Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightതാലി; കരങ്ങൾ എഴുതുന്ന ...

താലി; കരങ്ങൾ എഴുതുന്ന സൗന്ദര്യ കാവ്യം

text_fields
bookmark_border
താലി; കരങ്ങൾ എഴുതുന്ന   സൗന്ദര്യ കാവ്യം
cancel

ഇമാറാത്തി പൈതൃകത്തിന്‍റെ ഒരു പ്രധാന ഘടകമാണ് പരമ്പരാഗത കരകൗശല വസ്തുക്കൾ. പൈതൃകത്തെ നെഞ്ചോട് ചേർത്ത് പിടിച്ച് ആധുനികതയിലൂടെ സഞ്ചരിക്കുക എന്നത് ഇമാറാത്തിന്‍റെ പാരമ്പര്യത്തിന്‍റെ പുണ്യമാണ്. ഇന്ന് ഇങ്ങനെയായ ഞങ്ങൾ അന്ന് അങ്ങനെയായിരുന്നുവെന്ന് അവർ അഭിമാനത്തോടെ പറയുന്നതും പ്രവർത്തിക്കുന്നതും കാണാം. ഇതിൽ പ്രധാനമാണ് താലി എന്ന നെയ്ത്തുവിദ്യ. ആധുനിക യന്ത്രങ്ങൾ കടന്നുവരുന്നതിന് മുമ്പ് കൈകൾ കൊണ്ട് രചിച്ചിരുന്ന വസ്ത്ര സൗന്ദര്യ വിദ്യ. ഇന്നത്തെ എംബ്രോയ്ഡറിയെ പോലും കവച്ചുവെക്കുന്ന കരങ്ങളുടെ സംഗീതം.

പൂർവ്വികരുടെ വൈദഗ്ധ്യത്തിനും അവരുടെ പരിസ്ഥിതിയിൽ ലഭ്യമായ പരിമിതമായ വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള അവരുടെ കഴിവിനും തെളിവായി ഈ വിദ്യ ഇന്നും തലമുറകളിലൂടെ സഞ്ചരിക്കുന്നു.

2026 കുടുംബ വർഷമായി യു.എ.ഇ പ്രഖ്യാപിച്ചതിനോട് അനുബന്ധിച്ച്, ഈ പരമ്പരാഗത കരകൗശല വസ്തുക്കളെയും ഭാവി തലമുറകൾക്ക് ഈ പൈതൃകം കൈമാറുന്നതിനായി ഉത്സാഹത്തോടെയും അഭിമാനത്തോടെയും പ്രവർത്തിക്കുന്ന കരകൗശല വിദഗ്ധരെയും ആഘോഷ പൂർവ്വം ആനയിക്കുകയാണ് ഇമാറാത്ത്. തലമുറകൾ തമ്മിലുള്ള ആശയവിനിമയം വളർത്തുകയും സമൂഹ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന പ്രാർഥന കൂടി ചേർന്ന ആഘോഷം. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പരമ്പരാഗത പൈതൃക തൊഴിലുകളിൽ ഒന്നാണ് താലി. ഇമാറാത്തി സമൂഹത്തിന്‍റെ സാംസ്കാരിക സ്വത്വത്തിന്‍റെ അവിഭാജ്യ ഘടകമാണ് ഇത്. വിവാഹ വസ്ത്രങ്ങൾ, ഔപചാരിക വസ്ത്രങ്ങൾ മുതൽ ദൈനംദിന വസ്ത്രങ്ങൾ വരെ അലങ്കരിക്കുന്നതിൽ ഈ മനോഹരമായ വെള്ളി നൂലുകൾ എഴുതുന്ന കാവ്യങ്ങൾ ഇപ്പോഴും ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്.

താലി എംബ്രോയ്ഡറിയുടെ കരകൗശല വിദ്യകൾ അമ്മമാരിൽ നിന്ന് പെൺമക്കളിലേക്ക് തലമുറതലമുറയായി കൈമാറ്റം ചെയ്യപ്പെടുന്നു. അതിന്‍റെ പ്രമുഖ പദവിയെ അംഗീകരിച്ചുകൊണ്ട്, 2022 ഡിസംബറിൽ യുനെസ്കോയുടെ മാനവികതയുടെ അദൃശ്യ സാംസ്കാരിക പൈതൃകത്തിന്‍റെ പ്രതിനിധി പട്ടികയിൽ യു.എ.ഇ താലി എംബ്രോയ്ഡറിയെ ഉൾപ്പെടുത്തി, രാജ്യത്തിന്‍റെ ജീവിക്കുന്ന പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന ഘടകങ്ങളിലൊന്നായിട്ടാണ് ഇത് ഉൾപ്പെടുത്തിയത്. എമിറേറ്റ്‌സിലെ സ്ത്രീകൾ പ്രാവീണ്യം നേടിയ ഏറ്റവും പ്രധാനപ്പെട്ട കരകൗശല വസ്തുക്കളിൽ ഒന്നായിരുന്നു താലി. മെഷീനുകൾ ഇല്ലാതിരുന്ന കാലം തൊട്ടേ പെൺകുട്ടികളെ പഠിപ്പിക്കാൻ അമ്മമാർ ഇതിനായി പ്രയത്നിച്ചിരുന്നു. കന്തൂറ, പരമ്പരാഗത ടോപ്പുകൾ, ട്രൗസറുകൾ, പർദ്ദകൾ തുടങ്ങിയ വസ്ത്രങ്ങൾ അലങ്കരിക്കാൻ ഉപയോഗിച്ചിരുന്നത് ഈ നൂൽ കവിതകളായിരുന്നു.

