Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അറബ് പൈതൃകത്തിന് മലയാളി ഭാവന; യു.എ.ഇ സ്റ്റാമ്പുകളിൽ ചരിത്രം വരച്ച് ബിലാൽ

text_fields
bookmark_border
അറബ് പൈതൃകത്തിന് മലയാളി ഭാവന; യു.എ.ഇ സ്റ്റാമ്പുകളിൽ ചരിത്രം വരച്ച് ബിലാൽ
cancel
camera_alt

എമിറേറ്റ്സ് പോസ്റ്റ് പുറത്തിറക്കിയ ബിലാൽ വരച്ച ചിത്രങ്ങളുളള ആറ് സ്റ്റാമ്പുകൾ

യു.എ.ഇയുടെ ചരിത്രവും സംസ്കാരവും സ്മരിക്കുന്ന തപാൽ സ്റ്റാമ്പുകൾ കൗതുകത്തോടെ ശേഖരിച്ചുവെച്ച പ്രവാസികളുടെ കഥകൾ നാം ഒരുപാട് കേട്ടിട്ടുണ്ട്. നാണയങ്ങളിലും സ്റ്റാമ്പുകളിലും വിസ്മയം തീർത്തവരുടെ വിശേഷങ്ങൾ മാധ്യമങ്ങളിൽ ഇടംപിടിക്കാറുമുണ്ട്. എന്നാൽ, ആ ചരിത്രത്തിന്‍റെ മറുപുറത്ത്, യു.എ.ഇയുടെ ഔദ്യോഗിക തപാൽ സ്റ്റാമ്പുകളിൽ സ്വന്തം സർഗാത്മകത വരഞ്ഞിട്ട് ഒരു മലയാളി ചരിത്രം കുറിച്ചിരിക്കുന്നു..കോഴിക്കോട് ഒളവണ്ണ സ്വദേശി മുഹമ്മദ് ബിലാൽ.

കുട്ടിക്കാലത്ത് കളിപ്പാട്ടങ്ങളേക്കാൾ കൈയിൽ കിട്ടുന്ന കടലാസിലും നോട്ടുപുസ്തകങ്ങളിലും ചിത്രം വരയ്ക്കാനായിരുന്നു മുഹമ്മദ് ബിലാലിനിഷ്ടം. ചിത്രകലയിൽ വലിയ കോഴ്സുകളൊന്നും പഠിച്ചിട്ടില്ലെങ്കിലും ഉള്ളിലെ സർഗവാസന മാത്രമായിരുന്നു കൈമുതൽ. മകന്‍റെ ഇഷ്ടം തിരിച്ചറിഞ്ഞ വീട്ടുകാർ പതിനെട്ടാം വയസ്സിൽ അവനെ ഗൾഫിലേക്ക് വിട്ടു. എന്നാൽ, ആ പ്രവാസജീവിതമാണ് അവന്‍റെ കാൻവാസിന് മുന്നിൽ വിസ്മയങ്ങളുടെ വലിയൊരു ലോകം തുറന്നുനൽകിയത്. ഷാർജ ഹെറിറ്റേജ് വിഭാഗത്തിലെ ഡിസൈൻ ടീം ലീഡറായ ഈ 28കാരന്‍റെ സൃഷ്ടികൾ യു.എ.ഇ എമിറേറ്റ്സ് പോസ്റ്റിന്‍റെ ആറ് തപാൽ സ്റ്റാമ്പുകളായി മാറിയപ്പോൾ പിറന്നത് പുതിയൊരു ചരിത്രമാണ്. യു.എ.ഇയിൽ ഈ അത്യപൂർവ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ പ്രവാസികളിൽ ഒരാളായി മാറിയിരിക്കുകയാണ് ഈ യുവപ്രതിഭ.

അവിചാരിതമായി എത്തിയ ചരിത്രനിയോഗം

2026 ഫെബ്രുവരിയിൽ നടന്ന 23-ാമത് ഷാർജ ഹെറിറ്റേജ് ഫെസ്റ്റിവലിന്‍റെ വിഷ്വൽ ഐഡന്‍റിറ്റിക്കായി ബിലാൽ തയാറാക്കിയ ഡിസൈനുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ആറ് പ്രധാന ആശയങ്ങളാണ് എമിറേറ്റ്സ് പോസ്റ്റ് തപാൽ സ്റ്റാമ്പുകളാക്കിയത്. സ്ഥാപനത്തിലെ ഒട്ടുമിക്ക ആഘോഷങ്ങൾക്കും പ്രൊമോഷനുകൾക്കുമെല്ലാം കുറച്ചുകാലങ്ങളായി ബിലാൽ തന്നെയാണ് ബ്രോഷറുകളും മറ്റു ഗ്രാഫിക് ജോലികളുമെല്ലാം നിർവഹിക്കാറുള്ളത്. ഇത്തവണത്തെ മേളയുടെ ബ്രാൻഡിങ്ങിനും പബ്ലിസിറ്റിക്കുമായി എട്ട് വ്യത്യസ്ത തീമുകളിലുള്ള ഡിസൈനുകളാണ് ബിലാൽ തയാറാക്കിയിരുന്നത്.

