ഭ്രമങ്ങൾക്കപ്പുറം
text_fieldsമയുഗ’ത്തിലൂടെ മമ്മൂട്ടി നാലാം തവണയും ദേശീയ അവാർഡ് നേടിയപ്പോൾ സംവിധായകൻ സലിം അഹമ്മദ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: ‘പ്രിയപ്പെട്ട മമ്മൂക്ക, നിങ്ങളീ സ്വീകരിക്കാൻ പോകുന്ന നാലാമത്തെ ദേശീയ അവാർഡിനേക്കാൾ കൂടുതലായിരിക്കും അവസാന നിമിഷം ഒരു നൂലിഴയുടെ വ്യത്യാസത്തിൽ നിങ്ങൾക്ക് നഷ്ടപ്പെട്ട ദേശീയ പുരസ്കാരങ്ങളുടെ എണ്ണം. ഇനിയും ഞങ്ങളെ വിസ്മയിപ്പിക്കാൻ പകർന്നാട്ടങ്ങൾ തുടരുക’. വേഷപ്പകർച്ചകളിലൂടെ ഭ്രമിപ്പിച്ച നടനയുഗത്തെ അടുത്തറിഞ്ഞ ഒരു സംവിധായകന്‍റെ വാക്കുകളായിരുന്നു അത്. ‘കുഞ്ഞനന്തന്‍റെ’യും ‘പള്ളിക്കൽ നാരായണന്‍റെ’യും തീക്ഷ്ണമായ ആത്മ സംഘർഷങ്ങളിലൂടെ ശരീരം കൊണ്ടും മനസ്സുകൊണ്ടും ആഴത്തിൽ സഞ്ചരിച്ച മമ്മൂട്ടിയുടെ ഭാവപ്രകടനത്തിനുമുന്നിൽ മറ്റ് പല സംവിധായകരെയും പോലെ പകച്ചുനിന്നിട്ടുണ്ട് സലിം അഹമ്മദും.
അദ്ദേഹം സംവിധാനം ചെയ്ത ‘പത്തേമാരി’യിൽ പള്ളിക്കൽ നാരായണനായി ജീവിച്ച മമ്മൂട്ടിയെ 2015ലെ ദേശീയ അവാർഡിന് അവസാന നിമിഷം വരെ പണിഗണിച്ചെങ്കിലും ഒടുവിൽ ‘പികു’വിലെ അഭിനയത്തിന് അമിതാഭ് ബച്ചനായിരുന്നു അവാർഡ്. മികച്ച ചിത്രത്തിനുള്ള അവാർഡ് വാങ്ങാൻ ഡൽഹിയിലെത്തിയ സലിമിനോട് ഒരു ജൂറി അംഗം പറഞ്ഞത്, ഈ ദിവസം തങ്ങൾ ഇവിടെ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് മമ്മൂട്ടിയെ ആണ് എന്നാണ്. മമ്മൂട്ടിയെ മറികടന്ന് ബച്ചനിലേക്ക് എത്താൻ അന്ന് ജൂറി അനുഭവിച്ച സമ്മർദം ചെറുതായിരുന്നില്ലെന്നും അവർ തുറന്നുപറഞ്ഞു. ഒരിക്കൽ കൂടി ദേശീയ അവാർഡ് മമ്മൂട്ടിയെ തേടിയെത്തുമ്പോൾ, അദ്ദേഹത്തെ നായകനാക്കി രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്ത സലിം അഹമ്മദ്, തന്നെ അത്ഭുതപ്പെടുത്തിയ ആ അഭിനയ മുഹൂർത്തങ്ങളുടെ നേരനുഭവം പങ്കുവെക്കുകയാണ് ഇവിടെ...
