Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_right`നാട്അകം' കണ്ട ഒരാൾ

`നാട്അകം' കണ്ട ഒരാൾ

text_fields
bookmark_border
`നാട്അകം കണ്ട ഒരാൾ
cancel

വീണ്ടുമൊരു മാർച്ച് 27 കടന്നുപോയി, ലോക നാടക ദിനം. നാടകത്തിന് നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ട്. പുരാതന ഗ്രീസിൽ ഇഷ്ടദൈവമായ ഡയനീഷ്യസ് ദേവനെ ആരാധിക്കാൻവേണ്ടി തയാറാക്കിയ കലാരൂപത്തിൽനിന്ന്‌ പിറവിയെടുത്തതാണ് ‘നാടകം’. ‘കാണാനുള്ള സ്ഥലം’ എന്നർഥമുള്ള ഗ്രീക്ക് പദത്തിൽനിന്നാണ് ‘തിയറ്റർ’ എന്ന വാക്ക് അരങ്ങിലെത്തിയത്. 1962ൽ ഇന്‍റർനാഷനൽ തിയറ്റർ ഇൻസ്റ്റിറ്റ്യൂട്ടാണ് ലോക നാടകദിനം ആരംഭിച്ചത്. ഈ വേളയിൽ ഏറെ ‘നാട്അകം’ കണ്ട ഒരാൾ മലയാളത്തിന്‍റെ മണ്ണിൽ നിന്നും അക്ഷരം തെറ്റാതെ പറയുന്നു, നാടകത്തിന് മരണമില്ലെന്ന്, അത് ജീവനുള്ള കലയാണെന്ന്...’ അതെ, നാടകരംഗത്തെ സമഗ്ര സംഭാവനകൾക്ക് കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചതിന്‍റെ നിറവിൽ നിൽക്കുന്ന മനോജ് നാരായണന്റേതാണീ വാക്കുകൾ.

കാലമെന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവന്നാലും ഈ മണ്ണില്‍ നാടകത്തിന് മരണമില്ല. കുട്ടികളുടെ നാടകവേദി, തെരുവ് നാടകങ്ങൾ, കാമ്പസ് തിയറ്റർ, അമച്വർ, പ്രഫഷനൽ മേഖലകളിൽ മികച്ച അവതരണങ്ങൾ നടത്തി നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ സംവിധായകനാണ് മനോജ് നാരായണൻ. സംസ്ഥാന പ്രഫഷനൽ നാടക മത്സരത്തിൽ തുടർച്ചയായി ഏഴുതവണ മികച്ച സംവിധായകനുള്ള സംഗീത നാടക അക്കാദമിയുടെ അവാർഡ് മനോജിനെ തേടിയെത്തി. വടകര വില്യാപ്പള്ളി തുണ്ടിമഠത്തില്‍ പരേതനായ നാരായണന്‍-രാധ ദമ്പതികളുടെ മകന് ജീവിതം തന്നെ നാടകമാണ്. ഈ രീതിയില്‍ നാടകവുമായി ഇഴുകിച്ചേര്‍ന്ന ജീവിതം പുതിയ കാലത്ത് അപൂര്‍വമാണ്. നാല് പതിറ്റാണ്ടിലേക്ക് കടക്കുന്ന നാടക ജീവിതം. നാടകത്തിന്‍റെ അരങ്ങിലും അണിയറയിലും ഒരേപോലെ മനോജ് തന്‍റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

