'പെൺനടൻ' പറയുന്ന ജീവിതം
text_fieldsസന്തോഷ് കീഴാറ്റൂർ ‘പെൺനടനി’ൽ
നിമിഷങ്ങള്‍ക്കുള്ളില്‍ ഏതോ ജാലവിദ്യക്കാരനെപ്പോലെ വേഷവും രംഗവും കഥാപാത്രവും മാറുകയാണ് ‘പെൺ നടനി’ൽ സന്തോഷ് കീഴാറ്റൂർ
സ്ത്രീകള്‍ അഭിനയരംഗത്തേക്ക് കടന്നുവരാത്ത കാലത്താണ് നാടക തിരശ്ശീലയിലേക്ക് ഓച്ചിറ വേലുക്കുട്ടിയുടെ പെൺവേഷം നടന്നുകയറുന്നത്. 12ാം വയസ്സില്‍ അരങ്ങിലെത്തിയ അദ്ദേഹം 35 വർഷം തുടർച്ചയായി പെണ്‍വേഷം കെട്ടി. നിരവധി സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ഓച്ചിറ വേലുക്കുട്ടിയാശാനെയാണ് സന്തോഷ് കീഴാറ്റൂർ ‘പെൺനടൻ’ എന്ന തന്റെ ഏകാംഗ നാടകത്തിലൂടെ അരങ്ങിലെത്തിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ ഏതോ ജാലവിദ്യക്കാരനെപ്പോലെ വേഷവും രംഗവും കഥാപാത്രവും മാറുന്ന സന്തോഷ് എന്ന നടന്‍റെ അഭിനയ മികവ് ആശാന്റെ അതുല്യപ്രതിഭക്ക് തിളക്കമേറ്റുകയാണ്. ‘പെൺനടൻ’ ഇതിനകം നൂറിലധികം വേദികൾ പിന്നിട്ടുകഴിഞ്ഞു. അഭിനേതാവും സംവിധായകനും നാടകകൃത്തുമായ സന്തോഷ് കീഴാറ്റൂര്‍ സംസാരിക്കുന്നു.
ആശാനെ തേടി
നാടക ചരിത്രത്തിൽനിന്നും നാടക ക്ലാസുകളില്‍നിന്നുമാണ് വേലുക്കുട്ടിയാശാനെക്കുറിച്ച് അറിഞ്ഞത്. അരങ്ങിലെ മഹാപ്രതിഭ വെറുമൊരു പേര് മാത്രമായി ഒതുങ്ങുന്നത് അൽപം വേദനയോടെ കണ്ടു. അപ്രതീക്ഷിതമായാണ് ഡോ. കെ. ശ്രീകുമാര്‍ ആശാനെക്കുറിച്ച് എഴുതിയ പുസ്തകം വായിക്കാനിടവന്നതും ആശാനെക്കുറിച്ച് കൂടുതൽ അറിയുന്നതും. ഒരു നിമിത്തംപോലെ, കൊല്ലത്തെ പ്രഫഷനല്‍ നാടക സമിതിയുടെ ബാനറിൽ കെ.കെ.ആര്‍ കായിപ്പുറം രചന നിര്‍വഹിച്ച് പയ്യന്നൂര്‍ മുരളി സംവിധാനം ചെയ്ത, ആശാന്റെ ജീവിതകഥ അടിസ്ഥാനമാക്കിയുള്ള ‘അവതാര പുരുഷൻ’ നാടകത്തില്‍ ആശാന്‍റെ വേഷം ചെയ്തു. നാടകം ശ്രദ്ധിക്കപ്പെടുകയും നിരവധി അവാര്‍ഡുകള്‍ തേടിയെത്തുകയും ചെയ്തു. അതോടെ ആശാൻ എന്ന പ്രതിഭയെ കൂടുതൽ അടുത്തറിയാനായി.
