'അതിരുകൾ വലിച്ച് കെട്ടിയാലും ഞങ്ങളുടെ കലകൾ ഒന്നായിരിക്കും'; ഗസ്സയെയും വെസ്റ്റ് ബാങ്കിനെയും ബന്ധിപ്പിച്ച് ചിത്രപ്രദർശനം
text_fieldsഇസ്രായേൽ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും ഫലസ്തീനികളെ ഭൗതികമായി അകറ്റിനിർത്തുമ്പോഴും, കലയുടെ ലോകത്ത് ഇരുവിഭാഗങ്ങളെയും ഒന്നിപ്പിക്കുകയാണ് യുവ ഫലസ്തീൻ കലാകാരന്മാർ. ഗസ്സയിലും വെസ്റ്റ് ബാങ്കിലുമായി ഒരേസമയം സംഘടിപ്പിച്ച പ്രദർശനങ്ങളിലൂടെ വേർപിരിഞ്ഞു കഴിയുന്ന കലാകാരന്മാരുടെ സൃഷ്ടികൾ ഒരേ വേദിയിലെത്തിച്ചാണ് ഫലസ്തീനികളെ ഒന്നിപ്പിച്ചത്.
ഫലസ്തീൻ കലാകാരന്മാരും ചലച്ചിത്ര പ്രവർത്തകരും ഡിസൈനർമാരും ചേർന്ന് 2025ൽ ആരംഭിച്ച സാംസ്കാരിക സംരംഭമായ ‘ഫലസ്തീൻ കളക്ടീവ്’ സംഘടിപ്പിച്ച ആദ്യ മത്സരമായ ‘അനാമെൽ ഫലസ്തീൻ’ ആണ് പ്രദർശനങ്ങൾക്ക് വേദിയായത്. ഈ ആഴ്ച ആദ്യം മൂന്ന് ദിവസം നീണ്ടുനിന്ന പ്രദർശനങ്ങൾ ബത്ലഹേമിലെ പീസ് സെന്ററിലും ഗസ്സയിലെ ബുറൈജ് അഭയാർഥി ക്യാംപിലെ ഒരു കലാകാരന്റെ സ്റ്റുഡിയോയിലുമാണ് നടന്നത്. ഗസ്സയിലെ പരിപാടി തത്സമയ ദൃശ്യങ്ങളിലൂടെ ബത്ലഹേമിലെ പ്രദർശനവുമായി ബന്ധിപ്പിച്ചു.
ജറുസലേം, ചരിത്രപരമായ ഫലസ്തീൻ പ്രദേശങ്ങൾ, ഗസ്സ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാർ മത്സരത്തിൽ പങ്കെടുത്തതായി വിധികർത്താക്കളിലൊരാളായ ഉസാമ നസ്സാൽ പറഞ്ഞു. “ഈ വിഭജനങ്ങൾ എനിക്ക് ഇഷ്ടമല്ല. മുഴുവൻ ഫലസ്തീൻ എന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്,” അദ്ദേഹം വ്യക്തമാക്കി.
ഗസ്സയിലെ ബുറൈജ് അഭയാർഥി ക്യാംപിലുള്ള ഗാലറി പലേറ്റയിലെ തന്റെ സ്റ്റുഡിയോയിൽനിന്ന് തത്സമയ ദൃശ്യങ്ങളിലൂടെ സംസാരിച്ച ചിത്രകാരനും വിധികർത്താവുമായ ഗാനം അൽ ദൻ, ഫലസ്തീൻ നഗരങ്ങളിലുള്ള സഹപ്രവർത്തകർക്ക് ആശംസകൾ നേർന്നു.
