നൃത്ത വേദികളിലെ വേദിക
text_fieldsവേദിക മയൂർ
ഓരോ കുഞ്ഞിന്റെ ഉള്ളിലും ഓരോ കഴിവുകൾ ഒളിഞ്ഞിരിപ്പുണ്ടാകും. അവരുടെ താൽപര്യങ്ങൾ തിരിച്ചറിഞ്ഞ് ഒരിത്തിരി പിന്തുണ നൽകിയാൽ, നാളെ അവർ വലിയ ഉയരങ്ങളിൽ തിളങ്ങും. നൃത്തത്തോടുള്ള ഈ കൊച്ചു പെൺകുട്ടിയുടെ ഇഷ്ടം തിരിച്ചറിഞ്ഞ് കൃത്യമായ പരിശീലനം നൽകിയപ്പോൾ, അവളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും അതിനൊപ്പം വളരുകയായിരുന്നു.
അബൂദബി ഐ.എസ്.സി യുവജനോത്സവത്തിൽ 2025-26 വർഷത്തെ കലാതിലകപ്പട്ടം സ്വന്തമാക്കി യു.എ.ഇയുടെ നൃത്തവേദികളിൽ ഇപ്പോൾ തിളങ്ങിനിൽക്കുകയാണ് എറണാകുളം സ്വദേശിനിയായ വേദിക മയൂർ. ദുബൈ ഇന്ത്യൻ ഹൈസ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഈ കൊച്ചു കലാകാരി. ഭരതനാട്യത്തിലെ ചിട്ടയുള്ള മുദ്രകളായാലും കളരിപ്പയറ്റിലെ പതറാത്ത ചുവടുകളായാലും നാടോടി നൃത്തത്തിലെ തനിനാടൻ ശീലുകളായാലും വേദികയുടെ ഉള്ളിൽ എല്ലാം ഒരേപോലെ ഭദ്രം. അബൂദബി ഐ.എസ്.സി യുവജനോത്സവത്തിൽ 2025-26 വർഷത്തെ കലാതിലകപ്പട്ടം ചൂടിയ ഈ മിടുക്കിക്ക് നൃത്തത്തിനോട് ഇഷ്ടം തോന്നി തുടങ്ങുന്നത് സ്വന്തം വീടിനുള്ളിൽ നിന്ന് തന്നെയാണ്. നൃത്തം അഭ്യസിക്കുന്ന അമ്മ വിജിഷയും ചേച്ചിയും തന്നെയായിരുന്നു അവളുടെ ആദ്യ പ്രചോദനം. അവർ താളത്തിനൊത്ത് നൃത്തം ചെയ്യുന്നത് കൗതുകത്തോടെ നോക്കിനിന്നാണ് കൊച്ചു വേദിക ചുവടുവെച്ച് തുടങ്ങുന്നത്. സിനിമാറ്റിക് ഡാൻസിനോട് ഇഷ്ടം തോന്നിയാണ് ആദ്യം ഗൗതം ബങ്കേരയുടെ കീഴിൽ സിനിമാറ്റിക് ഡാൻസ് അഭ്യസിച്ചത്. ജിംനാസ്റ്റിക്സിനോട് ഒന്നുകൂടെ ഇഷ്ടമുള്ള വേദിക ദുബൈയിൽ നിന്ന് അതും പരിശീലിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നൃത്തത്തിന് അത്യാവശ്യമായ മെയ് വഴക്കം വേദികക്ക് ഒരു പ്രശ്നമായിരുന്നില്ല. ക്ലാസിക്കൽ നൃത്തം പരിശീലിക്കാൻ ആരംഭിച്ചത് 2023-ലാണ്. പ്രദീപ് പ്രകാശ് മാസ്റ്ററുടെ കീഴിൽ ഭരതനാട്യത്തിൽ ഹരിശ്രീ കുറിച്ച വേദികയുടെ ആദ്യ വേദിയായത് ‘സാന്ത്വനം’ ആയിരുന്നു. അത് ഒരു മത്സരമായിരുന്നില്ലെങ്കിലും മനോഹരമായി തന്നെ വേദിക ചുവടുവെച്ചു. ഇന്ന് പ്രേം മേനോൻ മാസ്റ്ററുടെ ശിക്ഷണത്തിലാണ് ക്ലാസിക്കൽ ഡാൻസ് പരിശീലിക്കുന്നത്.
