കലയുടെ ഉൾതുടിപ്പ്
text_fieldsപൊന്നു സജീവും അഞ്ജലി കൃഷ്ണദാസും
സ്വതന്ത്ര കലാവിഷ്കാരങ്ങൾക്ക് പുതിയ മാനംനൽകുകയാണ് ‘തുടിപ്പ്’. ചട്ടക്കൂടുകൾക്കുപുറത്ത് കലകളെ ജനകീയമാക്കിയാണ് ഇവരുടെ സഞ്ചാരം
നിലക്കാതെ മിടിക്കുന്ന ഇടനെഞ്ചിലാണ് ഇവിടെ കല. അവിടെനിന്നും സ്വതന്ത്രമായൊഴുകി ജീവനേകുന്ന ആവിഷ്കാരത്തിന് അതിരുകളില്ല. താളമായി, ചുവടുകളായി, വരകളായി, നിറങ്ങളായി അതിങ്ങനെ പടരുകയാണ്. വേദികളോട് ഓരം ചേർന്നും അകന്ന് മാറിയും ചരിത്രത്താളുകളിലേക്ക് ഒതുക്കപ്പെടേണ്ടതല്ല, ഭാവിയുടെ വിഹായസ്സിൽ അടയാളപ്പെടുത്തേണ്ടതാണവയെന്ന തിരിച്ചറിവിൽ കലാകാരന്റെ ഉള്ളം തുടിക്കും.
കലകളെ കൂടുതൽ ജനകീയവത്കരിക്കുകയെന്ന ദൗത്യത്തിന് ചാലകശക്തിയേകുകയാണ് എറണാകുളം വെണ്ണലയിൽ സ്ഥിതിചെയ്യുന്ന തുടിപ്പ് ഡാൻസ് ഫൗണ്ടേഷൻ. മോഹിനിയാട്ടം, ഭരതനാട്യം, ഹിപ് ഹോപ്, കഥക്, ചിത്രരചന തുടങ്ങിയ കലാരൂപങ്ങൾ അഭ്യസിപ്പിക്കുകയും കമ്യൂണിറ്റി ഫോക് ആർട്സിനായി ഇടമൊരുക്കുകയും ചെയ്യുന്നുണ്ട് ഇവിടം. ചട്ടക്കൂടുകളിൽ ഒതുങ്ങണമെന്ന മാനദണ്ഡങ്ങളില്ല, പരസ്പര ബഹുമാനത്തിലൂന്നിയുള്ള മുന്നോട്ടുപോക്കാണ് ‘തുടിപ്പി’ന് ആധാരം.
ഫോട്ടോ: രതീഷ് ഭാസ്കർ
‘തുടിപ്പി'ലേക്കുള്ള പടിക്കെട്ടുകൾ കയറിച്ചെല്ലുമ്പോൾ പനിനീർ പൂക്കൾക്കൊപ്പം മലയാള കലാചരിത്രത്തിൽ തിരുത്താനാകാത്ത അധ്യായം രചിച്ച പി.കെ. റോസിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത് കാണാം. മുന്നോട്ട് നീങ്ങുമ്പോൾ സമഭാവനയെ ഉള്ളിൽ കരുതണമെന്നും ജനാധിപത്യവിരുദ്ധതയെ പടിക്ക് പുറത്ത് നിർത്തിമാത്രം അകത്തേക്ക് പ്രവേശിക്കണമെന്നും ഉദ്ഘോഷിക്കുന്ന നിബന്ധനകൾ എഴുതപ്പെട്ടിരിക്കുന്നതും വീക്ഷിക്കാം.