'ദി ഗ്ലോ ഓഫ് ഓതന്‍റിസിറ്റി' (പാരമ്പര്യത്തിന്‍റെ തിളക്കം) എന്നതായിരുന്നു മേളയുടെ മുഖ്യപ്രമേയം. അറബ് സംസ്കാരവും എമിറാത്തി പാരമ്പര്യവും ജീവിതശൈലിയും വർണങ്ങളിലൂടെ ആവിഷ്കരിച്ച ഈ തീം ചിത്രങ്ങൾ യു.എ.ഇയുടെ ചരിത്രത്തിന്‍റെ ഭാഗമാവുമെന്ന് ബിലാൽ കരുതിയതല്ല. ചിത്രങ്ങളിൽ ആറെണ്ണം രാജ്യത്തിന്‍റെ ഔദ്യോഗിക തപാൽ സ്റ്റാമ്പുകളായി തിരഞ്ഞെടുക്കപ്പെട്ട വിവരം ഇൻസ്റ്റിറ്റ്യൂട്ടിലെ മീഡിയ ഡിപാർട്ട്‌മെന്‍റ്​ തലവൻ നൂറ അൽ ഖയാൽ സ്റ്റാമ്പുകളുടെ ചിത്രങ്ങൾ ഫോണിലേക്ക് അയച്ചുകൊടുത്തപ്പോഴാണ് ബിലാൽ അറിയുന്നത്.

ബിലാൽ ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് ചെയർമാൻ അബ്ദുൽ അസീസ് അബ്ദുറഹ്മാൻ അൽ മുസ്സല്ലത്തിനും മറ്റു സഹപ്രവർത്തകർക്കുമൊപ്പം

ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ബിലാലിന്‍റെ ഡിസൈനുകൾ കണ്ട് പ്രത്യേകം പ്രശംസിച്ചു. തുടർന്നാണ് ഈ ചിത്രങ്ങൾ യു.എ.ഇയുടെ ഔദ്യോഗിക തപാൽ സ്റ്റാമ്പുകളാക്കി മാറ്റാൻ തീരുമാനമായത്. ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് ചെയർമാൻ ഡോ. അബ്ദുൽ അസീസ് അബ്ദുറഹ്മാൻ അൽ മുസല്ലം, മാർക്കറ്റിങ്​ മേധാവി നാദിയ അൽ സഹലവി ഉൾപ്പെടെയുള്ള ഉന്നത അധികൃതരുടെ പിന്തുണയും പ്രോത്സാഹനവുമാണ് ഈ ചരിത്രനേട്ടത്തിലേക്ക് വഴിയൊരുക്കിയതെന്ന് ബിലാൽ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.

അറബ് പൈതൃകത്തിൽ പിറന്ന ആറ് തപാൽമുദ്രകൾ

ഷാർജയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും തനിമയെയും അടയാളപ്പെടുത്തുന്നതാണ് സ്റ്റാമ്പുകളിലെ ഓരോ ചിത്രവും. ആറ് സ്റ്റാമ്പുകൾക്കും കൃത്യമായ അർഥതലങ്ങളുണ്ട്.സന്തോഷത്തിന്‍റെയും ആഘോഷത്തിന്‍റെയും ഒരുമയുടെയും പ്രതീകമായ 'കാനൻ ഓഫ് ജോയ്', എമിറാത്തി പൈതൃകവും ജീവിതരീതിയും ആവിഷ്കരിക്കുന്ന 'ദ സ്പിരിറ്റ് ഓഫ് ഓഥന്‍റിസിറ്റി', പാരമ്പര്യത്തിലേക്കുള്ള തിരികെവരവ് അടയാളപ്പെടുത്തുന്ന 'ജോയ്ഫുൾ റിട്ടേൺ', പ്രതീക്ഷയുടെയും അറിവിന്‍റെയും വഴികാട്ടിയായ 'ലൈറ്റ് ഓഫ് ദ പാത്ത്', കുടുംബബന്ധങ്ങളുടെ ഊഷ്മളത സന്ദേശമാക്കുന്ന 'ബ്ലെസിങ്സ് ഓഫ് ദ ഹോം', നാളെയുടെ പ്രതീക്ഷകളായ കുട്ടികളെ പ്രതിനിധീകരിക്കുന്ന 'സ്റ്റെപ്സ് ടുവാർഡ്സ് ദ ഫ്യൂച്ചർ' എന്നിവയാണ് സ്റ്റാമ്പുകളായി പുനർജനിച്ച ചിത്രങ്ങൾ. ഇതിൽ മൂന്ന് ചിത്രങ്ങൾ സ്ഥാപനത്തിലെ സഹപ്രവർത്തകരായ ഫോട്ടോഗ്രാഫർമാർ പകർത്തിയതും, മൂന്നെണ്ണം ബിലാൽ സ്വന്തം ക്യാമറയിൽ ഒപ്പിയെടുത്തതുമാണ്. അവയെ മനോഹരമായ ഒരു ഡിസൈൻ ഭാഷ്യത്തിലേക്ക് ഇഴചേർക്കുകയായിരുന്നു ഈ യുവകലാകാരൻ.

