ഇത് മുത്തച്ഛനുള്ള ഗുരുദക്ഷിണ; ആത്മസംതൃപ്തിയുടെ നിറ പുഞ്ചിരിയുമായി പപ്പൻ കാവിൽ
text_fieldsഋതുമിത്രയും സംഘവും മുത്തച്ഛനൊപ്പം
തൃശൂർ: സംസ്ഥാന കലോത്സവത്തിന്‍റെ കഥാപ്രസംഗവേദിയിൽ നിന്നിറങ്ങി ഋതുമിത്ര ഓടിച്ചെന്ന് ആലിംഗനം ചെയ്തപ്പോൾ ആ വായോധികന്റെ കണ്ണുകൾ നീരണിഞ്ഞു. ഒരായുഷ്കാല കാത്തിരിപ്പിന്റെ മുദ്രയായി മുഖത്ത് മന്ദഹാസം വിരിഞ്ഞു. 30 കൊല്ലമായി കഥാ പ്രസംഗം പരിശീലിപ്പിക്കുന്ന പപ്പൻ കാവിൽ എന്ന 79കാരന് ആത്മസംതൃപ്തിയുടെ മുഹൂർത്തം. സ്കൂൾ - യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിൽ നിരവധി കുട്ടികൾക്ക് എ ഗ്രേഡും ഒന്നാം സ്ഥാനവുമൊക്കെ വാങ്ങിക്കൊടുത്ത പപ്പൻ കാവിൽ ആദ്യമായാണ് സ്വന്തം വീട്ടിലെ കുട്ടിയെ ഉന്നതങ്ങളിലെത്തിക്കുന്നത്.
ബിസിനസുകാരനായ മകൻ രഞ്ജിത്തിന്റെയും കോഴിക്കോട് സ്വകാര്യാശുപത്രി ഡയാലിസിസ് ടെക്നീഷ്യൻ നീതു രഞ്ജിത്തിന്റെയും മകളാണ് ഋതു മിത്ര. നടുവണ്ണൂർ ജി. എച്ച്. എച്ച്. എസ്. എസ് പ്ലസ് വൺ വിദ്യാർഥിനിയായ ഋതു മിത്ര എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കഥപ്രസംഗത്തിൽ ജില്ല തലത്തിൽ എ ഗ്രേഡ് നേടിയിരുന്നു. എൻ. സി. സി ക്യാമ്പിലായതിനാൽ അടുത്ത രണ്ടു വർഷങ്ങളിൽ മത്സരിക്കാനായില്ല. ഇത്തവണ ആദ്യമായി സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത് നേടിയ എ ഗ്രേഡ് മുത്തച്ഛനുള്ള ഗുരുദക്ഷിണയാണെന്ന് ഋതുമിത്ര പറയുന്നു.
ത്യാഗരാജ സ്വാമികളുടെ ജീവിതവും സംഗീതവും പ്രതിപാദിക്കുന്ന " എന്തരോ മഹാനുഭാവുലു "എന്ന കഥയാണ് അവതരിപ്പിച്ചത്. നടുവണ്ണൂർ എന്ന കോഴിക്കോടൻ ഗ്രാമത്തിന്റെ കൂട്ടായ പരിശ്രമത്തിന്റെ ആവിഷ്കാരമാണിത്. രമേശ് കാവിലിന്റെ രചനക്ക് പ്രേംകുമാർ വടകര, പ്രേം രാജ് പാലക്കാട് എന്നിവർ സംഗീതം നൽകി. ബാലകൃഷ്ണൻ കരുവന്നൂർ, വിനോദ് കാവിൽ എന്നിവർ പശ്ചാത്തല സംഗീതമൊരുക്കി.വേദിയിൽ വിദ്യാർഥികളായ ശിവസൂര്യ(ഹാർമോണിയം ), ജഗൻ സൂര്യ ( സിംബൽ ), ഐവിൻ എസ്. മനോജ് (തബല ), ദേവിക നാരായണൻ നമ്പൂതിരി (വയലിൻ )എന്നിവർ പക്കമേളക്കാരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

