ഇവരെ ചേർത്തുപിടിക്കണം
text_fieldsകേരള ഡിസെബിലിറ്റി ഫെസ്റ്റിവലിൽനിന്ന്
ഭിന്നശേഷിയുള്ളവർ മാറ്റിനിർത്തപ്പെടേണ്ടവരല്ല, അവരും നമ്മുടെ സമൂഹത്തിന്റെ ഭാഗമാണ്. അവരെ കൂടി പരിഗണിക്കുക എന്നത് ജനാധിപത്യത്തിന്റെ കടമയാണ്. ഒരാളുടെ ശാരീരികമോ മാനസികമോ ആയ അവസ്ഥകൾ കാരണം ദൈനംദിന കാര്യങ്ങൾ ചെയ്യുന്നതിനോ സമൂഹത്തിൽ ഇടപഴകുന്നതിനോ നേരിടേണ്ടി വരുന്ന പരിമിതികളെയാണ് ഭിന്നശേഷി കൊണ്ട് സൂചിപ്പിക്കുന്നത്.
ഭിന്നശേഷിയുള്ളവർക്ക് വേണ്ടി മാത്രം എന്തെങ്കിലും ചെയ്യുന്നതിന് പകരം, ഇവരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് എല്ലാവർക്കും വേണ്ടിയുള്ള ലോകം ഒന്നിച്ച് നിർമിച്ചാലോ? പങ്കാളിത്തത്തിന്റെയും, അവകാശപ്പോരാട്ടങ്ങളുടെയും, സർഗാത്മകതയുടെയും ഇടങ്ങളായി മാറിയ കോഴിക്കോട് ബീച്ചിൽ കേരളത്തിലെ ഭിന്നശേഷി സമൂഹത്തിന്റെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമായി ഒരു സംഗമം, കേരള ഡിസബിലിറ്റി ഫെസ്റ്റിവൽ (KDF).
2026 ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ കോഴിക്കോട് ബീച്ചിൽ നടന്ന പരിപാടിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 21തരം ഡിസബിലിറ്റി വിഭാഗങ്ങളിൽനിന്നുള്ള പ്രതിനിധികൾ ചേർന്ന് ബലൂണുകൾ പറത്തി ഫെസ്റ്റിവലിന് തുടക്കം കുറിച്ചപ്പോൾ അത് കേരളത്തിലെ ഡിസബിലിറ്റി അവകാശ പോരാട്ടങ്ങളിലെ ചരിത്ര നിമിഷമായി മാറി. 2016ലെ ഭിന്നശേഷി അവകാശ നിയമം (Rights of Persons with Disabilities Act) പ്രകാരം അംഗീകരിച്ചിട്ടുള്ള 21 ഡിസബിലിറ്റികളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകാനാണ് ‘തണൽ’ എന്ന സംഘടനയുടെ നേതൃത്വത്തിൽ മുപ്പതിലധികം ഭിന്നശേഷി സംഘടനകൾ ചേർന്ന് കെ.ഡി.എഫ് സംഘടിപ്പിച്ചത്.
മാറ്റത്തിനായി കൈകോർക്കാം
പൊതു ഇടങ്ങളിൽ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയും അർഹമായ പ്രാതിനിധ്യം ലഭിക്കാതെ പോവുകയും ചെയ്യുന്നവരാണ് ഭിന്നശേഷിക്കാർ. ഈ യാഥാർഥ്യം തിരുത്തിക്കുറിക്കാനാണ് കേരള ഡിസബിലിറ്റി ഫെസ്റ്റിവൽ ശ്രമിക്കുന്നത്. ഭിന്നശേഷിയുള്ള വ്യക്തികളുടെ ജീവിതാനുഭവങ്ങളെ മുൻനിർത്തി സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ള അവരുടെ സജീവമായ ഇടപെടലുകളെ പ്രോത്സാഹിപ്പിച്ചുമാണ് ഈ വേദി മാറ്റത്തിന് തുടക്കമാവുന്നത്.
ഭിന്നശേഷിക്കാരെ കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്തുക, ഭിന്നശേഷിയുള്ളവർ നേരിട്ട അനുഭവങ്ങൾക്കും വെല്ലുവിളികൾക്കും പ്രാധാന്യം നൽകുക, സമൂഹത്തിലെ എല്ലാ മേഖലകളിലും ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് കെ.ഡി.എഫിന്‍റെ ലക്ഷ്യങ്ങൾ. അക്കാദമിക് വിദഗ്ധർ, ആരോഗ്യ പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ, അന്താരാഷ്ട്ര സംഘടനകൾ എന്നിവരുടെ പങ്കാളിത്തമാണ് കെ.ഡി.എഫിനെ കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചത്.