കോഴിക്കോട്ടുനിന്ന് സർഗാത്മകതയുടെ വിഹായസ്സിലേക്ക്

ചെറുപ്രായത്തിൽ തന്നെ കാണുന്ന കാഴ്ചകളിലും മനസ്സിൽ പതിയുന്ന നിമിഷങ്ങളിലുമെല്ലാം ബിലാൽ വരകളുടെ സാധ്യത കണ്ടെത്തിയിരുന്നു. യാത്രയ്ക്കിടെ കാണുന്ന കാഴ്ചകളും മനസ്സിൽ തോന്നുന്ന ആശയങ്ങളുമെല്ലാം സ്കൂൾ പുസ്തകത്താളുകളിൽ വരകളായി പുനർജനിക്കും. ഇങ്ങനെ കോറിയിടുന്ന ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ തന്നെയാണ് വരയ്ക്കാനുള്ള പൂർണ്ണ പിന്തുണ നൽകിയത്. വളർന്നപ്പോൾ യൂട്യൂബിലും ഓൺലൈൻ ക്ലാസുകളിലും നോക്കി വരയുടെ ആദ്യപാഠങ്ങൾ സ്വയം പഠിച്ചെടുത്തു.

പ്ലസ്ടു പഠനത്തിനു ശേഷമാണ് വിഷ്വൽ മീഡിയയിലേക്കും ഗ്രാഫിക് ഡിസൈനിംഗിലേക്കും വഴിമാറുന്നത്. നാട്ടിലെ പരസ്യ ഏജൻസിയിൽ തുടങ്ങിയ സർഗ്ഗയാത്ര 2017-ലാണ് പ്രവാസലോകത്തെത്തിക്കുന്നത്. ദീർഘകാലമായി ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജിലെ ജീവനക്കാരനായ പിതാവ് കെ.ടി. ഹമീദാണ് യു.എ.ഇയിലേക്കുള്ള വഴിതുറന്നത്.

ഹെറിറ്റേജ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിസൈനർമാരുടെ സഹായിയായി തുടങ്ങിയ ജോലിയിൽ അറബി ഭാഷയും നാടൻ പാരമ്പര്യങ്ങളും ആഴത്തിൽ പഠിച്ചെടുത്തു. കഠിനാധ്വാനത്തിലൂടെയും വേറിട്ട ഡിസൈൻ ശൈലിയിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ബിലാൽ, ഇന്ന് അതേ സ്ഥാപനത്തിൽ ഡിസൈൻ ടീം ലീഡറെന്ന നിർണ്ണായക പദവിയിലാണ് സേവനമനുഷ്ഠിക്കുന്നത്.

കുട്ടിക്കാലത്ത് മനസ്സിൽ തോന്നുന്ന ആശയങ്ങൾ കുറിച്ചിടാൻ പോക്കറ്റിൽ ഒരു കൊച്ചു ഡയറി സൂക്ഷിക്കുമായിരുന്നു. പിന്നീട് ഡിജിറ്റൽ ആർട്ടിലേക്ക് മാറിയപ്പോഴും കൂടെയുള്ള ആ ചെറിയ ഡയറി ബിലാൽ കൈവിട്ടിട്ടില്ല. ഷാർജയിൽ പുറത്തിറങ്ങുമ്പോഴെല്ലാം ആ ഡയറി കൈയിലുണ്ടാകും. യാത്രക്കിടെ കണ്ണിലുടക്കുന്ന ആശയങ്ങൾ ഡയറിയിൽ സ്കെച്ചിട്ടു വെക്കും. കരിയറിൽ പലപ്പോഴും ഇങ്ങനെ കുറിച്ചിടുന്ന ആശയങ്ങൾ ഗുണം ചെയ്യാറുണ്ടെന്ന് ബിലാൽ പറയുന്നു.