അന്ന് ഒറ്റ രംഗത്ത്, പിന്നെ ‘നാടക’മായി

മനോജ് നാരായണൻ, കാർത്തികപ്പള്ളി നമ്പർ വൺ യു.പി സ്കൂളിൽ പഠിക്കുന്ന കാലം. അധ്യാപകനായ ആർട്ടിസ്റ്റ് രാംദാസ് മാഷാണ് നാടകത്തിന്‍റെ ഭാഗമാക്കിയത്. ആദ്യമായി അരങ്ങിലെത്തി, അതും ഒറ്റ രംഗത്ത്. അന്ന്, ആദ്യം തിരഞ്ഞെടുക്കപ്പെട്ടവരിൽ മനോജുണ്ടായിരുന്നില്ല. റിഹേഴ്സൽ സമയത്തെ സ്ഥിരം കാഴ്ചക്കാരനായിരുന്നു. ഒരു കുട്ടി വരാത്ത ഒഴിവിൽ അവിചാരിതമായി മാസ്റ്റർ മനോജിനെ തിരഞ്ഞെടുക്കുകയായിരുന്നു. പിന്നെ, പഠനം വില്യാപ്പള്ളി എം.ജെ സ്കൂളിലായി. അപ്പോഴേക്കും നാടകം തന്നെയാണ് തന്‍റെ ലോകമെന്ന് മനോജ് തിരിച്ചറിഞ്ഞു. അതായിരുന്നു ഹൈസ്കൂളിലെ അന്തരീക്ഷം. ആ കൂട്ടായ്മ ഇപ്പോഴും മനോജിന് ചുറ്റുമുണ്ട്. ഹൈസ്കൂൾ പഠനത്തിനുശേഷം ഏറെ പ്രയാസം നിറഞ്ഞ കാലത്തും നാടകത്തെ ചേർത്തുപിടിച്ചു. കുറച്ചുകാലം അരങ്ങിലെ പ്രകാശ നിയന്ത്രണവുമായി നാടാകെ സഞ്ചരിച്ചു. ആ യാത്രയാണ് നാടകത്തിന്‍റെ എല്ലാ മേഖലകളിലും കൈയൊപ്പ് ചാർത്തി തുടരുന്നത്. ഓർമവെച്ച നാൾ മുതൽ വില്യാപ്പള്ളി നറോത്ത് പറമ്പിൽ കെട്ടിയുയർത്തിയ കഥകളി മുതലുള്ള എല്ലാ കലാരൂപങ്ങളും കണ്ടാണ് വളർന്നത്. അക്കാലത്ത് നാടെങ്ങും ക്ലബുകൾ സജീവമായി. നാറോത്ത് പറമ്പിലെ ഗ്രാമീണ കൂട്ടായ്മയിൽ മനോജും പങ്കാളിയായി.

കണ്ണീരിന്‍റെ കഥയുണ്ട്, മനോജിന്‍റെ ബാല്യത്തിന്. ഇല്ലായ്മയുടെ രുചി നന്നായി അറിഞ്ഞു. ജ്യേഷ്ഠൻ അപകടത്തിൽപ്പെടുകയും ദീർഘകാലം ചികിത്സക്ക് വിധേയനാവുകയും ചെയ്തു. അപ്പോൾ അച്ഛൻ ജോലി നിർത്തി. ആശുപത്രിയിൽ ജ്യേഷ്ഠന് കൂട്ടിരുന്നു. പിന്നെ, എന്തെങ്കിലും ജോലി ചെയ്യാതെ മുന്നോട്ടുപോകാനാവില്ലെന്ന് വന്നു. അങ്ങനെ, പത്രവിൽപന, വില്യാപ്പള്ളിയിലെ കലാരമ പ്രസ് അടിച്ചുവാരൽ, കോൺക്രീറ്റ്, നാടൻ പണികൾ എന്നിങ്ങനെ പലതായി വേഷങ്ങൾ. ഒക്കെ, ഇന്നലെ അഴിച്ചുവെച്ചതുപോലെ മനോജിന്‍റെ മനസ്സിലുണ്ട്. പക്ഷേ, തന്‍റെ വഴികളെ കുറിച്ച് പറയാൻ മടിച്ച് മനോജ് നാടകത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണിവിടെ... നാടകത്തിന്‍റെ ഭാവിയെക്കുറിച്ച് തെല്ലും ആശങ്കയില്ലാതെ ഏറെ പ്രതീക്ഷയോടെ...

നാടകം മരിക്കുന്നതെങ്ങനെ!

നാടകം മരിക്കുന്നതെങ്ങനെ...! മനുഷ്യരുള്ള കാലം വരെ നാടകം മരിക്കുന്നതെങ്ങനെയാണ്. അത്തരമൊരു സംശയം എവിടെ നിന്നാണ് ഉണ്ടാകുന്നതെന്ന് അറിയില്ല. മനുഷ്യനുള്ള കാലം വരെ നാടകം നിലനിൽക്കും. ഏത് മീഡിയ വന്നാലും നാടകം നാടകമായി നിൽക്കും. മറ്റുള്ള കലാരൂപങ്ങൾ പോലെ നാടകവും ചർച്ച ചെയ്യപ്പെടുന്നുണ്ടോ എന്നതിൽ സംശയമുണ്ടാകാം. പക്ഷേ, നാടകം പഠിക്കുന്നവർ നാൾക്കുനാൾ ഏറുകയാണ്. നാടക ദിനത്തിൽ പറയാനുള്ളത്, എല്ലാവരും നാടകം കളിക്കുക എന്ന് തന്നെയാണ്.

