വൈക്കം മുഹമ്മദ് ബഷീർ ഒരു നാടകമാകുന്നു! ബഷീർ കഥാപാത്രങ്ങളെ മുഴുവൻ കൺമുന്നിലെത്തിച്ച് ‘അണ്ടര്‍ ദി മാങ്കോസ്റ്റീന്‍ ട്രീ’
text_fields‘അണ്ടര്‍ ദി മാങ്കോസ്റ്റീന്‍ ട്രീ’ നാടകത്തിൽ നിന്നും
തൃശൂർ: വിഖ്യാത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതവും എഴുത്തും അദ്ദേഹം ജീവൻ നൽകിയ കഥാപാത്രങ്ങളും ഒരു നാടകമായാൽ എങ്ങനെയുണ്ടാകും. അത് അസാധ്യമാണെന്നൊക്കെ തോന്നാമെങ്കിലും അൽപമൊന്നും ദീർഘിച്ചാലും സാധ്യമാകും എന്ന ഉത്തരം നൽകുകയാണ് അന്താരാഷ്ട്ര നാടകോത്സവ വേദിയിലെത്തിയ ‘അണ്ടര്‍ ദി മാങ്കോസ്റ്റീന്‍ ട്രീ’ എന്ന നാടകം. നിറഞ്ഞ സദസിന് മുന്നിലാണ് കെ.ടി മുഹമ്മദ് തിയറ്ററിൽ നാടകം അരങ്ങേറിയത്.
ബഷീറിനെ ഒരിക്കലെങ്കിലും വായിച്ചവർ മറക്കാനിടയില്ലാത്ത ഒറ്റക്കണ്ണൻ പോക്കരും ആനവാരി രാമൻ നായരും പൊൻ കുരിശു തോമയും നാരായണിയും മണ്ടൻ മുത്തപയും സുഹറയും ജമീലയും എന്തിനേറെ പാത്തുമ്മയുടെ ആട് വരെ അരങ്ങിൽ നിറഞ്ഞാടി. ബഷീറിനോടൊപ്പം ബഷീറിന്റെ വീട്ടിൽ ഒരുമിച്ചുകൂടിയ കഥാപാത്രങ്ങൾ തങ്ങളുടെ ജീവിതകഥ ബഷീറിനോട് അവതരിപ്പിക്കുന്ന രീതിയിലാണ് നാടകം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു ശബ്ദം കൊണ്ടു മാത്രം സാഹിത്യലോകത്തും സിനിമയിലും വിസ്മയം സൃഷ്ടിച്ച മതിലുകളിലെ നാരായണിയും ബഷീറും തങ്ങളുടെ കഥ നാടകത്തിലൂടെ മുഴുവനായും പങ്കുവെക്കുന്നുണ്ട്.
സ്ത്രീവിരുദ്ധമെന്ന് തോന്നിക്കുമെങ്കിലും താൻ ഈ കഥ എഴുതാൻ നിർബന്ധിതനായ ആളാണെന്ന് മുന്നറിയിപ്പ് നൽകിയ ‘പൂവൻപഴം’ എന്ന നാടകവും മുഴുവൻ കഥയും തീരും വരെ നാടകാവിഷ്കാരമുണ്ടായി. ‘ഭഗവത് ഗീതയും കുറേ മുലകളും’, ‘ആനവാരിയും പൊൻകുരിശും’, ‘വിശ്വവിഖ്യാതമായ മൂക്ക്’, ‘ഭാർഗവീ നിലയം’ എന്നിവയിലൂടെ നാടകം ഓട്ടപ്രദക്ഷിണം നടത്തുന്നുണ്ട്. അപമൃത്യു സംഭവിച്ച ഭാർഗവീനിലയത്തിൽ താമസത്തിനെത്തിയ ബഷീറും സഹായികളായ കഥാപാത്രങ്ങളും പെങ്ങളുടെ ആടും കൂടിച്ചേർന്ന ദിനങ്ങളാണ് ഇതിവൃത്തം.
സാഹിത്യത്തിലെ മനുഷ്യസ്‌നേഹി വൈക്കം മുഹമ്മദ് ബഷീറിന്റെ വൈവിധ്യമാര്‍ന്ന പത്ത് കഥകളെ ഒരു വേദിയില്‍ സമന്വയിപ്പിക്കുന്ന അപൂര്‍വമായ നാടകാവിഷ്‌കാരമാണ് ‘അണ്ടര്‍ ദി മാങ്കോസ്റ്റീന്‍ ട്രീ’ മുന്നോട്ടുവെക്കുന്നത്. രാജീവ് കൃഷ്ണനാണ് നാടകത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബഷീറിന്റെ പത്ത് കഥകളെ പരസ്പരം ബന്ധിപ്പിച്ച് പ്രണയം, ഹാസ്യം, കാരുണ്യം തുടങ്ങിയ മനുഷ്യവികാരങ്ങളെ ഒരേസമയം പ്രേക്ഷക മനസുകളിലേക്ക് പടര്‍ത്തുകയാണ് നാടകം. വ്യത്യസ്തമായ കഥാലോകങ്ങളെ ബന്ധിപ്പിക്കുന്നതിനായി ബഷീര്‍ തന്നെ കഥാകാരനായും പങ്കാളിയായും സാക്ഷിയായും അരങ്ങിലെത്തുന്ന സവിശേഷതയും ഇതിലുണ്ട്. വിവിധങ്ങളായ കഥകള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ നാടകത്തില്‍ ഒന്നിലധികം പ്രമേയങ്ങള്‍ കടന്നുപോകുന്നു. സിനിമ താരങ്ങളായ അപർണ ഗോപിനാഥ്, ദർശന രാജേന്ദ്രൻ എന്നിവരും നാടകത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

