Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇവിടെ എല്ലാവർക്കും സുഖം

text_fields
bookmark_border
ഇവിടെ എല്ലാവർക്കും സുഖം
cancel

മുറ്റത്തേക്ക് നോക്കുേമ്പാൾ അറ്റമില്ലാത്തപോലെ...

അകത്ത് പകൽവെട്ടത്തിലും ഇരുട്ട് കട്ടപിടിച്ചുകിടക്കുന്നു.

ആകെ ഒരു തളർച്ച. കൈയിലെ ഫോണിൽ ഒരായിരം നമ്പറുകളുണ്ട്. ഉറ്റവരും പരിചയക്കാരും... ആരെയും വിളിക്കാൻ തോന്നുന്നില്ല. എല്ലാവരും തിരക്കിലാവും.

ബുദ്ധിമുട്ടിക്കാനില്ല. കുട്ടികളെത്താൻ വൈകും. സന്ധ്യയോടെ ഈ വീട് നിറയെ വെളിച്ചമാകും. ഒപ്പം ആളനക്കവും. പക്ഷേ, ഈ പകൽ ദൂരം താണ്ടുക...

വല്ലാതെ നീളംവെച്ച പകൽ...കത്തിത്തീരാത്ത നട്ടുച്ച...

പകലുറക്കം പോലും തിരിഞ്ഞുനോക്കാത്ത കാലം...

ശരിക്കും ആൾക്കൂട്ടത്തിൽ തനിയെ എന്ന വാക്കിന്‍റെ അർഥം പകരുന്ന പകൽ...

ആരെങ്കിലും കയറിവന്നെങ്കിൽ... ആരോടെങ്കിലും മിണ്ടാനുണ്ടായിരുന്നെങ്കിൽ...’

ഇതൊരു രേഖാചിത്രമാണ്. കേരളത്തിലെ മാത്രമല്ല, ലോകമാകെ വീടകങ്ങളിൽ മുതിർന്നവർ അനുഭവിക്കുന്ന ഒറ്റപ്പെടൽ. പറഞ്ഞറിയാക്കാനാവാത്ത ഏകാന്തത. ഇത് മുറിച്ചുകടക്കാനാണ് ‘പകൽവീട്’ എന്ന ആശയം പിറന്നത്. പ്രവാസികളെ സംബന്ധിച്ചിടത്തോളം നാട്ടിൽ വലിയ വീടുണ്ട്. പക്ഷേ, താമസിക്കാൻ ആളില്ലാത്ത അവസ്ഥ സർവസാധാരണമാണിന്ന്. പണ്ട്, മലയാളിയുടെ വലിയ സ്വപ്നമാണ് നാട്ടിലൊരു വീടെന്ന് പറയാറുണ്ട്. എന്നാലത്, പതുക്കെ പതുക്കെ മാറുകയാണ്. പുതിയ കാലം, പ്രത്യേകിച്ച് മധ്യവർഗ കുടുംബജീവിതത്തെ അടിമുടി മാറ്റുകയാണ്. മുമ്പ്, ശരാശരി മധ്യവർഗ മലയാളി വീട് നിർമിക്കുന്നത്, 50 വയസ്സിനുള്ളിലായിരിക്കും. മാസവരുമാനത്തിൽ നല്ലൊരു തുക ഭവനവായ്പയുടെ അടവിലേക്ക് പോകും. ഈ കണക്കുകൾ മുൻകൂട്ടിക്കണ്ടാണ് വീട് പണിയുന്നത്. കണക്കുകളിൽ വലിഞ്ഞുമുറുകിയ വാർധക്യജീവിതം പലരും ആസ്വദിച്ചു. ചിലർ സ്വയം പഴിച്ചു. ഇത്തരം അനുഭവങ്ങൾ അടുത്തറിഞ്ഞവർ വഴിമാറി നടക്കുകയാണിന്ന്. അപ്പോഴും പഴയകാലത്തിന്‍റെ തുടർച്ചയുണ്ട്. ഈ സാഹചര്യത്തിലാണ് പകൽവീട് രണ്ടാം വീടായിമാറുന്നത്. ഇവിടെയാണ് കോഴിക്കോട് വടകരയിലെ ‘വിേന്‍റജ് പേൾ ഹോം’ നാടിനാകെ പ്രകാശമായി മാറുന്നത്. സർക്കാർ സർവിസിൽനിന്ന് വിരമിച്ചവരും അല്ലാത്തവരുമായ 21 സ്ത്രീകൾ ചേർന്ന് മുതിർന്ന സ്ത്രീകൾക്കായി ആരംഭിച്ച കേന്ദ്രമാണ് ‘വിേന്‍റജ് പേൾ ഹോം’. ഇതിനകം തന്നെ, ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ആശയം. ഏത് ദേശത്തും കൂട്ടായ്മയുടെ മനസ്സുണ്ടെങ്കിൽ അനുകരിക്കാൻ കഴിയുന്ന ഒരാശയം. ചേർന്നുനിന്നാൽ, ചേർത്തുപിടിക്കാമെന്ന പാഠം പകരുകയാണ് വടകരയിലെ കൂട്ടായ്മ.

