Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightഇസ്തീഫാ ദോ! ഇസ്തീഫാ...

ഇസ്തീഫാ ദോ! ഇസ്തീഫാ ദോ!

text_fields
bookmark_border
https://www.madhyamam.com/tags/cockroach-janata-party
cancel

പൊലീസിന്റെ ലാത്തികൾക്കിടയിൽ രാവിനെ പകലാക്കി തെരുവോരങ്ങളിൽ വീറോടെ മുഷ്ടിചുരുട്ടി ഏറ്റുചൊല്ലുകയാണ് ഈ മുദ്രാവാക്യങ്ങൾ. കനത്ത ചൂടിൽ ഇടക്ക് പെയ്യുന്ന മഴയത്തും ചോരുന്നില്ല ആ ഉൾക്കരുത്തുള്ള പോരാളികളുടെ സമരവീര്യം. രാജ്യത്തിന്റെ ഭാവിയും ഭാഗധേയവും നിർണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന വിദ്യാർഥികൾക്കുനേരെ അനീതിയുണ്ടായപ്പോൾ അതിനെതിരെ രംഗത്തെത്തിയവരാണ് ഒരുമാസത്തിലധികമായി ഭരണകൂടത്തോട് കലഹിക്കുന്നത്.

ആദ്യഘട്ട ചർച്ചക്ക് കേന്ദ്രസർക്കാർ തയാറായെങ്കിലും സമരക്കാരുടെ ആവശ്യങ്ങളിൽ ഒന്നുപോലും അംഗീകരിച്ചില്ല. ഇതോടെയാണ് സമരം തുടരാൻ പ്രതിഷേധക്കാരെ പ്രേരിപ്പിച്ചത്. രാജ്യ തലസ്ഥാനം യുദ്ധക്കളമായി മാറാനും ഇത് കാരണമായി. വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാണ് സമരക്കാരുടെ പ്രധാന ആവശ്യം. പ്രതിപക്ഷവും ഈ ആവശ്യം നിരന്തരം ഉന്നയിക്കുന്നുണ്ട്. എന്നാൽ, അതിനോട് അനുകൂല സമീപനം സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. നീറ്റ് യു.ജി, സി.ബി.എസ്.ഇ പരീക്ഷകളിൽ പിഴവുകൾ സംഭവിച്ചില്ലെന്നു സർക്കാറിനു വാദമില്ല. അത് അംഗീകരിച്ച കാര്യമാണ്.

നീറ്റ് യു.ജി ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ ഇരുപതിലേറെ വിദ്യാർഥികൾ ജീവിതമവസാനിപ്പിച്ചതിനെക്കുറിച്ച് സർക്കാർ ഒന്നും പറയുന്നുമില്ല. പകരം, മന്ത്രിയുടെ രാജിയെന്ന ആവശ്യത്തിൽ രാഷ്ട്രീയം ആരോപിക്കാനും സി.ജെ.പിക്കു പിന്നിൽ കളിക്കുന്നതാരെന്ന് ആഖ്യാനങ്ങൾ ചമക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. പരീക്ഷാ ക്രമക്കേടുകളുടെ പേരിൽ സി.ജെ.പിയും കോൺഗ്രസും മുൻകൈയെടുത്തുള്ള സമരങ്ങൾ ആശങ്കയുണ്ടാക്കുന്നുവെന്ന പ്രതീതി ബി.ജെ.പിയുടെ ഭാഗത്ത് ഇതുവരെ പ്രകടമല്ല. പക്ഷേ, അവർ വിദ്യാർഥികൾ സംഘടിക്കുന്നതിനെ ഭയക്കുന്നുണ്ടെന്നു വ്യക്തം.

തോറ്റുപോയ അടിച്ചമർത്തൽ

കഴിഞ്ഞ ദിവസങ്ങളിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ യുവാക്കൾ നടത്തിയ പാർലമെന്റ് മാർച്ച് വലിയസംഘർഷത്തിനാണ് സാക്ഷ്യംവഹിച്ചത്. അക്ഷരാര്‍ഥത്തില്‍ ഡല്‍ഹി തിളച്ചുമറിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പൊലീസ് സേനയെന്ന് വിശേഷണമുള്ള ഡൽഹി പൊലീസിനുപോലും തടഞ്ഞു നിർത്താൻ സാധിക്കാതെ പോയ വമ്പൻ പ്രതിഷേധമായിരുന്നു നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പെൺകുട്ടികളും ആൺകുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ പ്രക്ഷോഭമായി മാറി.

പാർലമെന്റിന്റെ മുഴുവൻ കവാടങ്ങളും മൂന്നുമണിക്കൂറിലേറെ അടച്ചിട്ടായിരുന്നു സർക്കാർ, സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കിയത്. 2001-ലെ പാർലമെന്റ് ഭീകരാക്രമണത്തിനുശേഷം ആദ്യമായിട്ടായിരുന്നു പാർലമെന്റ് കവാടങ്ങൾ മുഴുവനും മണിക്കൂറുകൾ അടച്ചിടുന്നത്. പ്രതിഷേധക്കാർ അടുത്തെത്തിയതോടെ അകത്തുണ്ടായിരുന്ന സുരക്ഷാസേനാംഗങ്ങൾ പാർലമെന്റിന്റെ വിവിധ കവാടങ്ങളിലേക്ക് കുതിച്ചു. പ്രതിഷേധക്കാർ പാഞ്ഞടുത്തതോടെ റെയിൽഭവന് സമീപം പൊലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു. പ്രസ് ക്ലബ് ഓഫ് ഇന്ത്യക്ക് മുന്നിൽ തടിച്ചുകൂടിയ യുവാക്കളെ പിന്തിരിപ്പിക്കാൻ നിരന്തരം കണ്ണീർവാതകം തൊടുത്തു. പിന്നാലെ ലാത്തിച്ചാർജും.

ഒരുമണിക്കൂറോളം പാർലമെന്റിനുപുറത്ത് യുദ്ധക്കളമായിയുന്നു. പിന്നീട് പ്രതിഷേധക്കാരെ പാർലമെന്റിന് സമീപത്തുനിന്ന് തുരത്തിയോടിച്ച് മണിക്കൂറുകൾക്കുശേഷമാണ് കവാടങ്ങൾ തുറന്നത്. രാവിലെമുതൽ ജന്തർമന്തർ, പാർലമെന്റ് പരിസരങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങളും സർക്കാറിന്റെ നിർദേശപ്രകാരം ടെലികോം കമ്പനികൾ നിർത്തിവെച്ചിരുന്നു. ദൃശ്യമാധ്യമങ്ങൾക്ക് സംഭവങ്ങൾ തത്സമയം റിപ്പോർട്ട് ചെയ്യാൻ പോലും അനുവാദമുണ്ടായില്ല.

മാർച്ചിൽ പങ്കെടുത്ത യുവാക്കളെ ഡൽഹി പൊലീസ് തല്ലിച്ചതക്കുന്നതിന്റെ ദൃശ്യങ്ങൾ ഏറെ വൈകിയാണ് ചാനലുകളിൽ വന്നത്. കലാപങ്ങളെ നിയന്ത്രിക്കുന്ന ഡൽഹി പൊലീസിന്റെ സേനയായ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിനെയാണ് വിദ്യാർഥികളെ തല്ലിച്ചതക്കാൻ സർക്കാർ നിയോഗിച്ചത്.

പാറ്റകൾ വന്നതെങ്ങനെ

എല്ലാം തുടങ്ങിയത് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശത്തില്‍ നിന്നാണ്. മേയ് 15ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശങ്ങൾക്കുള്ള ആക്ഷേപഹാസ്യ പ്രതികരണമായാണ് പാർട്ടി ഉയർന്നുവന്നത്. ‘പാറ്റകളെപ്പോലെ കുറേ യുവാക്കളുണ്ട്. ഒരു തൊഴിലുമില്ലാത്ത അവര്‍ മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളും ആർ.ടി.ഐ ആക്ടിവിസ്റ്റുകളുമെല്ലാമാകും. ഭരണസംവിധാനത്തെ ആക്രമിക്കും’ എന്നായിരുന്നു അത്. ഇതോടെയാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾ തുടങ്ങിയത്.

