Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

3,000 വർഷം പഴക്കമുള്ള വെങ്കല മുഖംമൂടികളിൽ പട്ടിന്റെ അവശിഷ്ടങ്ങൾ; പുരാതന ആചാരങ്ങളുടെ രഹസ്യം തേടി ഗവേഷകർ

text_fields
bookmark_border
3,000 വർഷം പഴക്കമുള്ള വെങ്കല മുഖംമൂടികളിൽ പട്ടിന്റെ അവശിഷ്ടങ്ങൾ; പുരാതന ആചാരങ്ങളുടെ രഹസ്യം തേടി ഗവേഷകർ
cancel
camera_alt

പുരാതന ഷൂ സംസ്കാരത്തിൽ നിന്നുള്ള ഒരു വെങ്കല മുഖംമൂടി.  (പ്രതീകാത്മക ചിത്രം)

ബീജിങ്: ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ സാൻഷിങ്ദുയി പുരാവസ്തു കേന്ദ്രത്തിൽനിന്ന് കണ്ടെത്തിയ 3,000 വർഷം പഴക്കമുള്ള പുരാവസ്തുക്കളിൽ പട്ടിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. വെങ്കല മുഖംമൂടികൾ, സ്വർണം, രത്നക്കല്ല്, ആനക്കൊമ്പ് എന്നിവയുൾപ്പെടെ 101 വസ്തുക്കളിലാണ് പട്ടിന്റെ സാന്നിധ്യം കണ്ടെത്തിയത്. ആന്റിക്വിറ്റി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ കണ്ടെത്തലുകളെ കുറിച്ചുളള വിവരങ്ങളുളളത്.

പ്രാചീന വെങ്കലയുഗ രാജവംശമയ ഷു സംസ്കാരത്തിലെ ജനത മതപരമായ ചടങ്ങുകളിൽ വിലപിടിപ്പുള്ള വസ്തുക്കൾ പൊതിയുന്നതിനോ മൂടുന്നതിനോ പട്ടുപയോഗിച്ചിരുന്നിരിക്കാമെന്നാണ് ഗവേഷകരുടെ നിഗമനം. ചില പട്ടുതുണികളിൽ ചുവന്ന നിറത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

പരിശോധിച്ച വസ്തുക്കളിൽ ഒരു വലിയ വെങ്കല മുഖംമൂടിയും ഉൾപ്പെടുന്നു. മുഖംമൂടിയുടെ വലത് കണ്ണിനും പുരികത്തിനും സമീപം പട്ടിന്റെ ചെറിയ ഭാഗങ്ങൾ ഇപ്പോഴും ഒട്ടിപ്പിടിച്ച നിലയിൽ കണ്ടെത്തി. മൂന്ന് വ്യത്യസ്ത ഭാഗങ്ങളിലായാണ് തുണിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇവയുടെ നെയ്ത്തുരീതിയിലും അവശിഷ്ടങ്ങളുടെ അവസ്ഥയിലും വ്യത്യാസമുണ്ടായിരുന്നു. അലങ്കാരത്തിനായോ ആചാരങ്ങളുടെ ഭാഗമായോ വ്യത്യസ്ത പട്ടുകൾ മുഖംമൂടിയിൽ സ്ഥാപിച്ചിരിക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

സാൻഷിങ്ദുയി പുരാവസ്തു കേന്ദ്രം പുരാതന ഷു സംസ്കാരവുമായി ബന്ധപ്പെട്ടതാണ്. ഇവിടെനിന്നുള്ള പുരാവസ്തുക്കൾ ബി.സി 1300 മുതൽ 1046 വരെയുള്ള ലേറ്റ് ഷാങ് കാലഘട്ടത്തിലേതാണെന്നാണ് കരുതുന്നത്. 1986ൽ നടത്തിയ ഖനനത്തിൽ രണ്ട് ബലിപിഠങ്ങളിൽ നിന്ന് 780-ലധികം വസ്തുക്കൾ കണ്ടെത്തിയിരുന്നു. 2019 മുതൽ 2022 വരെ നടത്തിയ ഖനനത്തിൽ ആറ് ബലിപിഠങ്ങൾ കൂടി കണ്ടെത്തുകയുണ്ടായി.

