നാടക കലാകാരൻ വിജേഷ് പരിശീലനത്തിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു
text_fieldsകൊച്ചി: പ്രശസ്ത നാടക കലാകാരൻ വിജേഷ് കെ.വി(49) അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ നാടക പരിശീലനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാടക രചയിതാവ്, സംവിധായകൻ, അഭിനയ പരിശീലകൻ എന്നീ നിലകളിലെല്ലാം വിജേഷ് പ്രശസ്തനാണ്. കോഴിക്കോട് പുതിയറ സ്വദേശിയാണ്. ചലച്ചിത്ര നടിയും നാടകപ്രവർത്തകയുമായ കബനിയാണ് ഭാര്യ. ഏകമകൾ സൈറ.
സ്കൂൾ ഓഫ് ഡ്രാമയിലെ പഠനശേഷമാണ് നാടക മേഖലയിൽ സജീവമാകുന്നത്. വിവാഹ ശേഷം ഭാര്യയും നാടകപ്രവർത്തകയുമായ കബനിയുമായി ചേർന്ന് രൂപം നല്‍കിയ 'തിയ്യറ്റര്‍ ബീറ്റ്സ്' എന്ന ഗ്രൂപ്പിലൂടെ വിദ്യാര്‍ഥികള്‍ക്കിടയിൽ നാടക പരിശീലനവുമായി നിറഞ്ഞ് നിന്നു. നിരവധി സിനിമകൾക്കുവേണ്ടി അഭിനയ പരിശീലന കളരികളുടെ നേതൃത്വം വഹിച്ചു. അവിര റബേക്ക സംവിധാനം ചെയ്ത തകരച്ചെണ്ട എന്ന ചിത്രത്തിലൂടെ പാട്ടെഴുതി സിനിമാരംഗത്തും സജീവമായി.
മങ്കിപെൻ, മാൽഗുഡി ഡെയ്സ്, മൈ ഗോഡ്, മൈ ഗ്രേറ്റ് ഫാദർ, ഗോൾഡ് കോയിൻ, പുള്ളിമാൻ, ആമി, ക്ലിന്റ് തുടങ്ങിയ ചിത്രങ്ങളുടെ അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്. 'നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ.. , പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്' തുടങ്ങി മലയാളികൾ ഏറ്റുപാടിയ നിരവധി നാടക ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് വിജേഷ്.
അച്ഛൻ: വിജയൻ. അമ്മ : സത്യഭാമ. ശനിയാഴ്ച രാവിലെ പത്തരക്ക് കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