വിേന്‍റജ് പേൾ ഹോം

വീട്ടിൽ ഒറ്റപ്പെടുന്നവരെക്കുറിച്ചുള്ള ചിന്തയിൽ നിന്നുതന്നെയാണ് വിേന്‍റജ് പേൾ ഹോമിന്‍റെ പിറവിയെന്ന് പിന്നിൽ പ്രവർത്തിച്ചവർ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരമൊരു വിഷയം തിരിച്ചറിഞ്ഞ സമാന മനസ്കർ ഒന്നിച്ചു. ഒരു പാടുപേർ പലതരം പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് ബോധ്യപ്പെട്ടു. പ്രശ്നം വലിയതോതിൽ അനുഭവിക്കുന്നത് സ്ത്രീകളാണെന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ്, സ്ത്രീകൾക്ക് മാത്രമായി അവരുടെ, പ്രായത്തിനനുസരിച്ചുള്ള ഒരു കൂട്ട് എന്ന നിലക്കാണ് ഈ ആശയം ജനിച്ചത്. കൂട്ടായ്മക്ക് നേതൃത്വം നൽകിയവർ തന്നെ പണം മുടക്കിയാണ് തുടക്കമിട്ടത്. വടകര മേപ്പയിൽ രണ്ടുനില വീട് വാടകക്കെടുത്തു. ഭക്ഷണം പാകം ചെയ്യാനായി ആളെ കണ്ടെത്തി. 15000 രൂപയാണ് വീടിന്‍റെ വാടക. നിലവിൽ മാസംതോറും 60,000ത്തിനും 70,000ത്തിനും ഇടയിലാണ് ചെലവ് വരുന്നത്. തുടക്കത്തിൽ മേപ്പയിൽ പ്രദേശത്തെ 20 പേരാണ് രജിസ്റ്റർ ചെയ്തത്. എന്നാലിപ്പോൾ, 100ലേറെയായി. എല്ലാ ദിവസവും ഇത്രയും പേര് കാണില്ല. രജിസ്റ്റർ ഫീസായി 100 രൂപ മാത്രമാണ് വാങ്ങുന്നത്. പിന്നെ ഒരു തരത്തിലുള്ള ഫീസും ഈടാക്കുന്നില്ല. നിലവിൽ ചാരിറ്റി ട്രസ്റ്റായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇതോടെ, സംഭാവനകൾ സ്വീകരിക്കുന്നുണ്ട്. ആരോടും ചോദിക്കാറില്ല. ഈ കൂട്ടായ്മ തിരിച്ചറിഞ്ഞ്, ജന്മദിനത്തിനും ഓർമദിനത്തിനും ഭക്ഷണം വാഗ്ദാനം ചെയ്യുന്നവരുമുണ്ട്. രാവിലെ 9.30 മുതൽ അംഗങ്ങൾ എത്തിത്തുടങ്ങും. ഭക്ഷണത്തിനുവേണ്ട ഒരുക്കങ്ങൾക്ക് എല്ലാവരും സഹായിക്കും. പിന്നെ, 10.30 മുതൽ 11.30 വരെ യോഗ ക്ലാസുണ്ട്. തുടക്കത്തിൽ വില്യാപ്പള്ളി പഞ്ചായത്തിന്‍റെ യോഗ ട്രെയിനർ ഉണ്ടായിരുന്നു. അതുകഴിഞ്ഞ്, സൂംബ ഡാൻസ് നടക്കും. പിന്നെ, ന്യൂട്രീഷ്യസ് ഡ്രിങ്ക് നൽകും. ഇത്തരം പ്രവൃത്തികളിലൂടെ തന്നെ പലർക്കും ശാരീരികമായി നല്ല മാറ്റം കണ്ടുതുടങ്ങി. അവശതകൾ മാറി. അംഗങ്ങളെ ഗ്രൂപ്പാക്കി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പടിസ്ഥാനത്തിൽ ക്രിയേറ്റിവായ പരിപാടികൾ നടത്താറുണ്ട്. വിവിധ മ്യൂസിക് ബാൻഡുകൾ വന്ന് പരിപാടി അവതരിപ്പിക്കാറുണ്ട്. പലപ്പോഴും ചെറുപ്പത്തിലെ കലാപരമായ ആഗ്രഹങ്ങൾ പൂർത്തീകരിക്കാനുള്ള ഇടമായി ഇത് മാറുന്നുണ്ട്. പരസ്പരം അനുഭവങ്ങൾ പങ്കുവെക്കൽ, പാട്ട് തുടങ്ങിയവയുമായി ഇവിടെ, പകൽ ആഘോഷത്തിന്റേതാണ്. ഹെൽത്ത് ചെക്കപ്പുകൾ നടത്തുന്നുണ്ട്. പുതിയ തിയറ്ററുകൾ കാണാത്തവരുണ്ടായിരുന്നു, അത്തരം അവസരങ്ങൾ ഒരുക്കി. ചെറുയാത്രകൾ പോലും പോകാൻ കഴിയാത്തവരുണ്ടായിരുന്നു, അതിനും അവസരം ഉണ്ടാക്കി. മ്യൂസിക് തെറപ്പി, ഡാൻസ് തെറപ്പി എന്നിവ ഏറെ ഗുണം ചെയ്യുന്നുണ്ട്. ഒാരോ ദിനം കഴിയുന്തോറും ഈ സെന്‍ററിനോടുള്ള താൽപര്യം വർധിക്കുന്നതേയുള്ളൂവെന്നതാണ് അനുഭവം.

