സോപാനത്തിൽ 64 അംഗ വനിത പഞ്ചവാദ്യ സംഘത്തിന്റെ പരിശീലനത്തിന് തുടക്കം
text_fieldsസംസ്ഥാനത്തെ ആദ്യ വനിത പഞ്ചവാദ്യസംഘത്തെ രൂപപ്പെടുത്താൻ സോപാനം പഞ്ചവാദ്യം സ്കൂൾ ആരംഭിച്ച പരിശീലനം
എടപ്പാൾ: സംസ്ഥാനത്തെ ആദ്യ വനിത പഞ്ചവാദ്യസംഘത്തെ രൂപപ്പെടുത്താനുള്ള ശ്രമത്തിന് തുടക്കം. 64 കലകളുടെ പ്രതീകമായി 64 വനിതകളെ ഉള്‍പ്പെടുത്തി പഞ്ചവാദ്യസംഘം ഒരുക്കാൻ സോപാനം പഞ്ചവാദ്യം സ്കൂൾ ആരംഭിച്ച പരിശീലനം പുതുവത്സരാഘോഷത്തിന്റെ അണിയറപ്രവർത്തനങ്ങൾക്ക് വേറിട്ട താളം നൽകി. മദ്ദളം, തിമില, ഇടയ്ക്ക, ഇലത്താളം, കൊമ്പ് തുടങ്ങി പഞ്ചവാദ്യോപകരണങ്ങൾക്കൊപ്പം പത്തു മുതൽ 71 വയസ്സ് വരെ പ്രായമുള്ള വനിതകളാണ് സംഘത്തിൽ അംഗങ്ങളായത്.
സോപാനം ഡയറക്ടർ സന്തോഷ് ആലങ്കോട് നയിക്കുന്ന പരിശീലനം കണ്ടനകത്തെ സോപാനം ഓഫിസിനോട് ചേർന്ന കളരിയിലാണ് പുരോഗമിക്കുന്നത്. അഡ്മിനിസ്ട്രേറ്റർമാരായ സിന്ധു, സബിത, രമണി, ശ്രീവിദ്യ വാസുദേവൻ, അജിത മുല്ലപ്പിള്ളി, വി.എസ്. സൂര്യ എന്നിവരും പരിശീലനത്തിന് നേതൃത്വം നൽകുന്നുണ്ട്.
സംഘാംഗങ്ങൾക്കാവശ്യമായ പഞ്ചവാദ്യോപകരണങ്ങൾ ഒരുക്കുന്നതാണ് സംഘാടകർ നേരിടുന്ന വലിയ വെല്ലുവിളി. ലക്ഷങ്ങൾ ചെലവ് വരുന്ന ഉപകരണങ്ങൾ പൊതുജനപിന്തുണയോടെ സമാഹരിക്കാമെന്ന പ്രതീക്ഷയിലാണ് സോപാനം. ഇതിനകം കെ.ടി. ജലീൽ എം.എൽ.എ ഉൾപ്പെടെ ഇടയ്ക്കയും മറ്റു വാദ്യോപകരണങ്ങളും കൈമാറിയിട്ടുണ്ട്. ഫെബ്രുവരിയോടെ എല്ലാ അംഗങ്ങൾക്കും സ്വന്തമായി ഉപകരണങ്ങൾ നൽകി സമ്പൂർണ പരിശീലനം പൂർത്തിയാക്കി, വനിതാദിനമായി മാർച്ച് എട്ടിന് വൻ അരങ്ങേറ്റം നടത്താനാണ് സോപാനത്തിന്റെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

