virasat ഭൂതകാലം
text_fieldsകമ്പനി സ്കൂൾ ആർട്ടിസ്റ്റുകൾ എന്നു കേട്ടിട്ടുണ്ടോ? ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ഇന്ത്യയുടെ ചരിത്രവും സംസ്കാരവും രേഖപ്പെടുത്തുന്നതിന് പ്രാദേശിക കലാകാരന്മാരെ ചിത്രരചനക്കായി നിയോഗിച്ചിരുന്നു. ഈ കലാകാരന്മാരാണ് കമ്പനി സ്കൂൾ ആർട്ടിസ്റ്റുകൾ. ഇന്ത്യയിലെ പ്രാദേശിക രീതികൾ, സംസ്കാരം, ചരിത്രപരമായ കാര്യങ്ങൾ എന്നിവ അവർ വരക്കാറുണ്ടായിരുന്നു. ചിത്ര രചനക്കായി കമ്പനി സ്കൂള്‍ ചിത്രകാരന്മാര്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ യാത്രചെയ്തു. ജന്മംകൊണ്ട് ഇന്ത്യക്കാർ ആയിരുന്നുവെങ്കിലും അവരുടെ ചിത്രരചനാ രീതി യൂറോപ്യൻ ആയിരുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ അന്നത്തെ ജനങ്ങളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ് കമ്പനി സ്കൂൾ കലാകാരന്മാര്‍ കാന്‍വാസുകളില്‍ കോറിയിട്ടത്. ആയുധപരിശീലനം, ആഘോഷങ്ങള്‍, സാമൂഹിക ജീവിതം തുടങ്ങി ജീവിതത്തിന്റെ നാനാതുറകളെയും കുറിച്ചുള്ള ചിത്രങ്ങൾ അവർ പകര്‍ത്തി. കമ്പനി സ്കൂള്‍ ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങള്‍ ലോകത്തോട് സംസാരിക്കുമ്പോഴും ചിത്രകാരന്‍ ഇരുളിന്‍റെ നിഴലില്‍ ഒളിച്ചിരുന്നു. അപൂർവം ചിലരുടേതൊഴികെ മിക്കവരുടെയും പേരുകള്‍പോലും ലഭ്യമല്ല.
എല്ലോറ സിങ്, ഗണേഷ് പ്രതാപ് സിങ്, സഞ്ജയ്
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നേതൃത്വത്തില്‍ പകര്‍ത്തിയ ഇന്ത്യയുടെ ചിത്രങ്ങള്‍ മിക്കവയും സ്വാതന്ത്ര്യലബ്ധിക്കുശേഷം കടല്‍കടന്നു പോയിരുന്നു. എങ്കിലും, വിദേശികള്‍ പുരാവസ്തുക്കള്‍ക്ക് കൊടുക്കുന്ന പരിഗണനമൂലം അവയില്‍ പലതും ആര്‍ട്ട് ഗാലറികളിലും സ്വകാര്യശേഖരത്തിലും അതീവ ഭദ്രമായിരുന്നു. ഇത്തരത്തിൽ ഇന്ത്യയുടെ ഭൂതകാലം തിരഞ്ഞുപിടിച്ച് ഒരു കാലഘട്ടത്തെ കൺമുന്നിൽ ചിത്രങ്ങളിലൂടെ തുറന്നിടുകയാണ് വിരാസത്. 50 ലധികം ആളുകളുടെ കൂട്ടായ്മയാണ് വിരാസത്. ഗണേഷ് പ്രതാപ് സിങ്ങാണ് വിരാസത് ആർട്സിന്റെ സ്ഥാപകൻ. കമ്പനി സ്കൂൾ പെയിന്റിങ്ങുകളാണ് വിരാസതിന്റെ മുഖ്യ ആകർഷണം. ഈ കമ്പനി സ്കൂൾ പെയിന്റിങ്ങുകളുടേതാണ് മാത്രമായി വിരാസത് ഒരുക്കിയ പ്രദർശനമാണ് ഹിന്ദുസ്ഥാൻ ഫയൽസ്. രാജ്യത്തിന്‍റെ കേട്ടുകേൾവിയില്ലാത്ത കല-സാംസ്കാരിക-രാഷ്ട്രീയ ഭൂപടം ഹിന്ദുസ്ഥാൻ ഫയൽസിലൂടെ അറിയാം. ചരിത്രാന്വേഷികളിലൂടെ, വിരാസതിന്റെ വിശേഷങ്ങളിലൂടെ.