ആം ആദ്മി പാർട്ടിയുടെ മുൻ സമൂഹമാധ്യമ തന്ത്രജ്ഞനായ അഭിജീത് ദിപ്കെ മേയ് 16ന് തുടങ്ങിയ ഒരു ഇന്ത്യൻ ആക്ഷേപഹാസ്യ രാഷ്ട്രീയ പ്രസ്ഥാനമാണ് കോക്രോച്ച് ജനതാ പാർട്ടി. തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം പൊറുതിമുട്ടുന്ന ഒരു രാജ്യത്തിന്‍റെ ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശം യുവാക്കളെ പ്രത്യേകിച്ച് ജെന്‍ സികളെ പ്രകോപിപ്പിച്ചു. അവര്‍ സമൂഹമാധ്യമങ്ങളില്‍ ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശങ്ങളെ വലിച്ചുകീറി. ഇതോടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിശദീകരണം പോലും നല്‍കി. യുവജനതയെ അല്ല വ്യാജ ഡിഗ്രികളുമായി നടക്കുന്ന ചിലരെക്കുറിച്ചാണ് പറഞ്ഞതെന്നും യുവാക്കള്‍ വികസിത ഇന്ത്യയുടെ ആണിക്കല്ലാണെന്നുമെല്ലാം അദ്ദേഹം പറഞ്ഞു.

ജെൻസികൾ ഉറക്കംകെടുത്തുന്നു

രാജ്യ തലസ്ഥാനം ഭരണകൂടത്തിന്റെ ഉറക്കം കെടുത്തി ഇങ്ങനെ തിളച്ചുമറിയാനും രാജ്യത്തെ കോടിക്കണക്കിന് യുവജനതയുടെ രോഷം ഒരു കുടക്കീഴിലെത്തിക്കാനും കഴിഞ്ഞത് മഹാരാഷ്ട്രക്കാരനായ അഭിജീത് ദിപ്കെയെന്ന യുവാവിന്റെ പ്ലാനിങ് ആണ്. ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശം വന്നതിന്‍റെ പിറ്റേന്ന് അഭിജീത് കോക്രോച്ച് ജനതാപാര്‍ട്ടി എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം പേജും വെബ്സൈറ്റും ആരംഭിച്ചു.

ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് പബ്ലിക് റിലേഷനില്‍ ബിരുദം നേടിയ ആളാണ് മുപ്പതുകാരനായ ഈ സമരനേതാവ്. വോയിസ് ഓഫ് ദ ലേസി ആന്‍ഡ് അൺ എംപ്ലോയ്ഡ് എന്ന ടാഗ് ലൈനോടെ രൂപംകൊണ്ട സി.ജെ.പിക്ക് പറയാൻ കൃത്യമായ കാര്യങ്ങളുണ്ട്, മാനിഫെസ്റ്റോയും. അതെല്ലാം ഏറ്റെടുത്ത് രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളും ഒപ്പംചേർന്നിരിക്കുകയാണ്.

സോനം വാങ്ചുകിന്റെ പോരാട്ടം

വിദ്യാർഥികളുടെ അവകാശത്തിനുവേണ്ടി പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് എന്ന അമ്പത്തൊമ്പതുകാരൻ ജന്തർ മന്തറിൽ നിരാഹാരം കിടന്നത് രാജ്യത്തെ യുവാക്കളു‍ടെ വിദ്യാഭ്യാസവും ഭാവിയും അപകടത്തിലാകാതിരിക്കാനാണ്. എൻജിനീയറും അധ്യാപകനുമായ സോനം വാങ്ചുകിന് സമരവേദികൾ ഇതാദ്യമല്ല. ജൂൺ 28ന് തുടങ്ങിയ നിരാഹാരം. ജൂലൈ 18ന്, ജന്തർമന്തറിലെ സമരപ്പന്തലിൽനിന്ന് ഡൽഹി പൊലീസ് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്കു നീക്കുന്നതുവരെ അത് നീണ്ടു.

