കാൻവാസിലെ സുവർണ പാത
text_fieldsഷഹന അബ്ദുള്ള
സ്കൂൾ പഠന കാലത്തു സഹപാഠികളുടെ അസൈൻമെന്റിന്റെ മുൻ പേജുകൾ രൂപകൽപ്പന ചെയ്യുന്നതിൽ തൊട്ട് യു.എ.ഇ സാംസ്കാരിക- ഫാഷൻ മേഖലകളിൽ എത്തിനിൽക്കുന്ന ഷഹന അബ്ദുള്ള എന്ന കണ്ണൂരുകാരിയുടെ കലിഗ്രാഫി യാത്ര ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. കുട്ടിക്കാലത്തു തന്നെ കഴിവുകളെ തിരിച്ചറിഞ്ഞത് ഷഹനയുടെ വിജയത്തിന്റെ ആഴം കൂട്ടി. ഹൈസ്കൂൾ പഠനകാലത്ത് കലയുമായി ബന്ധപ്പെട്ട് നിരവധി സമ്മാനങ്ങൾ നേടിയത് തന്റെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്താൻ ഷഹനയെ പ്രേരിപ്പിച്ചിരുന്നു. സ്വയം നിർമിച്ച ആദ്യത്തെ കാലിഗ്രാഫി ക്യാൻവാസ് ഒരു സഹപാഠിക്ക് വിറ്റപ്പോഴാണ് ജീവിതത്തിൽ ഒരു പ്രധാന വഴിത്തിരിവ് സംഭവിക്കുന്നത്. അഭിനിവേശത്തെ അർത്ഥവത്തായ ഒരു സംരംഭമാക്കി മാറ്റാനുള്ള ആഗ്രഹത്തിന് തുടക്കമിട്ട ചെറുതെങ്കിലും ആഴമേറിയ നിമിഷം തന്നെ ആയിരുന്നു അത്.
പിന്നീട് മനഃശാസ്ത്ര ബിരുദത്തിന് പഠിക്കുമ്പോഴാണു വിവാഹ ഫ്രെയിമുകളും വലിയ തോതിലുള്ള ഹോം ഡെക്കർ കാലിഗ്രാഫിയും സൃഷ്ടിച്ചുകൊണ്ട് കലാപരമായ ചക്രവാളങ്ങൾ വികസിപ്പിക്കാൻ അവസരങ്ങൾ കൈവരുന്നത്. പുതിയ പുതിയ ശൈലികളും മെറ്റീരിയലുകളും പരീക്ഷിക്കാൻ മുതിര്‍ന്ന ഈ ഘട്ടം വളരെയെളുപ്പം ഈ കലാകാരിയുടെ വൈദഗ്ദ്ധ്യം വർദ്ധിപ്പിച്ചു. ഈയിടക്ക് ബ്രാൻഡ് ആക്ടിവേഷനുകൾക്കായി ആരംഭിച്ച തത്സമയ കാലിഗ്രാഫി ഇവർക്കുമുന്നിൽ വാതിലുകൾ അപ്രതീക്ഷിത അവസരങ്ങൾ കൊണ്ടുവന്നു. അങ്ങനെയിരിക്കെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ കൊട്ടാരത്തിൽ ഈദുൽ ഇത്തിഹാദ് ആഘോഷത്തിന് തന്റെ കലിഗ്രാഫി സംഭാവന സമർപ്പിക്കാനുള്ള ബഹുമതി ലഭിച്ചതായിരുന്നു ഷഹനയുടെ ജീവിതത്തിലെ ഏറ്റവും വിലമതിക്കുന്ന ഒരു അനുഭവം.
മറ്റൊരു അവിശ്വസനീയമായ നാഴികക്കല്ല് അബൂദബി സായിദ് ഇന്റർനാഷണൽ എയർപോർട്ടുമായി സഹകരിച്ചായിരുന്നു. അവിടെ യാത്രക്കാർക്കായി ലെതർ ടാഗുകളിൽ കാലിഗ്രാഫി സൃഷ്ടിച്ചു. കാലക്രമേണ, സാംസ്കാരിക, ടൂറിസം വകുപ്പ് (അബൂദബി), ഡിയോർ, യാസ് ഐലൻഡ്, സെഫോറ, ക്ലോ, ബുക്കിങ്.കോം, ദുബൈ ഹോൾഡിങ്സ് തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളുമായുള്ള സഹകരണം ഉൾപ്പെടെ ഇവരുടെ പ്രവർത്തനങ്ങൾ പടര്‍ന്നു പിടിച്ചു. ആഡംബര ബ്രാൻഡ് ആക്ടിവേഷനുകളുടെയും സ്വതന്ത്ര കാലിഗ്രാഫിയുടെയും ലോകത്ത് ഈ അനുഭവങ്ങൾ തന്റെ സ്ഥാനം കൂടുതൽ നിലനിൽപ്പുറ്റതാക്കി മാറ്റി. കുടുംബവും കൂട്ടുകാരും ഇവരുടെ ചെറിയ ചെറിയ വിജയങ്ങൾ പോലും പ്രശംസിച്ചുകൊണ്ട് ഓരോ ചുവടിലും കൂടെയുണ്ട്. എല്ലാ അർത്ഥത്തിലും ദൈവത്തിനോട് നന്ദിയര്‍പ്പിച്ചുകൊണ്ട് ഷഹന അബ്ദുള്ള കലിഗ്രാഫിയുടെ നൂതന സാധ്യതകൽ വികസിപ്പിക്കാനുള്ള ശ്രമങ്ങളിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