പട്ടിന്റെ അവശിഷ്ടങ്ങൾ വളരെ ചെറുതും കേടുപാടുകൾ സംഭവിച്ചതുമായതിനാൽ മൈക്രോസ്കോപ്പുകളും രാസപരിശോധനകളും ഉപയോഗിച്ചാണ് ഗവേഷകർ അവ പരിശോധിച്ചത്. സ്കാനിങ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ചുള്ള പരിശോധനയിൽ നാരുകൾക്ക് മൾബറി പട്ടിനോട് സാമ്യമുണ്ടെന്ന് കണ്ടെത്തി. നാരുകളിൽ പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ടെന്നും പരിശോധനയിൽ വ്യക്തമായി.

ചില സാമ്പിളുകളിൽ ചുവന്ന നിറത്തിലുള്ള കണങ്ങളും കണ്ടെത്തി. രാസപരിശോധനയിൽ ഇവയിൽ ചിലത് ഇരുമ്പ് അടങ്ങിയ ധാതു വർണകമായ ഓക്കറിൽനിന്നുള്ളതാണെന്ന് (പ്രാചീന കാലത്തെ ഗുഹാചിത്രങ്ങളിൽ കാവി നിറമായി ഉപയോഗിച്ചിരുന്ന പ്രകൃതിദത്തമായ പൊടി) കണ്ടെത്തി. മറ്റൊരു സാമ്പിളിൽ ചുവന്ന നിറം നാരുകൾക്കുള്ളിലേക്ക് ആഴത്തിൽ പ്രവേശിച്ച നിലയിലായിരുന്നു. ഇത് ജൈവ വർണകത്തിൽനിന്നുള്ളതാകാമെന്നാണ് ഗവേഷകരുടെ നിഗമനം.

ബലിപിഠങ്ങളിൽ പുരാവസ്തുക്കളുടെ അടിഭാഗത്തും ചുറ്റുമായി പട്ടിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് പ്രത്യേക പ്രാധാന്യമുള്ളതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ചില വസ്തുക്കളിൽ ഒന്നിലധികം പട്ടുപാളികളും കണ്ടെത്തി. ഒരു വൃത്താകൃതിയിലുള്ള വെങ്കല വസ്തുവിൽ അഞ്ച് പട്ടുപാളികൾ വരെ തിരിച്ചറിയാനായി.

വസ്തുക്കളെ സംരക്ഷിക്കാനോ മൂടിവയ്ക്കാനോ അല്ലെങ്കിൽ വഴിപാടുകളുടെ ഭാഗമായോ പട്ടു ഉപയോഗിച്ചിരിക്കാമെന്നാണ് ഗവേഷകർ കരുതുന്നത്. സാൻഷിങ്ദുയിയിൽ കണ്ടെത്തിയ പല വസ്തുക്കളും തകർക്കുകയോ കത്തിക്കുകയോ ചെയ്തിരുന്നതും ഇവിടെ ആചാരപരമായ ചടങ്ങുകൾ നടന്നിരുന്നുവെന്നതിന് കൂടുതൽ സൂചന നൽകുന്നു.

മണ്ണിനടിയിൽ സാധാരണയായി പട്ടു നശിച്ചുപോകുമെങ്കിലും വെങ്കല വസ്തുക്കളിൽനിന്നുള്ള ധാതുക്കൾ നാരുകളുമായി ചേർന്നതാണ് ചില അവശിഷ്ടങ്ങൾ സംരക്ഷിക്കപ്പെടാൻ സഹായിച്ചതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. സാൻഷിങ്ദുയിയിൽ തുണിനിർമാണ ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവിടെ കണ്ടെത്തിയ പട്ടുതന്നെ പ്രാദേശികമായി നിർമിച്ചതാണോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Remnants of silk found on 3,000-year-old bronze masks; researchers in search of the secrets of ancient rituals
Next Story