വാങ്ചുകിനെ നീക്കിയതിൽ പ്രതിഷേധിച്ച് അഭിജീത് ദിപ്‌കെ അനിശ്ചിതകാല നിരാഹാരവും തുടങ്ങി. സോനം വാങ്ചുക് ആശുപത്രിയിലും നിരാഹാരം തുടർന്നു. സഫ്ദർജങ് ആശുപത്രിയിൽ വിശ്വാസമില്ലെന്നും വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നുമാവശ്യപ്പെട്ട് ഭാര്യ ഹൈകോടതിയെ സമീപിക്കുകയും അനുമതി നൽകുകയും ചെയ്തു. സോനത്തിനൊപ്പം ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഐസയുടെ പ്രവർത്തകരും നിരാഹാര സമരം നടത്തിയിരുന്നു. ഒടുവിൽ എസ്.എഫ്.ഐ ദേശീയ അധ്യക്ഷനും നിരാഹാരമിരുന്നു. ഷബാന ആസ്മി മുതൽ പ്രകാശ് രാജ് വരെയുള്ള സിനിമാ താരങ്ങളും പ്രതിഷേധത്തിന് ഐക്യദാർഢ്യപ്പെട്ട് സമരത്തിനെത്തി.

സർജിക്കൽ സ്ട്രൈക്ക്

സി.ജെ.പി നടത്തിയ പാർലമെന്റ് മാർച്ചിനെ ഡൽഹി പൊലീസ് ക്രൂരമായി ലാത്തികൊണ്ടും കണ്ണീർ വാതകം കൊണ്ടും നേരിട്ടപ്പോൾ, അതിനെതിരെ പ്രതിഷേധിക്കുക എന്ന രാഷ്ട്രീയ ഉത്തരവാദിത്തത്തിലേക്ക് കോൺഗ്രസിനെ എത്തിക്കാൻ ആ യുവജന പോരാട്ടത്തിന് സാധിച്ചു. രാജ്യവ്യാപകമായി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ടെങ്കിലും ജന്തർ മന്തറിലെ സി.ജെ.പി സമരവേദിയിലേക്ക് ആദ്യം കടന്നു ചെല്ലാൻ കോൺഗ്രസ് തയാറായിരുന്നില്ല.

പിന്നീട് സോണിയ ഗാന്ധിയുടെ ഇടപെടൽ മൂലമാണ് ആദ്യമായി കോൺഗ്രസ് നേതാവ് പവൻ ഖേര ഐക്യദാർഢ്യവുമായി ചെന്നത്. മറ്റു പ്രതിപക്ഷ പാർട്ടികൾ പിന്തുണ നൽകിയപ്പോഴും കോൺഗ്രസ് അകലം പാലിച്ചതിനെതിരെ വിമർശനവും ഉയർന്നിരുന്നു. പാർലമെന്റ് മാർച്ചിൽ പങ്കെടുത്ത യുവാക്കളെ തല്ലിച്ചതച്ചതിനെതിരേ കോൺഗ്രസ് പ്രതിഷേധം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലായിരുന്നു.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ മുതിർന്ന നേതാക്കളും മുഖ്യമന്ത്രിമാരും എം.പിമാരും പങ്കെടുത്തു. നാലുമണിക്കൂറോളം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം തീർത്തു. പിന്നീട് ബലം പ്രയോഗിച്ച് രാഹുലിനെയും പ്രിയങ്കയെയും ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കുകയായിരുന്നു.

പ്രക്ഷോഭത്തോട് സർക്കാറിന് പിന്തിരിഞ്ഞുനിൽക്കാനാവില്ല. ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ ഇത്തരം സമരങ്ങൾ പിന്നീട് ഭരണമാറ്റങ്ങൾക്ക് വഴിവെച്ചതും ഭരണകൂടം മറക്കില്ലെന്നു കരുതാം. സി.ജെ.പിയുടെ സമരരംഗത്ത് കർഷകരും രക്ഷിതാക്കളും അണിനിരന്നത് പ്രതിഷേധത്തിന്റെ ആഴം കൂട്ടുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi ProtestIndia NewsCockroach Janata Party
News Summary - cjp protest
Next Story