മണ്ണൂർക്കാവിലെ നേർച്ചയിൽ ദേവനന്ദ കൃഷ്ണനായി
text_fieldsപി.ആർ. ദേവനന്ത (ചിത്രം: ജദീർ)
നിലവിളക്കിന്റെ ശോഭയിൽ മണ്ണൂർക്കാവിലെ കഥകളി നേർച്ചയിൽ കല്യാണസൗഗന്ധികം കളി കാണുമ്പോൾ ദേവനന്ദ മൂന്ന് വയസുകാരിയാണ്. അച്ഛന്റെ കയ്യിൽ തൂങ്ങിവന്ന കുഞ്ഞു മനസ്സിൽ അന്നു കയറിയതാണ് കഥകളി മോഹം. നളചരിതവും ഉത്തരാസ്വയംവരവും തുടങ്ങി കഥകളും വേഷങ്ങളും പലതായെങ്കിലും കാഴ്ചക്കാരിയുടെ കണ്ണിലെ കൗതുകം മാത്രം മാറിയില്ല.
അമ്പലത്തിൽ കണക്കെഴുത്തായിരുന്ന മുത്തശ്ശൻ ഗോപാലപിള്ളക്കൊപ്പം കൊച്ചുമകൾ കഥകളിയുടെ സ്ഥിരം കാഴ്ചക്കാരിയായി. കളി കാര്യമായതോടെ കലാമണ്ഡലം പന്മന പ്രശാന്തിനു കീഴിൽ പരിശീലനം തുടങ്ങി. വർഷം ഒന്ന് കഴിഞ്ഞപ്പോൾ പുറപ്പാടി കൃഷ്ണനായി മണ്ണൂർക്കാവ് ദേവീക്ഷേത്രത്തിൽ അരങ്ങേറ്റം.
കുന്തിയായും പാഞ്ചാലിയായും നിരവധി തവണ നേർച്ചയിൽ ആടി. കഴിഞ്ഞവർഷം മുതലാണ് കലോത്സവത്തിൽ പങ്കെടുക്കാൻ തുടങ്ങിയത്. പച്ചയാണ് ഇഷ്ട വേഷം. ഇത്തവണ കാലകേയവധം അർജുനനായാണ് വേദിയിലെത്തി എ ഗ്രേഡ് നേടിയത്. അനിയൻ ദേവനാരായണനും കഥകളി അഭ്യസിക്കുന്നുണ്ട്. പറവൂർ പൂതക്കുളത്ത് പ്രസാദിന്റെയും രമ്യയുടെയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

