Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightമുല്ലപ്പൂമണമുള്ള...

മുല്ലപ്പൂമണമുള്ള ഖബറുകൾ

text_fields
bookmark_border
Shirin Refi Arts
cancel
camera_alt

മുല്ലപ്പൂമണമുള്ള ഖബറുകൾ

പ്രിയപ്പെട്ടവരുടെ മരണം ഓർമയിൽ എന്നുമൊരു വിങ്ങൽതീർത്തുകൊണ്ടിരിക്കും. സ്വന്തം ഉമ്മക്ക് പകരംവെക്കാൻ ഈ ലോകത്ത് മറ്റൊന്നുമില്ലാത്തതിനാൽ ആ വേർപാട് പ്രത്യേകിച്ചും. 'ഹൃദയം നുറുങ്ങുന്ന വേദന കടിച്ചമർത്തിക്കൊണ്ടാണ് നാളുകൾക്കുശേഷം ആ പെൺകുട്ടി ഉമ്മയുടെ ഖബറിടത്തിലെത്തിയത്. നിലാവുള്ള രാത്രിയിൽ കാറിൽനിന്ന് പുറത്തേക്കിറങ്ങാതെ വിൻഡോയിലൂടെ ഉമ്മ അന്ത്യവിശ്രമം കൊള്ളുന്ന ഇടത്തേക്ക് അവൾ വേദനയോടെ നോക്കി. രാത്രിയിൽ, നനുത്ത നിലാവിൽ മൈലാഞ്ചിക്കാടുകൾക്കകത്ത് മുല്ലപ്പൂ പൂത്തുകിടക്കുന്ന ഖബറിടം. ഉയർന്നു നിൽക്കുന്ന മീസാൻകല്ലുകൾ. ഉമ്മയുടെ ഖബറിടം മനോഹരമായിരുന്നു, അവിടെ ഉമ്മക്ക് കൂട്ടിന് ആരൊക്കെയോ ഉണ്ടെന്നതോന്നൽ അവൾക്ക് സമാധാനം നൽകി'. ഒരു പെയിന്റിങ്ങാണ് ഈ കഥ നമ്മോട് പറയുന്നത്. മരണാനന്തര ലോകത്ത് നമ്മുടെ പ്രിയപ്പെട്ടവർ ശാന്തിയോടെയും സമാധാനത്തോടെയും ജീവിക്കുകയാണെന്ന ഓർമ തരുന്ന ഒരു സുഖമുണ്ടല്ലോ... ആ സുഖമുള്ള ഓർമയിൽനിന്നുമാണ് 'മുല്ലപ്പൂമണമുള്ള ഖബർ' എന്ന പെയിന്റിങ് ഷിറിൻ റെഫി വരച്ചത്. ഷിറിന്റെ വരകളിലൂടെ...

ഷിറിൻ റെഫി

വർണക്കാഴ്ചകൾ

സ്വർണവർണവും ആകാശനീലിമയും ലൈലാക്കും ലാവെൻഡറും ചേർന്ന വർണവൈവിധ്യങ്ങളിൽ മുങ്ങി നിവർന്ന അനുഭൂതിയാണ് ഷിറിൻ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ഒരുക്കിയ 'ഖയാൽ' എന്ന ചിത്രപ്രദർശനം കണ്ടുതീരുമ്പോൾ തോന്നുക. കാഴ്ചക്കാരന്‍റെ അഭിരുചികളറിഞ്ഞാണോ ചിത്രകാരി വർണങ്ങൾ തിരഞ്ഞെടുത്തതെന്ന് അത്ഭുതം തോന്നും. ഖയാൽ, പേരുപോലെതന്നെ നനുത്ത ഒരു തഴുകൽ... സന്ധ്യാനേരത്ത് ഇളം തണുപ്പുള്ള കാറ്റേൽക്കുമ്പോഴുള്ള സുഖം. ഇത്തരത്തിലുള്ള 85 ചിത്രങ്ങളായിരുന്നു ചിത്രപ്രദർശനത്തിലുണ്ടായിരുന്നത്.

കിനാവും കാത്തിരിപ്പും

'ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ

നിറമുള്ള ജീവിതപ്പീലി തന്നു

എന്റെ ചിറകിനാകാശവും നീ തന്നു

നിന്നാത്മ ശിഖരത്തിലൊരു കൂടുതന്നു...'

ഇതാണ് ഒരു ചിത്രത്തിന്‍റെ ടൈറ്റിൽ. കിനാവും പ്രതീക്ഷകളും കാത്തിരിപ്പും അടുപ്പവും ആഗ്രഹങ്ങളും എല്ലാം ചേർന്ന ചിത്രസംയോജനം. മധുസൂദനൻ നായരുടെ കവിതയോടുള്ള ഇഷ്ടത്തിൽ നിന്നാണ് ഈ ചിത്രങ്ങൾ പിറന്നുവീണത്. കവിതയോ സംഗീതമോ കേട്ടുകൊണ്ടാണ് ഷിറിൻ ചിത്രം വരക്കുക. പാട്ടുകേൾക്കുമ്പോഴാണ് ഭാവനയുണരുകയെന്ന് ഷിറിൻ പറയുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ ഒരു രൂപമാണ് ഖയാൽ. ഗസലുകൾ തരുന്ന സാന്ത്വനം വരകളിലും വർണങ്ങളിലും വിരിയുമ്പോൾ ഉണ്ടാകുന്ന വരയുടെ അപൂർവ ചാരുതകൾ. അതായിരുന്നു ഖയാലിന്‍റെ പ്രത്യേകത.

