാധിപത്യത്തിന് അപകടകരമാണ്. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകണം. സാക്ഷികൾക്ക് ഭയമില്ലാതെ മൊഴി നൽകാൻ കഴിയണം. ഇരകളുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കണം.

ഉപ്പ് തിന്നവർ വെള്ളം കുടിക്കുക തന്നെ വേണം. കുറ്റം ചെയ്തവർ ഏത് അറ്റത്തെ നേതാക്കളായാലും ശിക്ഷിക്കപ്പെടണം.

നമ്മുടെ കേരളം രാഷ്ട്രീയ വൈരത്തിന്റെയും പ്രതികാരത്തിന്റെയും ആഘോഷങ്ങളുടെയും നാടായി മാറരുത്. മനുഷ്യസ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും ജനാധിപത്യ മൂല്യങ്ങളുടെയും നാടായി തന്നെ നിലനിൽക്കണം.

അതാണ് നാം ആഗ്രഹിക്കുന്ന കേരളം.

അതിനുവേണ്ടിയുള്ള പോരാട്ടം അവസാനിച്ചിട്ടില്ല. നീതിയുടെ വാതിലുകൾ ഇനിയും തുറന്നുകിടക്കുന്നു.

കോടതികൾ ഇനിയുമുണ്ട്… അവിടെ കാണാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - political condition of kerala
Next Story