3 നിശബ്ദ ശബ്ദങ്ങൾ
text_fieldsഈ വര്‍ഷം അന്തര്‍ദേശീയ നാടകോത്സവം അരങ്ങേറിയപ്പോൾ സംക്ഷിപ്തവാക്യം തന്നെ ‘നിശ്ശബ്ദതയിലെ ശബ്ദങ്ങള്‍’ എന്നായിരുന്നു. എന്തുകൊണ്ടും അർഥപൂർണമായ ഒരുശീര്‍ഷകക്കുറി തന്നെയായിരുന്നു അത്. കൂടുതല്‍ വിശാലവും സഹിഷ്ണുത നിറഞ്ഞതുമായ ഒരു സാമൂഹികസൃഷ്ടിക്കായി പോരടിക്കുന്ന ഒരുകൂട്ടം കലാകാരന്മാരുടെ കൂടിച്ചേരലായിരുന്നു നാടകവേദിയിൽ അരങ്ങേറിയത്. അര്‍ജന്റീന, സ്പെയിന്‍, ബ്രസീല്‍, ഫലസ്തീന്‍ എന്നുവേണ്ട ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള കലാകാരന്മാരും കലാകാരികളും അവരുടെ കലാവതരണത്തിനായി വന്നെത്തിയിരുന്നു. നാടകോത്സവത്തില്‍ ഏറെ ശ്രദ്ധേയമായ, പ്രേക്ഷകരുടെ ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റിയ ചില നാടകങ്ങളെക്കുറിച്ച്.
1→ഫ്രാങ്കെൻസ്റ്റൈൻ പ്രോജക്ട്
മനുഷ്യനും സൃഷ്ടിയും തമ്മിലുള്ള സങ്കീർണബന്ധം വ്യക്തമാക്കുന്ന സ്പാനിഷ് ഭാഷയിലുള്ള ‘ഫ്രാങ്കെൻസ്റ്റൈൻ പ്രോജക്ട്’ എന്ന നാടകത്തോടെയായിരുന്നു ഇറ്റ്ഫോക്ക് എന്ന രാജ്യാന്തര നാടകോത്സവം തുടങ്ങിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍, യുദ്ധങ്ങള്‍, വംശഹത്യകള്‍, ചൂഷണങ്ങള്‍ എന്നിവക്കെതിരെയും മനുഷ്യസമത്വത്തിനും സ്ത്രീപുരുഷ സമത്വത്തിനുംവേണ്ടി പോരടിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ ഹൃദയ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായിരുന്നു നാടകങ്ങൾ ഓരോന്നും. അര്‍ജന്റീനയിലെ ലൂസിയാനോ മന്‍സൂര്‍ എന്ന കമ്പനിക്കുവേണ്ടി സ്പാനിഷ് ഭാഷയില്‍ ചിട്ടപ്പെടുത്തിയ അറുപത് മിനിറ്റ് നീണ്ടുനില്‍ക്കുന്ന ‘ഫ്രാങ്കെൻസ്റ്റൈൻ പ്രോജക്ട്’ എന്ന നാടകം അവതരണ മികവുകൊണ്ടും ആശയ വ്യക്തതകൊണ്ടും ശ്രദ്ധേയമായിരുന്നു. മേരിഷെല്ലിയുടെ ഫ്രാങ്കന്‍സ്റ്റൈന്‍ എന്ന ക്ലാസിക് കൃതിയെ ആധാരമാക്കി അര്‍ജന്റീനയിലെ നാടക സംഘമായ ലുസിയാനോ അവതരിപ്പിച്ച ഈ ആവിഷ്കാരം പപ്പറ്റ് തിയറ്ററിന്റെ അനന്ത സാധ്യതകള്‍ തുറന്നിടുന്നതാണ്.
പരാജയങ്ങള്‍ക്കൊടുവില്‍ ഡോക്ടര്‍ വിക്ടര്‍ ഫ്രാങ്കന്‍സ്റ്റൈന്‍ തന്റെ പരീക്ഷണത്തിന് ജീവന്‍ നല്‍കാന്‍ ശ്രമിക്കുമ്പോള്‍ സൃഷ്ടിയുടെ നിയന്ത്രണം കൈമോശം വരുകയും സൃഷ്ടി സ്രഷ്ടാവിനെതിരെ തിരിയുകയും ചെയ്യുന്ന അവസ്ഥ ഉടലെടുക്കുന്നു. മനുഷ്യന്‍ സ്വയം സൃഷ്ടിക്കുന്ന വിനാശത്തെ തിരിച്ചറിയാനുള്ള ഒരു ദ്വന്ദ്വവ്യക്തിത്വത്തെ പ്രതിഫ
ലിപ്പിക്കുന്ന നാടകം അത്യന്തം സങ്കീർണമായ മനുഷ്യാവസ്ഥയെ പപ്പറ്റ് തിയറ്ററിലൂടെ ആഖ്യാനം ചെയ്യാനാണ് ശ്രമിക്കുന്നത്. ഈ നാടകം ശ്രദ്ധേയമായ അവതരണാനുഭൂതി പകരുന്നത് അതിലൂടെയാണ്.
