Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_right‘പാടുകയും...

‘പാടുകയും അഭിനയിക്കുകയും ചെയ്യുന്ന നടിയെ ആവശ്യമുണ്ട്’; നാടകകാലങ്ങൾ ഓർത്തെടുത്ത് വിപ്ലവ ഗായിക പി.കെ. മേദിനി

text_fields
bookmark_border
PK Medini, Singer
cancel
camera_alt

പി.കെ മേദിനി

തൃശൂർ: നവതിയുടെ പടിവാതിക്കൽ എത്തിനിൽക്കുകയാണ് വിപ്ലവ ഗായികയും നാടക നടിയുമായി രുന്ന പി.കെ. മേദിനി. ഇപ്പോഴും ശബ്ദത്തിന് ഇടർച്ചയോ തളർച്ചയോ ഇല്ല. ഒച്ച ഒരൽപം കൂടുതലാണെങ്കിലേയുള്ളൂ. പണ്ട്, ഉച്ചഭാഷിണി ഇല്ലാത്ത കാലത്ത് നാടകവേദിയുടെ ഏറ്റവും പിന്നിലുള്ള ആളും കേൾക്കുന്നതിനുവേണ്ടി പരമാവധി ഒച്ചയുയർത്തി പാടി ശീലിച്ചതാണ്. പിന്നീടത് തുടർന്നു. ‘മനസ്സ് നന്നാവട്ടെ മതമേതെങ്കിലുമാവട്ടെ, റെഡ്സല്യൂട്ട് റെഡ്‌സല്യൂട്ട്, റെഡ് സല്യൂട്ട്...’ തുടങ്ങിയ വിപ്ലവ നാളുകളെ ത്രസിപ്പിച്ച ഗാനങ്ങൾ ഒന്നൂടെ പാടുമോ എന്ന് ​ചോദിച്ചാൽ പണ്ടത്തെ അതേ ആവേശത്തിൽ നാട്ടുകാരുടെയും സഖാക്കളുടെയും മേദിനിച്ചേച്ചി ഇപ്പോഴും റെഡിയാണ്. ജീവിതത്തിലെ നാടകകാലങ്ങൾ ഓർത്തെടുത്ത് ‘മാധ്യമ’ത്തോട് പങ്കുവെക്കുകയാണ് പി.കെ മേദിനി.

12ാം വയസിലാണ് ആദ്യം വേദിയിൽ കയറി പാടുന്നത്. പിന്നീട് വേദിയിൽനിന്നും ഇറങ്ങേണ്ടിവന്നിട്ടില്ല. ‘സമ്മേളനത്തിനു ശേഷം മേദിനിയുടെ പാട്ടും ഉച്ചഭാഷിണിയുമുണ്ടായിരിക്കും’ എന്നത് അന്നത്തെ നോട്ടീസുകളിലെ മുഖ്യവാചകങ്ങളിൽ ഒന്നായിരുന്നു. ‘മനസ്സ് നന്നാവട്ടെ മതമേതെങ്കിലുമാവട്ടെ, റെഡ്സല്യൂട്ട് റെഡ്‌സല്യൂട്ട്..., പുന്നപ്ര വയലാർ ഗ്രാമങ്ങളെ, പുളകങ്ങളെ വീരപുളകങ്ങളെ’ തുടങ്ങിയ ഗാനങ്ങളിലൂടെ അവർ വിപ്ലവത്തിന്റെ ഗായികയായി.

ആലപ്പുഴ പുത്തൻപുരയ്ക്കൽ ആറാട്ടുവഴി കാഞ്ഞിരംചിറ വീട്ടിൽ കങ്കാണിയുടെയും പാപ്പിയുടെയും ഇളയ മകളായിരുന്നു മേദിനി. ഇടതു വേദികളിലെ, പ്രത്യേകിച്ച് നാടകവേദികളിലെ മിന്നുംതാരം. കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അവർ സി.പി.ഐക്കൊപ്പം ചേർന്നു. മേദിനിയുടെ സ്റ്റേജ് പരിപാടികളുടെ തുടക്കകാലത്താണ് പ്രസിദ്ധനാടകകാരൻ കെടാമംഗലം സദാനന്ദൻ ‘പാടുകയും അഭിനയിക്കുകയും ചെയ്യുന്ന നടിയെ ആവശ്യമുണ്ട്’ എന്ന് പത്രത്തിൽ പരസ്യം നൽകുന്നത്.