ചരിത്രത്തിലേക്കൊരു യാത്ര
അമ്മാവനും പ്രശസ്ത ഇന്ത്യന്‍ ചരിത്രകാരനുമായ മുനി സിങ്ങാണ് വിരാസത് ആർട്സ് സ്ഥാപകനായ ഗണേഷ് പ്രതാപ് സിങ്ങിന്‍റെ ചരിത്രാന്വേഷണ യാത്രയിലെ ആദ്യ ഗുരു. ക്വിറ്റ് ഇന്ത്യ സമര നായകനായ പിതാവിലൂടെ ഇന്ത്യൻ ചരിത്രം മനഃപാഠമാക്കിയ മകൻ താൻ കേട്ടറിഞ്ഞ കഥകൾ ചരിത്രമായി അവശേഷിക്കാതെ സമൂഹത്തിന് വെളിച്ചമായി മാറണമെന്നാഗ്രഹിച്ചു. സമരവീര്യം തുളുമ്പുന്ന കഥകളാല്‍ സമ്പന്നമായ ബാല്യം ഓർമകളിലേക്ക് വിരല്‍ ചൂണ്ടുന്ന എന്തിനെയും കണ്ടെത്താനുള്ള ത്വര മനസ്സിലുളവാക്കി. മുതിര്‍ന്നപ്പോള്‍ പുരാവസ്തു ശേഖരം ആരംഭിക്കുക എന്നത് മാത്രമായിരുന്നു മനസ്സില്‍. ചരിത്രവസ്തുക്കൾ തേടി നാട്ടിലും പുറംനാട്ടിലും സഞ്ചരിച്ചു. അവഗണനയുടെ കയ്പുനീരിൽ പല ചരിത്രരേഖകളും വിസ്മൃതിയിലായിപ്പോകുന്നു എന്ന തിരിച്ചറിവ് ഗവേഷണത്തിന് പുതിയ തലം നല്‍കി. ലോകത്തിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ച് പതിനായിരത്തിലധികം പുരാവസ്തുക്കൾ ശേഖരിച്ചു. തുടർന്നാണ് ആർക്കൈവ് എന്ന ആശയം മനസ്സിൽ ഉദിച്ചത്. 2008ൽ കൊൽക്കത്തയിലെ ബേലൂരിലാണ് വിരാസത് എന്ന തന്‍റെ ചിരകാലസ്വപ്നം സാക്ഷാത്കരിച്ചത്. ആർക്കൈവ് സ്ഥാപിച്ചതോടെ പുരാവസ്തുക്കള്‍ക്കായി അന്വേഷണം ഊർജിതമാക്കി. ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് അപൂര്‍വമായ വസ്തുക്കൾ ശേഖരിച്ചു. ചിലത് സ്വകാര്യ ശേഖരത്തില്‍നിന്നു വാങ്ങി. ശേഖരിക്കുന്ന ഓരോ വസ്തുവിനും പിറകിലുള്ള ചരിത്രംകൂടി അറിയാൻ ഗണേഷ് ശ്രമിച്ചു. അങ്ങനെയാണ് ഇന്ത്യയിലെ കമ്പനി സ്കൂള്‍ പെയിന്‍റിങ്ങിനെക്കുറിച്ച് അറിയുന്നതും അത്തരം ചിത്രങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതും.