2→ഓറഞ്ച് ആൻഡ് സ്റ്റോണ്‍
വര്‍ഷങ്ങളായി ഒരു സമൂഹം നേരിടുന്ന അധിനിവേശവും അതുണ്ടാക്കുന്ന പട്ടിണിയും ദുരിതവും കഷ്ടതകളും, അതിനെ പ്രതിരോധിക്കുന്നതിന് മുതിരുമ്പോള്‍ നേരിടുന്ന വെല്ലുവിളികളും കാണികളുടെ മനസ്സിളകുംവിധം ഹൃദയത്തില്‍ ഒരു മുള്ളാണികൊണ്ടുകുത്തുന്ന നോവ് അനുഭവിപ്പിക്കുന്ന നാടകമാണ് ആസ്തര്‍ തിയറ്റര്‍ ഫലസ്തീന്‍
രംഗത്തെത്തിച്ച അമ്പതു മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഓറഞ്ച് ആൻഡ് സ്റ്റോണ്‍ എന്ന മൗന (നോൺ വെർബല്‍) നാടകം. മധ്യവയസ്‌കയായ ഒരു സ്ത്രീയെയും അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുവരുന്ന അങ്കിള്‍ സാമിനെപ്പോലെ തോന്നിപ്പിക്കുന്ന ഒരു പുരുഷനെയും കേന്ദ്രമാക്കിയാണ് ഓറഞ്ച് ആൻഡ് സ്റ്റോണിന്റെ കഥ വികസിക്കുന്നത്. പരിചിതനല്ലാത്ത പുരുഷന്‍ സ്ത്രീയുടെ താമസസ്ഥലത്ത് എത്തുകയും അവരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നിടത്താണ് നാടകം ആരംഭിക്കുന്നത്.
പതിയെ അയാള്‍ ഇവരുടെ വ്യക്തിജീവിതത്തിലേക്ക് ഇടിച്ചുകയറുകയും അവര്‍ അയാളെ പ്രതിരോധിച്ചു തുടങ്ങുന്നതിലുമാണ് കഥയുടെ ഇതള്‍വിരിയുന്നത്. അയാളുടെ സാന്നിധ്യം ആദ്യം സഹതാപമുണര്‍ത്തുന്നുവെങ്കിലും ക്രമേണ അത് അധിനിവേശത്തിന്റെ രൂപമായി മാറുന്നു. നാടകത്തിന്റെ പിരിമുറുക്കം നാടകത്തിനൊപ്പം കാണികളും അനുഭവിച്ചു തുടങ്ങുന്നു. സാധാരണക്കാരായ മനുഷ്യരുടെ മേല്‍ അമേരിക്കന്‍ സാമ്രാജ്യത്വം എങ്ങനെ കടന്നുകയറുന്നു എന്ന് രംഗാവതരണം നടത്തുകയാണ് സംവിധായിക ചെയ്യുന്നത്.
ഭാഷകള്‍ പോലും വിവേചനം നേരിടുന്ന വര്‍ത്തമാനകാലത്തില്‍ നിശ്ശബ്ദമാക്കപ്പെട്ടവരുടെ ശബ്ദങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനായി മൗനസങ്കേതത്തെയാണ് നാടകം ഉപയോഗപ്പെടുത്തുന്നത്. വാക്കുകള്‍കൊണ്ട് പലപ്പോഴും മനുഷ്യന്റെ പ്രതിഷേധം അടയാളപ്പെടുത്താന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഒരു നോട്ടത്തിലൂടെ അനേകം ധ്വനികളുള്ള ആശയം മനുഷ്യര്‍ക്കു കൈമാറാന്‍ കഴിയുന്നു എന്ന് ബോധിപ്പിക്കുന്നിടത്താണ് ഈ നാടകത്തിന്റെ വിജയം. ഫലസ്തീനിലെ ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് ഇന്നും അറുതി വന്നില്ല എന്നത് ഈ നാടകത്തിന്റെ പ്രസക്തി ഒന്നുകൂടി വർധിപ്പിക്കുന്നു. ആദ്യം മധുരമായും പിന്നെ ക്രൗര്യത്തോടെയും പ്രതിഷേധിക്കുന്ന ജനതയുടെ ആയുധ രൂപമാണ് ‘മധുരനാരങ്ങയും കല്ലിന്‍ കഷ്ണങ്ങളും’. ഓറഞ്ച് ആൻഡ് സ്റ്റോണ്‍ എന്ന നാടകം നമ്മോട് പറയുന്നത്, നിങ്ങള്‍ മൗനത്തിലൂടെയെങ്കിലും ഒന്നു പ്രതികരിക്കൂ എന്നാണ്. എവിടെയും അടിച്ചമര്‍ത്തപ്പെട്ടവന്റെ ആയുധം മണ്ണില്‍ നിന്നും ഉയിര്‍ക്കുന്നു എന്നു പറയുന്നപോലെയാണ് ഈ നാടകത്തിലെ കല്ലുകളുടെ പ്രസക്തി. നിരായുധരായ ജനതയുടെ ചെറുത്തുനിൽപിനുള്ള ആയുധമാണത്. വാക്കുകളില്ലാതെ വിസ്മയം തീര്‍ക്കുന്നു ഈ നാടകം.
