ജില്ല സ്കൂൾ കലോത്സവത്തിന് ശ്രീനന്ദക്ക് പത്തിൽ പത്തിന്റെ തിളക്കം
text_fieldsഉപജില്ല കലോത്സവ വേദിയിൽ കൊടുങ്ങല്ലൂർ
എ.ഇ.ഒ സി.ആർ. ഗീത ശ്രീനന്ദയെ അനുമോദിക്കുന്നു
മതിലകം: കൊടുങ്ങല്ലൂർ ഉപജില്ല കലോത്സവത്തിൽ ഒരു വിദ്യാർഥിക്ക് പങ്കെടുക്കാവുന്ന പരമാവധി ഇനം പത്തെണ്ണമാണ്. ഈ പത്തിലും പങ്കെടുത്ത് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി മതിലകത്ത് നിന്നൊരു സകലകലാപ്രതിഭ. മതിലകം സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസുകാരി ശ്രീനന്ദയാണ് ഉപജില്ല കലോത്സവ വേദിയിലെ തിളങ്ങും താരമായത്.
പ്രസംഗം, ഗാനാലാപനം, തിരുവാതിര, അഷ്ടപതി, സംഘഗാനം സംസ്കൃതം, വന്ദേമാതരം, കന്നട പ്രസംഗം, കന്നടപദ്യം ചൊല്ലൽ, കന്നട കവിത രചന, മലയാള സംഘഗാനം തുടങ്ങിയ വ്യത്യസ്ത ഇനങ്ങളിലാണ് പ്രാഗൽഭ്യം തെളിയിച്ചത്. തൃപ്പാക്കുളം ഗീതാനിലയത്തിലെ മധുസൂദനൻ-രാജേശ്വരി ദമ്പതികളുടെ മകളാണ്.
കാസർകോട് എച്ച്.എച്ച്.എസ്.ഐ.ബി.എസ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു പിതാവ് മധുസൂദനൻ. കലോത്സവം സമാപന വേദിയിൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ സി.ആർ. ഗീത പ്രത്യേക ഉപഹാരം നൽകി ശ്രീനന്ദയെ ആദരിച്ചിരുന്നു. ജില്ല കലോത്സവത്തിൽ പത്തിനങ്ങളിലും ശ്രീനന്ദ പങ്കെടുക്കുമെന്ന് പ്രധാനാധ്യാപകൻ വി.കെ. മുജീബ് റഹ്മാൻ അറിയിച്ചു.