മധുസൂദനൻ നായരുടെ കവിത ആസ്പദമാക്കിയുള്ള പെയിന്റിങ്

മൊറോക്കൻ, ഈജിപ്ഷ്യൻ, ബൊഹീമിയൻ തീമുകളും ചിത്രങ്ങളിൽ കടന്നുവരുന്നുണ്ട്. അവരുടെ വേഷങ്ങൾ, പുരാതനമായ ആഭരണങ്ങൾ, ഈജിപ്ഷ്യൻ ഡിസൈനുകൾ എല്ലാം ഇന്‍റീരിയർ ഡിസൈനർ കൂടിയായ ഷിറിന്‍റെ ഇഷ്ടവിഷയങ്ങളാണ്. മൊറോക്കോയിലെ മിസ്റ്റിക് വർണങ്ങൾ, അറബ്-മുസ്‌ലിം ദാര്‍ശനിക ചിന്തകൾ എല്ലാം ഇതിൽ നിറയുന്നു. പ്രാക്തന ഗോത്ര സംസ്കൃതിയും അതിന്‍റെ പ്രത്യേകതകളും തന്‍റെ ചിത്രങ്ങളിൽ കൊണ്ടുവന്നിട്ടുണ്ട്. ആഫ്രിക്കൻ ട്രൈബൽ ചിത്രങ്ങളിലെ ചിഹ്ന ഭാഷാസങ്കേതങ്ങൾ ഈ പെയിന്റിങ്ങുകളുടെ മാറ്റുകൂട്ടുന്നു.

പൂവുതോൽക്കുമിലകൾ

പ്രകൃതിയുടെ അഭേദ്യഭാഗമാണ് ഇലകൾ. പൂക്കളേക്കാൾ ഭംഗിയുണ്ട് പലപ്പോഴും ഇലകൾക്ക്. പൂക്കളുടെ വർണവൈവിധ്യങ്ങളേക്കാൾ മനോഹരമാണ് ഇലകളുടെ വൈവിധ്യം. അതുകൊണ്ടുതന്നെ ഷിറിന്‍റെ ചിത്രങ്ങളിൽ ഇലകൾ എപ്പോഴും പ്രമേയമാകുന്നു. ഖയാൽ പ്രദർശനത്തിൽ പന്ത്രണ്ടോളം ലീഫ് കലക്ഷനുണ്ട്. വയലറ്റ് നിറത്തെ ഏറെ ഇഷ്ടപ്പെടുന്ന ഷിറിൻ നേരത്തേ നടത്തിയ രണ്ട് സോളോ ചിത്രപ്രദർശനങ്ങളുടെയും പേര് 'വയലറ്റ്' എന്നായിരുന്നു.

പർപ്പിൾ ലീഫ്

സംസാരിക്കാൻ കഴിയാത്തവരുടെ ചിന്തകൾ എങ്ങനെ നിർവചിക്കും? ചിന്തകൾ അവർ എങ്ങനെ മറ്റുള്ളവരോട് പങ്കുവെക്കും? സംസാരിക്കാനറിയാത്ത ഒരുവളുടെ നോവുകളും വ്യഥകളും ചിന്തകളും പ്രതീക്ഷകളും വരകളിലൂടെ വർണിക്കുന്നു 'ഡംപ്' എന്ന ചിത്രം, ബ്രൗൺ, ഗോൾഡ്, കോപ്പർ ഷേഡിൽ ഒരുക്കിയത്. നിരീക്ഷണപാടവവും ഭാവനാത്മകമായ ചിന്തയും കഴിവും ഏറെയുണ്ട് ഈ ചിത്രകാരിക്ക്. ഇന്‍റീരിയർ ഡിസൈനറായ ഷിറിൻ തന്‍റെ പ്രഫഷനെയും പാഷ​െനയും ഒരുമിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നു. കണ്ണിന് കുളിരും സന്തോഷവും തരുന്ന ചിത്രങ്ങളാണ് ഭൂരിഭാഗമെങ്കിലും 'ഫിഷർമെൻ' എന്ന ചിത്രം സാമൂഹിക ജീവിതത്തിന്‍റെ നേർക്കാഴ്ചയാണ്. മുക്കുവരുടെ ജീവിതവും കഷ്ടപ്പാടുകളും കടലിലെ അത്യധ്വാനവും മുതൽ ജീവിതക്ലേശങ്ങളിൽപെട്ട് ആത്മഹത്യ വരെ എത്തിനിൽക്കുന്ന ജീവിത യാഥാർഥ്യങ്ങളും ഈ ചിത്രത്തിന്‍റെ കാഴ്ചയാകുന്നു.

ഡംപ്

ചന്ദ്രിക എഡിറ്ററായിരുന്ന സി.കെ. താനൂരിന്‍റെ മകളാണ് ഷിറിൻ. കോഴിക്കോട് ചെറുവണ്ണൂരിൽ ഇന്‍റീരിയർ ഡിസൈനിങ് സ്ഥാപനം നടത്തുന്ന ഷിറിന് ആത്മവിശ്വാസമേകുന്നത് ഭർത്താവ് കെ.എ. റഫീഖിന്‍റെ പിന്തുണയാണ്. ഇഷ ഇസ്മിൻ, ഫെനിൻ, ഹെസിൻ എന്നീ മൂന്നുമക്കളോടൊപ്പം ഫറോക്കിലാണ് താമസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Paintingart newsshirin refi
News Summary - Jasmine-scented tombs
Next Story