തൃശൂരിൽ ഇനി ഒരാഴ്ച നാടകക്കാലം; 'ഇറ്റ്ഫോക്കി'ന് നാളെ തിരശ്ശീലയുയരും
text_fieldsതൃശൂർ: ‘പ്രതിരോധത്തിന്‍റെ സംസ്കാരങ്ങൾ’ എന്ന പ്രമേയത്തിൽ ലോക നാടകക്കാഴ്ചകളുടെ പരിച്ഛേദ കാഴ്ചകൾക്ക് ഞായറാഴ്ച തൃശൂരിൽ തിരശ്ശീലയുയരും. സാംസ്കാരിക വകുപ്പിന് വേണ്ടി കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 15ാമത് അന്താരാഷ്ട്ര നാടകോത്സവം -ഇറ്റ്ഫോക്ക്- ഞായറാഴ്ച ആരംഭിക്കും. അടുത്ത ഞായറാഴ്ച വരെ നീളുന്ന നാടകോത്സവത്തിൽ മൂന്ന് വേദികളിലായി 15 നാടകങ്ങളുടെ 34 പ്രദർശനം അരങ്ങേറുമെന്ന് അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിയും സെക്രട്ടറി കരിവെള്ളൂർ മുരളിയും നാടകോത്സവ ഡയറക്ടർ കലാമണ്ഡലം വൈസ് ചാൻസലർ ബി. അനന്തകൃഷ്ണനും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അക്കാദമിയിലെ തോപ്പിൽ ഭാസി ബ്ലാക്ക് ബോക്സ്, കെ.ടി. മുഹമ്മമദ് റീജണൽ തിയേറ്റർ, ആക്ടർ മുരളി തിയേറ്റർ എന്നിവയും രാമനിലയം കാമ്പസ്, അക്കാദമി അങ്കണം എന്നിവയുമാണ് വേദികൾ. ഞായറാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി സജി ചെറിയാൻ നാടകോത്സവം ഉദ്ഘാടനം ചെയ്യും. തെന്നിന്ത്യൻ സിനിമ-നാടക അഭിനേതാവ് നാസർ മുഖ്യാതിഥിയായി പങ്കെടുക്കും. പി. ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു, കലക്ടർ അർജുൻ പാണ്ഡ്യൻ, മേയർ എം.കെ. വർഗീസ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പ്രിൻസ്, അക്കാദമി ചെയർമാൻ, സെക്രട്ടറി എന്നിവർ പങ്കെടുക്കും.
വൈകീട്ട് 7.30ന് ആക്ടർ മുരളി തിയേറ്ററിൽ ഗിരീഷ് കർണാടകിന്‍റെ ‘ഹയവദന’യാണ് ഉദ്ഘാടന അവതരണം. വൈകീട്ട് മൂന്നിന് ബ്ലാക്ക് ബോക്സിൽ ‘അറേബ്യൻ നൈറ്റ്സിനെ അധികരിച്ച് ‘ദി നൈറ്റ്സ്’ എന്ന പാവകളി നാടകം അരങ്ങേറും. രാത്രി ഒമ്പതിന് അക്കാദമിക്ക് മുന്നിൽ ‘ഗൗളി’ ബാന്‍റിന്‍റെ സംഗീത നിശയുണ്ട്. ആർട്ടിസ്റ്റ് സുജാതനാണ് നാടകങ്ങൾക്ക് രംഗപടം ഒരുക്കുന്നത്.
ഇന്ത്യൻ നാടകങ്ങൾക്ക് പുറമെ ഈജിപ്ത്, റഷ്യ, ഹംഗറി, ശ്രീലങ്ക, ഇറാഖ് എന്നിവിടങ്ങളിൽനിന്ന് നാടക സംഘങ്ങൾ എത്തുന്നുണ്ട്. ഡൽഹി, ബംഗളൂരു, മണിപ്പൂർ, ഗുജറാത്ത്, ആസാം, മുംബൈ എന്നിവിടങ്ങളിൽനിന്നും കേരളത്തിൽ കോട്ടയം, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽനിന്നുമുള്ള നാടക സംഘങ്ങളാണ് നാടകോത്സവത്തിന്‍റെ ഭാഗമാവുന്നത്.
പാനൽ ചർച്ചകൾ, ദേശീയ-അന്തർദേശീയ നാടക പ്രവർത്തകരുമായി മുഖാമുഖം, സംഗീത-നൃത്ത നിശകൾ എന്നീ അനുബന്ധ പരിപാടികളുമുണ്ട്. 24 മുതൽ മാർച്ച് രണ്ട് വരെ രാമനിലയം കാമ്പസിലെ ‘ഫാവോസ്’ (ഫ്രം ആഷസ് ടു ദി സ്കൈ) വേദിയിൽ രാവിലെ 11.30ന് ആർട്ടിസ്റ്റുകളുമായി മുഖാമുഖവും വ്യത്യസ്ത ദിവസങ്ങളിൽ ചർച്ചകളുമുണ്ട്.
നാടകോത്സവ നാളുകളിൽ രാവിലെ ഒമ്പതിന് തുറക്കുന്ന കൗണ്ടറിൽനിന്ന് അന്നേ ദിവസത്തെ എല്ലാ നാടകങ്ങളുടെയും നിശ്ചിത ശതമാനം ടിക്കറ്റുകൾ വിതരണം ചെയ്യും. ബാക്കി ഓരോ നാടകത്തിന്‍റെയും ഒരു മണിക്കൂർ മുമ്പ് ലഭിക്കും. 80 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓൺലൈൻ വഴി എടുത്തവർക്ക് മെയിലായി ലഭിച്ച ടിക്കറ്റിന്‍റെ ക്യു ആർ കോഡ് തിയേറ്ററിന്‍റെ പ്രവേശന കവാടത്തിൽ സ്കാൻ ചെയ്തോ ടിക്കറ്റ് പ്രിന്‍റ് എടുത്തോ നാടകം കാണാം. ഫെസ്റ്റിവൽ ബുക്ക് ഉൾപ്പെടുന്ന കിറ്റ് കൗണ്ടറിൽ കിട്ടും. ആദിവാസി ഭക്ഷണ വിഭവങ്ങൾ അടക്കം കിട്ടുന്ന ഫുഡ് കോർട്ടുമുണ്ട്.
വാർത്തസമ്മേളനത്തിൽ ഇറ്റ്ഫോക്കേ് കോ-ഓർഡിനേറ്റർ ജലീൽ ടി. കുന്നത്ത്, അക്കാദമി അഡ്മിനിസ്ട്രേറ്റീവ് ഓഫിസ് എം.ബി. ശുഭ, പ്രോഗ്രാം ഓഫിസർ വി.കെ. അനിൽകുമാർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