ചുവടുകൾ മുന്നിലേക്ക് നീങ്ങുമ്പോൾ ചുവരിൽ ഇന്ത്യൻ ഭരണഘടനയുടെ മുഖ്യശിൽപി ഡോ. ഭീംറാവു അംബേദ്കറിന്റെ ചിത്രം. ആരാലും അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ആർട്ടിസ്റ്റുകളുടെ ചിത്രങ്ങളും ചുവരുകളിൽ വരച്ചിരിക്കുന്നു. പൂർണമായ പ്രതിബിംബം പ്രകടമാകുംവിധം ഒരുവശത്ത് സ്ഥാപിച്ചിരിക്കുന്ന വലിയ കണ്ണാടി. അതിന് മുകളിൽ തമിഴിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ‘നീയേ ഒളി’–അഥവ വെളിച്ചം നിന്റെയുള്ളിൽ തന്നെ. പ്രായഭേദമന്യേ എത്തിച്ചേരുന്ന നൃത്ത പഠിതാക്കൾക്ക് ചുവടുകൾ അഭ്യസിപ്പിച്ച്, തുടിപ്പിന്റെ സാരഥികളായ വടകര സ്വദേശി അഞ്ജലി കൃഷ്ണദാസും എറണാകുളം സ്വദേശി പൊന്നു സജീവും പറഞ്ഞുതുടങ്ങി...
തുടിപ്പിന്റെ തുടക്കം...
2019ലാണ് ട്രസ്റ്റായി തുടിപ്പ് ഡാൻസ് ഫൗണ്ടേഷൻ രജിസ്റ്റർ ചെയ്തത്. അതിന് മുന്നേതന്നെ ചെറിയരീതിയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. മുംബൈയിൽ കനക് റെലെയുടെ അടുത്ത് മോഹിനിയാട്ടം പഠിച്ചതാണ് ഞങ്ങൾ. രജിസ്ട്രേഷനുശേഷം ഡാൻസ് ക്ലാസുകൾ ആരംഭിച്ചു. അതിനായി പ്രത്യേക സ്ഥലമൊന്നും ആദ്യം എടുത്തിരുന്നില്ല. സ്കൂളുകളിലും കോളജുകളിലുമൊക്കെ പോയി വർക് ഷോപ്പുകൾ നടത്തുകയാണ് അന്ന് ചെയ്തത്.
കൂടുതലും സർക്കാർ സ്കൂളുകളും കോളജുകളുമാണ് അതിനായി തെരഞ്ഞെടുത്തത്. കലയെ അടുത്തറിയാനുള്ള അവസരങ്ങൾ പരിമിതമായവരിലേക്ക് ഇറങ്ങിച്ചെല്ലുകയെന്നതായിരുന്നു ലക്ഷ്യം. കലാപഠനത്തിലേക്ക് സ്വയം എത്താനുള്ള സാധ്യതകൾ പലപ്പോഴും പ്രിവിലേജുള്ളവരിലേക്ക് ചുരുങ്ങുന്നതായി കാണാറുണ്ട്. അതിനാൽ മറ്റുള്ള കുട്ടികളിലേക്ക് കലയെ എത്തിക്കാനായിരുന്നു ശ്രമം.
ആളുകൾക്ക് വളരെയധികം സ്വീകാര്യതയുള്ള ഒരു പേര് ഫൗണ്ടേഷന് വേണമെന്നായിരുന്നു ആഗ്രഹം. പരമ്പരാഗതരീതിയിലുള്ള പേര് വേണ്ടെന്ന് ആദ്യംതന്നെ നിശ്ചയിച്ചു. അങ്ങനെ ‘തുടിപ്പി’ലേക്ക് എത്തുകയായിരുന്നു.
നൃത്തത്തിന്റെ അന്തരീക്ഷം ഓരോയിടത്തും വ്യത്യസ്തമാണ്. പല സ്ഥലങ്ങളിലും തുടരുന്ന രീതികൾ സമാധാനപരമല്ലാത്തതുപോലെ തോന്നിയിട്ടുണ്ട്. അധികാരക്രമവും ശാരീരിക, സൗന്ദര്യ ചിന്താഗതികളുമൊക്കെ ചെറിയ കുട്ടികളിലേക്കുപോലും എത്തുന്ന രീതികൾക്ക് മാറ്റം വേണ്ടതാണെന്നതാണ് അഭിപ്രായം. സന്തോഷത്തോടെ നൃത്തം പഠിക്കാനാകുന്ന ഒരിടമെന്നതായിരുന്നു അപ്പോൾ ചിന്തിച്ചത്. അപകർഷതാബോധമില്ലാതെ സുരക്ഷിതത്വത്തോടെ ഏതൊരാൾക്കും പഠിക്കാനുള്ള ഇടമുണ്ടാക്കണമെന്നായിരുന്നു ലക്ഷ്യം. എല്ലാവർക്കും ഡാൻസ് ചെയ്യാൻ കഴിയട്ടെയെന്നാണ് ചിന്തിച്ചത്.