ആഴമേറുന്ന ആത്മസമർപ്പണം
നൂറ് ശതമാനവും കഥാപാത്രമായി മാറുന്ന അഭിനേതാവ് എന്ന് മമ്മൂട്ടിയിലെ കലാകാരനെ നിർവചിക്കാം. സിനിമ എന്ന മാധ്യമത്തോട് സമാനതകളില്ലാത്ത സമർപ്പണം. അത് നമുക്ക് മുൻകൂട്ടി കാണാനും അളക്കാനും കഴിയുന്നതിനും അപ്പുറമാണ്. അഭിനയത്തിലൂടെ എന്താണ് പുതുതായി പുറത്തെടുക്കാൻ കഴിയുക എന്ന നിരന്തര അന്വേഷണമാണ് അദ്ദേഹം അവതരിപ്പിക്കുന്ന ഓരോ വേഷത്തിന്‍റെയും കരുത്ത്.
നമ്മൾ കഥയെഴുതുമ്പോൾ ഒരു കഥാപാത്രത്തിന് നൽകുന്ന കുറെ സ്വഭാവ സവിശേഷതകളുണ്ട്. പക്ഷേ, അതിന്‍റെ എല്ലാ അതിരുകളെയും ഭേദിച്ച് കഥാപാത്രത്തെ മനസ്സിലിട്ട് തന്‍റേതായ രീതിയിൽ പരുവപ്പെടുത്തിയെടുക്കുന്ന നടനാണ് മമ്മൂട്ടി. തന്നെ മാറ്റിവെച്ചിട്ട് കഥാപാത്രത്തിലേക്ക് അത്രമേൽ ആഴ്ന്നിറങ്ങുന്ന സൂക്ഷ്മത. ഒരു വേഷം കിട്ടിയാൽ അതിനെ നിരന്തരം മനസ്സിലിട്ട് മിനുക്കിയെടുത്ത ശേഷമാണ് അദ്ദേഹം കാമറക്ക് മുന്നിൽ പെർഫോം ചെയ്യുക. സംവിധായകൻ കഥ പറയുമ്പോൾ അദ്ദേഹം ആ കഥാപാത്രമായി മനസ്സിൽ അഭിനയിക്കുകയായിരിക്കും. കഥാപാത്രത്തിന്‍റെ സ്വഭാവ സവിശേഷതകൾ വളരെ സൂക്ഷ്മമായി പഠിച്ചുകൊണ്ടിരിക്കും.
തന്‍റെ വേഷം അവസാനം തിയറ്ററിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുമ്പോൾ എങ്ങനെ ആയിരിക്കണം എന്ന് മുൻകൂട്ടി മനസ്സിൽ ഉറപ്പിച്ചുകൊണ്ടാണ് അഭിനയം തുടങ്ങുക. അടുത്തുനിന്ന് കാണുമ്പോൾ എന്തെങ്കിലും കുറഞ്ഞുപോയോ, കൂടിപ്പോയോ എന്നൊക്കെ നമുക്ക് തോന്നാം. പക്ഷേ, അവസാനം തിരശ്ശീലയിൽ ആ കഥാപാത്രം നമ്മെ അത്ഭുതപ്പെടുത്തും വിധം പൂർണത കൈവരിച്ചിരിക്കും. അതാണ് മമ്മൂട്ടി എന്ന നടൻ.