സർഗാത്മകതയുടെ ഇടം
തുടക്കം മുതൽ എല്ലാവരെയും പരിഗണിച്ചുകൊണ്ടാണ് നമ്മുടെ സമൂഹം രൂപകൽപ്പന ചെയ്തിരുന്നതെങ്കിൽ, ഇന്നത്തെ ലോകം എങ്ങനെയായിരിക്കും? കേരള ഡിസബിലിറ്റി ഫെസ്റ്റിവൽ എന്നത് ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടിയുള്ള ഒരു പ്രത്യേക പരിപാടിയല്ല, മറിച്ച് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു മാതൃകാ സമൂഹത്തിനായുള്ള കാത്തിരിപ്പാണ്. ഭിന്നശേഷി എന്നത് സമൂഹത്തിന്റെ ഓരങ്ങളിൽ നിൽക്കുന്ന ഒരു വിഷയമല്ല, മറിച്ച് നമ്മുടെ ജനാധിപത്യം, നഗരാസൂത്രണം, സംസ്‌കാരം, ധാർമികത എന്നിവയുടെയെല്ലാം കേന്ദ്രസ്ഥാനത്ത് നിൽക്കേണ്ട ഗൗരവമേറിയ ചോദ്യമാണ്.
കലയും സർഗ്ഗാത്മകതയും ഒത്തുചേരുന്ന കെ.ഡി.എഫ് ഭിന്നശേഷിയുള്ള കലാകാരന്മാരുടെ അസാമാന്യ പ്രതിഭകളെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. ഭിന്നശേഷി എന്നത് സർഗ്ഗാത്മക മികവിന് ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്ന ഈ പരിപാടികൾ, സമൂഹത്തിലെ നിലവിലുള്ള പല മുൻവിധികളെയും തിരുത്തിക്കുറിക്കുകയാണ്. വൈവിധ്യമാർന്ന സംഗീത ശാഖകളും പ്രഗത്ഭരായ കലാകാരന്മാരും അണിനിരക്കുന്ന തത്സമയ പരിപാടികൾ, നാടകങ്ങൾ, കഥപറച്ചിൽ, സർഗ്ഗാത്മക ഇടങ്ങൾ, ഡിസബിലിറ്റി വാൾ, ഇൻസ്റ്റലേഷനുകൾ, ചിത്രരചന അങ്ങനെ പലതും ഒത്തുചേർന്ന ബീച്ചിലേക്ക് എത്ര മനുഷ്യരാണ് സ്വാഗതം ചെയ്യപ്പെടുന്നത്.
തൃശ്ശൂരിൽ നിന്നുള്ള ‘പൂമ്പാറ്റ ചെണ്ടമേളം’ സംഘത്തിന്റെ വാദ്യമേളങ്ങളും ഡിസബിലിറ്റി വിദ്യാലയങ്ങളിൽ നിന്നെത്തിയ കുട്ടികളുടെ പാട്ടുകളും മറ്റ് പരിപാടികളും കടപ്പുറത്തെ ആവേശത്തിലാഴ്ത്തി. ‘ബഡീസ്’ എന്ന വളണ്ടിയർ കൂട്ടായ്മയുടെ കൈകളിൽ സുരക്ഷിതരായി, തങ്ങൾക്കായി പ്രത്യേകം തയാറാക്കിയ താൽക്കാലിക റാമ്പിലൂടെ ഓരോ വീൽചെയറും മണൽപ്പരപ്പ് പിന്നിട്ട് തിരമാലകൾക്കരികിലേക്ക് നീങ്ങുന്ന കാഴ്ച കണ്ട് നിൽക്കുന്നവർക്ക് ഒരു ആശ്വാസമാണ്.
