കിടുവാണ്...അമീറിന്റെ കുഞ്ഞൻ പാർലമെന്റ്
text_fieldsപുതിയതും പഴയതുമായ പാർലമെന്റ് മിനിയേച്ചറുകൾക്ക്
സമീപം അമീർ ഷാ
കയ്പമംഗലം: ഇന്ത്യയുടെ പഴയതും പുതിയതുമായ നിയമനിർമാണ സഭകൾ ഒരുമിച്ച് കാണണമെങ്കിൽ കയ്പമംഗലം കാക്കാത്തിരുത്തിയിലെ മുഹമ്മദ് അമീർ ഷായുടെ വീട്ടിലെത്തിയാൽ മതി. പാർലമെന്റിനോട് കിടപിടിക്കത്തക്ക രീതിയിലുള്ള മിനിയേച്ചർ രൂപമാണെന്നു മാത്രം.
കാക്കാത്തിരുത്തി കല്ലിപ്പറമ്പിൽ ഷിഹാബ്- സമീന ദമ്പതികളുടെ മൂത്ത മകനായ മുഹമ്മദ് അമീർ ഷായെന്ന പത്താം ക്ലാസ്സുകാരനാണ് ഈ കുഞ്ഞൻ പാർലമെന്റിന്റെ ശിൽപി. പാർലമെന്റിൽ പ്രഥമ സമ്മേളനവും വനിത ബില്ലുമെല്ലാം വാർത്തയായതോടെയാണ് മിനിയേച്ചർ നിർമിക്കണമെന്ന തീരുമാനത്തിലേക്കെത്തിയത്.
പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ് സ്കൂളിലെ വിദ്യാർഥിയായ അമീർ ഷാ തന്റെ ആഗ്രഹം അധ്യാപകരോടും പങ്കുവെച്ചു. വാഹനങ്ങളുടേയും മറ്റും നിരവധി മിനിയേച്ചർ രൂപങ്ങൾ മുമ്പ് ഉണ്ടാക്കിയ അമീർ ഷായുടെ കഴിവിൽ ആത്മവിശ്വാസമുള്ള അധ്യാപകർ പ്രോത്സാഹനവുമായി എത്തിയതോടെ സ്കൂൾ എക്സിബിഷന് പാർലമെന്റ് മന്ദിരം തന്നെ നിർമിക്കാമെന്ന് അമീർ ഷായും ഉറപ്പിച്ചു. വീട്ടിൽ ഇക്കാര്യം അവതരിപ്പിച്ചപ്പോൾ മാതാപിതാക്കളുടെ പൂർണ പിന്തുണയും ലഭിച്ചു.
അങ്ങനെ ഒന്നര ദിവസം കൊണ്ട് പഴയ പാർലമെന്റും ഒരു ദിവസമെടുത്ത് പുതിയതും നിർമിച്ചു. ഫോറക്സ് ഷീറ്റും പശയും മാത്രമാണ് അസംസ്കൃത വസ്തുക്കൾ. ഒന്നാം ക്ലാസ് മുതലേ ചിത്രരചനയോട് താൽപര്യമുള്ള അമീർ ഷാ കോവിഡ് കാലത്താണ് മിനിയേച്ചർ രൂപങ്ങളിലേക്ക് തിരിഞ്ഞത്. മിനിയേച്ചർ രൂപങ്ങളുടെ നീണ്ട നിര തന്നെ വീട്ടിലുണ്ട്.
സഹോദരങ്ങളും ഇപ്പോൾ ചിത്രരചനയിലും മിനിയേച്ചർ രൂപങ്ങളിലും അമീറിന്റെ പാത പിന്തുടരുന്നുണ്ടെന്ന് പിതാവ് ഷിഹാബ് പറഞ്ഞു. പഠനം പൂർത്തിയായാൽ സ്വന്തമായി വാഹനം തന്നെ നിർമിക്കണമെന്ന ആഗ്രഹമാണ് അമീറിനുള്ളത്.