ഷൂട്ടിങ് സെറ്റിലെത്തും മുമ്പ് കഥാപാത്രത്തിന് അദ്ദേഹം മനസ്സിൽ സ്വന്തമായൊരു രൂപമുണ്ടാക്കിയിരിക്കും. നന്നായി ഗൃഹപാഠം ചെയ്തിട്ടാണ് പെർഫോം ചെയ്യുക. ഡയലോഗുകൾ അദ്ദേഹം പറഞ്ഞുകേൾക്കുമ്പോൾ നമുക്ക് അത് വേറൊരു അനുഭവമായി മാറും. ചിത്രീകരണത്തിനുമുമ്പ് നേരിട്ട് കഥ പറയുമ്പോൾ വിവരിച്ചുകൊടുത്ത ഏതെങ്കിലും സന്ദർഭം തിരക്കഥയിൽ ഇല്ലെങ്കിൽ അദ്ദേഹം അത് ഓർത്തിരുന്ന് ചോദിക്കും. മുമ്പ് കഥ പറഞ്ഞപ്പോൾ ഇങ്ങനെയൊന്ന് ഉണ്ടായിരുന്നല്ലോ, ഇപ്പോൾ അത് എവിടെ പോയി എന്ന് അന്വേഷിക്കും. ആ കഥാപാത്രത്തിലേക്ക് സംവിധായകൻ പോലും അറിയാത്ത വിധം നടൻ ഇറങ്ങുകയാണ്. മറ്റുള്ളവർക്ക് അത് മനസ്സിലാകണമെന്നില്ല. അതുകൊണ്ടുതന്നെ, ‘കുഞ്ഞനന്തന്‍റെ കട’യിലെ കുഞ്ഞനന്തനെയും ‘പത്തേമാരി’യിലെ പള്ളിക്കൽ നാരായണനെയും അവതരിപ്പിക്കാൻ മറ്റൊരു നടനെക്കുറിച്ച് ഞാൻ ആലോചിച്ചിട്ടേയില്ല.
കുഞ്ഞനന്തൻ എന്ന വേറിട്ട മനുഷ്യൻ
മമ്മൂട്ടിയെ വെച്ച് ആദ്യം സംവിധാനം ചെയ്ത സിനിമ ‘കുഞ്ഞനന്തന്‍റെ കട’ ആണ്. നടൻ സലിംകുമാറിനോടാണ് ഇതിന്‍റെ കഥ ആദ്യം പറഞ്ഞത്. മമ്മൂട്ടിയോട് കഥ പറയുന്നത് സലിംകുമാറാണ്. അതുകഴിഞ്ഞാണ് ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത്. മമ്മൂട്ടി മുമ്പ് ചെയ്ത കുറെ മികച്ച വേഷങ്ങളുടെ സ്വഭാവ സവിശേഷതകൾക്ക് ഇണങ്ങുന്ന, സാധാരണക്കാരന്‍റെ വിചാര വികാരങ്ങളുമായി ജീവിക്കുന്ന പച്ചയായ മനുഷ്യനാണ് കുഞ്ഞനന്തൻ. അയാൾ തികച്ചും മറ്റൊരു മനുഷ്യനാണ്. സ്വാർഥനാണ്. അയാൾക്ക് അയാളോട് മാത്രമേ കമിറ്റ്മെന്റുള്ളൂ. അച്ഛൻ ഇരുന്ന കസേരയും പഴയകാല ജീവിതത്തിന്‍റെ മൂല്യങ്ങളുമെല്ലാം വിലപ്പെട്ടതായിക്കണ്ട് അതിനെയെല്ലാം ചേർത്തുപിടിച്ച് ജീവിക്കുന്ന ഒരാൾ. വളർന്ന് വലുതാകാതെ എക്കാലവും കുഞ്ഞനന്തനായി തന്നെ ഇരുന്നാൽ മതിയായിരുന്നു എന്ന് ഇടക്കിടെ മോഹിച്ചുപോകുന്ന ഒരാൾ. ആ കഥാപാത്രവുമായി മമ്മൂട്ടി ഏറെ താദാത്മ്യം പ്രാപിച്ചിരുന്നു.
ചിത്രീകരണത്തിനിടയിലെ ചില സന്ദർഭങ്ങളിൽ മമ്മൂട്ടി സ്വന്തം ബാപ്പയെക്കുറിച്ച് ഓർക്കുന്നുണ്ടായിരുന്നു. അഭിനയത്തിന്‍റെ പല ഘട്ടങ്ങളിലും ‘കുഞ്ഞനന്ത’നിലെ അച്ഛനെയും സ്വന്തം ബാപ്പയെയും വൈകാരികമായി കണക്ട് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സന്ധ്യാസമയത്ത് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങിവരുന്ന രംഗത്ത് ബാപ്പയെ ഫീൽ ചെയ്യുന്നു എന്ന് അദ്ദേഹം പറഞ്ഞു. ബാപ്പ വീട്ടിലേക്ക് കയറിവരുന്നത് അങ്ങനെയായിരുന്നത്രെ.
