ഉള്ള്യേരി ശങ്കരമാരാർ; ഓർമയായത് ചെണ്ടയിൽ താളവിസ്മയം തീർത്ത കലാകാരൻ
text_fieldsഉള്ള്യേരി ശങ്കരമാരാർ
ഉള്ള്യേരി: ശങ്കരമാരാരുടെ മരണത്തോടെ നഷ്ടമായത് ചെണ്ടയിൽ വാദ്യവിസ്മയം തീർത്ത കലാകാരനെ. ഏഴാം ക്ലാസ് മാത്രം ഔപചാരിക വിദ്യാഭ്യാസമുണ്ടായിരുന്ന മാരാർ ചെണ്ട, തിമില, പാണി, ഇടക്ക ഇവയിൽ മികച്ച പാടവമാണ് കാഴ്ചവെച്ചത്. കേരളത്തിലെ അറിയപ്പെടുന്ന ക്ഷേത്രങ്ങളിൽ ചെണ്ടവാദ്യം അവതരിപ്പിച്ചിരുന്ന ഇദ്ദേഹം നിരവധി തവണ ആകാശവാണിയിലും ദൂരദർശനിലും പരിപാടികൾ നടത്തിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽ തായമ്പക, പഞ്ചവാദ്യം, മേളം എന്നിവ അവതരിപ്പിക്കുകയും ബഹുമതികൾ ലഭിക്കുകയും ചെയ്തിരുന്നു. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ ശിഷ്യനാണ്. ചെണ്ടവാദ്യത്തെ ജനകീയമാക്കുന്നതിൽ പങ്കുവഹിച്ച അദ്ദേഹത്തിന് ജാതിമതഭേദമന്യേ വിപുലമായ ശിഷ്യസമ്പത്ത് ഉണ്ടായിരുന്നു.
ബാലുശ്ശേരിയിലെ പഞ്ചവാദ്യ സംഘം വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. ഫോക്ലോർ സെമിനാറിൽ ‘വാദ്യങ്ങളുടെ തനിമ’ എന്ന പ്രബന്ധം അവതരിപ്പിക്കുകയും വാദ്യവും തന്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം, ക്ഷേത്ര വാദ്യകല അക്കാദമിയുടെ വാദ്യശ്രീ പുരസ്കാരം, അഖില കേരള മാരാർ ക്ഷേമ സഭയുടെ വാദ്യകലാരത്നം പുരസ്കാരമടക്കം നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോഴിക്കോട് സന്ദർശന വേളയിൽ സാമൂതിരിയിൽനിന്ന് ഉപഹാരം സ്വീകരിച്ചിരുന്നു.
ആതകശ്ശേരി ക്ഷേത്രത്തിനു സമീപത്തെ ശിവകൃഷ്ണയിലെ പൊതുദർശനത്തിനുശേഷം ശനിയാഴ്ച ഉച്ചയോടെ കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ സംസ്കരിച്ചു. അനുശോചന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.എം. ബാലരാമൻ, വാർഡ് അംഗങ്ങളായ സിനി, സുജാത നമ്പൂതിരി, കെ.ടി. സുകുമാരൻ, ആതകശ്ശേരി ശിവക്ഷേത്രം പ്രസിഡന്റ് പി. സുരേഷ്, കെ.കെ. സുരേഷ്, രാജേഷ്, രാജേന്ദ്രൻ കുളങ്ങര, പുരുഷു ഉള്ള്യേരി, കെ. പവിത്രൻ എന്നിവർ സംസാരിച്ചു.
ശങ്കരമാരാരുടെ നിര്യാണത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് അനുശോചിച്ചു. പ്രസിഡന്റ് കെ. മധുസൂദനൻ അധ്യക്ഷത വഹിച്ചു. കെ.എം. ബാബു, വി.കെ. ഖാദർ, കെ.പി. സുരേന്ദ്രനാഥ്, വി.എസ്. സുമേഷ് എന്നിവർ സംസാരിച്ചു.