ഫലസ്തീന്റെ നിലക്കാത്ത നിലവിളിയുമായി ‘ഓറഞ്ചസ് ആന്‍ഡ് സ്റ്റോണ്‍സ്’
text_fieldsചിത്രം ജദീർ
തൃശൂർ: ഫലസ്തീനിലെ പ്രശസ്ത നാടകസംഘമായ അഷ്തര്‍ തിയറ്റര്‍ അവതരിപ്പിക്കുന്ന ‘ഓറഞ്ചസ് ആന്‍ഡ് സ്റ്റോണ്‍സ്’ അന്താരാഷ്ട്ര നാടകവേദിയിൽ നാടകം അവതരിപ്പിക്കും. അതേസമയം, മറ്റൊരു സംഘത്തിന് ഇനിയും കേന്ദ്രസർക്കാറിന്റെ അനുമതി ആയിട്ടില്ല. ചൊവ്വാഴ്ച രാവിലെ 11 മണിക്കും വൈകീട്ട് 4.30 നും അരങ്ങേറാനിരുന്ന ഫലസ്തീന്‍ നാടകമായ ‘ലാസ്റ്റ് പ്ലേ ഇന്‍ ഗസ’ എന്ന നാടകത്തിന്റെ പ്രദര്‍ശനം നാടകസംഘത്തിന്റെ വരവ് അനിശ്ചിതത്വത്തിലായതിനെ തുടർന്ന് മാറ്റിവെച്ചു.
അപ്രതീക്ഷിത യാത്ര തടസ്സം നേരിട്ടതിനാലാണ് പ്രദർശനം മാറ്റിവെക്കുന്നതെന്നും നാടകോത്സവം അവസാനിക്കുന്നതിന് മുമ്പായി സംഘത്തെ ഇവിടെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി അറിയിച്ചു. ഹൈഫയിൽനിന്നുള്ള പ്രശസ്ത നാടക സംവിധായിക എയ്നാത്ത് വെയ്സ്മാൻ സംവിധാനം ചെയ്ത നാടകമാണ് ‘ലാസ്റ്റ് പ്ലേ ഇന്‍ ഗസ’. യുദ്ധക്കെടുതിക്കിടയിൽ ഗസയിൽ അവതരിപ്പിക്കപ്പെട്ട അവസാന നാടകം എന്നതാണ് നാടകത്തിന്റെ പ്രമേയം. കേന്ദ്ര സർക്കാറിന്റെ പൊളിറ്റിക്കൽ ക്ലിയറൻസ് അടക്കമുള്ളവ സംഘത്തിന് നേരത്തേ ലഭ്യമായതാണ്. വിസ പ്രശ്നം മാത്രമാണ് നിലവിലുള്ളത്. അത് പരിഹരിച്ച് സംഘം കേരളത്തിൽ നാടകവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും നാടകസ്നേഹികൾ. അതേസമയം, സംഭാഷണങ്ങളില്ലാതെ ശാരീരിക ചലനങ്ങളിലൂടെയും സംഗീതത്തിലൂടെയും മാത്രം കഥ പറയുന്ന ‘ഓറഞ്ചസ് ആന്‍ഡ് സ്റ്റോണ്‍സ്’ എന്ന ഫലസ്തീൻ നാടകം നാടകോത്സവ വേദിയിൽ അരങ്ങേറി. 50 മിനിറ്റ് നാടകം ഭാഷയുടെയും ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ മായ്ച്ചുകളയുന്ന കലാസൃഷ്ടിയാണ്.
സ്വന്തം വീട്ടില്‍ തന്റെ ഓറഞ്ച് തോട്ടം പരിപാലിച്ചു സമാധാനത്തോടെ കഴിയുന്ന ഒരു സ്ത്രീയുടെ ജീവിതത്തിലേക്ക് ഒരു പെട്ടിയുമായി ക്ഷീണിതനായ അപരിചിതന്‍ കടന്നുവരുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. ആതിഥ്യമര്യാദയോടെ അയാളെ സ്വീകരിക്കുന്ന സ്ത്രീയുടെ വീടും സ്വത്തുവകകളും പതുക്കെ അയാള്‍ കൈക്കലാക്കുന്നതും അവള്‍ സ്വന്തം വീട്ടില്‍ തന്നെ അന്യയാക്കപ്പെടുന്നതുമാണ് നാടകം വരച്ചുകാട്ടുന്നത്. ഇത് ഫലസ്തീനില്‍ പതിറ്റാണ്ടുകളായി തുടരുന്ന കുടിയൊഴിപ്പിക്കലിന്റെയും അധിനിവേശത്തിന്റെയും ശക്തമായ പ്രതീകമാണ്. അന്താരാഷ്ട്ര പ്രശസ്ത നാടക പ്രവര്‍ത്തക പ്രഫ. മോജിസോള അഡെബായോ ആണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്. 1991ല്‍ സ്ഥാപിതമായ അഷ്തര്‍ തിയറ്റര്‍ ഫലസ്തീനിലെ സാംസ്‌കാരിക പോരാട്ടങ്ങളുടെ മുഖമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