‘പത്തേമാരി’: വേഷപ്പകർച്ചയിലെ സൂക്ഷ്മത
‘പത്തേമാരി’ ഒരു വലിയ സിനിമയായിരുന്നു. മലയാളിയുടെ ഗൾഫ് കുടിയേറ്റത്തിന്‍റെ അര നൂറ്റാണ്ടും പള്ളിക്കൽ നാരായണൻ എന്ന പ്രവാസിയുടെ ജീവിതവും ഇഴചേരുന്ന പ്രമേയം. പ്രവാസിയുടെ ആരുമറിയാതെ പോകുന്ന കണ്ണീരിന്‍റെയും നീറ്റലിന്‍റെയും കഥ കൂടിയായിരുന്നു അത്. ആ സിനിമയുടെ കഥ പത്ത് മിനിറ്റേ മമ്മൂട്ടിയോട് പറയേണ്ടിവന്നുള്ളൂ. അദ്ദേഹം അത് നന്നായി ഉൾക്കൊണ്ടു. യൗവനത്തിന്‍റെയും മധ്യവയസ്സിന്‍റെയും വാർധക്യത്തിന്‍റെയും മൂന്ന് കാലങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രം. ചിത്രീകരണം തുടങ്ങുംമുമ്പ് ഇടക്കിടെ കാണുമ്പോഴെല്ലാം സിനിമയെക്കുറിച്ച് ഞാൻ മമ്മൂട്ടിയോട് സംസാരിക്കുമായിരുന്നു.
മരുമകളുടെ വിവാഹം അടുത്തെത്തി നിൽക്കെ അതിൽ പങ്കെടുക്കാൻ കഴിയാതെ ഗൾഫിലേക്ക് മടങ്ങാൻ നിർബന്ധിതനാകുന്ന നാരായണൻ വീട്ടിൽ ചെയ്യേണ്ട ഒരുക്കങ്ങളെക്കുറിച്ചെല്ലാം ജോലിക്കാർക്ക് പറഞ്ഞുകൊടുത്ത് ഇറങ്ങിപ്പോകുന്ന രംഗമുണ്ട്. ഷോട്ടെടുത്ത് ഓക്കെ പറയുന്നതുവരെ മമ്മൂട്ടി പള്ളിക്കൽ നാരായണനും മരുമകളുടെ വിവാഹത്തിന് കൂടാൻ കഴിയാത്തതിന്‍റെ വേദനയും നിസ്സഹായതയും ചൂഴ്ന്നുനിൽക്കുന്ന ഒരാളുമാണ്. അദ്ദേഹത്തിൽ ആ സമയം കഥാപാത്രമല്ലാതെ മറ്റൊന്നുമില്ല. കല്യാണ ദിവസം നാരായണൻ വീട്ടിലേക്ക് വിളിക്കുന്നുണ്ട്.
വീട്ടിൽ കല്യാണം നടക്കുന്നതിന്‍റെ തലേ രാത്രി നാരായണൻ ഉറങ്ങിയിട്ടുണ്ടാകില്ല എന്ന് കഥ പറയുമ്പോൾ ഞാൻ മമ്മൂട്ടിയോട് സൂചിപ്പിച്ചിരുന്നു. രാവിലെ എഴുന്നേറ്റ് തലയിലൂടെ വെള്ളമൊഴിച്ച് തൊട്ടടുത്ത ബൂത്തിലെത്തി ഫോൺ വിളിക്കുകയായിരിക്കും എന്നാണ് ഞാൻ ആ രംഗത്തെക്കുറിച്ച് പറഞ്ഞത്. എന്നാൽ, അത്തരം വിശദാംശങ്ങളൊന്നും തിരക്കഥയിൽ ഉണ്ടായിരുന്നില്ല. ഷോട്ട് എടുക്കുന്ന സമയത്ത് മമ്മൂട്ടി കാരവനിൽ നിന്ന് ഇറങ്ങിവരുമ്പോൾ, തലയിൽ വെള്ളമൊഴിച്ചിട്ട് നന്നായി തോർത്താതെ മുടി ചീകിയാൽ എങ്ങനെയാണോ ഇരിക്കുക അങ്ങനെയാണ് ഉണ്ടായിരുന്നത്.