നാടകത്തിലിടപെടുക എന്നു പറയുന്നത് ഏറ്റവും വലിയ അനുഭവമാണ്. നാടകം നിലനിൽക്കുന്നതിന് പ്രധാന കാരണം ജീവനുള്ള കലയാണെന്നത് തന്നെയാണ്. അരങ്ങും പ്രേക്ഷകനും തമ്മിൽ മുഖാമുഖമാണ് നാടകം സംഭവിക്കുന്നത്. അതിനാൽ, ഏറ്റവും സത്യസന്ധമായ ഇടപാടാണ് നാടകം. അതുകൊണ്ടാണ്, നാടകത്തിൽ പറയുന്ന പലതും സമൂഹത്തിന് പൊള്ളലായി മാറുന്നത്. നാടിന് ഇത്രയേറെ മാറ്റം കൊണ്ടുവന്ന കലാരൂപം വേറെയുണ്ടാവില്ല. ഇന്‍റർനെറ്റിന്‍റെ കാലത്ത്, രണ്ടുമണിക്കൂറിലേറെ ഫോൺ സ്വിച്ച് ഓഫാക്കി പ്രേക്ഷകർ ഇരിക്കുകയാണ്. ഇപ്പോൾ, സ്കൂൾ കലോത്സവങ്ങളിലെ നാടകം മാത്രം എടുത്താൽ മതി, വ്യത്യസ്തമായ ആശയങ്ങൾകൊണ്ട് പുതുമകൾ നിറയുകയാണവിടെ. അത്, ഏറ്റെടുക്കാൻ പ്രേക്ഷക സമൂഹം ഒന്നാകെ എത്തുന്ന കാഴ്ചയാണുള്ളത്. ഏറ്റവും പുതിയ കാലത്തിന്‍റെ വിഷയങ്ങൾപോലും നാടകം ഏറ്റെടുക്കുന്നുണ്ട്. ഏത് വിഷയവും ഏറ്റെടുക്കാനുള്ള ധൈര്യം നാടകത്തിന്‍റെ സവിശേഷതയാണ്. നാടകം ഏത് കലയെയുംപോലെ അനുദിനം നവീകരിക്കപ്പെടുന്നുണ്ട്. ചെറിയ പ്രേക്ഷക സമൂഹത്തിനായി മാത്രം നാടകം ഇന്നുണ്ട്. എന്നാൽ, അത് മാത്രമല്ല, നിരവധിയായ സാമൂഹിക മാറ്റത്തിന് വഴിതെളിച്ച കലാരൂപമാണ് നാടകം. പ്രേക്ഷകരെ വിനോദിപ്പിക്കുക മാത്രമല്ല നാടകത്തിന്‍റെ ലക്ഷ്യം, പുതിയ ചിന്ത സൃഷ്ടിക്കണം. സൂക്ഷ്മമായി നോക്കിയാൽ ഏത് വൈവിധ്യങ്ങൾ വന്നാലും നാടകം ഏറ്റെടുക്കുന്ന വിഷയം കനമുള്ളതാണെന്ന് കാണാം. സ്കൂൾ കലോത്സവം, കലാസമിതി, കോളജുകൾ എല്ലായിടത്തും നാടകം ഏറെ ഗൗരവത്തോടെ ഏറ്റെടുക്കപ്പെടുന്നത് അതുകൊണ്ട് തന്നെയാണ്.

പഴയകാലത്ത് നാടകം കളിക്കാത്തവർ ഉണ്ടാവില്ലെന്നുതന്നെ പറയാം. രാഷ്ട്രീയത്തിന്‍റെ നേതൃനിരയിലെത്തിയവരിൽ പലരും നാടകത്തിന്‍റെ ഭാഗമാണ്. പഴയ നാടകത്തിൽ നിന്നും പുതിയ നാടകത്തിലേക്ക് കടക്കുേമ്പാൾ ഏറെ മാറ്റം കാണുക സ്വാഭാവികം. അത്, കാലം വരുത്തിവെച്ച മാറ്റമാണ്.

