ലൂസിയ ജോയ്സ് എ സ്മാള്‍ ഡ്രാമ ഇന്‍ മോഷന്‍ -കലയും പോരാട്ടവും ചേര്‍ന്ന ദൃശ്യാനുഭവം
text_fieldsലൂസിയ ജോയിസ് എ സ്മാൾ ഡ്രാമ ഇൻ മോഷൻ എന്ന നാടകത്തിൽ നിന്ന്
ലോകപ്രശസ്ത സ്പാനിഷ് നൃത്ത-നാടക സംഘമായ കാര്‍ലിക് ഡാന്‍സ തിയേറ്ററോ അവതരിപ്പിക്കുന്ന ലൂസിയ ജോയ്സ് എ സ്മാള്‍ ഡ്രാമ ഇന്‍ മോഷന്‍ കലയും പോരാട്ടവും ഇഴചേരുന്ന വേറിട്ടൊരു നാടകമാണ്. ലോകപ്രശസ്ത എഴുത്തുകാരന്‍ ജെയിംസ് ജോയ്സിന്റെ മകളാണ് ലൂസിയ. പിതാവിന്റെ നിഴലില്‍ ഒതുങ്ങിപ്പോയ അവള്‍ അസാമാന്യ പ്രതിഭയുള്ള നര്‍ത്തകിയായിരുന്നു. സാഹിത്യത്തിന് മുന്നില്‍ നൃത്തത്തിന് രണ്ടാസ്ഥാനം മാത്രം ഉണ്ടായിരുന്ന സമൂഹത്തില്‍ ലൂസിയയുടെ കലാപരമായ സ്വപ്നങ്ങള്‍ നിരന്തരം ചവിട്ടിമെതിക്കപ്പെട്ടു.
എഴുതപ്പെട്ട ചരിത്രങ്ങള്‍ മറന്നുപോയ ആ കലാകാരിയുടെ അന്തസ്സും വ്യക്തിത്വവും വീണ്ടെടുക്കാനുള്ള ശ്രമമാണ് 70 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ നാടകം. ജെയിംസ് ജോയ്സ്, സാമുവല്‍ ബെക്കറ്റ്, കാള്‍ ഗുസ്താവ് യുങ് തുടങ്ങിയ മഹാരഥന്മാരുടെ ഇടയില്‍ ലൂസിയ ഒരു നിശബ്ദ സാന്നിധ്യമായി മാത്രം ഒതുക്കപ്പെട്ടു. ആ മൗനത്തിന് ശബ്ദം നല്‍കാനാണ് നാടകം ശ്രമിക്കുന്നത്.സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകളിലായി അവതരിപ്പിക്കുന്ന നാടകം ലൂസിയ നേരിട്ട വിവേചനങ്ങളെ നൃത്തത്തിലൂടെയും ഡോക്യുമെന്ററി ദൃശ്യങ്ങളിലൂടെയും പുനരാവിഷ്‌കരിക്കുന്നു.
നൃത്തം കേവലം ചലനങ്ങളല്ല, മറിച്ച് വികാരങ്ങളുടെയും സത്യത്തിന്റെയും പ്രതിരോധത്തിന്റെയും ഭാഷയാണെന്ന് ലൂസിയ ജോയ്സിലൂടെ നാടകസംഘം സാക്ഷ്യപ്പെടുത്തുന്നു.വാക്കുകള്‍ കൊണ്ട് പറയാനാവാത്ത ചില ചരിത്രങ്ങള്‍ തങ്ങളുടെ ചലനങ്ങളിലൂടെ ലോകത്തോട് വിളിച്ചുപറയുകയാണ് ഈ സ്പാനിഷ് സംഘം. നാടകം ബുധനാഴ്ച രാവിലെ 9.30നും ഉച്ചയ്ക്ക് മൂന്നു മണിക്കും തോപ്പില്‍ഭാസി ബ്ലാക്ക് ബോക്‌സില്‍ അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