ഇതാ, വിളിക്കുന്നു...

ഈ ആശയം പിറന്നു. പിന്നെ, ആ ക്ഷണക്കത്ത് ഇങ്ങനെയായിരുന്നു. എന്തുകൊണ്ട് വിേന്‍റജ് ഹോം എന്ന ചോദ്യത്തിന് ഉത്തരമാണത്.

‘പ്രിയരെ,

കൂട്ടുകുടുംബം, ഒരു കാലഘട്ടത്തിന്‍റെ ചേർത്തുപിടിക്കലായിരുന്നു. ഗുണദോഷ സമ്മിശ്രമായ വ്യവസ്ഥയിൽനിന്നും അനിവാര്യമായ മാറ്റത്തിൽ ജീവിതക്രമം അണുകുടുംബ വ്യവസ്ഥയിലേക്ക് മാറി. സ്വപ്നങ്ങൾ, ആകുലതകൾ എന്നിവ പങ്കുവെച്ച് അവശതകളിൽ പരസ്പരം താങ്ങാകാനും കലഹിക്കാനും നേരംപോക്കുകളിൽ കൂട്ടുകൂടാനും കഴിഞ്ഞിരുന്നത് ഭൂതകാലമായി മാറി.

പുതിയ കാലത്തിന്‍റെ സ്വപ്നങ്ങൾ നമ്മുടെ മക്കളിലൂടെ കൈയെത്തിപ്പിടിച്ചപ്പോൾ അനിവാര്യമായ ഒറ്റപ്പെടൽ കാലം നമുക്ക് സമ്മാനിച്ചു. ജീവിതം കെട്ടിപ്പടുക്കാനായി, ആഗ്രഹിച്ചതും അല്ലാത്തതുമായ തൊഴിൽ മേഖലകളിലേക്ക് മക്കൾ പറന്നുയർന്നു. നമുക്ക് കൂട്ടിരിക്കാനായി, നമുക്ക് താങ്ങായി, തണലായി മാറാൻ നമ്മുടെ മക്കളും മരുമക്കളും ആഗ്രഹിച്ചിട്ടും അതിന് കഴിയാതെ പോകുന്നു.

പല കാരണങ്ങളാൽ വീടുകളിൽ ഏകാന്തതയുടെ മാനസിക സംഘർഷം അനുഭവിക്കേണ്ടിവരുന്ന സ്ത്രീകളെ ചേർത്തുപിടിക്കാൻ ഞങ്ങൾ തയാറായിരിക്കുന്നു. പകൽസമയം വീടുകളിൽ തനിച്ചാവുന്ന സ്ത്രീകളെ ‘വിേന്‍റജ് പേൾ ഹോം’ലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു. സദുദ്യമങ്ങളിൽ എല്ലാ കാലവും സഹായങ്ങൾ ചൊരിഞ്ഞവരുടെ പിന്തുണയോടെ പകൽസമയം ഒന്നിച്ചിരുന്ന് ആഹ്ല‌ാദകരമായ നിമിഷങ്ങൾ പങ്കുവെക്കാനായി സൗജന്യകേന്ദ്രം ഒരുക്കുന്നു. ഏകാന്തതയുടെ മാനസിക സംഘർഷങ്ങളെ നമുക്ക് ഒന്നിച്ച് ചെറുക്കാം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ‘Vintage Pearl Home’ ലേക്ക് സഹർഷം സ്വാഗതം’.

ഇതാ, സമാനമനസ്കർ

ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിന് ലോക വയോജന ദിനത്തിൽ ‘വിേന്‍റജ് പേൾ ഹോം’ സന്ദർശിച്ചവർ ആ സന്തോഷം ഒരിക്കലും മറക്കില്ല. പ്രായം എന്നത് വെറും നമ്പർ മാത്രമാണെന്നത് പലപ്പോഴും ഒരു തഗ് ഡയലോഗാണ്. എന്നാൽ, ‘വിേന്‍റജ് പേൾ ഹോം’ എല്ലാ ദിവസവും സാക്ഷിയാകുന്നത് ഈ വാക്കിന്‍റെ അർഥത്തിനാണ്. ബീഡിക്കുഞ്ഞമ്മ എന്ന സിനിമയിലെ ‘തൊത്തു തൊത്തു തെത്തിത്തോം, വാസൂനെ തൊടാൻ കിട്ടൂല്ലാ...’ എന്ന പാട്ടിനൊപ്പം പ്രായം മറന്ന് വെച്ച ചുവടുകൾ കണ്ടവരാരും മറക്കില്ല.