നാടകം=നാടകം

പ്രഫഷനൽ നാടകം എന്നുപറഞ്ഞാൽ, അതൊരു പ്രഫഷനായി എടുത്തവർ എന്നർഥത്തിൽ കാണാം. നാടകത്തെ ജനകീയമാക്കിയതിൽ പ്രഫഷനൽ നാടകത്തിന്‍റെ പങ്ക് വളരെ വലുതാണ്. വലിയ പ്രേക്ഷക സമൂഹത്തിന്‍റെ മുമ്പിലെത്തുന്നത് പ്രഫഷനൽ നാടകം തന്നെയാണ്. നാടകം ജീവിതമാക്കിയവരുടേതാണ് പ്രഫഷനൽ നാടകം എന്നും പറയാം. പക്ഷേ, പ്രഫഷനൽ, അമച്വർ നാടകം എന്ന വേർതിരിവിന് അപ്പുറം നാടകമാണ് പ്രധാനം. ഒരു പ്രഫഷനൽ നാടകത്തിന് പരിമിതിയുണ്ട്. ഒരു വാഹനത്തിൽ എല്ലാം കെട്ടിവലിച്ച് ടൂറിങ് തിയറ്റർ പോലെയാണത്. സഞ്ചരിച്ച് കൊണ്ടേയിരിക്കുകയാണ് പ്രഫഷനൽ നാടകം. കേരളത്തിൽ തന്നെ എത്ര ശക്തരായ നടീനടന്മാർ ഉണ്ടായിട്ടുണ്ട്. ശരിക്കും പ്രഫഷനലായി ചെയ്യുന്ന അമച്വർ നാടകങ്ങൾ ഏറെയുണ്ടെന്നതാണ് യാഥാർഥ്യം. ഇതിനിടയിലും പ്രഫഷനൽ, ജനപ്രിയം എന്നൊക്കെ വിളിക്കുന്നതിനോട് യോജിക്കുന്നില്ല.

കുട്ടികളുടെ നാടകം, മുതിർന്നവരുടെ നാടകം എന്നൊന്നില്ല. എല്ലാം നാടകമാണ്. നാടകങ്ങൾക്ക് ജനമനസ്സിലുള്ള സ്ഥാനങ്ങൾ തന്നെയാണ് പ്രധാനം. അക്കാദമിക് രംഗത്തുള്ളവരാണ് നാടകത്തെ പ്രഫഷനൽ, അമച്വർ, കുട്ടികളുടെ നാടകങ്ങൾ എന്നിങ്ങനെ വേർതിരിക്കുന്നത്. കേരളത്തിൽ പഴയ കാലത്ത് നിന്നുമാറി ടിക്കറ്റെടുത്ത് നാടകം കാണുന്ന പ്രേക്ഷക സമൂഹം ഉണ്ടായിട്ടുണ്ട്. ഒക്കെ നല്ല മാറ്റങ്ങളാണ്.

നാടകരചനയെന്ന നട്ടെല്ല്

നാടകത്തിന് രചന ഏറ്റവും പ്രധാനം തന്നെയാണ്. യഥാർഥത്തിൽ രചനയുടെ ആവിഷ്കാരവും ആഖ്യാനവും വ്യാഖ്യാനവും ഒക്കെയാണ് നാടകം. മികച്ച രചനകൾ ഉണ്ടാകുന്നുണ്ട്. പല പ്രശസ്തമായ കഥകളും നോവലുകളും നാടകമാകുന്നുണ്ട്. ഇതിനിടയിൽ, മൗലികമായ നാടകങ്ങളും ഉണ്ടാകുന്നുണ്ട്. കാലത്തിന്‍റെ മാറ്റം വിഷയങ്ങളിൽ വന്നിട്ടുണ്ട്. പുതിയ കാലത്തെ എല്ലാ പ്രശ്നങ്ങളെയും അഭിമുഖീകരിക്കാനുള്ള ശ്രമം നാടകലോകത്തുണ്ട്. ചില വിഷയങ്ങൾ അവതരിപ്പിക്കുേമ്പാൾ പ്രതിഷേധങ്ങൾ ഉണ്ടാകുന്നുണ്ട്. സമൂഹം ഒപ്പമുണ്ടെങ്കിൽ നല്ല നാടകം ഉണ്ടാകും. ഏത് വിഷയവും പറയാൻ പറ്റുന്നതിലേക്ക് നാടകം മാറണം. അതിന് സമൂഹത്തിന്‍റെ പിന്തുണ അനിവാര്യമാണ്. മുമ്പ് വിവിധങ്ങളായ ഫൈനാർട്സ് സൊസൈറ്റികളും സാംസ്കാരിക സമിതികളും നാടകം ഏറ്റെടുത്തിരുന്നു. അത്, കുറഞ്ഞുവരുന്നു. പഴയ നാടക സംഘങ്ങൾക്ക് ലഭിച്ച തരത്തിലുളള വേദികൾ ഇന്നില്ല. പക്ഷേ, അടുത്ത കാലത്തായി പ്രഫഷനൽ, അമച്വർ നാടകോത്സവങ്ങൾ അരേങ്ങറുന്നുണ്ട്. നല്ല രചനകൾ നല്ല നാടകത്തിന് വഴിതുറക്കുമെന്നതിൽ തർക്കമില്ല.