ഹിന്ദുസ്ഥാൻ ഫയൽസ്
ഇന്ത്യൻ ചരിത്രം സംബന്ധിച്ച പ്രദർശനമായതിനാലാണ് ‘ഹിന്ദുസ്ഥാൻ ഫയൽസ്’ എന്ന പേര് നൽകിയതെന്ന് സഹപ്രവർത്തകൻ സഞ്ജയ് പറയുന്നു. 1757 മുതല്‍ 1950 വരെയുള്ള കമ്പനി സ്കൂള്‍ പെയിന്റിങ്, മറ്റ് പ്രശസ്ത വ്യക്തികളുടെ പെയിന്റിങ്, വില്യം ബെയ് ലി, ചാള്‍സ് ഡി ഒയ് ലി, തോമസ് ഡാനിയല്‍, വില്യം ഡാനിയല്‍, ജയിംസ് ബെയ് ലി ഫ്രേസര്‍, ലെഫ്റ്റനന്‍റ് കേണല്‍ ജെയിംസ് ജോര്‍ജ്, ഹെന്‍ട്രി സാള്‍ട്ട്, എഫ്.ബി. സോള്‍വിന്‍സ്, ക്യാപ്റ്റന്‍ റോബര്‍ട്ട് സ്മിത്ത്, വില്യം ടൈലര്‍, ഫ്രാന്‍സിസ് സ്വൈന്‍വാര്‍ഡ്, വില്യം വുഡ് എന്നിവര്‍ വരച്ച ചിത്രങ്ങള്‍ ആസ്വാദകശ്രദ്ധയാകര്‍ഷിക്കും. രാജാറാം മോഹന്‍ റോയ്, രവീന്ദ്രനാഥ ടാഗോര്‍, വാറന്‍ ഹേസ്റ്റിങ്, ടിപ്പു സുല്‍ത്താന്‍, ലോര്‍ഡ് കോണ്‍വാലിസ്, താരാശങ്കര്‍ ബന്ദോപാധ്യായ, ശരത് ചന്ദ്ര ചാറ്റര്‍ജി, ജമിനി റോയ് എന്നിവരുടെ അപൂര്‍വ ചിത്രങ്ങൾ, സാമൂഹിക ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍, സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, വിവിധ മതവിഭാഗത്തില്‍പെട്ട ജനങ്ങളുടെ മതപരമായ ചടങ്ങുകള്‍ എന്നിവയാണ് പ്രധാനമായി പ്രദർശനത്തിൽ കാണാൻ സാധിക്കുക.
2022ൽ കൊല്‍ക്കത്തയിലാണ് ആദ്യ പ്രദര്‍ശനം നടന്നത്. ആഗസ്റ്റ് 14 മുതല്‍ 28 വരെ ഐ.സി.സി.ആര്‍ ഗാലറിയില്‍ നടന്ന പ്രദർശനത്തിൽ ഒമ്പത് ഗാലറികളിലായി 530 വസ്തുക്കൾ പ്രദർശിപ്പിച്ചു. 2024ൽ ഹൈദരാബാദിൽ നടത്തിയ പ്രദർശനത്തിൽ 260 വസ്തുക്കളും ഈ വർഷം ബംഗളൂരുവിൽ നടത്തിയ പ്രദർശനത്തിൽ 242 വസ്തുക്കളും പ്രദർശിപ്പിച്ചു. ബംഗളൂരുവിലെ പ്രദർശനം ഉദ്ഘാടനം ചെയ്തത് ശുചീകരണ തൊഴിലാളികളാണ്. ബ്രിട്ടീഷ് ഇന്ത്യയില്‍ ഏറ്റവുമധികം പീഡനം ഏറ്റുവാങ്ങിയത് സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരാണ്. ചരിത്രം എന്നുപറഞ്ഞാല്‍ അധികാരവും യുദ്ധവും മാത്രമല്ല, അത് സാധാരണ ജനങ്ങളുടെ കഥകള്‍ കൂടിയാണ്. രേഖപ്പെടുത്താതെ പോകുന്ന ജനവിഭാഗത്തെ സമൂഹത്തിനു മുന്നില്‍ രേഖപ്പെടുത്തുക എന്നതുകൂടി മുന്‍നിര്‍ത്തിയാണ് സംഘാടകർ ഉദ്ഘാടനം വേറിട്ടരീതിയില്‍ നടത്തിയത്.
