നോവ് നിറം ചാർത്തുന്നു
text_fieldsഡോ. ഖലീലിന്റെ ചിത്രങ്ങൾ
ചോരയും ചാരവും കലര്‍ന്ന നിറങ്ങളിൽ നോവ് ചാലിച്ചാണ് ഈ ചിത്രങ്ങൾ പൂർത്തിയായത്. കുരുന്നുമുഖങ്ങളിലെ രക്തച്ചാലുകൾ കാഴ്ചക്കാരിലേക്കും പടരും. ഭക്ഷണവും അഭയവുമില്ലാതെ സ്വന്തം മണ്ണിൽ അഭയാർഥികളായ ഗസ്സയിലെ ആയിരങ്ങളുടെ ഭാവങ്ങളാണ് ഡോ. ഖലീൽ ചൊവ്വയുടെ ചിത്രങ്ങളിൽ. തകര്‍ന്ന് തരിപ്പണമായ കെട്ടിടങ്ങള്‍, പൊടിയും ഇരുട്ടും നിറഞ്ഞ മുറികള്‍, മരിച്ചു മരവിച്ച മനുഷ്യര്‍... മുറിവുവീണ ഹൃദയങ്ങളിലെല്ലാം മഷി പുരണ്ടു.
ഗസ്സയിലെ കുഞ്ഞുങ്ങൾ
അധ്യാപകനും സ്കോൾ കേരള ഡയറക്ടറുമായിരുന്ന ഖലീൽ ചൊവ്വ ഔദ്യോഗിക ചുമതലകളിൽനിന്ന് ഒഴിഞ്ഞശേഷമാണ് കുഞ്ഞുനാളിലേ ചേർത്തുവെച്ച ചിത്രരചനയിലേക്ക് വീണ്ടും തിരിഞ്ഞത്. ഗസ്സയിൽ കുഞ്ഞുങ്ങൾ അടക്കം മരിച്ചുവീഴുന്ന ദൃശ്യങ്ങൾ ഉറക്കം കെടുത്തിയതിനാലാണ് വരകളിൽ യുദ്ധത്തിന്റെ നേർക്കാഴ്ചകൾ കടന്നുവന്നത്. കുഞ്ഞുനാളിൽ േജ്യഷ്ഠൻ നസീർ ചിത്രം വരക്കുന്നത് കണ്ടാണ് വര തലയിൽ കയറിയത്. ജപ്പാന്റെ ഗിറ്റാർ വാട്ടർ കളർ ഉപയോഗിച്ചായിരുന്നു അന്നത്തെ ചിത്രരചന. കണ്ണൂർ ചൊവ്വയിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ബാലസംഘം ൈകയെഴുത്ത് മാസികയിൽ ചിത്രങ്ങൾ അച്ചടിച്ചുവന്നതോടെ ധൈര്യമായി. കൂടുതൽ ചിത്രങ്ങൾ വരച്ചു. പ്രീഡിഗ്രിക്ക് കണ്ണൂർ എസ്.എൻ കോളജിലെത്തിയപ്പോൾ കൊമേഴ്സാണ് ലഭിച്ചത്.
ഡോ. ഖലീൽ
കണക്കുകൂട്ടലുകളേക്കാൾ ചിത്രം വരയിലാണ് താൽപര്യമെന്നും ബയോളജി സയൻസിലേക്ക് മാറ്റിത്തരണമെന്നും അന്നത്തെ പ്രിൻസിപ്പൽ രാമചന്ദ്രൻ സാറിനോട് പറഞ്ഞു. അങ്ങനെയെങ്കിൽ വരച്ച ചിത്രങ്ങൾ കാണണമെന്നായി പ്രിൻസിപ്പൽ. പിറ്റേ ദിവസം പക്ഷികളുടെയും പൂക്കളുടെയും അടക്കം ഒരു ലോഡ് ചിത്രങ്ങളുമായാണ് ഖലീൽ കോളജിലെത്തിയത്. ബയോളജി ക്ലാസിലേക്ക് മാറ്റിനൽകാൻ പ്രിൻസിപ്പലിന് അധികം ആലോചിക്കേണ്ടി വന്നില്ല. പഠനം ഗൗരവമായി കണ്ടതോടെ ചിത്രരചന പതിയെ കുറഞ്ഞു.
33 വർഷം തളിപ്പറമ്പ് സർ സയ്യിദ് കോളജിൽ ബോട്ടണി വിഭാഗം അധ്യാപകനായും പ്രിൻസിപ്പലായും പ്രവർത്തിച്ചശേഷം സ്കോൾ കേരള ഡയറക്ടറായിരിക്കെയാണ് കോവിഡ് വ്യാപനം. ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ തിരുവനന്തപുരത്ത് വീട്ടിൽ തനിച്ചായിപ്പോയി. അന്ന് എവിടെനിന്നോ കുറച്ച് കളർപെൻസിലുകൾ ലഭിച്ചു. മഹാമാരിയുടെ ഒറ്റപ്പെടലിൽ ചിത്രകല പുനരാരംഭിച്ചു. കോവിഡിന് ശേഷം അധ്യാപനവും ഗവേഷണവുമൊക്കെയായി വീണ്ടും തിരക്കിലായി. കഴിഞ്ഞ നവംബറിൽ വിരമിച്ചതിന് ശേഷമാണ് അൽപം കളറുകൾ വാങ്ങി വരച്ചുതുടങ്ങിയത്.
വരയുടെ ചുവരുകൾ
ഓയിൽ, അക്രിലിക് പെയിന്റിങ്ങുകളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. പെൻ സ്കെച്ചുകളും ചെയ്യുന്നുണ്ട്. ഖലീൽ വരച്ച സർ സയ്യിദ് അഹമ്മദ് ഖാന്റെ ചിത്രം സർ സയ്യിദ് കോളജ് ലൈബ്രറി ചുമരിലുണ്ട്. നിരവധി പ്രബന്ധങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. ഒട്ടേറെ വിദ്യാർഥികൾ ഖലീൽ ചൊവ്വയുടെ കീഴിൽ ഗവേഷണം പൂർത്തിയാക്കി. ‘നമ്മുടെ നാട്ടുപക്ഷികൾ’ എന്ന പേരിൽ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പുസ്തകത്തിന് പി. കുഞ്ഞിരാമൻ നായരുടെ പേരിലുള്ള താമരത്തോണി പുരസ്കാരം ലഭിച്ചു. അധ്യാപക പ്രതിഭ പുരസ്കാരം അടക്കം നിരവധി അവാർഡുകൾ തേടിയെത്തി.
കണ്ണൂർ യൂനിവേഴ്സിറ്റി എൻവയൺമെന്റൽ സ്റ്റഡീസ് ഡയറക്ടർ, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച ഖലീൽ ചൊവ്വ ചിത്രരചനയും പക്ഷിനിരീക്ഷണവുമൊക്കെയായി വിശ്രമജീവിതം സർഗാത്മകമാക്കുകയാണ്.
ഭാര്യ സുൽഫത്തിനൊപ്പം കണ്ണൂർ താണയിലാണ് താമസം. നവ്വാഫ്, ഫഹ്മി, സൽമാൻ, സർഹാൻ എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

