
കലയിലും പണക്കിലുക്കമായി ഡിജിറ്റൽ വിപ്ലവം; ഡിജിറ്റൽ ആർട്ട് വിറ്റുപോയത് 500 കോടിക്ക്
text_fields
വാഷിങ്ടൺ: 'ബീപ്ൾ' എന്ന പേരിൽ പ്രശസ്തനായ അമേരിക്കൻ കലാകാരൻ ഒറ്റനാൾ കൊണ്ട് ലോകത്തേറ്റവും മൂല്യമുള്ള കലാരചനകളിലൊന്നിന്‍റെ ഉടമയായി. കഴിഞ്ഞ 13 വർഷങ്ങളിലായി എല്ലാ ദിവസവും നടത്തിയ രചനകളുടെ ഡിജിറ്റൽ കൊളാഷായ 'എവരിഡെയ്സ്- ദി ഫസ്റ്റ് 5000 ഡെയ്സ്' എന്ന കലാസൃഷ്ടിയാണ് റെക്കോഡ് തുകക്ക് വിറ്റുപോയത്. 6.93 കോടി ഡോളറി (504.44 കോടി രുപ)ന് ആയിരുന്നു വിൽപന. ഒറ്റ വിൽപനയോടെ ലോകത്തെ ഏറ്റവും മൂല്യമുള്ള മൂന്ന് ചിത്രകാരന്മാരിൽ ഒരാളായി ബീപ്ൾ എന്ന മൈക് വിങ്ക്ൾമാൻ.
പൂർണമായും 'ബീപ്ൾ' സൃഷ്ടിയെന്ന് ഒാരോ രചനയും തെളിയിക്കുന്ന കലാകാരന്‍റെ ഡിജിറ്റൽ മുദ്രയാണ് കൊളാഷിന്‍റെ സവിശേഷത. 100 ഡോളർ എന്ന വളരെ നിസ്സാരമായ തുകക്കാണ് ഫെബ്രുവരിയിൽ കൊളാഷിന്‍റെ ഓൺലൈൻ ലേലം ആരംഭിച്ചത്. വ്യാഴാഴ്ചയായിരുന്നു അവസാന തീയതി. 33 പേർ അവസാനം വരെ ലേലത്തിൽനിലയുറപ്പിച്ചതോടെ വില കുത്തനെ ഉയർന്നു. അമേരിക്കക്കാരായിരുന്നു പങ്കെടുത്തവരിൽ ഏറെയുമെങ്കിലും യൂറോപ്, ഏഷ്യ ഭൂഖണ്ഡങ്ങളിൽനിന്നും പങ്കാളികളുണ്ടായതായി നടത്തിപ്പുകാരായ 'ക്രിസ്റ്റി' കമ്പനി വൃത്തങ്ങൾ പറയുന്നു.
സൗത് കരോലൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രാഫിക് ഡിസൈനറാണ് ബീപ്ൾ. ലളിതമായും സങ്കീർണമായും ഓരോ ദിവസവും രചന നിർവഹിച്ചുവരുന്നത് ഒറ്റ കൊളാഷിലേക്ക് ചേർത്തുവെക്കുകയായിരുന്നു കലാകാരൻ. യു.എസ് ലേല സ്ഥാപനമാണ് ക്രിസ്റ്റി.
ആദ്യ കാല രചനകളിൽ ചിലത് പതിവു സാധാരണ രചനകൾ മാത്രമാണെങ്കിൽ പിന്നീടുള്ളവ പലതും അതിസങ്കീർണതയും കൗതുകവും പേറുന്നവയാണ്.
2007 മേയ് ഒന്നിനായിരുന്നു ആദ്യ രചന. കലാകാരൻ നേരിട്ട് ഇടപാടുകാരന് കലാസൃഷ്ടി കൈമാറും. േബ്ലാക്ചെയിൻ എന്ന സാങ്കേതികത ഉപയോഗിച്ച് ഓൺലൈൻ മോഷണം തടയും.
ക്രിപ്റ്റോകറൻസി ഉപയോഗിച്ചും ലേലത്തിൽ പെങ്കടുക്കാമെന്ന് നേരത്തെ ലേല കമ്പനി അറിയിച്ചതോടെ മാധ്യമങ്ങൾ ലേല വാർത്ത ഏറ്റെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