സ്ത്രീകളുടെ കുത്തകയായ കരകൌശല കാവ്യം എന്നതിനെ വിളിച്ചാൽ അധികമാകില്ല. നിലാവിൽ നിന്ന് തെന്നൽ കടഞ്ഞെടുക്കുന്ന നിഴൽ കാവ്യങ്ങൾ പോലെ സുന്ദരമായ നെയ്ത്തുവിദ്യ. സ്വർണ്ണം അല്ലെങ്കിൽ വെള്ളി നൂലുകളോ റിബണുകളോ ചേർത്ത് പരമ്പരാഗത ഉപകരണങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു എംബ്രോയ്ഡറി ബാൻഡാണ് താലി. മൂസാദ എന്ന പ്രത്യേക തലയണയിൽ വെച്ച്, കജൂജ എന്ന മെറ്റൽ സ്റ്റാൻഡിൽ ഉറപ്പിച്ചാണ് ഇത് നിർമ്മിക്കുന്നത്.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് കജൗജയാണ്, മുകളിൽ രണ്ട് കോണുകൾ യോജിപ്പിച്ചിരിക്കുന്നതുപോലെ ആകൃതിയിലുള്ള ഒരു ലോഹ നിർമിതി, അതിൽ തലയണ വെച്ചാണ് നെയ്ത്ത്. ഖവ്സ, കിരൺ, ടസ്സലുകൾ എന്നിവ കൂടി നിർമാണത്തിൽ ഉൾപ്പെടുന്നു, ഇവയിൽ നിന്നാണ് താലി നെയ്തെടുക്കുന്നത്. നൂലുകൾ കോട്ടൺ അല്ലെങ്കിൽ സിൽക്ക് ആകാം, പ്രാദേശികമായി ബ്രിസം എന്നറിയപ്പെടുന്നു. നെയ്ത്തിൻറെ രൂപകൽപ്പനയും അലങ്കാരവും അനുസരിച്ച് നൂലുകളുടെ തെരഞ്ഞെടുപ്പ് വ്യത്യാസപ്പെടുന്നു. ഈ കരകൗശല വസ്തുക്കൾ അയൽപക്ക നിവാസികൾക്കിടയിലെ ശക്തമായ സമൂഹബോധത്തെയും സഹകരണത്തെയും എടുത്തുകാണിക്കുന്നു. വീട്ടുജോലികൾ പൂർത്തിയാക്കിയ ശേഷം, സ്ത്രീകൾ ഒഴിവുസമയങ്ങളിൽ ഒത്തുകൂടി, പരസ്പരം സഹായിച്ചുകൊണ്ട്, കരകൗശല വസ്തുക്കൾ ഒരുമിച്ച് പരിശീലിക്കുന്ന രീതി ഇന്നും ബദുവിയൻ ജീവിതത്തിൽ കാണാം.

റമദാനിൽ വൈകുന്നേരത്തെ പ്രാർഥനക്ക് ശേഷം സ്ത്രീകൾ ഒത്തുകൂടുമായിരുന്നു; ചിലർ തയ്യൽ ചെയ്യുമായിരുന്നു, മറ്റുള്ളവർ താലി എംബ്രോയ്ഡറിയിൽ ജോലി ചെയ്യുമായിരുന്നു. അല്ലെങ്കിൽ സദു നെയ്ത്തിൽ ഏർപ്പെടുമായിരുന്നു. ഇതെല്ലാം ഈദുൽ ഫിത്തറിനുള്ള തയ്യാറെടുപ്പാണ്. റമദാനിന് മുമ്പുതന്നെ ഈ തയ്യാറെടുപ്പുകൾ ആരംഭിക്കുന്നു. ഇമാറാത്തി സമൂഹത്തിൽ ആഴത്തിൽ പതിഞ്ഞുകിടക്കുന്ന വിശുദ്ധ മാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്നായി ഇവ കണക്കാക്കപ്പെടുന്നു.