ഇന്ററാക്ടീവ് സോണുകൾ
ഭിന്നശേഷിയുള്ളവരുടെ ജീവിതാനുഭവങ്ങൾ നേരിട്ട് മനസ്സിലാക്കാൻ സാധിക്കുന്ന ഇന്ററാക്ടീവ് സോണുകളായിരുന്നു സന്ദർശകർക്കായി കെ.ഡി.എഫിൽ ഒരുക്കിയിരുന്നത്. കാഴ്ചയില്ലാത്തവരുടെ ലോകം, കേൾവി പരിമിതിയുള്ളവരുടെ വിനിമയങ്ങൾ, ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ ദൈനംദിന ജീവിതം തുടങ്ങിയവ നേരിട്ട് അനുഭവിച്ചറിയാൻ സാധിക്കുന്ന ‘എക്സ്പീരിയൻസ് സോണുകൾ’ ആയിരുന്നു മേളയുടെ പ്രധാന ആകർഷണം. അസിസ്റ്റീവ് ടെക്നോളജികൾ, ഡിസബിലിറ്റി സൗഹൃദ നിർമാണ മാതൃകകൾ എന്നിവ പരിചയപ്പെടുത്തുന്നതിനൊപ്പം തന്നെ ഉൾച്ചേരൽ, തുല്യത, വൈവിധ്യം എന്നീ പേരുകളിലുള്ള മൂന്ന് വേദികളിലായി മുപ്പതോളം ഗൗരവകരമായ അക്കാദമിക് സെഷനുകളും ചർച്ചകളും കൂടാതെ ഹ്യൂമൻ ലൈബ്രറി, പുസ്തക പ്രകാശനങ്ങൾ, ഫ്‌ളീ മാർക്കറ്റ്, സ്റ്റാളുകൾ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിരുന്നു.
ഭിന്നശേഷിക്കാർ നേരിടുന്ന വെല്ലുവിളികൾ നേരിട്ട് അനുഭവിച്ചറിയുന്നതിലൂടെ സഹതാപത്തിനപ്പുറം ആഴത്തിലുള്ള തിരിച്ചറിവും ബോധ്യവും ജനങ്ങളിൽ സൃഷ്ടിക്കാൻ കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് സാധിച്ചിട്ടുണ്ട്. കാഴ്ചയില്ലാത്തവരുടെ ലോകത്തെ തൊട്ടറിഞ്ഞ്, ആശയവിനിമയത്തിലെ തടസ്സങ്ങൾ മനസ്സിലാക്കി, സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള വെല്ലുവിളികൾ നേരിട്ട് ബോധ്യപ്പെട്ട്, വ്യത്യസ്തമായ സംവേദനാനുഭവങ്ങളിലൂടെ കടന്നുപോവുന്ന ന്യൂറോഡൈവേഴ്സിറ്റി എക്സ്പീരിയൻസ് ഭിന്നശേഷിക്കാർ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ഒരു ബോധവത്കരണം നൽകുന്നു.
ഭിന്നശേഷിക്കാരുടെ ജീവിതം സുഗമമാക്കുന്ന അത്യാധുനിക ഉപകരണങ്ങൾ, അവർക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത വസ്ത്രങ്ങൾ, നൂതനമായ സാങ്കേതിക വിദ്യകൾ എന്നിവയുടെ പ്രദർശനമൊക്കെ മേളയിൽ ഒരുക്കിയിരുന്നു. അതോടൊപ്പം, ഫെസ്റ്റിവലിൽ ഉടനീളം സന്ദർശകർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച ‘ബഡ്ഡി വളന്റിയർമാരുടെ’ സേവനവും എടുത്തുപറയേണ്ടതാണ്. സർക്കാർ പദ്ധതികളെക്കുറിച്ചും വിവിധ എൻ.ജി.ഒ സേവനങ്ങളെക്കുറിച്ചും അറിയാനുള്ള ഹെൽപ്പ് ഡെസ്കും ഭിന്നശേഷിക്കാർ സ്വന്തമായി നിർമിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും എല്ലാ കോഴിക്കോട് ബീച്ചിനെ കൂടുതൽ മനോഹരമാക്കി.
സഹതാപമല്ല, തുല്യനീതി
ഡിസെബിലിറ്റി ഗൗരവമായ ചർച്ചാവിഷയമാണ്. ഡിസബിലിറ്റി വ്യക്തിപരമായ വൈകല്യമല്ല, മറിച്ച് പരിമിതികളെ ഉൾക്കൊള്ളാൻ കഴിയാത്ത സമൂഹത്തിന്റെ പരാജയമാണെന്ന് കേരള ഡിസബിലിറ്റി ഫെസ്റ്റിവലിലെ അക്കാദമിക് സെഷൻ പറയുന്നു. സിനിമയിലും സോഷ്യൽ മീഡിയയിലും ഡിസെബിലിറ്റി കളിയാക്കാനുള്ള ഉപാധിയായി ഇപ്പോഴും തുടരുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും അഭിപ്രായങ്ങളുണ്ട്. ഇവർക്ക് സാധാരണ ജീവിതമുണ്ടെന്ന യാഥാർത്ഥ്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് കൗൺസിലിങ് നൽകേണ്ടതും ഇൻഫ്രാസ്ട്രക്ചർ മാറ്റങ്ങൾക്കൊപ്പം സാമൂഹിക ബോധവൽക്കരണം ശക്തമാക്കേണ്ടതും കെ.ഡി.എഫിൽ സംസാര വിഷയമായി.