3→ലൂയിസ് ജോയ്സ് എ സ്മാള്‍ ഡ്രാമ ഇൻ മോഷന്‍
സ്പാനിഷ് കോറിയോഗ്രാഫര്‍ ഡി. സെല്‍വിര സംവിധാനം നിര്‍വഹിച്ച ‘ലൂയിസ് ജോയ്സ് എ സ്മാള്‍ ഡ്രാമ ഇൻ മോഷന്‍’ നൃത്തവും സംഭാഷണവും കോര്‍ത്തിണക്കി രൂപപ്പെടുത്തിയതാണ്. ബാലെയുടെ അകമ്പടി ഈ നാടകത്തിന് ഒരിക്കലും ഒരു ഏച്ചുകെട്ടലല്ല. കാരണം ഇതിലെ നായിക ഒരു ബാലെ നര്‍ത്തകിയാണ്. സ്വന്തം പിതാവിനാല്‍ ക്രൂശിക്കപ്പെട്ട പെണ്‍കുട്ടിയുടെ കഥയാണ് ഈ നാടകത്തിലൂടെ സ്പെയിനിലെ കാര്‍ലിക്ക് ഡാന്‍സ് തിയറ്റര്‍ രംഗസാക്ഷാത്കാരം നടത്തുന്നത്. പുരുഷാധിപത്യവും അതിന്റെ സങ്കീര്‍ണതയും പ്രമേയമാക്കി അതിനെ സൂക്ഷ്മതയോടെ അരങ്ങില്‍ അവലോകനം ചെയ്യുന്നതില്‍ അവര്‍ അങ്ങേയറ്റം വിജയിച്ചിരിക്കുന്നു. ലൂസിയ തന്റെ സ്വന്തം കഴിവുകൊണ്ടും സാധനകൊണ്ടും ലോക പ്രശസ്ത നര്‍ത്തകി എന്ന നിലയിലേക്ക് വളര്‍ന്നുവരുന്നു. തന്നേക്കാള്‍ തന്റെ മകള്‍ പ്രശസ്തിയിലേക്ക് ഉയരുന്നത് ഭയക്കുന്ന പിതാവ് അവളുടെ കരിയറും ജീവിതവും തകര്‍ക്കാന്‍ ശ്രമിക്കുന്നു. അയാള്‍ ലൂസിയയെ ഉപദ്രവിക്കുകയും മാനസികരോഗിയാക്കി
അയക്കുകയും ചെയ്യുന്നു, അയാളോടുചേര്‍ന്ന് അയാളുടെ സഹോദരനും പ്രവര്‍ത്തിക്കുന്നു. നാടകത്തിന്റെ ഇതിവൃത്തം വികസിക്കുന്നത് വ്യക്തിഗതമെന്നു പറയാവുന്ന ഇത്തരം സംഭവങ്ങളിലൂടെയാണ്. കുടുംബ ചട്ടക്കൂടിനുള്ളില്‍ പെണ്‍കുട്ടി എങ്ങനെയാണ് ഒറ്റപ്പെട്ടുപോകുന്നത് എന്ന് ഈ നാടകം നമ്മോട് പറയുന്നു. ജോയ്സിന്റെ സമകാലീനരായ യൂങ്ങ്, സാമുവല്‍ ബക്കറ്റ് എന്നിവരും ഈ നാടകത്തില്‍ കഥാപാത്രങ്ങളായി കടന്നുവരുന്നു. നിശ്ശബ്ദമാക്കപ്പെട്ട കലാകാരിയുടെ ആത്മസംഘര്‍ഷങ്ങള്‍ അഗ്നിയായി അരങ്ങില്‍ പടര്‍ന്നുകഴിയുമ്പോള്‍, പതിയെ തോൽപിക്കപ്പെട്ട അവളെ വീണ്ടെടുത്തുതരുന്നതിലേക്കാണ് നാടകത്തിന്റെ രംഗാവിഷ്കാരം കടക്കുന്നത്. അതുകൊണ്ടുതന്നെ തോൽപിക്കപ്പെട്ട കലാകാരിയുടെ ഉജ്ജ്വലമായ വീണ്ടെടുപ്പാണ് ഈ നാടകം. വിനോദത്തിനപ്പുറം, മുറിവേൽപിക്കപ്പെട്ടവരുടെ രാഷ്ട്രീയം പറയുന്നിടത്താണ് നാടകത്തിന്റെ വര്‍ത്തമാനകാല പ്രസക്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