അപൂർവ ശേഖരങ്ങൾ
പ്രദർശനത്തിലെ ഓരോന്നും അമൂല്യമാണെങ്കിലും ചരിത്രം തൊട്ടുണർത്തുന്ന അപൂർവ നിമിഷങ്ങൾ ആസ്വാദകർക്ക് കാണാൻ സാധിക്കും. വാസ്കോഡ ഗാമയുടെ സാമൂതിരി കൊട്ടാരം സന്ദര്‍ശനവേള, മലബാര്‍, കൊച്ചി തുടങ്ങിയവയുടെ പഴയകാല ചരിത്രനിമിഷങ്ങള്‍, മുഗള്‍ രാജഭരണ പ്രദേശം, സതി അനുഷ്ഠാനം, മസൂലി പട്ടണം, കണ്ണൂര്‍, മലബാര്‍ തീരം, സൂറത്ത്, ജര്‍മന്‍ കൊത്തുപണികള്‍, ലോര്‍ഡ് ബെൻഡിങ് ലോര്‍ഡ് വെല്ലസ്ലിക്ക് എഴുതിയ കത്ത്, കോഹിനൂര്‍ വജ്രം നഷ്ടപ്പെട്ടപ്പോൾ എഴുതിയ കത്ത്, ഇന്ത്യയുടെ ആദ്യത്തെ പതാക, രവീന്ദ്രനാഥ ടാഗോറിന്റെ മദർ ഇന്ത്യ, ലോകമാന്യ തിലക്, ദേവനാഗരി ലിപിയിലുള്ള എഴുത്തുകള്‍, രവീന്ദ്രനാഥ ടാഗോറിന്റെ കാലിഗ്രഫി, ടാഗോർ പാരിസില്‍ നടത്തിയ ആദ്യത്തെ എക്സിബിഷന്‍, നന്ദലാല്‍ ബോസ് നിര്‍മിച്ച ഭരണഘടനയുടെ ആദ്യ പ്രതി എന്നിവയുടെ ചിത്രങ്ങൾ, യൂറോപ്യന്‍ ചിത്രകാരന്‍ ജോഫാനി വരച്ച ചിത്രങ്ങള്‍, ചാള്‍സ് കോൺവാലിസിന്‍റെ ചിത്രം, ചാള്‍സ് ഡോളിയുടെ ഒപ്പിയം ചിത്രങ്ങള്‍, ബോണ്‍ ആന്‍ഡ് ഷെപ്പേഡ് വരച്ച ചിത്രങള്‍, സഫ്രണ്‍ ഗേറ്റ് ലണ്ടന്‍ വരച്ച പ്രോപഗണ്ട പോസ്റ്റര്‍, ഹെൻട്രി സാല്‍ട്ടിന്റെ ചിത്രങ്ങള്‍, അങ്കിള്‍ ഡാനിയല്‍, തോമസ് ഡാനിയല്‍ എന്നിവരുടെ ചിത്രങ്ങള്‍ തുടങ്ങിയവ ഇവിടെ കാണാം.
സത്യജിത് റായ്, ഗാന്ധിജി, കസ്തൂര്‍ബ ഗാന്ധി, രവീന്ദ്രനാഥ ടാഗോര്‍ എന്നിവരുടെ കൂടിക്കാഴ്ച, ബിസ്മില്ല ഖാന്‍, പണ്ഡിറ്റ് രവിശങ്കറിന്റെ ബാല്യകാലം എന്നിവയുടെ ഫോട്ടോകൾ, കൊല്‍ക്കത്തയിൽനിന്നുള്ള ക്വിറ്റ് ഇന്ത്യ പോസ്റ്റര്‍, ശങ്കറിന്റെ കാര്‍ട്ടൂണുകള്‍, 1940ല്‍ കോൺഗ്രസ് ഹൈകമാന്‍ഡ് സ്ഥാപിതമായപ്പോൾ ഉള്ള പെയിന്‍റിങ്, 1940 കാലഘട്ടത്തിലെ പരസ്യങ്ങള്‍, കവര്‍ പേജുകള്‍ എന്നിവയും ഇവയില്‍ ചിലതാണ്.