ഇവിടെയുള്ള പലർക്കും പറയാനുള്ളത്, ‘വീട്ടിൽ കുടുംബാംഗങ്ങൾ നല്ല പരിഗണന നൽകുന്നുണ്ട്. ഒരു കുറവും വരുത്തിയിട്ടില്ല. എങ്കിലും സമപ്രായത്തിലുള്ളവർ ഒന്നിച്ച് ചേരുേമ്പാൾ ലഭിക്കുന്ന സന്തോഷം അതാണിവിടെ അനുഭവിക്കുന്നത്. ഡാൻസും പാട്ടും ഒക്കെയായി സമയം ചെലവഴിക്കുമ്പോൾ മറ്റെവിടെനിന്നും ലഭിക്കുന്നതിനേക്കാൾ സന്തോഷവും സമാധാനവും ലഭിക്കുന്നുണ്ട്’. എല്ലാ അർഥത്തിലും സമാന മനസ്കർ ഒന്നിക്കുേമ്പാൾ ഉണ്ടാകുന്ന ആനന്ദമാണിവരുടെ മുഖത്ത് നിറഞ്ഞുകിടക്കുന്നത്. വൈകീട്ട് വീട്ടിലേക്കുള്ള മടക്കം ഇത്തിരി പ്രയാസത്തോടെ നോക്കിക്കാണുന്നവരും കൂട്ടത്തിലുണ്ട്. 21 പേരുടെ കൂട്ടായ്മയിൽ പിറന്ന ഈ ആശയം നൂറിലേറെപ്പേരുടെ മനസ്സിൽ സന്തോഷത്തിന്‍റെ പുതിയ ഭൂമിയും പുതിയ ആകാശവും അനുഭവിപ്പിക്കുകയാണ്.

വിേന്‍റജ് പേൾ ഹോം ചെയർപേഴ്സൻ പി.പി. രഞ്ജിനി ടീച്ചർ കഴിഞ്ഞ ആറുമാസക്കാലത്തെ പ്രവർത്തനത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്. ‘തുടങ്ങുേമ്പാൾ ഇതെങ്ങനെയാവുമെന്നതിനെക്കുറിച്ച് കൃത്യമായ രൂപം ഉണ്ടായിരുന്നില്ല. എന്നാൽ, വീടകങ്ങളിൽ ഒറ്റപ്പെടുന്നവരുണ്ട്, എന്ന തിരിച്ചറിവുണ്ടായിരുന്നു. സമൂഹത്തിന്‍റെ ഘടന അനുസരിച്ച് പുരുഷന്മാരേക്കാൾ സ്ത്രീകളാണീ പ്രയാസം അനുഭവിക്കുന്നത് എന്നുറപ്പായിരുന്നു. ആറുമാസം പിന്നിട്ട ഈ സാഹചര്യത്തിൽ ഇവിടെ എത്തുന്നവരുടെ മുഖം കണ്ടാൽ തന്നെ മാറ്റം വൃക്തമാണ്. ജീവിക്കേണ്ടത് തങ്ങൾക്കുവേണ്ടി കൂടിയാണെന്ന ചിന്ത ശക്തമായി. ഇതുവരെ മറ്റുള്ളവർക്ക് മാത്രമായി ജീവിച്ചവർ സ്വയം ജീവിക്കാൻ തുടങ്ങിയിരിക്കുന്നു. പുതിയ കാലത്തിന്‍റെ മാറ്റം ദൃഷ്ടാന്തമായി നമുക്ക് മുന്നിലുണ്ട്. ഇവിടെ, ബോധവത്കരണ ക്ലാസുകളിൽ നിന്നും മറ്റും ഈ മാറ്റത്തെ എല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. ആരോഗ്യപരമായും മാനസികമായും വലിയ മാറ്റം പ്രകടമായി കണ്ടുവെന്നതാണ് ഏറ്റവും വലിയ സന്തോഷം. ഈ മാറ്റം ഇതിന്‍റെ ഭാഗമായി നിന്ന ഓരോ മനുഷ്യർക്കുമുണ്ട്. അതാണ് ഞങ്ങൾ സത്യത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നത്’.

ഇത് രണ്ടാം ബാല്യം

നഴ്സറിക്കുട്ടികൾ എല്ലാം മറന്ന് കളിക്കുകയും ചിരിക്കുകയും ചെയ്യുന്നില്ലേ, അതാണിവിടെ കാണുന്നതെന്ന് സപ്പോട്ടിങ് ഗ്രൂപ് അംഗവും റിട്ട എ.ഇ.ഒയുമായ ടി. രാധാകൃഷ്ണൻ പറഞ്ഞു.