ഓരോ ചലനവും മിനുക്കിയെടുക്കുന്നതിൽ മിടുക്കിയാണ് വേദിക. കളരിപ്പയറ്റിലും ചുവടുവെച്ചിട്ടുണ്ട് ഈ കൊച്ചു മിടുക്കി. മണികണ്ഠൻ മാഷിന് കീഴിൽ അഭ്യസിച്ച കളരിപ്പയറ്റിലെ പതറാത്ത ചുവടുകളുടെ ഉറപ്പും ജിംനാസ്റ്റിക്സിലൂടെ നേടിയെടുത്ത ശരീരത്തിന്റെ വഴക്കവും നൃത്തവേദിയിൽ വേദികയെ നന്നായി സഹായിച്ചിട്ടുണ്ട്. എല്ലാം പെട്ടെന്ന് പഠിച്ചെടുക്കുന്ന പ്രകൃതമാണ് വേദികയുടേത്. ജിംനാസ്റ്റിക്സ് മത്സരങ്ങളിൽ വെങ്കലവും വെള്ളിയും നേടിയിട്ടുണ്ട്. അതിൽ എല്ലാം രസം, ഇതൊന്നും ആരും നിർബന്ധിച്ചു ചെയ്യിച്ചതല്ല, മറിച്ച് എല്ലാം വേദികയുടെ താൽപര്യങ്ങളാണ്. 2025 വേദികയെ സംബന്ധിച്ചിടത്തോളം നല്ലൊരു വർഷമായിരുന്നു. അബൂദബി ഐ.എസ്.സി. യുവജനോത്സവത്തിൽ പങ്കെടുത്ത ഭൂരിഭാഗം ഇനങ്ങളിലും വേദിക സമ്മാനം കരസ്ഥമാക്കി. നാടോടി നൃത്തം, സിനിമാറ്റിക്, സെമി ക്ലാസിക്കൽ എന്നീ മൂന്ന് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് വേദിക കലാതിലകപ്പട്ടം നെറുകയിൽ ചൂടിയത്. ഇതിന് പുറമെ ഭരതനാട്യത്തിൽ ഫസ്റ്റ് റണ്ണറപ്പും സ്വന്തമാക്കി. അൽ ഐനിൽ നടന്ന ‘എക്സ്പ്രഷൻ 2025’ മത്സരത്തിൽ ജൂനിയർ വിഭാഗത്തിലായിരുന്നിട്ടും മുതിർന്ന കുട്ടികളോടൊപ്പം ഭരതനാട്യത്തിൽ ധീരമായി മാറ്റുരച്ച വേദിക, നാടോടി നൃത്തത്തിൽ അവിടെയും ഒന്നാമതെത്തി. ‘ഫിയസ്റ്റ 2025’ സീസൺ വൺ വിജയി എന്ന നേട്ടവും ഈ മിടുക്കിയുടെ പേരിനൊപ്പമുണ്ട്.
നൃത്തവേദികളിലെ ഈ തിരക്കുകൾക്കിടയിലും . പഠനത്തിൽ എന്നും മുൻപന്തിയിലുള്ള വേദിക യോഗയിലും ചിത്രരചനയിലുമെല്ലാം തന്റെ സർഗ്ഗാത്മകത തെളിയിച്ചിട്ടുണ്ട്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ വിദ്യാലയത്തെ പ്രതിനിധീകരിച്ച് യോഗ പോസ്റ്ററുകൾ പ്രദർശിപ്പിച്ചിരുന്നു. ഹുല ഹൂപ്പ് കറക്കുന്നതിലും യോഗയിലും മിടുക്കിയാണ്.
നൃത്തപഠനത്തിൽ അധ്യാപകരോട് വളരെ സൗഹൃദപരമായും എന്നാൽ അച്ചടക്കത്തോടെയും ഇടപെടുന്ന സ്വഭാവമാണ് വേദികയെ എല്ലാവർക്കും പ്രിയങ്കരിയാക്കുന്നത്. വേദികളുടെ ഓരോ ചുവടിലും തണലായി അച്ഛൻ ശ്രീജിത് വസന്തനും, അമ്മ പ്രജീഷയും, ചേച്ചി ദേവിക മയൂരും ഒപ്പമുണ്ട്. യു.എ.ഇയിലെ മണ്ണിൽ ജനിച്ച് വളർന്ന ഈ കുഞ്ഞു മലയാളി നർത്തകി ഇനിയുമേറെ വലിയ വേദികളിൽ ചിലങ്ക കെട്ടാനുള്ള തയാറെടുപ്പിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