അറബ് നാടിന്‍റെ പൈതൃകം തികച്ചും തനിമയോടെ ആവിഷ്കരിക്കാൻ ചരിത്രപുസ്തകങ്ങൾ വായിച്ചും, മുതിർന്ന സ്വദേശികളിൽ നിന്ന് അവരുടെ പണ്ടത്തെ ആചാരങ്ങൾ, വിവാഹച്ചടങ്ങുകൾ, ഉപജീവനമാർഗ്ഗങ്ങൾ, പരമ്പരാഗത വസ്ത്രധാരണം എന്നിവ നേരിട്ട് ചോദിച്ചറിഞ്ഞുമാണ് ബിലാൽ ഓരോ ഡിസൈനും പൂർത്തിയാക്കിയത്. മൂന്ന് മാസത്തോളം നീണ്ട സൂക്ഷ്മമായ കഠിനാധ്വാനത്തിനൊടുവിലാണ് ഹെറിറ്റേജ് ഫെസ്റ്റിവലിന്‍റെ പൂർണ വിഷ്വൽ ഐഡന്‍റിറ്റി ഒരുങ്ങിയത്.

ബിലാൽ ചിത്രം വരയിൽ

തപാൽ സ്റ്റാമ്പുകളിൽ മാത്രമല്ല, ഷാർജ ഹെറിറ്റേജ് ഫെസ്റ്റിവൽ വേദിയിലും ഷാർജ എമിറേറ്റിന്‍റെ പ്രധാന തെരുവുകളിലെ കൊടിതോരണങ്ങളിലും പരസ്യബോർഡുകളിലും ബിലാൽ തയാറാക്കിയ ഡിസൈനുകളായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിനുപുറമേ, ഫെസ്റ്റിവൽ കാലയളവിൽ ദുബൈ-ഷാർജ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഡോ. അബ്ദുൽ അസീസ് അബ്ദുറഹ്മാൻ അൽ മുസല്ലത്തിന്‍റെ ആശയത്തിൽ രൂപീകരിച്ച പ്രത്യേക ജലപാതയുടെ റൂട്ട് മാപ്പ് തയാറാക്കിയതും ബിലാലാണ്.

ദുബൈ അൽ ഗുബൈബയിൽ നിന്ന് ഷാർജ അക്വേറിയം, അൽ ഖസ്ബ, അൽ ഖാസിമിയ മറീന വഴി ഹാർട്ട് ഓഫ് ഷാർജയിലേക്കുള്ള ഈ ഫെറി സർവീസിന്‍റെ മാപ്പ് എമിറേറ്റിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു. എക്സ്പോ 2020-ൽ ദുബൈ കൾച്ചറുമായി ചേർന്നുള്ള പ്രോജക്ടുകളിൽ പങ്കാളിയായതും ബിലാലിന്‍റെ കരിയറിലെ ശ്രദ്ധേയ നേട്ടമാണ്.

‘എന്‍റെ പിതാവിന് ഉപജീവനവും കുടുംബത്തിന് നല്ലൊരു ജീവിതവും തന്നത് ഈ നാടാണ്. ഉപ്പ ജോലി ചെയ്യുന്ന അതേ സ്ഥാപനത്തിൽ പ്രവർത്തിക്കാനും, ഈ നാടിന്‍റെ പൈതൃകത്തെ അടയാളപ്പെടുത്തുന്ന വലിയൊരു ദൗത്യത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിലും വലിയൊരു സൗഭാഗ്യം മറ്റെന്തുണ്ട്!’ തന്‍റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷമാണിതെന്ന് ബിലാൽ സാക്ഷ്യപ്പെടുത്തുന്നു.

സ്വപ്നങ്ങൾക്ക് നിറംപകരാൻ കൂട്ടായി ഭാര്യ ആയിഷയും കുടുംബവും ഒപ്പമുണ്ട്. റസിയയാണ് മാതാവ്. ദുബൈൽ ഇന്‍റീരിയർ ഡിസൈനറായ ഹിലാൽ, നബീല എന്നിവർ സഹോദരങ്ങളാണ്. പ്രവാസത്തിന്‍റെ പരിമിതികൾക്കുള്ളിൽ ഒതുങ്ങിപ്പോകാതെ, പ്രതിഭകൊണ്ട് ചരിത്രത്തിൽ സ്വന്തം ഇടം രേഖപ്പെടുത്തിയ ഈ കോഴിക്കോട്ടുകാരൻ പുതുതലമുറക്ക്​ വലിയൊരു പ്രചോദനമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Artist Muhammad Bilal Makes History by Designing UAE's Official Postage Stamps
Next Story