തടവുചാടട്ടെ കലയും മനുഷ്യത്വവും; ഇറ്റ്ഫോക്ക് ആദ്യമായി ജയിലിലേക്ക്
text_fieldsവിയ്യൂർ സെൻട്രൽ ജയിലിൽ ഡെൻമാർക്ക് സംഘം നാടകം അവതരിപ്പിക്കുന്നു
തൃശൂർ: എല്ലാത്തരം മതിലുകളെയും അതിർത്തികളെയും കല മറികടക്കും എന്ന് പറയുന്നത് അക്ഷരാർഥത്തിൽ ശരിയാണെന്നതിന് തെളിവാണ് ബുധനാഴ്ചത്തെ ഇറ്റ്ഫോക്ക് ദിനം. ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലായ ഗസയിൽനിന്നുള്ള നാടക പ്രവർത്തകർക്ക് കേരളത്തിലേക്ക് ഒരു നാടകം കളിക്കാൻ പോലും വരാൻ കഴിയാത്ത വിധം സഞ്ചാരസ്വാതന്ത്ര്യം വിലക്കപ്പെട്ട ഹിന്ദുത്വ ഭരണ കാലത്ത് തടവറയിലേക്ക് എത്തിയിരിക്കുകയാണ് അന്താരാഷ്ട്ര നാടകോത്സവം.
ഇറ്റ്ഫോക്കിന് അരങ്ങ് ഉണർന്നപ്പോൾ തന്നെ വിയ്യൂർ സെൻട്രൽ ജയിൽ അധികൃതർ ജയിലിൽ നാടകം അവതരിപ്പിക്കണം എന്ന ആവശ്യവുമായി കേരള സംഗീത നാടക അക്കാദമി അധികൃതരെ സമീപിച്ചിരുന്നു. നാടകോത്സവത്തിനെത്തിയ നാടകസംഘങ്ങളോട് ജയിലിൽ നാടകം അവതരിപ്പിക്കുന്നത് സംബന്ധിച്ച് ആരാഞ്ഞപ്പോൾ ഡെൻമാർക്കിൽനിന്നുള്ള നാടകസംഘം സന്തോഷത്തോടെ സമ്മതംമൂളി. ഇതാണ് ഇറ്റ്ഫോക്കിൽ പുതുചരിത്രം എഴുതാൻ സഹായകമായത്.
ബുധനാഴ്ച രാവിലെ വിയ്യൂർ സെൻട്രൽ ജയിൽ അങ്കണത്തിൽ ജയിലിലെ മുഴുവൻ അന്തേവാസികൾക്കും മുമ്പിൽ നാടകം അരങ്ങേറി. വില്യം ഷേക്‌സ്പിയറിന്റെ റോമിയോ ആൻഡ് ജൂലിയറ്റ് നാടകം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അവതരിപ്പിച്ചപ്പോള്‍ കാണികളായ തടവുപ്പുള്ളികളുടെ മുഖത്ത് വ്യത്യസ്ത ഭാവങ്ങള്‍ മിന്നിമറഞ്ഞു. അഴികൾക്കപ്പുറത്തുനിന്ന് അവർ ശരിക്കും നാടകം ആസ്വദിച്ചു.
വിശ്വപ്രസിദ്ധമായ പ്രണയകഥക്കൊപ്പം ജയിൽ അന്തേവാസികളുടെ മനസും സഞ്ചരിച്ചു. നാടകം അവസാനിച്ചപ്പോള്‍ അവര്‍ നിറഞ്ഞ കൈയ്യടിയോടെ അഭിനേതാക്കളായ പീറ്റര്‍ കിര്‍ക്കിനെയും ചില്‍ഡ് ക്ലൂസണിനെയും അഭിനന്ദിച്ചു. തടവുപ്പുള്ളികളുടെ മാനസിക പരിവര്‍ത്തനം ലക്ഷ്യമാക്കിയാണ് ഇറ്റ്‌ഫോക്കിൽ അരങ്ങേറിയ റോമിയോ ആൻഡ് ജൂലിയറ്റ് നാടകം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അവതരിപ്പിച്ചത്.
ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ആസ്റ്റീരിയന്‍സ് ഹസ് തിയറ്ററോ ആണ് നാടകം ജയിലില്‍ അവതരിപ്പിച്ചത്. വിയ്യൂര്‍ സെന്‍ട്രലിന്റെ അങ്കണത്തിലാണ് നാടകം അവതരിപ്പിച്ചത്. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി,ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. അഭിലാഷ് പിള്ള, ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ റുവാന്തി ഡി ചിക്കേറ എന്നിവര്‍ നാടകസംഘത്തോടൊപ്പം വിയ്യൂർ ജയിലിൽ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

