തപസ്സ് തന്നെയീ കളിമൺ സൃഷ്ടികൾ
text_fieldsനവീന ശിലായുഗത്തിലെ കുലാലയ ചക്രങ്ങളുടെ കണ്ടുപിടിത്തമാണ് മൺപാത്ര നിർമാണത്തിലേക്ക് നമ്മെ നയിച്ചത്. അപൂർവം ചില വയലുകളിൽ മാത്രം കാണപ്പെടുന്ന കളിമൺ നിക്ഷേപത്തിനടുത്ത ദേശത്തായി മൺപാത്രനിർമാണക്കാർ കൂട്ടമായി താമസിച്ചിരുന്നു. കാലം മാറിയതോടെ കുലത്തൊഴിൽ എന്നതിലുപരി ഹോബിയായും വരുമാനമാർഗമായും തിളങ്ങി നിൽക്കുന്ന കരകൗശലമേഖലയാണിത്. മാനസിക സമ്മർദം കുറക്കാനുള്ള നല്ലൊരു മാർഗമായിപ്പോലും കളിമൺപാത്ര നിർമാണത്തെ കണക്കാക്കുന്നുണ്ട്. കളിമണ്ണുകൊണ്ട് ദേശീയ ശ്രദ്ധനേടിയെടുത്തയാളാണ് വി.കെ. ജയൻ.
കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ ഹാൻഡിക്രാഫ്റ്റ്സ് ടെറാക്കോട്ട പുരസ്കാരം തേടിയെത്തിയത് എറണാകുളം എരൂർ കോഴിവെട്ടുംവെളി സ്വദേശി വി.കെ. ജയനെയാണ്. കേരളത്തിൽ ആദ്യമായി ഈ പുരസ്കാരം ലഭിക്കുന്ന ടെറാകോട്ട ശിൽപിയാണ് ഇദ്ദേഹം. പുരസ്കാരം സ്വീകരിച്ചത് രാഷ്ട്രപതിയിൽനിന്നും. അംഗീകാരത്തിന്റെ ആത്മസംതൃപ്തിയിൽ ജയൻ പറയുന്നു...
കളിമൺ ലോകം
പരമ്പരാഗത മൺപാത്ര നിർമാണ കുടുംബത്തിലായിരുന്നു ജനനം. അന്നൊക്കെ മൺപാത്രം എന്നാൽ ചട്ടിയും കലവും മാത്രമാണെന്ന ഒരു പൊതു ധാരണയുണ്ടായിരുന്നു. ക്ലേ മോഡലിങ് മത്സരങ്ങളിൽ തൃപ്പൂണിത്തുറ അത്തചമയത്തിലും കോളജിലുമൊക്കെ സമ്മാനം വാങ്ങിച്ചത് ഈ രംഗത്തേക്കുള്ള താൽപര്യം വർധിപ്പിച്ചു. തിരുവനന്തപുരത്തു നടന്ന ഖാദി കമീഷന്റെ ട്രെയിനിങ്ങും ബൽഗാമിൽ ചെയ്ത കോഴ്സും സെറാമിക്, ശിൽപകലാ മേഖലകളെകുറിച്ച് ആഴത്തിലുള്ള അറിവ് നൽകി.
ദേശീയ പുരസ്കാരത്തിലേക്ക്
2008ലെയും 2016ലെയും ലളിതകലാ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. പൈതൃകമായ ശിൽപങ്ങളാണ് കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം അവാർഡിനു വേണ്ടി പരിഗണിക്കുന്നത്. അങ്ങനെയാണ് ഭഗവതിത്തെയ്യത്തിന്റെ രൂപം ചെയ്യാമെന്ന് വിചാരിക്കുന്നത്. അതിനുവേണ്ടി കണ്ണൂരിൽ പോയി തെയ്യം നേരിൽ കാണുകയും ബന്ധപ്പെട്ട പുസ്തകങ്ങൾ പഠിക്കുകയും ചെയ്തു. അവാർഡ് കിട്ടിയ സന്തോഷം വാക്കുകൾക്കതീതമാണ്.
രാഷ്ട്രപതിയിൽനിന്നും വി.കെ. ജയൻ പുരസ്കാരം ഏറ്റുവാങ്ങുന്നു
ടെറാക്രാഫ്റ്റ്
കലാ മേഖലയിലെ മൺപാത്രത്തിന്റെ സാധ്യതകൾ എല്ലാവരെയും പരിചയപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയതാണ് എരൂരിലെ ടെറാക്രാഫ്റ്റ് എന്ന സ്ഥാപനം. ഹോബിക്കായും വരുമാനമാർഗത്തിനായും നിരവധി പേർ ഇവിടെ പഠിക്കാനായി എത്തുന്നു. സിനിമാതാരങ്ങളടക്കമുള്ള സെലിബ്രിറ്റികൾ ടെറാക്രാഫ്റ്റിലെ സന്ദർശകരാണ്. ടെറാക്രാഫ്റ്റ് സ്കൂളും ഇതിനോടനുബന്ധിച്ച് നടത്തുന്നുണ്ട്. കേരളത്തിനകത്തും പുറത്തുമായി പതിനായിരത്തിലധികം പേർക്ക് ഇവിടെ പരിശീലനം നൽകിക്കഴിഞ്ഞു.
കൊച്ചുകുട്ടികൾക്കായി ‘കളിമൺ കളരി’ എന്ന പരിപാടിയും എല്ലാവർഷവും നടത്തിവരുന്നുണ്ട്. കൊച്ചി ബിനാലെയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മൂന്നുവർഷമായി സജീവമാണ്. ചൈനയിലെ ഹാങ്കായിൽ നടന്ന വേൾഡ് എക്സ്പോയിൽ ഇന്ത്യൻ പവിലിയന്റെ കവാടം ടെറാക്കോട്ട മ്യൂറൽ ചിത്രങ്ങൾകൊണ്ട് അലങ്കരിക്കാനും അവസരം കിട്ടി.
തിരക്കുകൾക്കിടയിൽ കുടുംബത്തിന്റെ പിന്തുണ വിലമതിക്കാനാവാത്തതാണ്. ഭാര്യ രാധാമണി. മൂത്തമകൻ യദുകൃഷ്ണൻ ടെറാ ക്രാഫ്റ്റ് സ്കൂളിന്റെ സാരഥിയാണ്. ഇളയ മകൻ ഹരികൃഷ്ണൻ ലണ്ടനിൽ സൈക്കോളജി വിദ്യാർഥി.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

