നൂലിഴകളാൽ മദർ തെരേസയുടെ ഛായാചിത്രം: വിൻസെന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് റെക്കോഡ്
text_fieldsഗിന്നസ് റെക്കോഡ് നേടിയ മദർ തെരേസയുടെ ഛായാചിത്രം
തൃശൂർ: 10 അടി നീളവും വീതിയുമുള്ള വൃത്താകൃതിയിലുള്ള കാൻവാസ് ബോർഡിൽ മൂവായിരത്തി അഞ്ഞൂറിൽപരം നൂലിഴകളാൽ മദർ തെരേസയുടെ ഛായാചിത്രം തീർത്ത തൃശൂർ സ്വദേശി വിൻസെന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് റെക്കോഡ്. ലാർജസ്റ്റ് പിൻ ആന്‍ഡ് ത്രഡ് ആർട്ട് കാറ്റഗറിയിലാണ് റെക്കോഡ് സ്ഥാപിച്ചത്.
ഇറാഖ് സ്വദേശി സയ്യിദ് ബാഷൂണിന്റെ പേരിലുള്ള ആറര അടി വലിപ്പമുള്ള ചിത്രത്തിന്റെ റെക്കോഡ് ആണ് വിൻസെന്റ് മറികടന്നത്. 2022 സെപ്റ്റംബർ ഒമ്പതിനു രാവിലെ എട്ടിന് ആരംഭിച്ച് ഉച്ചക്കുശേഷം മൂന്നുവരെ തുടർച്ചയായി ഏഴുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ചിത്രം പൂർത്തീകരിച്ചത്. അനാമോർഫിക് ആർട്ടിസ്റ്റായ വിൻസെന്റ് ഈ മേഖലയിൽ 2108ൽ യു.ആർ.എഫ് ഏഷ്യൻ റെക്കോഡ് നേടിയിട്ടുണ്ട്.
കളമശ്ശേരി രാജഗിരി പബ്ലിക് സ്കൂളിലെ ചിത്രകല അധ്യാപകനായ വിൻസെന്റ് നെടുംബാൾ പല്ലിശ്ശേരി വീട്ടിൽ പരേതനായ ലോനപ്പന്റെയും അന്നമ്മയുടെയും മകനാണ്. വാർത്തസമ്മേളനത്തിൽ വിൻസെന്റ് പല്ലിശ്ശേരി, ഓൾ ഗിന്നസ് റെക്കോഡ് ഹോൾഡേഴ്സ് കേരള പ്രസിഡന്റ് സത്താർ ആദൂർ, ജോൺസൺ പല്ലിശ്ശേരി, ജോ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.