വീണ്ടും വരുമെന്ന പ്രതീക്ഷയോടെ
കോഴിക്കോട് കടപ്പുറത്ത് ഉയർന്ന ചിരികളും പാട്ടുകളും ഉച്ചത്തിലായിരുന്നു. റാമ്പിലൂടെ വീൽച്ചെയറുകൾ മണൽപ്പരപ്പിലേക്ക് നീങ്ങിയപ്പോൾ എല്ലാവരുടെയും മുഖത്ത് ചിരിനിറഞ്ഞു. പ്രത്യേകമൊരുക്കിയ റാമ്പിലൂടെ അനായാസം അവർ തീരത്തേക്കടുത്തു. തിരമാലകളെക്കാൾ ഉച്ചത്തിൽ അവരുടെ പാട്ടും കൈകൊട്ടലും ബീച്ചിൽ മുഴങ്ങി. തിരമാലകളെ തൊട്ടത് നാൽപതോളം വീൽചെയറുകൾ. എല്ലാവരുടെയും ഒത്തുചേരലിന്റെ ഇടമായി മാറിയ ഫ്രീഡം സ്‌ക്വയറിൽ സാധാരണയുള്ള കൗതുകനോട്ടവും പരിഗണനകളുമൊന്നും അവരെ അലട്ടിയില്ല. പലർക്കും ഇത് നീണ്ട വർഷങ്ങൾക്ക് ശേഷമുള്ള കടൽക്കാഴ്ചയാണ്. ഉപ്പുവെള്ളം സ്പർശിച്ച ആ നിമിഷം പലരുടെയും കണ്ണുകളെ ഈറനണിയിച്ചു.
ഇത് കേവലമൊരു വിനോദപരിപാടിയല്ല, മറിച്ച് ഒരു ജനതയുടെ അതിജീവനത്തിന്റെ പ്രഖ്യാപനമാണ്. കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന്റെ ഭാഗമാകുന്ന ഓരോരുത്തർക്കും ഇത്തരത്തിൽ അതിജീവനത്തിന്‍റെ ഒരു കഥ പറയാനുണ്ടാവും. കെ.ഡി.എഫ്. വേദിയിലെ ഒരുമരത്തിലെ ചില്ലകൾ നിറയെ മരുന്നുകുപ്പികളും സിറിഞ്ചുകളുമാണ്. ഒരു മകൾ 10 വർഷംകൊണ്ട് കുടിച്ചുതീർത്ത മരുന്നുകുപ്പികൾ. കഴിഞ്ഞ പത്തുവർഷമായി മകൾ ഷദ യൂസഫ് അപസ്മാരരോഗ ചികത്സക്കായി കുടിച്ചുതീർത്ത മരുന്നുകുപ്പികളും സിറിഞ്ചുകളുമാണ് യൂസഫ് ചങ്ങരോത്ത് എന്ന പിതാവ് മരത്തിൽ കെട്ടിത്തൂക്കിയത്. ശാരീരിക പരിമിതികളെ അതിജീവിച്ച് നേടിയ അവരുടെ ജീവിത കഥക്ക് വല്ലാത്തൊരു മാസ്മരികതയുണ്ട്.
‘ഇന്ന് ഞങ്ങൾ കടലിനെ തൊട്ടത് ഈ താൽക്കാലിക റാമ്പിലൂടെയാണ്. ഇത് നാളെ പൊളിച്ചു മാറ്റപ്പെട്ടേക്കാം’ കോഴിക്കോട് ബീച്ചിൽ മാത്രമല്ല, പൊതുവിടങ്ങളിലെല്ലാം ഇത്തരം സ്ഥിരമായ സംവിധാനങ്ങൾ ഉണ്ടെങ്കിൽ തങ്ങൾക്കും മാറ്റിനിർത്തപ്പെടാതെ ലോകം ആസ്വദിക്കാൻ കഴിയുമെന്ന് അവർ ഒറ്റക്കെട്ടായി പറയുന്നു. സൗഹൃദങ്ങൾ പങ്കിട്ടും ചായ കുടിച്ചും കുശലം പറഞ്ഞും അവർ ആ സായാഹ്നം അവിസ്മരണീയമാക്കി. കടലിന്റെ ആഴത്തേക്കാൾ വലിയ സ്വപ്നങ്ങളുമായി, ഇനിയും മടങ്ങിവരുമെന്ന പ്രതീക്ഷയോടെയാണ് ഓരോരുത്തരും മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

