നാഗൂർ ഹനീഫ മതസൗഹാർദ്ദത്തിന്റെ ഉത്തമ മാതൃക-സ്റ്റാലിൻ; അദ്ദേഹത്തിന്റെ ഗാനങ്ങൾ ജനഹൃദയങ്ങളിൽ ജീവിക്കുന്നു
text_fieldsചെന്നൈ: ഗായകൻ നാഗൂർ ഹനീഫ മതസൗഹാർദ്ദത്തിന്റെയും എല്ലാവരെയും ഉർക്കൊള്ളുന്ന രാഷ്ട്രീയത്തിന്റെയും ഉത്തമ മാതൃകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്ററാലിൻ പറഞ്ഞു. അദ്ദേഹത്തിന്റെ ഗാനങ്ങൾ ഒരു സമുദായത്തിന്റെ മാത്രമായി ഒതുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹനീഫയുടെ നൂറാം ജൻമവാർഷികത്തിൽ സംസാരിക്കുകയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി.
‘ഹനീഫയെ ഒരു സമുദായത്തിന്റെ ആളായി കാണാൻ ഒരിക്കലും കഴിയില്ല. അദ്ദേഹം ഈ സംസ്ഥാനത്തിന്റെ മൊത്തം സ്വത്താണ്. അദ്ദേഹത്തിന്റെ ശബ്ദം എല്ലാ മതവിഭാഗങ്ങളിലുംപെട്ട ആളുകളിലേക്ക് ചെന്നെത്തിയിട്ടുണ്ട്. അദ്ദേഹം പൊതുജനങ്ങളെ ഒന്നിപ്പിക്കുന്ന ശക്തിയായിരുന്നു. ഇന്നും അദ്ദേഹത്തിന്റെ ഗാനങ്ങൾ ജാതിമതഭേദമില്ലാതെ മനുഷ്യ മനസ്സുകളിൽ ജീവിക്കുന്നു.
നാഗൂർ ഹനീഫ ഡി.എം.കെയുടെ ന്യൂനപക്ഷ മുഖവും കരുണാനിധിയുടെ ഉറ്റ സുഹൃത്തുമായിരുന്നെന്നും സ്റ്റാലിൻ പറഞ്ഞു. സംസ്കാരം, കല, രാഷ്ട്രീയം എന്നിവ ഒന്നിച്ച് എങ്ങനെയാണ് സാമൂഹ്യ നീതി, സമത്വം, മതസൗഹാർദ്ദം എന്നിവക്ക് ഉതകുന്നതെന്ന് ഹനീഫയുടെ ദ്രാവിഡ മുന്നേറ്റവുമായുള്ള ബന്ധം കാട്ടിത്തന്നതായും അദ്ദേഹം പറഞ്ഞു.
ഹനീഫ ചെറുപ്രായം മുതൽ ദ്രാവിഡ മുന്നേറ്റവുമായി സഹകരിച്ചു. തുടർന്ന് ജീവിതാവസാനം വരെ അദ്ദേഹത്തിന്റെ അർപ്പണം തുടർന്നു. തമിഴ്നാടിന്റെ രാഷ്ട്രീയ പാരമ്പര്യം എക്കാലത്തും മതപരമായ വേർതിരിവിന് എതിരായിരുന്നു. അതാണ് ഹനീഫ തന്റെ ജീവിതത്തിലുടനീളം പുലർത്തിയിരുന്നതെന്നും എം.കെ സ്റ്റാലിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

