രഹനയുടെ ക്യാമറ ക്രേസ്
text_fieldsകഴിവും കഠിനാധ്വാനവും മൂലധനമാക്കി സമ്പാദ്യവും സന്തോഷവും വരുമാനമാക്കുകയാണ് കൊല്ലം സ്വദേശിനി രഹന റഹിം. കൊല്ലം ചാത്തന്നൂർ എം.എ റഹിമിന്‍റെയും നസീറയുടെയും ഏക മകൾ രഹന ഇന്ന് അബുദാബിയുടെ പ്രിയപ്പെട്ട പെൺ ഫോട്ടോഗ്രഫർമാരിൽ ഒരാളാണ്. തന്‍റെ അഭിരുചിയെ തിരിച്ചറിഞ്ഞു ആത്മവിശ്വാസം കൊണ്ട് അതിനു വെള്ളവും വളവും നൽകി പാകപ്പെടുത്തി. കുട്ടിക്കാലത്തിന്‍റെ ഓർമസൂക്ഷിപ്പുകാരിയായ ഉമ്മയുടെ സ്വാധീനവും രഹനയിലെ ഫോട്ടോഗ്രാഫറെ ഒരുപാട് സഹായിച്ചു. കുഞ്ഞിലെ ലഭിച്ചു തുടങ്ങിയ ചെറിയ ഫോൺ ക്യാമറകളിലാണ് രഹന ആദ്യമായി വിരലുകളമർത്തിയത്. അന്നത്തെ മികച്ച സാങ്കേതിക വിദ്യയുടെ അപര്യാപ്തതയെ പക്ഷേ രഹനയുടെ സങ്കൽപ്പത്തികവുകൾ പരാജയപ്പെടുത്തി. പകർത്തുന്ന ചിത്രങ്ങൾ കൂടുതൽ വ്യക്തമല്ലെങ്കിലും അവയുടെ ഔട്ട്പുട്ട് നൽകുന്ന വ്യത്യസ്തത രഹനയും കുടുംബവും മനസ്സിലാക്കി.
പണ്ട് ഉപ്പ സമ്മാനിച്ച സാധാരണ ഡിജിറ്റൽ ക്യാമറയിൽ നിന്നാണ് രഹനയുടെ ഡി.എസ്.എൽ.ആർ കാമറയിലേക്കുള്ള ചുവടുവെപ്പ്. ഭേദപ്പെട്ടതെന്ന് തോന്നിയവയെല്ലാം കമ്പ്യൂട്ടറിലേക്ക് സേവ് ചെയ്ത് പിന്നീട് അവയെ എഡിറ്റ് ചെയ്തു മനോഹരമാക്കാനും രഹന പരിശീലിച്ചു. വിവാഹശേഷം ഭർത്താവ് ശജീറും രഹനയുടെ ഈ ആഗ്രഹങ്ങൾക്ക് പൂർണ പിന്തുണ നൽകി. നല്ല ക്യാമറയും ഫോണും ഷജീർ രഹനക്ക് സമ്മാനിച്ചു. അബൂദബിയിലെ തന്‍റെ വീട് രഹന ഫോട്ടോഗ്രഫിക്ക് വേണ്ടിയുള്ള ഒരു പരീക്ഷണശാലയാക്കി മാറ്റി. രഹനയുടെ ഫോട്ടോഗ്രഫിക്കൊപ്പം അതിനു നേരെയുള്ള എതിർപ്പുകളും പരിഹാസങ്ങളും വളർന്നു. എന്നാൽ, തനിക്കു ലഭിച്ച അംഗീകാരങ്ങൾ കൊണ്ട് അവയ്ക്കെല്ലാം മറുപടി പറയുകയായിരുന്നു.
ഫുഡ് ഫോട്ടോഗ്രഫിക്ക് പുറമേ പോർട്രേറ്റ്, ഇൻഡോർ- ഔട്ട്ഡോർ വീഡിയോസിലും രഹന സമർത്ഥയാണ്. പ്രശസ്തരായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമായുള്ള പങ്കാളിത്തം രഹനയുടെ പ്രൊഫൈലിനു നല്ല റീച്ച് ലഭ്യമാക്കി. 2019ൽ canon Dയിൽ നിന്ന് canon EOS Rലേക്കുള്ള മാറ്റം രഹനയുടെ ആത്മവിശ്വാസമുയർത്തി. ഫോട്ടോ ക്ലിക്ക് ചെയ്യുന്നത് തൊട്ട് അതിന്‍റെ സകല ട്രാൻസ്ഫർമേഷൻ മേഖലകളും രഹന തന്നെയാണ് കൈകാര്യം ചെയ്യുന്നത്. സെൽഫ് ലേണിങിൽ സ്വയം പര്യാപ്തത നേടിയെടുത്ത രഹനക്ക് ഈയറ്റം വരെയും കോച്ചിങിന്‍റെയോ ട്യൂട്ടറുടെയോ ആവശ്യം വന്നില്ല.
തനിക്ക് മുന്നിലുള്ള ടൂൾസ് ഉപയോഗിച്ച് നിരന്തരമായ ശ്രമങ്ങൾക്കും വമ്പൻ പരാജയങ്ങൾക്കും ഒടുവിലാണ് രഹന പ്രതീക്ഷിച്ച വിജയത്തിലേക്ക് എത്തിച്ചേർന്നത്. താൻ ഇപ്പോഴും ഫോട്ടോഗ്രഫിയെ പരിപൂർണ്ണമായി കീഴടക്കിയിട്ടില്ലെന്ന് രഹന പറയുന്നു. വിരലമർത്തും മുൻപ് അതിന്‍റെ റിസൾട്ട് ഊഹിക്കുക അത്ര എളുപ്പമല്ല. യു.എ.ഇ ഫ്രൈമിൽ സിഗ്നേച്ചർ ഫോട്ടോഗ്രഫി നിർമ്മിക്കുകയാണ് രഹനയുടെ സ്വപ്നം. സ്ട്രീറ്റ്- ലാൻഡ്സ്കേപ്പ് ഫോട്ടോഗ്രാഫിയിൽ കൈ ചലിപ്പിക്കാനുള്ള പദ്ധതിയിലും പരീക്ഷണത്തിലുമാണ് രഹന റഹീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.