കുട്ടികൾ കളിക്കട്ടെ

കുട്ടികളുടെ നാടകവേദി കേരളത്തിൽ ഏറ്റവും ശക്തമാണ്. രണ്ട് രീതികളുണ്ട്, കുട്ടികളുടെ മത്സരവേദികളുണ്ട്, അല്ലാതെ എല്ലാ കുട്ടികൾക്കും കളിക്കാൻ കഴിയുന്ന ചിൽഡ്രൻസ് തിയറ്റർ എന്നു പറയുന്ന, കുട്ടികളുടെ സമഗ്രവികാസം ലക്ഷ്യമിട്ടുകൊണ്ടുള്ള നാടക വേദി ഉണ്ടായിട്ടുണ്ട്. കുട്ടികളുടെ എല്ലാ കഴിവുകളും പുറത്തുകൊണ്ടുവരാൻ നാടകം വഴിതുറക്കും. അല്ലാതെ നാടകക്കാരാകാൻ വേണ്ടി മാത്രം നാടകം കളിക്കുന്നവരില്ല. ഒരു കുട്ടിയെ ഏതെങ്കിലും നാടക ക്യാമ്പിൽ പങ്കെടുപ്പിക്കുക, ആ കുട്ടി പിന്നീടൊരിക്കലും നാടകത്തിൽ അഭിനയിച്ചില്ലെങ്കിലും ആ ക്യാമ്പ് മനസ്സിൽ നിന്നും കുടിയൊഴിയില്ല. നാടകത്തിലൂടെ കുട്ടികൾ പുതിയ ലോകത്തെ അനുഭവിക്കുകയാണ്. കുട്ടികളുടെ സംസാരം, ശരീര ഭാഷ, കാഴ്ച, നിരീക്ഷണ പാടവം എല്ലാം അടിമുടി മാറുകയാണ്. എല്ലാ ക്യാമ്പുകളിലൂടെയും അവർ പുതിയൊരു ലോകം അറിയുകയാണ്. അവരെ പഠിപ്പിക്കുകയല്ല. അവിടെ, കളിയാണ് മുഖ്യം, കളിച്ച് പഠിക്കുകയാണ്. കളിയിലൂടെ കാര്യങ്ങൾ അറിയുകയാണ്. കളിയെന്നുപറഞ്ഞാൽ ഏറ്റവും കാര്യമുള്ള ഒന്നാണ്. അറിയാമല്ലോ, നാടകത്തിൽ ചിത്രമുണ്ട്, പാട്ടുണ്ട്, അഭിനയമുണ്ട്, എല്ലാറ്റിന്‍റെയും സമഗ്രതയാണ് നാടകം.

