അശോകൻ ആദിപുരേടത്തിന്റെ കരവിരുത്; ഇനി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷന്റെ ഐശ്വര്യം
text_fieldsനവീകരണത്തിന്റെ ഭാഗമായി അശോകൻ ആദിപുരേടത്ത് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ ചുമരിൽ വരച്ച ഇന്ദുലേഖ
പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനെ അമൃത് ഭാരത് റെയിൽവേ സ്റ്റേഷനായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം നാടിന് സമർപ്പിച്ചപ്പോൾ കോടികൾ ചെലവിട്ട് മോടി പിടിപ്പിച്ച റെയിൽവേ സ്റ്റേഷൻ ചുമരിൽ സൗന്ദര്യവും സർഗാത്മകതയും ഒഴുകിയ ചരിത്രത്തിന് വരയുടെ വർണങ്ങൾ സമ്മാനിച്ചത് നാട്ടുകാരനായ ചിത്രകല അധ്യാപകൻ അശോകൻ ആദിപുരേടത്ത്.
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലിലെ കഥാപാത്രമായ ഇന്ദു ലേഖയെയും നോവലിസ്റ്റ് ഒ. ചന്തു മേനോനെയും റെയിൽവേ സ്റ്റേഷന്റെ പ്രവേശന കവാടത്തിൽ തന്നെ വരക്കുകയായിരുന്നു അശോകൻ. നിറങ്ങളിൽ നീരാടുന്ന 54കാരനായ അശോകൻ ആദിപുരേടത്തിന്റെ വർണ പ്രപഞ്ചത്തിന് നാലു പതിറ്റാണ്ടിന്റെ നിറവുണ്ട്.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അത്തോളി നാരായണൻ മാസ്റ്റർക്ക് കീഴിൽ തുടങ്ങിയ വരയും വർണവും ഇന്നും നിറം മങ്ങാതെ തുടരുകയാണ്. ഹൈസ്കൂൾ കാലം മുതൽ നിറങ്ങൾ മാറ്റുരച്ച മത്സരത്തിൽ ജില്ല, സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ അശോകൻ ഇന്നും വർണലോകത്തെ അത്യാധുനിക നിറഭേദകൾ സ്വീകരിച്ചു കൂടുതൽ കരുത്തോടെ മുന്നോട്ടു കുതിക്കുകയാണ്.
കോഴിക്കോട് യൂനിവേഴ്സൽ ആർട്സിൽനിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയ അശോകൻ പിന്നീട് ചെന്നൈയിലെ ചോള മണ്ഡൽ ആർട്ടിസ്റ്റ് വില്ലേജിൽ പഠിച്ച് ചിത്രകല പഠനം തുടർന്നു. അവിടെവെച്ച് ലോക പ്രശസ്തരായ നിരവധി കലാകാരന്മാരുമായി സഹവസിക്കാനും സംവദിക്കാനും ലഭിച്ച അവസരം കല ജീവിതത്തിൽ വഴിത്തിരിവായി. ഇതിനകം ദേശത്തിനകത്തും പുറത്തുമായി നിരവധി ഗാലറികളിൽ കല പ്രദർശനം നടത്താനും ചിത്ര കല പഠന വേദികളെ പ്രതിനിധീകരിക്കാനും അശോകന് നിരവധി അവസരങ്ങൾ കിട്ടിയിട്ടുണ്ട്.
പ്രശസ്ത നർത്തകിയും സിനിമ നടിയുമായ ആശാ ശരത്തിന്റെ ദുബൈയിലെ കൈരളി കലാ ഗ്രാമം എന്ന ചിത്ര കല വിദ്യാലയത്തിൽ എട്ടുവർഷക്കാലം ചിത്രകല അധ്യാപകനായി സേവനമനുഷ്ടിച്ചു. വരയും വർണവും പ്രദർശനവും ഇന്നും അശോകന്റെ ജീവിതത്തിന്റെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