എല്ലാവരും പൂർണതയോടെ നൃത്തം ചെയ്യണമെന്നതൊന്നും സാധ്യമായിക്കൊള്ളണമെന്നില്ല. ‘തുടിപ്പി’ലെത്തുന്നവർ പല പ്രായത്തിലും പല ആരോഗ്യാവസ്ഥയിലുള്ളവരുമൊക്കെയാണ്. അവരെയെല്ലാം ഉൾക്കൊള്ളാനാകും വിധമാകണം കലയുടെ ലോകം. എല്ലാവർക്കും സമാധാനമായി കലയെ സ്വീകരിക്കാനാകണമെന്നാണ് ആശയം. ഏവരെയും ഉൾക്കൊള്ളാനാകുന്ന മനഃസ്ഥിതിയും ആവശ്യമാണ്. പരമ്പരാഗതമായ എല്ലാ രീതികളും അതേപടി പിന്തുടരണമെന്ന ശാഠ്യങ്ങളൊന്നും ഇവിടെയില്ല.
അങ്ങനെ ആഗ്രഹമുള്ളവർക്ക് തടസ്സങ്ങളുമില്ല. വിശ്വാസങ്ങളിലേക്കുള്ള നിർബന്ധങ്ങളോ അവയെ തിരുത്തലോ ഉദ്ദേശിക്കുന്നില്ല. എല്ലാവരും ഒരുപോലെയെന്ന തിരിച്ചറിവാണ് ഇവിടെ ആവശ്യം. ജാതി, മത, സാമ്പത്തികശേഷി ചിന്തകൾക്ക് കലയിൽ സ്ഥാനമില്ലെന്ന ആശയം അടിത്തറയാകണം. അത്തരത്തിലുള്ള ദീർഘദൂര സഞ്ചാരമാണ് ആഗ്രഹിക്കുന്നത്.
2022ലാണ് എറണാകുളം വെണ്ണലയിൽ ഇന്ന് കാണുന്ന വിധത്തിലുള്ള ‘തുടിപ്പി’ന്റെ ആർട്സ് സ്പേസ് വെണ്ണലയിൽ ആരംഭിച്ചത്. ഒരുപാട് ആളുകൾ മാനസികമായും സാമ്പത്തികമായും ‘തുടിപ്പി’നെ അന്ന് സഹായിച്ചിട്ടുണ്ട്. മോഹിനിയാട്ടം, ഭരതനാട്യം, കഥക്, സെമി ക്ലാസിക്കൽ, ഡ്രോയിങ്, ഹിപ് ഹോപ് എന്നിവ പഠിപ്പിക്കുന്നുണ്ട്. ഓരോന്നിനും അതത് മേഖലയിൽ പ്രാവീണ്യം നേടിയിട്ടുള്ള ഫാക്കൽറ്റികളും ഇവിടെയുണ്ട്.
കലാപഠനത്തിനുള്ള കേന്ദ്രമെന്നത് മാത്രമല്ല, 80 പേർക്ക് ഇരിക്കാനാകുന്ന ‘തുടിപ്പ്’ ഫൗണ്ടേഷന്റെ വെണ്ണലയിലെ കേന്ദ്രത്തിൽ നാടകം, പാട്ട്, സെമിനാറുകൾ, സ്റ്റാൻഡ്അപ് പ്രകടനങ്ങൾ എന്നിവയൊക്കെ നടത്താറുണ്ട്. ആദ്യമൊക്കെ ആളുകളെ കണ്ടെത്തിയാണ് അവസരം നൽകിയിരുന്നതെങ്കിൽ ഇപ്പോൾ ഇങ്ങോട്ട് കലാകാരന്മാർ അന്വേഷിച്ചെത്താൻ തുടങ്ങി. അവർക്കും തങ്ങൾക്കും ബുദ്ധിമുട്ടില്ലാത്ത രൂപത്തിലുള്ള തുകയോടെയാണ് സംവിധാനം ചെയ്യുന്നത്.