വിവിധ പുരാണ കഥാപാത്രങ്ങളുടെ മൈക്ക ചിത്രങ്ങള്‍, ബ്രാഹ്മണരുടെയും താഴ്ന്ന ജാതിയില്‍ പെട്ടവരുടെയും മരണാനന്തര ചടങ്ങുകൾ, ബംഗളൂരുവിലെ ശിവക്ഷേത്രം, ലോർഡ് കോൺ വാലിസിന്റെ കത്ത്, മൂന്നാം മൈസൂർ യുദ്ധത്തിനു തൊട്ടു മുമ്പ് എഴുതിയ കത്ത്, ഹെൻട്രിസ് വിൻകിൽടൺ ശ്രീരംഗപട്ടണം കീഴടക്കിയ ശേഷമുള്ള കത്ത്, പുരാണ കഥാപത്രങ്ങളായ മഹിഷാസുര, പഞ്ചമുഖി ഹനുമാന്‍, യമന്‍, ശിശുപാലന്‍, രാവണൻ, ശിവ-പാര്‍വതി കല്യാണം, ഗണപതി, ഹൈദരലിയുടെ ശവകുടീരം, ഹുസൈന്‍ഷാ ശവകുടീരം, താജ്മഹല്‍, കുതുബ് മിനാര്‍, ഹുമയൂണ്‍ ശവകുടീരം, ജമാ മസ്ജിദ്, ഫത്തേപ്പൂര്‍ സിക്രി, അക്ബറിന്‍റെ ശവകുടീരം, കൊല്‍ക്കത്തയിലെ ഗവര്‍ണര്‍ ഹൗസ്, കൊല്‍ക്കത്തയുടെ നഗരവീഥികള്‍ വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികള്‍, മുക്കുവർ, മുഹർറം പെയിന്‍റിങ്, 1722 കാലഘട്ടത്തിലെ ബനാറസ് പെയിന്‍റിങ്, ബംഗാൾ ജീവിതം, ഗുജറാത്ത്, അഹ്മദാബാദ്, എല്ലോറ, പട്ന നഗരം, ലാഹോര്‍, പഞ്ചാബ്, ജയ്പൂര്‍, ഗോവ, 20 ാം നൂറ്റാണ്ടിലെ ചിത്രങ്ങള്‍, യമുന നദി, മിനിയെച്ചര്‍ പെയിന്റിങ്, വിവിധ തരത്തിലുള്ള ഗതാഗത സംവിധാനം, ഝാൻസി റാണി, ബുദ്ധന്‍, ബിംബിസാരന്‍, കശ്മീര്‍ മാപ്, മുഗള്‍ രാജവംശത്തിലെ വ്യത്യസ്തമായ ആചാരങ്ങള്‍ തുടങ്ങിയവയും ചിത്രങ്ങളിലുണ്ട്.
സംസ്കാര സങ്കലനം
ഇന്ത്യയെക്കുറിച്ച് കഥകളിലൂടെയും വായനയിലൂടെയും മാത്രമറിഞ്ഞ ചിത്രകാരൻമാർ വരച്ച ചിത്രങ്ങളും ആർക്കൈവിലെ മറ്റൊരു സവിശേഷതയാണ്. ഇന്ത്യയിലെ ആരാധനാമൂർത്തികളെ യൂറോപ്യൻ രീതിയിൽ അവർ ചിത്രീകരിച്ചു. അവരിൽ പ്രധാനിയാണ് ബര്‍ണാഡ്. ഒരിക്കലും ഇന്ത്യ കണ്ടിട്ടില്ലാത്ത ബര്‍ണാഡ് ഇന്ത്യയിലെ ദൈവങ്ങളുടെ ചിത്രങ്ങള്‍ക്ക് അതീവ സൂക്ഷ്മതയോടെ ജീവൻ നൽകി. ഇന്ത്യന്‍ യൂറോപ്യന്‍ സംസ്കാരത്തിന്റെ സങ്കലനമാണ് ഇവിടെ കാണാൻ സാധിക്കുന്നതെന്നും വൈവിധ്യങ്ങൾ ഒരുമിക്കുമ്പോൾ ഉടലെടുക്കുന്നത് പുതിയ സൃഷ്ടിയാണെന്നും ക്യൂറേറ്റര്‍ ബാസു ആചാര്യ പറഞ്ഞു. ഓരോ ചിത്രവും രേഖകളും ശ്രദ്ധയോടെ പാക്ക് ചെയ്ത ശേഷം കൊറിയർ മുഖേനയാണ് പ്രദർശനങ്ങൾക്ക് എത്തിക്കുന്നത്. മിക്കപ്പോഴും ആവശ്യമുള്ള ഗാലറികൾ ലഭിക്കുന്നില്ല എന്ന് അദ്ദേഹം പരിഭവം പറയുന്നു. തങ്ങളുടെ ശേഖരത്തിലെ അഞ്ച് ശതമാനം മാത്രമാണ് പുറംലോകം ഇതുവരെ കണ്ടിട്ടുള്ളത്. ബാക്കി എല്ലാം കൊൽക്കത്തയിലെ ബേലൂരിലുള്ള ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ചിത്രങ്ങളുടെ പുനരുദ്ധാരണം
ഗണേഷ് പ്രതാപ് സിങ്ങിന്‍റെ മകൾ എല്ലോറ സിങ്ങിന്‍റെ നേതൃത്വത്തിലാണ് വിരാസതിന്റെ ഗവേഷണപ്രവർത്തനങ്ങൾ. ആര്‍ജിത് ബാനര്‍ജി, സന്‍ജയ് ഡെയ് എന്നീ ചിത്രകാരന്‍മാര്‍ ചിത്രങ്ങൾക്ക് പുനര്‍ജന്മം നല്‍കുന്നു. പുനരുദ്ധാരണ പ്രക്രിയ രാജു ചൗധരി, അശോക് മല്ലിക്, മനേഷ് ദുബേ എന്നിവരാണ് ചെയ്യുന്നത്. അത്യന്തം ക്ഷമ ആവശ്യമുള്ള ജോലികള്‍ ഇഷ്ടത്തോടെ ചെയ്യുമ്പോള്‍ പുതുചരിത്രമാണ് പിറവികൊള്ളുന്നത്. ഒരു ചിത്രം കൈയില്‍ കിട്ടുമ്പോള്‍ ഏകദേശം പൂര്‍ണമായി നാശത്തിന്റെ വക്കില്‍ എത്തിയിരിക്കും. അതില്‍നിന്നു നിറങ്ങള്‍ മാത്രം മിക്കപ്പോഴും തിരിച്ചറിയാന്‍ സാധിക്കും. വിരാസത് കഴിഞ്ഞ 25 വര്‍ഷമായി രാജ്യത്തിന്‍റെ പാരമ്പര്യം പേറുന്ന ചരിത്ര പെയിന്‍റിങ്ങുകളുടെ ആധികാരിക സംരക്ഷകരായി മാറിയിരിക്കുകയാണ്. ചെറിയ സംരംഭമായി തുടങ്ങിയ വിരാസത് ഇന്ന് വ്യവസ്ഥാപിതമായി ആധികാരികതയോടെ പെയിന്റിങ്ങുകളും ചുമര്‍ചിത്രങ്ങളും ടെറക്കോട്ട ശിൽപങ്ങളും പുനരുദ്ധാരണം ചെയ്യുന്നു. ചരിത്രത്തിന്റെ ഭാഗമായ ചിത്രങ്ങള്‍ പുനരുദ്ധാരണം നടത്തുക മാത്രമല്ല, ചിത്രത്തെക്കുറിച്ചും ചിത്രകാരനെക്കുറിച്ചും ആഴത്തില്‍ അറിഞ്ഞ് അവർ ഉപയോഗിച്ചിരിക്കുന്ന മാധ്യമങ്ങൾപോലും കൃത്യമായി മനസ്സിലാക്കി രേഖപ്പെടുത്തി വെക്കുന്നു. ആധികാരിക രേഖയായി വരുംതലമുറക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഓരോ ചിത്രത്തെയും രേഖകളെയും സമീപിക്കുന്നത്.