ശരിക്കും ഇത്, രണ്ടാം ബാല്യമാണ്. രക്തബന്ധത്തേക്കാൾ ശക്തിയുള്ളതാണ് പല ബന്ധങ്ങളുമെന്ന് ഇവിടെ എത്തിപ്പെടുന്നവർക്ക് മനസ്സിലാകും. സ്വന്തക്കാർ പലപ്പോഴും, കടപ്പാട് നിർവഹിക്കാൻ ബാധ്യതപ്പെട്ടവർ എന്ന നിലയിലാണ് കാണുന്നത്. അങ്ങനെ സംഭവിക്കാൻ കാരണം, പുതിയ കാലം വരുത്തിവെച്ച തിരക്കുകളാകാം. നിഷ്കാമ കർമവും നിസ്വാർഥ സേവനവുമാണിവിടെ നടക്കുന്നത്. അധ്യാപനം കേവലം ഉപജീവനമാർഗം മാത്രമാണെന്ന് കണക്കാക്കാത്ത വിരമിച്ച അധ്യാപികമാരാണിതിന്‍റെ അമരക്കാരിലേറെയും. ഇവിടെ വരുന്നവരിൽ പലർക്കും ഇത്, രണ്ടാം വീടാണ്.

എന്നാൽ, ചിലർക്കൊക്കെ ഇത് ഒന്നാം വീടാണെന്ന് വല്ലപ്പോഴും അവിടെ സന്ദർശിക്കുന്ന എന്നെപ്പോലുള്ളവർക്ക് മനസ്സിലാകുന്നുണ്ട്. അവധി ദിവസങ്ങളിൽപ്പോലും ഇവിടെ എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് ഏറെയും. പറയാൻ ഏറെപ്പേരുണ്ടെങ്കിലും ആരും ഒപ്പമില്ലെന്നതാണ് പുതിയ കാല യാഥാർഥ്യം. അവിടെയാണ്, ‘വിേന്‍റജ് പേൾ ഹോം’ പ്രസക്തമാകുന്നത്. ഒരു പക്ഷേ, കുട്ടിക്കാലത്തെ സംരക്ഷണത്തിന് ബാലവാടിയുള്ളതുപോലെ ഇതിനെ വൃദ്ധവാടിയെന്ന് വിളിക്കാമെന്ന് തോന്നുന്നതായും ടി. രാധാകൃഷ്ണൻ പറഞ്ഞു.

ഒന്നിച്ചിരിക്കാം, നന്നായിച്ചിരിക്കാം...

‘ഒന്നിച്ചിരിക്കാം, നന്നായിച്ചിരിക്കാം... എന്നത് ഒരു ചൊല്ലാണെങ്കിൽ അത്, അന്വർഥമാക്കുന്ന ഇടത്തിന്‍റെ പേര് കൂടിയാണിന്ന് ‘വിേന്‍റജ് പേൾ ഹോം’. ഒരു പക്ഷേ, ഇത്തരം ഇടങ്ങളിൽ മാത്രമല്ല, വീടകങ്ങളിലും സാധ്യമാകുന്ന ഒന്ന്. കേൾക്കാനും പറയാനും തയാറാവുക. ഒന്നിച്ച് ഭക്ഷണം കഴിക്കുക. ഉള്ളിലെ എല്ലാ സ്വപ്നങ്ങളും പറയുക. ആകാവുന്നത് സാധ്യമാക്കുക. പാടാൻ കൊതിച്ചത് പാടുക, പറയാൻ നിനച്ചത് പറയുക. നിലച്ച രക്തയോട്ടത്തിന്‍റെ വീണ്ടെടുപ്പാണിവിടെ നടക്കുന്നത്. അങ്ങനെ ഈ ജന്മത്തെ കൂടുതൽ കൂടുതൽ ഭംഗിയുള്ളതാക്കുക. അതാണിവിടെ സംഭവിക്കുന്നത്. വിേന്‍റജ് പേൾ ഹോമിൽ വന്നുപോകുന്നവർ പറയാതെ പറയുന്നത് ഒന്ന് മാത്രമാണ്, ‘ഇവിടെ എല്ലാവർക്കും സുഖം’.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - pakalveed
Next Story