അതിനിടക്കാണ് ഹിന്ദി നാടക സംവിധായകന്‍ ജനത കപൂറിന്റെ നാടകം കാണാനിടയായത്. അതിലെ സ്ത്രീ വേഷം കെട്ടിയ ജയശങ്കര്‍ സുന്ദരി എന്ന നടന്‍റെ അഭിനയം മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. വർഷങ്ങൾക്കുശേഷം അഹ്മദാബാദില്‍ മല്ലിക സാരാഭായിയുടെ കൂടെ ജോലിചെയ്യുന്ന സമയത്ത് ജയശങ്കര്‍ സുന്ദരിയുടെ പേരിലുള്ള തിയറ്റര്‍, സ്മാരകം എന്നിവ നേരില്‍ കണ്ടു. അരങ്ങിലെ സ്ത്രീ വേഷങ്ങൾക്ക് അവിടത്തെ സമൂഹം നൽകിയ ആദരം കണ്ടപ്പോൾ വേലുക്കുട്ടിയാശാൻ വീണ്ടും ഓർമയിൽ ഓടിയെത്തി. അതേ കാലയളവില്‍ ജീവിച്ച് മലയാളികൾക്ക് മിഴിവാർന്ന കഥാപാത്രങ്ങൾ സമ്മാനിച്ച വേലുക്കുട്ടി ആശാന് ഒരു പരിഗണനയും സാംസ്കാരിക ലോകം നല്‍കുന്നില്ല എന്ന തിരിച്ചറിവില്‍നിന്നുകൂടിയാണ് ‘പെണ്‍നടന്‍’ എന്ന നാടകത്തിന്റെ ചിന്തകള്‍ മനസ്സിലേക്ക് കടന്നുവരുന്നത്.
സിനിമാ തിരക്കുകൾക്ക് അവധി നല്‍കി സുഹൃത്ത് സുരേഷ് ബാബു ശ്രീസ്ഥയുമായി ചേർന്ന് ആശാനു പിന്നാലെ അന്വേഷണം തുടങ്ങി. ആശാൻ ഏറ്റവുമധികം ജീവൻ നൽകിയത് കുമാരനാശാന്റെ കഥാപാത്രങ്ങള്‍ക്കായിരുന്നു. ‘കരുണ’യിലെ വാസവദത്തയെ ആയിരത്തിലധികം വേദികളില്‍ നിറഞ്ഞാടി എന്ന തിരിച്ചറിവ് അത്ഭുതം വർധിപ്പിച്ചു. കലാകാരന്‍റെ പ്രഫഷനല്‍ ജീവിതവും വ്യക്തിജീവിതവും ഇടകലർന്ന രചനാരീതിയാണ് ‘പെൺനടനി’ൽ ഉപയോഗിച്ചത്. വേലുക്കുട്ടി ആശാനെ ആളുകള്‍ക്കിടയില്‍ അടയാളപ്പെടുത്തുക എന്നതിനൊപ്പം ആശാന്‍ കവിതകളെ പുതിയ കാലത്തിലേക്ക് എത്തിക്കുക എന്നതും നാടകത്തിന്റെ പിറകിലുള്ള ലക്ഷ്യമാണ്. ബോഡി പൊളിറ്റിക്സ്, കലാകാരന്റെ അസ്തിത്വം എന്നിവ കൂടിയാണ് പറയാന്‍ ശ്രമിക്കുന്നത്. പെണ്‍വേഷം കെട്ടിയാടിയ ആശാന് സമൂഹത്തില്‍നിന്നു മാത്രമല്ല, കുടുംബത്തില്‍നിന്നും അവഗണന മാത്രമാണ് ലഭിച്ചത്.