വിവിധ സ്ഥാപനങ്ങളും വ്യക്തികളും ഈ സംരംഭത്തിൽ വിരാസത്തിന് താങ്ങായുണ്ട്. അതിലൊന്നാണ് ടാറ്റാ സ്റ്റീല്‍സ്. ഒരു പുരാതന ചിത്രം പുനരുദ്ധരിക്കാന്‍ തീരുമാനിച്ചാല്‍ ആദ്യം അതിനെപ്പറ്റി പ്രാഥമിക സർവേ നടത്തും. പിന്നെ വ്യക്തതയാര്‍ന്ന ഫോട്ടോകള്‍ എടുത്തു വിശദ പ്ലാന്‍ തയാറാക്കും. തുടര്‍ന്ന് ജാംഷഡ്പൂരിലെ സ്റ്റുഡിയോയില്‍, കീറിയ ഭാഗങ്ങള്‍ ശരിയാക്കി അടര്‍ന്ന് നില്‍ക്കുന്ന ഭാഗങ്ങള്‍ ശ്രദ്ധയോടെ നീക്കും. ഇതെല്ലാം വ്യക്തമായി രേഖയാക്കി സൂക്ഷിക്കും. ഭാവിയില്‍ ആര്‍ക്കും ഗവേഷണ രേഖയാക്കി ഉപയോഗിക്കാന്‍ പറ്റുന്നതരത്തിലാണ് ഓരോ നിർമിതിയെയും പരിചരിക്കുന്നത്. വിരാസത്തിന്റെ സ്ഥാപകനും പ്രധാന പുനരുദ്ധാരകനുമായ ഗണേഷ് പ്രതാപ് സിങ്ങിന്‍റെ നേതൃപാടവം ഇതിൽ എടുത്തുപറയേണ്ട ഒന്നാണ്. ഉത്തര്‍പ്രദേശിലെ ബിഹാര്‍ജി ക്ഷേത്രത്തിലെ ചുമര്‍ചിത്രങ്ങള്‍ പുനരുദ്ധരിച്ചത് ഇദ്ദേഹമാണ്.
വിരാസത് ആർട്ട് പബ്ലിക്കേഷന്‍
വിരാസത് ആർട്ട് പബ്ലിക്കേഷൻ എന്ന പേരിൽ ഒരു സഹോദര കമ്പനിയുണ്ട്. കവിതകള്‍, ഓര്‍മക്കുറിപ്പുകള്‍, യാത്ര എന്നിവ അടിസ്ഥാനമാക്കി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. ഇംഗ്ലീഷ്, ബംഗാളി എന്നീ ഭാഷകളില്‍ പുസ്തകം പുറത്തിറക്കി. ഹിന്ദി, ഉർദു എന്നീ ഭാഷകളില്‍കൂടി പുസ്തകം പുറത്തിറക്കാനൊരുങ്ങുന്നു. കൊല്‍ക്കത്ത അന്തരാഷ്ട്ര ബുക്ക് ഫെയര്‍, ന്യൂട്ടണ്‍ ബുക്ക് ഫെയര്‍ എന്നിവയില്‍ സ്ഥിര സാന്നിധ്യമാണ് പബ്ലിക്കേഷന്‍.
ഇതൊരു തുടക്കം
പ്രദര്‍ശനം ആസ്വദിക്കാന്‍ കഴിയാതെ പോയവര്‍ക്ക് എക്സിബിഷനുശേഷം പ്രസിദ്ധീകരിക്കുന്ന വിഷ്വല്‍ അനക് ഡോട്സ് ഇന്ത്യ എന്ന ആര്‍ട്ടിക്കിളിലൂടെ പ്രദര്‍ശനത്തിന്റെ രത്നച്ചുരുക്കം മനസ്സിലാക്കാന്‍ സാധിക്കുമെന്ന് ഗണേഷ് പ്രതാപ് സിങ് പറഞ്ഞു. കുട്ടികള്‍ ഇന്ത്യയുടെ ചരിത്രം പഠിക്കണം. അതിനുവേണ്ടിയാണ് ഈ ശ്രമങ്ങള്‍. ഇന്ത്യ എങ്ങനെയായിരുന്നുവെന്ന് പുതുതലമുറയും സമൂഹവും മനസ്സിലാക്കണം. മറ്റാരും ഈ പ്രവൃത്തിചെയ്യാന്‍ മുന്നോട്ടുവരുന്നില്ല എന്നതാണ് ഇതുചെയ്യാന്‍തന്നെ പ്രേരിപ്പിച്ച പ്രധാനഘടകം. പുരാവസ്തു സംരക്ഷണത്തില്‍ സര്‍ക്കാര്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഗണേഷ് അഭ്യർഥിക്കുന്നു.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

