രണ്ട് തലമുറകളുടെ കഥകളി തമ്പുരാൻ
text_fieldsശിഷ്യഗണങ്ങൾക്കൊപ്പം കലാമണ്ഡലം മനോജ്
തൃശൂർ: അന്ന് അമ്മയോടൊപ്പം ആരാധിക കുഞ്ഞിളം കൈകളിൽ കഥകളി മുദ്രകൾ പഠിക്കുമ്പോൾ പ്രായം നാല് വയസ്സ്. ഇന്ന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മകന് കഥകളിയിൽ എ ഗ്രേഡ്. കലാമണ്ഡലം മനോജിലൂടെ(ഒളരി) രണ്ടു തലമുറകളാണ് കഥകളിയുടെ പുതുഭാവങ്ങൾ പകർന്ന് നൽകിയിരിക്കുന്നത്. മഞ്ചേരിയിലെ ആരാധിക, മക്കളായ ദേവിനന്ദന, നവനീത് കൃഷ്ണ,മാതാവ് കലാമണ്ഡലം സരോജ എന്നിവരാണ് മനോജിൻ്റെ ശിക്ഷണത്തിൽ വിസ്മയങ്ങൾ വിരിയിച്ചവർ.
അക്കഥയിങ്ങനെയാണ്. സരോജ മഞ്ചേരിയിൽ രാധിക കലാക്ഷേത്രം നടത്തിയിരുന്നു. കഥകളി ആശാൻ്റെ ഒഴിവിലേക്കാണ് മനോജ് എത്തുന്നത്. പിന്നീട് 'കലയാമി' കേന്ദ്രത്തിലൂടെ സരോജയും നാലാം വയസ്സു മുതൽ ആരാധികയും കഥകളി അഭ്യസിച്ചു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ടാംസ്ഥാനവും നേടി.
വർഷങ്ങൾക്കിപ്പുറം മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ് പത്താംതരം വിദ്യാർഥിയായ മകൻ നവനീത് കൃഷ്ണനും കഥകളിയിലൂടെ അരങ്ങിലെത്തി. ഡിഗ്രി വിദ്യാർഥിനിയായ മകൾ ദേവിനന്ദനയും ഈയിനത്തിൽ കലോത്സവങ്ങളിൽ മികവ് തെളിയിച്ചിട്ടുണ്ട്. ശിഷ്യരായ അമ്മയും മകനും സംസ്ഥാന തലത്തിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞതിൻ്റെ ആഹ്ളാദത്തിലാണ് മനോജ്.
ഹാർമോണിയസ്റ്റായിരുന്ന ഭർത്താവ് നിസരി ബാലൻ്റെ മരണത്തെ തുടർന്ന് സരോജ കലയഴകിൽ നിന്നും മാറി നിൽക്കുകയാണ്. മകൾ ആരാധികയുടെ ശിക്ഷണത്തിൽ രണ്ടു പേർ ഇത്തവണ കലോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. ഇവരുടെ പാട്ടുകൾ രചിച്ചിരിക്കുന്നതും മനോജാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