ബൂത്തിൽ നിന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ നാരായണൻ തികച്ചും സ്വാഭാവികമെന്നോണം ചെവിയിൽ പറ്റിയിരിക്കുന്ന വെള്ളം വിരലുകൾ കൊണ്ട് തട്ടിക്കളയുന്നുണ്ട്. അതുപോലെ മറ്റൊരു രംഗത്ത് അന്ന് വീട്ടിലുണ്ടാക്കിയ ഭക്ഷണവിഭവങ്ങളെക്കുറിച്ച് ഭാര്യ ഫോണിലൂടെ പറയുമ്പോൾ നാരായണൻ കൊതിയോടെ വെള്ളമിറക്കുന്നത് കാണാം. അത്രമാത്രം സൂക്ഷ്മമായ കാര്യങ്ങളൊന്നും നമ്മൾ പറഞ്ഞിട്ട് അദ്ദേഹം ചെയ്യുന്നതല്ല. നാലഞ്ച് മാസം മുമ്പ് നേരിട്ട് കഥ പറഞ്ഞപ്പോൾ സൂചിപ്പിച്ചിരുന്നു എന്നുമാത്രം. തിരക്കഥയിൽ ഒരിടത്തും അതൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, മമ്മൂട്ടി അതെല്ലാം മനസ്സിലേക്ക് പകർത്തി അഭിനയത്തിലൂടെ പുറത്തെടുക്കുകയാണ്.
‘പത്തേമാരി’യുടെ ക്ലൈമാക്സിലെ ഹൃദയസ്പർശിയായ സംഭാഷണം അഞ്ചോ പത്തോ പേജുകളുണ്ടായിരുന്നു. അതിന്‍റെ ചിത്രീകരണത്തിനായി ഒരു ദിവസം ഉച്ചക്ക് ശേഷമുള്ള സമയം പൂർണമായി മാറ്റിവെച്ചു. വൈകീട്ടോടെ ഷൂട്ടിങ് പൂർത്തിയാക്കാനാണ് പ്ലാൻ ചെയ്തിരുന്നത്. പക്ഷേ, ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തി മുക്കാൽ മണിക്കൂർ കൊണ്ട് മമ്മൂട്ടി ആ രംഗങ്ങൾ അഭിനയിച്ചുതീർത്തു. ഇത് വൈകീട്ട് വരെ നീണ്ടുപോകും എന്നാണ് നിങ്ങൾ കരുതിയത് അല്ലേ എന്നായിരുന്നു ചിരിച്ചുകൊണ്ട് മമ്മൂട്ടിയുടെ ചോദ്യം. ഞങ്ങൾ പ്രതീക്ഷിച്ചതിനും അപ്പുറത്തേക്ക് മമ്മൂട്ടിയുടെ അഭിനയം ആ കഥാപാത്രത്തെ കൊണ്ടുപോയി.