ഏത് കാര്യവും ഏറ്റവും നന്നായി ചെയ്യുക, മുൻപന്തിയിലെത്തുക എന്ന തലത്തിലേക്ക് നമ്മുടെ കുട്ടികൾ എത്തിച്ചേരും. വിദ്യാഭ്യാസത്തിൽ തിയറ്ററിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വലിയ പഠനങ്ങൾ നടന്നുകഴിഞ്ഞു. ലോകമാകെ ഈ തിരിച്ചറിവിന്‍റെ വഴിയിലാണ്. ഈ സാഹചര്യത്തിൽ, കുട്ടികളുടെ നാടകക്കളരിക്ക് ഏറെ പ്രാധാന്യമുണ്ട്. കുട്ടികളുടെ നാടകത്തിൽ വലിയ മാറ്റം വന്നുകൊണ്ടിരിക്കുന്ന കാലത്താണ് എന്‍റെ കുട്ടിക്കാലം. വടകര, തോടന്നൂർ സബ്ജില്ല എന്നൊക്കെ പറഞ്ഞാൽ നാടകത്തിന് പ്രാധാന്യം നൽകിയ ഇടമാണ്. എന്നിലെ നാടകക്കാരനെ വളർത്തിയെടുക്കുന്നതിൽ കുട്ടികളുടെ നാടകക്കളരി വലിയ പങ്ക് വഹിച്ചു. വില്യാപ്പള്ളി സുന്ദരകലാസമിതിയും, ജയകലാവേദിയും എന്നിലെ നാടകക്കാരന് വെള്ളവും വളവുമായി. ഒരുപാട് പേരുകൾ എന്നും മനസ്സിലുണ്ട്, വഴികാട്ടികളായി.

മറക്കരുത്, ഈ നാടകലോകത്തെ

നാടകം തൊഴിലായി കൊണ്ടുനടക്കാമോ എന്ന് പലരും ചോദിക്കാറുണ്ട്. ആ ചോദ്യം ശരിയാണ്. പണം വേണം. എത്ര വേണം എന്നത്, ഓരോരുത്തരെയും ആശ്രയിച്ചിരിക്കും. ഇന്ന് നാടക കലാകാരനും ജീവിക്കണമെന്ന തിരിച്ചറിവ് സമൂഹത്തിനുണ്ട്. പഴയ സാഹചര്യം പാടേ മാറി. പക്ഷേ, എല്ലാ മേഖലയിലും പ്രതിസന്ധിയുണ്ട്. കോവിഡ് കാലം പാഠപുസ്തകമായി മുന്നിലുണ്ട്. സുരക്ഷിതത്വം എന്ന വാക്ക് പുതിയ കാലത്തില്ലെന്ന് തോന്നുന്നു. ചേർത്തുപിടിക്കാൻ സർക്കാറുകൾ തയാറാകണം. നാടകത്തിന് ഏറ്റവും പ്രധാനമായി വേണ്ടത് വേദിയാണ്.

പക്ഷേ, നമ്മുടെ നാട്ടിൽ ഓഡിറ്റോറിയങ്ങൾ ഏറെയുണ്ട്. ഏറെയും വൻ വാടക ഈടാക്കുകയാണ്. ഇത്, മാറണം. നാടക സംബന്ധിയായ പുസ്തകങ്ങൾ വേണം. കുട്ടികൾക്കായുള്ള നാടകവേദി എല്ലായിടത്തും വേണം. നാടക കലാകാരന്‍റെ പ്രയാസങ്ങൾ ഭരണകൂടം കണ്ടറിയണം. കോവിഡ് സമയത്ത് സർക്കാറിന്‍റെ ഭാഗത്തുനിന്നും സഹായം ഉണ്ടായിരുന്നു. അത്തരം നടപടികൾ തുടരേണ്ടതാണ്.

നാടക മത്സരങ്ങൾ കുട്ടികൾക്ക് മുന്നിലെത്തിക്കണം. പലപ്പോഴും കുട്ടികൾ സദസ്സിലെത്തുന്നില്ല. സ്കൂളുകളിൽ കലാധ്യാപകൻ വേണം. നിലവിൽ കുട്ടികളുടെ എണ്ണം നോക്കിയാണ് അധ്യാപക നിയമനം. ആ രീതി മാറണം. ശാരീരികവും മാനസികവുമായ വികാസം നാടകത്തിലൂടെ സാധ്യമാകും. നാടകങ്ങൾ ഉണ്ടാകുന്നുണ്ട്, അതിന് നല്ല അവസരം ലഭിക്കണം. നാടകം നാടിനുവേണ്ടിയാണെന്ന് മറക്കരുത്... മനോജിന്‍റെ ഫോൺ റിങ് ചെയ്യുന്നു, പാലക്കാട് നിന്നാണ്, നാടകത്തിന്‍റെ റിഹേഴ്സൽ സമയത്തെ കുറിച്ചാണ് സംസാരം. അതെ, മനോജിനെ വിടാതെ നാടകമുണ്ട്, നാടകത്തെ വിടാതെ മനോജും.

.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArtdramaCulture
News Summary - Someone who saw `Nat Akaam`
Next Story