വെനീസിലെ ഫെസ്റ്റിവലിൽ കലാമണ്ഡലം ജോണിന് പുരസ്കാരം
text_fieldsകലാമണ്ഡലം ജോൺ
ചെറുതുരുത്തി: ഇറ്റലിയിലെ വെനീസിലെ അലക്കീനോ ഇറാന്തേ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കലാമണ്ഡലം ജോണിന് പുരസ്കാരം. കൂടാതെ ഫെസ്റ്റിവലിൽ കഥകളിയും വിവിധ നൃത്തങ്ങളും അവതരിപ്പിക്കാൻ ചെറുതുരുത്തി കലാ തരംഗിണി സ്കൂളിലെ കഥകളി ഗ്രൂപ്പിനെ ക്ഷണിക്കുകയും ചെയ്തു. ഈ ഇരട്ട സൗഭാഗ്യം വന്ന സന്തോഷത്തിലാണ് ഇദ്ദേഹം. സെപ്റ്റംബർ രണ്ട് മുതൽ 15 വരെയാണ് ഫെസ്റ്റിവൽ.
കഴിവുള്ള വ്യക്തികളെ തെരഞ്ഞെടുത്ത് ഓരോ രാജ്യത്തിന് അവസരം കൊടുത്തിരുന്നു. ഇത്തവണ ക്രിസ്ത്യൻ സമുദായത്തിൽനിന്ന് ആദ്യമായി കഥകളി അഭ്യസിച്ച കലാമണ്ഡലം ജോണിനാണ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്. അവാർഡ് ദാന ചടങ്ങ് സെപ്റ്റംബർ ആറിനാണ്. നാലിന് നടക്കുന്ന ഫെസ്റ്റിവലിൽ കഥകളി അവതരിപ്പിക്കാൻ കലാമണ്ഡലം ജോണിന് പുറമേ കോട്ടക്കൽ ദേവദാസ്, കലാമണ്ഡലം രാജനാരായണൻ, അജേഷ് പ്രഭാകർ, സുധീഷ്, കലാമണ്ഡലം രാജേഷ് തുടങ്ങിവരും ഭരതനാട്യം, കുച്ചിപ്പുടി എന്നിവ അവതരിപ്പിക്കാൻ മകൾ റൂബി കെ. ജോൺ എന്നിവരടങ്ങുന്ന സംഘം സെപ്റ്റംബർ ഒന്നിന് ഇറ്റലിയിലേക്ക് പുറപ്പെടും. അതിനുള്ള അവസാനഘട്ട പരിശീലനത്തിലാണിവർ.
കലാമണ്ഡലം ജോൺ 56 വർഷമായി തന്റെ കഥകളി ജീവിതവുമായി മുന്നോട്ടു പോകുന്നു. പതിനാലാം വയസ്സിലാണ് കലാമണ്ഡലത്തിൽ പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം പത്മനാഭൻ നായർ ആശാൻ, വാഴേങ്കട വിജയൻ എന്നിവരുടെ ശിക്ഷണത്തിൽ കഥകളി പഠിക്കാൻ ജോൺ എത്തിയത്. നിരവധി ബുദ്ധിമുട്ടുകളും കടമ്പകളും കടന്നാണ് അദ്ദേഹം കഥകളി അഭ്യസിച്ചത്. കഥകളി കുലപതി കലാമണ്ഡലം ഗോപി ആശാന്റെ ശിക്ഷണത്തിലും പഠിച്ചിട്ടുണ്ട്. സഹധർമിണി മേരി ജോൺ കഥകളിയിലെ ആദ്യ ചുട്ടി കലാകാരി എന്ന ബഹുമതിക്കുടമയാണ്. മറ്റൊരു മകൾ റിയ ജോൺ അമേരിക്കയിൽ നൃത്താധ്യാപികയാണ്. കലാമണ്ഡലം ജോണിന് മുമ്പ് അമേരിക്കയിൽനിന്ന് അവാർഡ് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

