ഇറ്റ്ഫോക്കിൽ നിറഞ്ഞ കൈയ്യടി നേടി ഫ്രാങ്കെന്‍സ്റ്റൈന്‍ പ്രൊജക്ട്
text_fieldsഉദ്ഘാടന നാടകമായി അരങ്ങേറിയ ഫ്രാങ്കെൻസ്റ്റൈൻ പ്രോജക്ട്
തൃശൂർ: നിറഞ്ഞ സദസിൽ പ്രേക്ഷക പ്രീതി പിടിച്ചുപറ്റി ഇറ്റ്ഫോക്ക് ഉദ്ഘാടന നാടകം. പ്രസിദ്ധ എഴുത്തുകാരി മേരി ഷെല്ലിയുടെ ഫ്രാങ്കെന്‍സ്റ്റൈന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി റോമാന്‍ ലമാസ് സംവിധാനം ചെയ്ത നാടകമാണ് ഫ്രാങ്കെന്‍സ്റ്റൈന്‍ പ്രൊജക്ട് . സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള ഏറ്റുമുട്ടല്‍ പ്രമേയമായുള്ള നാടകം അര്‍ജന്റീനിയയില്‍ നിന്നുള്ള ലൂസിയാനോ മന്‍സൂര്‍ എന്ന നാടകസംഘമാണ് അവതരിപ്പിക്കുന്നത്.
നോവലിന്റെ കഥയിലേക്ക് പപ്പറ്റ് തിയേറ്റര്‍ സങ്കേതങ്ങള്‍ കൂടി സന്നിവേശിപ്പിച്ചാണ് നാടകം രൂപകല്പന ചെയ്തിരിക്കുന്നത്. നോവലിലെ കഥയെ അര്‍ജന്റീനന്‍ സാംസ്‌കാരിക ഭൂമികയുടെ പശ്ചാത്തലത്തില്‍ വ്യാഖ്യാനം ചെയ്യുന്ന ഈ നാടകം നിരവധി മിത്തുകളുകളിലേക്കുള്ള മിഴിതുറക്കല്‍ കൂടിയാണ്. പ്രധാനമായും മുതിര്‍ന്നവര്‍ക്ക് വേണ്ടിയാണ് ഈ പപ്പറ്റ് പ്ലേ ഒരുക്കിയിരിക്കുന്നത്.
ശവശരീരങ്ങളില്‍ നിന്നുള്ള ശരീരഭാഗങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിച്ച രാക്ഷസനെ പുനരുജ്ജീവിപ്പിക്കാനായി ഡോ.വിക്ടര്‍ ഫ്രാങ്കന്‍സ്റ്റൈന്‍ പേഗന്‍ കള്‍ട്ടുകളിലേക്ക് വഴിമാറി നടക്കുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവ പരമ്പരയിലേക്കാണ് നാടകം കാണികളെ ആനയിക്കുന്നത് . 60 മിനുട്ട് ദൈര്‍ഘ്യമുള്ള സ്പാനിഷ് നാടകമായ ഫ്രാങ്കന്‍സ്റ്റൈന്‍ പ്രൊജക്ട് മികച്ച ദൃശ്യാനുഭവം കൂടിയാണ്. ലൂസിയാനോ മന്‍സൂര്‍ ആണ് ഡോ.വിക്ടര്‍ ഫ്രാങ്കന്‍സ്റ്റൈന്‍ ആയി അരങ്ങില്‍ നിറഞ്ഞാടുന്നത്.
മാങ്കോസ്റ്റീന്‍ മരത്തണലില്‍ ബഷീര്‍ കഥകളുടെ മായാജാലം
തൃശൂർ: വൈക്കം മുഹമ്മദ് ബഷീറിന്റെ വൈവിധ്യമാര്‍ന്ന പത്ത് കഥകളെ ഒരു വേദിയില്‍ സമന്വയിപ്പിക്കുന്ന അപൂര്‍വമായ നാടകാവിഷ്‌കാരമാണ് അണ്ടര്‍ ദി മാങ്കോസ്റ്റീന്‍ ട്രീ .രാജീവ് കൃഷ്ണനാണ് നാടകത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബഷീറിന്റെ പത്ത് കഥകളെ പരസ്പരം ബന്ധിപ്പിച്ച്, പ്രണയം, ഹാസ്യം, കാരുണ്യം തുടങ്ങിയ മനുഷ്യവികാരങ്ങളെ ഒരേസമയം പ്രേക്ഷക മനസ്സുകളിലേക്ക് പടര്‍ത്തുകയാണ് ഈ നാടകം.
വ്യത്യസ്തമായ കഥാലോകങ്ങളെ ബന്ധിപ്പിക്കുന്നതിനായി ബഷീര്‍ തന്നെ കഥാകാരനായും പങ്കാളിയായും സാക്ഷിയായും അരങ്ങിലെത്തുന്ന സവിശേഷതയും ഇതിലുണ്ട്.വിവിധങ്ങളായ കഥകള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ നാടകത്തില്‍ ഒന്നിലധികം പ്രമേയങ്ങള്‍ കടന്നുപോകുന്നു. മതിലിനാല്‍ വേര്‍തിരിക്കപ്പെട്ട കമിതാക്കളും, കുറ്റബോധത്തില്‍ വിലപിക്കുന്ന പട്ടാളക്കാരനും, അജ്ഞാതാവസ്ഥയില്‍ നിന്ന് അപൂര്‍വമായ പ്രശസ്തിയിലേക്കുയരുന്ന നീണ്ട മൂക്കുള്ള പുരുഷനും, എഴുത്തുകാരന്‍ പുതുതായി താമസം മാറിയ വീട്ടില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ പ്രേതവും, കാലക്രമേണ പ്രണയത്തില്‍ വേലിയേറ്റം സംഭവിച്ച ദമ്പതികളും തുടങ്ങി പ്രേക്ഷകരെ ആഴത്തില്‍ സ്പര്‍ശിക്കുന്ന വ്യത്യസ്ത ജീവതങ്ങള്‍ അരങ്ങില്‍ ജീവിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