പെണ്ണൊരുക്കം
ഒരു വര്‍ഷത്തോളം നാടകത്തിനായി മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. കണ്ണാടിയില്‍ പ്രതിബിംബം നോക്കി ചലനങ്ങള്‍ നിരീക്ഷിക്കുക പതിവായിരുന്നു. ഷൂട്ടിങ് ഇടവേളകളിലും രാത്രികളിലും വേലുക്കുട്ടിയാശാൻ കെടാവിളക്കായി മനസ്സില്‍ ജ്വലിച്ചു നിന്നു. നാടകത്തില്‍ ഉപയോഗിച്ച ഓരോ ശബ്ദവും ഒരു നിമിത്തംപോലെ വന്നു ചേര്‍ന്നതാണ്. ‘ഒടിയന്‍’ സിനിമയുടെ ഡബിങ് തിയറ്ററില്‍നിന്നാണ് മോഹന്‍ലാല്‍ ശബ്ദം നൽകിയത്. ഇന്ദ്രന്‍സ് മറ്റൊരു ഷൂട്ടിങ് ലൊക്കേഷനില്‍നിന്ന് അസിസ്റ്റന്‍റ് ഡയറക്ടറുടെ ഫോണിലൂടെ ശബ്ദം അയച്ചു തന്നു. ഉപഗുപ്തന്റെ ഭാഗം അവതരിപ്പിച്ച ശരത് മറ്റൊരു സീരിയല്‍ റെക്കോഡിങ്ങിനിടെ ശബ്ദം അയച്ചു തന്നു. സംഗീത സംവിധാനം നിര്‍വഹിച്ച എം.കെ. മധു ആശാന്‍ പാടി അഭിനയിച്ച കവിതകള്‍ അതേ രാഗത്തില്‍ പഴയ ശബ്ദത്തില്‍ ചെയ്തു.
ആദ്യമായി പെണ്‍വേഷം ചെയ്യുമ്പോള്‍ കഥാപാത്രത്തോട് എത്രമാത്രം നീതി പുലര്‍ത്താന്‍ സാധിക്കും എന്നൊരു ഭയം ഉണ്ടായിരുന്നു. പക്ഷേ, ആദ്യത്തെ അവതരണം കഴിഞ്ഞപ്പോള്‍ ലഭിച്ച പ്രതികരണത്തില്‍നിന്ന് ആശങ്കകള്‍ അസ്ഥാനത്താണ് എന്നു മനസ്സിലായി. എല്ലാവരുടെ ഉള്ളിലും ഒരു സ്ത്രീയും പുരുഷനുമുണ്ട്. താളം, ലാസ്യം, ഭാവം എല്ലാം ഓരോ വ്യക്തിയിലും ഒളിഞ്ഞിരിക്കുന്നുണ്ട്. അത് പുറത്തുകൊണ്ടുവരുകയാണ് ചെയ്തത്. എത്ര റിഹേഴ്സല്‍ ചെയ്താലും നാടകം സംഭവിക്കുന്ന നിമിഷം പരമ പ്രധാനമാണ്. അൽപവസ്ത്രധാരിയായി നാടകവേദിയിൽ എരിഞ്ഞടങ്ങുന്ന വേലുക്കുട്ടി ആശാന്‍റെ ഉള്ളിലെ കുറ്റബോധത്തിന്‍റെ തീജ്വാലകളാണ് ആസ്വാദകന്‍റെ മനസ്സിനെ വേദനയുടെ ആഴങ്ങളിലേക്ക് കൈ പിടിച്ചു നടത്തുന്നത്. നാടക കലാകാരന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ് പെണ്‍ നടനിലൂടെ പറയാൻ ശ്രമിക്കുന്നത്. വേദികളില്‍ സ്ത്രീ വേഷങ്ങളില്‍ അഭിനയിക്കുമ്പോഴും മഹാഭാരതത്തിലെ കര്‍ണനായി അഭിനയിക്കാനുള്ള തീവ്രമായ ആഗ്രഹം ആശാന്‍ മനസ്സില്‍ കൊണ്ടുനടന്നിരുന്നു. ആശാന്റെ സ്ത്രീകഥാപാത്രങ്ങൾ പുരുഷന്മാരെ പോലും പ്രലോഭിപ്പിച്ചിരുന്നു. അങ്ങനെയെങ്കിൽ എന്തായിരുന്നു വേലുക്കുട്ടിയാശാന്റെ അഭിനയചാരുത. ആ പ്രതിഭക്കുള്ള പ്രണാമമാണ് ‘പെൺനടൻ’.
ഭാര്യ സിനി സന്തോഷ് കോസ്റ്റ്യൂം ഡിസൈനറായി നാടകത്തിനൊപ്പമുണ്ട്. ബി.ഒ.പി പാരാമെഡിക്കല്‍ വിദ്യാര്‍ഥിയായ മകന്‍ യദു സായന്ത് ആണ് നാടകത്തിൽ ദീപസംവിധാനം നിർവഹിച്ചത്.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