ചിത്രങ്ങൾ, ഫോട്ടോഗ്രാഫുകൾ, രേഖാചിത്രങ്ങൾ എന്നിവയിലൂടെ ഫലസ്തീൻ ജനതയുടെ ജീവിതത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ് പ്രദർശനത്തിൽ അവതരിപ്പിച്ചത്. ഗസ്സയിലെ കുടുംബാംഗങ്ങളെയും വീടുകളെയും നഷ്ടപ്പെട്ടതിന്റെ വേദന മുതൽ ഫലസ്തീൻ പാരമ്പര്യങ്ങളും ദൈനംദിന ജീവിതവും സംരക്ഷിക്കാനുള്ള ശ്രമങ്ങൾ വരെ സൃഷ്ടികളിൽ പ്രതിഫലിച്ചു.
ഗസ്സയിൽനിന്നുള്ള യഥാർഥ ചിത്രങ്ങൾ ഉപരോധവും യാത്രാ നിയന്ത്രണങ്ങളും കാരണം പുറത്തേക്ക് കൊണ്ടുവരാൻ കഴിയാത്തതിനാൽ അവയുടെ പകർപ്പുകളാണ് ബത്ലഹേമിൽ പ്രദർശിപ്പിച്ചത്. വെസ്റ്റ് ബാങ്കിൽനിന്നുള്ള കലാകാരന്മാർക്ക് സ്വന്തം സൃഷ്ടികളുമായി നേരിട്ടെത്താൻ സാധിച്ചപ്പോൾ ഗസ്സയിലെ കലാകാരന്മാർക്ക് തത്സമയ ദൃശ്യങ്ങളിലൂടെയാണ് പരിപാടിയിൽ പങ്കുചേരാനായത്.
യുവ ഫലസ്തീനികൾക്ക് സ്വന്തം സൃഷ്ടികൾ നാട്ടിലും വിദേശത്തും നിയന്ത്രണങ്ങളില്ലാതെ അവതരിപ്പിക്കാൻ അവസരമൊരുക്കുകയായിരുന്നു മത്സരത്തിന്റെ ലക്ഷ്യമെന്ന് ഫലസ്തീൻ കളക്ടീവിന്റെ സ്ഥാപകാംഗങ്ങളിലൊരാളായ മുഹമ്മദ് അബുസ്റൂർ പറഞ്ഞു. ഹിബ്രോൺ, റാമല്ല, ജറുസലേം, ജാഫ, നാബ്ലസ് തുടങ്ങിയ നഗരങ്ങളിൽനിന്നുള്ള കലാകാരന്മാർ അപകടസാധ്യതകൾക്കിടയിലും പ്രദർശനത്തിനെത്തിയെന്നും അദ്ദേഹം പറഞ്ഞു.
15നും 30നും ഇടയിൽ പ്രായമുള്ള കലാകാരന്മാർക്കായി നടത്തിയ മത്സരത്തിൽ ഏകദേശം 170 പേർ അപേക്ഷിച്ചു. ഇവരിൽ 60 ശതമാനത്തോളം ഗസ്സയിൽനിന്നുള്ളവരായിരുന്നു. വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും അംഗങ്ങൾ ഉൾപ്പെട്ട വിധികർത്തൃസമിതി മൂന്ന് വിഭാഗങ്ങളിലായി 120 സൃഷ്ടികൾ തെരഞ്ഞെടുത്തു. ഓർമയും സ്ഥലവും, ഭൂമിയും തിരിച്ചുവരവും, ദൈനംദിന പൈതൃകവും എന്നിങ്ങനെയായിരുന്നു വിഭാഗങ്ങൾ. ഗസ്സയിലെ വൈദ്യുതിയുടെയും ഇന്റർനെറ്റിന്റെയും തടസ്സങ്ങൾക്കിടയിലും വിധികർത്താക്കൾ ദിവസവും ഓൺലൈനായി യോഗം ചേർന്നു.
ഗസ്സയിലെ യുവ ചിത്രകാരി അർവ മുഖൈമറിന്റെ ‘ദി വൈൻ ബിയേഴ്സ് വിറ്റ്നസ്’ എന്ന ചിത്രമാണ് പ്രദർശനത്തിലെ ശ്രദ്ധേയമായ സൃഷ്ടികളിലൊന്ന്. 20കാരിയായ സർവകലാശാല വിദ്യാർഥിനി വരച്ച ചിത്രത്തിൽ മുന്തിരിവള്ളിയുടെ തണലുള്ള കുടുംബവീടിന്റെ പ്രവേശനകവാടമാണ് കാണിക്കുന്നത്.