200ഓളം പഠിതാക്കൾ ഇപ്പോൾ ഡാൻസ് ഫൗണ്ടേഷനിലുണ്ട്. പ്രായം കലാഭ്യാസത്തിന് ഒരു തടസ്സമേയല്ല. ഏത് പ്രായത്തിലുള്ളവർക്കും ഇവിടെ പഠിതാക്കളാകാം. മൂന്നര വയസ്സു മുതൽ 56 വയസ്സുവരെയുള്ളവർ ഇവിടെ പഠിക്കുന്നുണ്ട്. അവർക്ക് അനുസരിച്ച് സിലബസുകൾ തയാറാക്കിയിട്ടുണ്ട്. മോഹിനിയാട്ടത്തിനും ഭരതനാട്യത്തിനുമൊക്കെ ഓൺലൈൻ ക്ലാസുകളുമുണ്ട്. എംബ്രോയിഡറി ക്ലാസുകളും ആരംഭിക്കുന്നുണ്ട്. ഇന്റേണൽ കംപ്ലയിന്റ് സെല്ലും ലീഗൽ അഡ്വൈസറുമൊക്കെയായി കൃത്യമായ ദിശയിലാണ് ‘തുടിപ്പി’ന്റെ പ്രവർത്തനമെന്ന് അവർ വ്യക്തമാക്കി. മീരാ നാസറാണ് ലീഗൽ അഡ്വൈസർ. thudippu.in ആണ് വെബ്സൈറ്റ്.
പ്രേക്ഷക പ്രീതി നേടിയ ഒറ്റ
തുടിപ്പിന്റെ ഒറ്റ എന്ന പ്രൊഡക്ഷൻ 17ഓളം വേദികളിൽ ഇതിനകം പ്രകടനങ്ങൾ നടത്തി. ഇതിനായി ഫണ്ട് ചെയ്തിരിക്കുന്നത് കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജാണ്. തങ്ങളുടെ ഭാഷയായ നൃത്തത്തിലൂടെ എല്ലാവർക്കും മനസ്സിലാകും വിധമുള്ള പ്രകടനമാണ് ഒരുക്കിയതെന്ന് അഞ്ജലിയും പൊന്നുവും പറയുന്നു. ഹിഡുംബിയുടെയും ഘടോൽകചന്റെയും കഥയാണ് അതിലൂടെ പറയുന്നത്. വലിയ സ്വീകാര്യതയാണ് ഓരോ വേദിയിലും ലഭിച്ചത്.
ചെറിയ കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ എളുപ്പത്തിൽ മനസ്സിലാക്കാനാകുന്നതാണ് പ്രകടനം. അടുത്ത പ്രൊഡക്ഷനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീ സൗഹൃദങ്ങളാണ് അതിന് പശ്ചാത്തലമാക്കാൻ ആഗ്രഹിക്കുന്നത്. സ്ത്രീകൾ പരസ്പരം പിന്തുണ നൽകുന്നതും മനസ്സിലാക്കുന്നതുമൊക്കെ വലിയൊരു ശക്തിയാണ്. അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
ഫ്രൻഡ്സ് ഓഫ് തുടിപ്പ്
കമ്യൂണിറ്റി ഫോക് ആർട്സ് അവതരിപ്പിക്കുന്നതിനുള്ള വേദികൂടി ‘ഫ്രൻഡ്സ് ഓഫ് തുടിപ്പ്’ എന്ന കൂട്ടായ്മയിലൂടെ ഇവിടെ ഒരുങ്ങി. അതിലൂടെ ചവിട്ടുനാടകം, കൈകൊട്ടിക്കളി എന്നിവ അവതരിപ്പിച്ചു. ഇതുവരെ ഈ കലയെ പരിചയപ്പെട്ടിട്ടില്ലാത്തവർക്ക് അടുത്തറിയാനുള്ള അവസരംകൂടിയാണ് ഇതിലൂടെയുണ്ടായത്. അത്തരം കലകളുടെ ഭാഷക്ക് ജീവനുണ്ടെന്നും അതിൽ പ്രതിരോധമുണ്ടെന്നും അഞ്ജലിയും പൊന്നുവും പറയുന്നു. അത് കാണുകയെന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്. നാലു മാസത്തിൽ 200 രൂപ എന്ന രീതിയിൽ ഫ്രൻഡ്സ് ഓഫ് തുടിപ്പിലൂടെ ഓരോരുത്തരും തുക വീതിച്ചെടുത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. അത്തരം കലാപ്രകടനങ്ങൾ തുടിപ്പിൽ അവതരിപ്പിക്കുകയെന്നത് തങ്ങളുടെ ആഗ്രഹമാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.