സദുനെയ്ത്ത്

വിഭിന്നങ്ങളായ ജ്യാമിതീയ രൂപങ്ങൾ കൈകൊണ്ട് നെയ്‌തെടുക്കുന്ന പ്രത്യേക തരം ചിത്രത്തുന്നലാണ് സദൂ. പൗരാണിക കാലം മുതൽ തന്നെ മരുഭൂമിയിലെ സ്ത്രീകൾ പരിശീലിക്കുന്ന കരകൗശല വിദ്യയാണ് സദൂ നെയ്ത്ത് എന്നത് ശ്രദ്ധേയമാണ്. ഒട്ടക രോമം, ആട്ടിൻ രോമം അല്ലെങ്കിൽ ചെമ്മരിയാടിന്റെ കമ്പിളി തുടങ്ങിവയായിരുന്നു നെയ്ത്തിന് ഉപയോഗിച്ചിരുന്നത്. സാങ്കേതിക വികാസമോ ആധുനികതയോ നഗരത്തിന്‍റെ ആഡംബരമോ ഒട്ടും ബാധിച്ചിട്ടില്ലാത്ത സദൂവിന് പൈതൃക സ്വത്തുക്കളെ മുറുകെ പിടിക്കുന്ന ഇമാറാത്തി ജനങ്ങളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനവും പദവിയുമാണുള്ളത്.

വീടുകളുടെയും മജ്‌ലിസുകളുടെയും അലങ്കാരങ്ങളിൽ സദൂ ഇന്നും ഒരു അവിഭാജ്യ ഘടകമാകുന്നത് അതുകൊണ്ടാണ്. സദൂ ചിത്രത്തുന്നൽ ഒരു കലയും കരകൗശലവുമായി, പൈതൃകത്തെ ആധുനികതയുമായി ബന്ധിപ്പിച്ച് ഇന്നും തലമുറകളിലേക്ക് കൈമാറിക്കൊണ്ടിരിക്കുന്നു. വീടുകളും സ്വീകരണ മുറികളും അലങ്കരിക്കുന്ന വൈവിധ്യമാർന്ന നിറങ്ങളോടുകൂടിയ മനോഹരമായ ചിത്രത്തുന്നലായി ഇന്നും സദൂ നിലനിൽക്കുന്നു.

തിളക്കവും കടുപ്പവുമുള്ള നിറങ്ങളും ജ്യാമിതീയ രൂപങ്ങളുമാണ് സദൂവെന്ന ചിത്രത്തുന്നലിനെ മറ്റു നെയ്ത്തുകളിൽനിന്നും വ്യത്യസ്തമാക്കുന്നത്. വസ്ത്രങ്ങൾ അലങ്കരിക്കാൻ മാത്രമായിട്ടല്ല ഇപ്പോൾ തെലി എംബ്രോയ്ഡറി ഉപയോഗിക്കുന്നത്, മെഡലുകൾ, ബാഗുകൾ തുടങ്ങിയ ആധുനിക ഉൽപ്പന്നങ്ങളിൽ ഇപ്പോൾ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. മുമ്പ് വെള്ളിയിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന താലി നൂലുകൾ ഇപ്പോൾ വിവിധ നിറങ്ങളിൽ നിർമിക്കപ്പെടുന്നു.

താലി എംബ്രോയ്ഡറിയുടെ പ്രത്യേകതകൾ:

നിർണാണ രീതി: ‘മൂസാദ’ എന്ന പ്രത്യേക തലയണയിൽ വെച്ച്, ‘കജൂജ’ എന്ന മെറ്റൽ സ്റ്റാൻഡിൽ ഉറപ്പിച്ചാണ് ഇത് നിർമ്മിക്കുന്നത്.

നൂലുകൾ: പണ്ട് സ്വർണ്ണ, വെള്ളി നൂലുകളാണ് ഉപയോഗിച്ചിരുന്നതെങ്കിൽ, ഇപ്പോൾ സിന്തറ്റിക് നൂലുകളും ഉപയോഗിക്കുന്നു. കറുപ്പ്, പച്ച, ചുവപ്പ്, വെള്ള എന്നിവയാണ് പ്രധാന നിറങ്ങൾ.

ആലങ്കാരികം: വസ്ത്രങ്ങളുടെ കഴുത്ത്, കൈകൾ, അരികുകൾ എന്നിവിടങ്ങളിൽ ഈ തുന്നൽ വർക്ക് പ്രധാനമായും കാണാം.

അറബ് പാരമ്പര്യത്തിൽ താലിയുടെ സ്ഥാനം വളരെ വലുതാണ്. ഇത് ഇമാറാത്തി സ്ത്രീകളുടെ വസ്ത്രധാരണ രീതിയുടെ അവിഭാജ്യ സൌന്ദര്യ ഘടകമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poetrythaliHandwork
News Summary - Thali; the poetry of beauty written by hands
Next Story