2024 മാർച്ച് 30ന് ഇതേ വീട്ടിൽവെച്ചാണ് പിതാവിന്റെ മരണവാർത്ത അറിഞ്ഞതെന്ന് അർവ പറഞ്ഞു. ഗസ്സയിലെ യുദ്ധത്തിനിടെ ചികിത്സ ലഭിക്കാതെയാണ് പിതാവ് മരിച്ചത്. അഞ്ച് മാസങ്ങൾക്കുശേഷം കുടുംബവീടും തകർന്നതായി അവർ വ്യക്തമാക്കി. “നമുക്ക് നഷ്ടപ്പെട്ടതിന്റെ സ്മാരകമാണ് ഈ ചിത്രം. പിതാവിനെയും വീടിനെയും നഷ്ടപ്പെട്ട ഇരട്ടനഷ്ടത്തിന്റെ ഓർമ,” അർവ പറഞ്ഞു. തന്റെ ചിത്രത്തിൽ പ്രതീക്ഷയും സന്തോഷവുമുണ്ടെങ്കിലും അതിന്റെ അർഥം വേദനാജനകവും വൈകാരികവുമാണെന്ന് അർവ പറഞ്ഞു.
അതേസമയം, റാമല്ലയിൽനിന്നുള്ള 24കാരിയായ ദൃശ്യകലാകാരി ഹനാൻ ബർഗൂത്തി സന്തോഷം നിറഞ്ഞ ഫലസ്തീൻ വിവാഹമാണ് തന്റെ ചിത്രത്തിലൂടെ അവതരിപ്പിച്ചത്. കടുത്ത നിറങ്ങളും പരമ്പരാഗത ചിഹ്നങ്ങളും ചലനാത്മകമായ ദൃശ്യങ്ങളുമാണ് ചിത്രത്തിന്റെ പ്രത്യേകത.
ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും കലാകാരന്മാരെ ഒരുമിപ്പിക്കാൻ സംഘാടകർക്ക് നിരവധി നിയന്ത്രണങ്ങൾ മറികടക്കേണ്ടിവന്നു. ഇസ്രായേൽ അധിനിവേശത്തിന്റെ വ്യത്യസ്ത സാഹചര്യങ്ങളിൽ കഴിയുന്ന ഇരുവിഭാഗം പലസ്തീനികൾക്കും പരസ്പരം കാണാനും സഹകരിക്കാനും സൃഷ്ടികൾ ഒരുമിച്ച് പ്രദർശിപ്പിക്കാനും തടസ്സങ്ങളുണ്ട്.
2007 ജൂൺ മുതൽ ഗസ്സയിൽ കര, കടൽ, വ്യോമ ഉപരോധം ഇസ്രായേൽ ഏർപ്പെടുത്തിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിൽ കിഴക്കൻ ജറുസലേം ഉൾപ്പെടെ 34 ലക്ഷം ഫലസ്തീനികളുടെ സഞ്ചാരത്തെ നിയന്ത്രിക്കുന്ന 925 തടസ്സങ്ങൾ 2025 ഡിസംബറിൽ ഐക്യരാഷ്ട്രസഭയുടെ മാനുഷികകാര്യ ഏകോപന ഓഫീസ് രേഖപ്പെടുത്തിയിരുന്നു.
ഈ വേർതിരിവ് യാദൃച്ഛികമല്ലെന്ന് മത്സരത്തിന്റെ ഉപദേശകസമിതിയംഗവും കലാകാരിയുമായ റിഹാബ് നസ്സാൽ പറഞ്ഞു. സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് ഫലസ്തീനികളെ അവരുടെ നാട്ടിൽനിന്ന് പുറത്തുപോകാൻ നിർബന്ധിതരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അവർ ആരോപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