സഹോദരനും തിരക്കഥാകൃത്തുമായ ശാരംഗപാണി മേദിനിയെയും കൊണ്ട് നാടകഗ്രൂപ്പിലെത്തി. നാടിന്റെ അകമാണ് നാടകം. നമ്മുടെ ചുറ്റുമുള്ളതിനെയാണ് അത് കാട്ടിത്തരിക. അതിനാൽ നീ നാടകത്തിൽ അഭിനയിച്ചുകാണാൻ ആഗ്രഹമുണ്ട്. ശാരംഗപാണി സഹോദരിയോടു പറഞ്ഞു.

അങ്ങനെയാണ് ‘സന്ദേശം’ എന്ന നാടകത്തിൽ എത്തുന്നത്. 220ലധികം വേദികളിൽ നാടകം കളിച്ചു. ഇതേ നാടകത്തിൽ ‘ഈ കാണും പാടങ്ങൾ...’ എന്ന ഗാനം മേദിനി പാടി അഭിനയിച്ചു. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിലും അപ്രതീക്ഷിതമായി അഭിനയിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. നാടകം മാവേലിക്കരയിൽ കളിക്കേണ്ട ദിവസം പ്രമുഖ നടിയായ കെ.പി.എ.സി ഭാർഗവിക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല. തുടർന്ന് അവരുടെ വേഷം ചെയ്തു. എൻ.എൻ പിള്ളയുടെ ട്രൂപ്പിൽ ആറ് മാസം പിന്നണി ഗായികയായും പ്രവർത്തിച്ചു.

‘‘അന്ന് 20 രൂപയായിരുന്നു ദിവസക്കൂലി. എനിക്ക് അദ്ദേഹം 35 രൂപ നൽകുമായിരുന്നു. സാമ്പത്തികമായി ഏറെ പ്രയാസമുള്ള കാലമായിരുന്നു അത്. ‘ഇൻക്വിലാബി​ന്റെ മക്കൾ’ എന്ന നാടകത്തിൽ ഞാൻ അഭനയിച്ചുകൊണ്ടിരിക്കെയാണ് അതിന് നിരോധനം വരുന്നത്. പിന്നീട് അധികം നാടകങ്ങൾ ഒന്നും ചെയ്തിട്ടില്ല. നാടകത്തിന് വേണ്ടി ജീവൻ ഉഴിഞ്ഞുവെച്ചിട്ടും ഒട്ടും ശ്രദ്ധിക്കാതെ പോയ നിരവധി പേർ ഇന്നും ജീവിച്ചിരിപ്പുണ്ട്. സർക്കാറും സംഗീത നാടക അ​ക്കാദമിയും ചേർന്ന് അവരെ തേടിപ്പിച്ച് ചരിത്രത്തിൽ രേഖപ്പെടുത്തണം എന്നാണ് ആഗ്രഹിക്കുന്നത്’’; മേദിനിച്ചേച്ചി പറഞ്ഞുനിർത്തി.

മികച്ച ജനകീയ ഗായികക്കുള്ള സംഗീതനാടക അക്കാദമി പുരസ്കാരം അടക്കം വിപ്ലവഗായികയെ തേടി എത്തിയിട്ടുണ്ട്. സി.പി.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗമായിരുന്നു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസുകാരനായിരുന്ന പരേതനായ ശങ്കുണ്ണിയാണ് ഭർത്താവ്. മക്കൾ: സ്മൃതി, ഹൻസ. മരുമക്കൾ: ദാമോദരൻ, ഷാജി പാണ്ഡവത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SingerPK MediniInternational Drama FestivalITFOK 2024
News Summary - Revolutionary Singer P.K. Medini Reminiscing the days of drama
Next Story