ഭ്രമിപ്പിച്ച വേഷങ്ങൾ
‘തനിയാവർത്തന’ത്തിലെ ബാലൻ മാഷ്, ‘ഭൂതക്കണ്ണാടി’യിലെ വിദ്യാധരൻ, ‘ഭ്രമയുഗ’ത്തിലെ കൊടുമൺ പോറ്റി എന്നിവയെല്ലാം എനിക്ക് ഏറെ ഇഷ്ടപ്പെട്ട മമ്മൂട്ടി കഥാപാത്രങ്ങളാണ്. മമ്മൂട്ടി എന്ന നടനിൽനിന്ന് കിട്ടുന്നത്, തന്നെ വിസ്മയിപ്പിക്കാറുണ്ടെന്ന് ‘ഭ്രമയുഗ’ത്തിന്‍റെ സംവിധായകൻ രാഹുൽ സദാശിവൻ പറയുകയുണ്ടായി. ചെറിയൊരു സ്പേസിൽ നിന്നുകൊണ്ടാണ് അദ്ദേഹം കൊടുമൺ പോറ്റിയായി പെർഫോം ചെയ്തത്.
ആ കഥാപാത്രത്തെ മമ്മൂട്ടി അപ്രതീക്ഷിതമായ മറ്റൊരു തലത്തിലേക്ക് ഉയർത്തി. കൊടുമൺ പോറ്റിയെ നമുക്ക് അദ്ദേഹത്തിന്‍റെ മറ്റ് കഥാപാത്രങ്ങളുമായൊന്നും താരതമ്യം ചെയ്യാൻ കഴിയില്ല. അത്രമാത്രം അത് വേറിട്ടു നിൽക്കുന്നു. കുറച്ചുകാലം മുമ്പുവരെ വർഷത്തിൽ ഒരു നല്ല സിനിമ തിരെഞ്ഞടുക്കുന്ന നടനായിരുന്നു മമ്മൂട്ടി. ഇപ്പോൾ അദ്ദേഹം അഭിനയിക്കുന്നതെല്ലാം നല്ല സിനിമകളാണ്. ഇതാണ് പഴയ മമ്മൂട്ടിയും പുതിയ മമ്മൂട്ടിയും തമ്മിൽ ഞാൻ കാണുന്ന വ്യത്യാസം.
വീണ്ടുമൊരു മമ്മൂട്ടി ചിത്രം
മമ്മൂട്ടിയെ വെച്ച് പുതിയൊരു സിനിമ ആലോചനയിലുണ്ട്. പക്ഷേ, ആ കഥാപാത്രം പള്ളിക്കൽ നാരായണനേക്കാൾ മുകളിൽ നിൽക്കുന്നതാകണം എന്ന് നിർബന്ധമുണ്ട്. പ്രേക്ഷകരും പ്രതീക്ഷിക്കുന്നത് അതാണ്. അത്തരമൊരു സബ്ജക്ടിന്‍റെ പ്ലാനിങ്ങിലാണ്. കാര്യങ്ങളെല്ലാം ഒത്തുവന്നാൽ വൈകാതെ ആ സിനിമ സംഭവിക്കും.
എന്‍റെ രണ്ട് സിനിമകളാണ് വരാനിരിക്കുന്നത്. വർത്തമാനകാല ഇന്ത്യയിലെ ഏറ്റവും പ്രസക്തമായ വിഷയം കൈകാര്യം ചെയ്യുന്ന ‘ലെഫ്റ്റ് ഓവർ’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഒക്ടോബറോടെ തിയറ്ററുകളിലെത്തും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി ഭാഷകളിൽ നിർമിക്കുന്ന സിനിമയിൽ അർജുൻ രാധാകൃഷ്ണൻ, റോഷൻ മാത്യു, ശ്വേത ബസു പ്രസാദ് എന്നിവരാണ് പ്രധാന താരങ്ങൾ. 1937ൽ പാരിസിലെത്തി നാസി അധിനിവേശത്തിനെതിരെ പോരാടി മരണം വരിച്ച മലയാളി മിച്ചിലോട്ട് മാധവന്‍റെ ജീവിതകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് മറ്റൊന്ന്. നാലുവർഷമായി ഈ സ്വപ്ന പദ്ധതിയുടെ മുന്നൊരുക്കത്തിലാണ്. എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണനും ജംഷിയും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