നർത്തകർക്കായി അവസരങ്ങൾ
കോളജുകളിലും മറ്റും നൃത്തം പഠിച്ചിറങ്ങിയ കുട്ടികൾക്ക് ഭാവിയെക്കുറിച്ച് പലപ്പോഴും മാർഗനിർദേശങ്ങൾ കിട്ടാറില്ല. തുടിപ്പ് വിവിധ സ്ഥലങ്ങളിൽ ക്ലാസുകൾ ആരംഭിച്ച് അത്തരക്കാർക്ക് അധ്യാപനത്തിനുള്ള അവസരങ്ങൾ നൽകുന്നതിന് ലക്ഷ്യമിടുന്നുണ്ട്. സാധാരണക്കാരായ കുട്ടികളെയാണ് അതിനായി പരിഗണിക്കുക. അവർക്ക് വരുമാനമാർഗം തുറക്കുന്നതിനൊപ്പം നിരവധി പേർക്ക് പഠനത്തിനുള്ള അവസരവുമൊരുക്കാനാകുമെന്നാണ് പ്രതീക്ഷ.
യഥാർഥ കലക്ക് നിർവചനം നൽകേണ്ടതില്ല
യഥാർഥ കലക്ക് ഒരു നിർവചനം നൽകേണ്ടതില്ലെന്നാണ് അഞ്ജലിയുടെയും പൊന്നുവിന്റെയും അഭിപ്രായം. ഓരോരുത്തരുടെയും കല വ്യത്യസ്തമായിരിക്കും. അടിസ്ഥാനപരമായി കലക്ക് സന്തോഷം പകരാനാകും. നിർവചനങ്ങളായി പറയപ്പെടുക, ഒരുപക്ഷേ മറ്റാരുടെയെങ്കിലും ചിന്താഗതിയിലുള്ളതൊക്കെയാകാം. തങ്ങൾ ചെറുപ്രായത്തിൽ മനസ്സിലാക്കിയിരുന്ന നിലയിലല്ല, ഇപ്പോൾ കലയെ തിരിച്ചറിയുന്നത്. ഓരോ മനുഷ്യനും ഓരോ ദിവസവും നിർവചനങ്ങൾ മാറിവരാമെന്നും അവർ വ്യക്തമാക്കി.
തുടിപ്പ് മുന്നോട്ടുവെക്കുന്ന ആശയം വേഗത്തിൽ എല്ലാവരിലേക്കുമെത്തിക്കുകയെന്നത് പ്രയാസമായിരിക്കാം. ചിലപ്പോൾ മൂന്നോ നാലോ തലമുറകൾ കഴിയുമ്പോൾ വലിയ മാറ്റങ്ങൾ വന്നേക്കാം. അതിനായി തുടക്കമിടാൻ തുടിപ്പിനാകും. അതുകൊണ്ടാണ് ട്രസ്റ്റ് എന്ന നിലയിൽ തുടിപ്പ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തങ്ങൾ രണ്ടു പേരിൽ മാത്രമായി തുടിപ്പ് നിൽക്കരുതെന്നാണ് വിചാരിക്കുന്നത്. ഈ തുടിപ്പ് തുടരുക തന്നെ വേണം –അവർ കൂട്ടിച്ചേർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

